Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ.എഫ്.സിയുടെ നഷ്ടം: സത്യം പുറത്തുവരട്ടെ
cancel

സംസ്ഥാനത്തെ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷനെക്കുറിച്ച് (കെ.എഫ്.സി) പ്രതിപക്ഷ എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, എം. വിൻസെന്റ്, കെ.കെ. രമ എന്നിവർ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ധനമന്ത്രിയോട് നിയമസഭയിൽ ഒരു ചോദ്യം ഉന്നയിച്ചിരുന്നു: കെ.എഫ്.സിയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ, പ്രസ്തുത സ്ഥാപനം അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ, പ്രസ്തുതതുക നഷ്ടപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളായിരുന്നു നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലൂടെ പ്രതിപക്ഷം ചർച്ചയാക്കാൻ ശ്രമിച്ചത്. എന്നാൽ, വകുപ്പു മന്ത്രി ആ ചോദ്യത്തിന് ഉത്തരം നൽകിയില്ല. ഉത്തരമില്ലാത്ത ഒരുപാട് നിയമസഭാ ചോദ്യങ്ങളിൽ ഒന്നുമാത്രമായിപ്പോകുമായിരുന്ന ആ വിഷയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. അൽപം ഗുരുതരമായ ആരോപണങ്ങളോടെയാണ് അദ്ദേഹമിപ്പോൾ അതവതരിപ്പിച്ചിരിക്കുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആർ.സി.എഫ്.എൽ (റിലയൻസ് കമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്) എന്ന ധനകാര്യ സ്ഥാപനത്തിൽ 60.8 കോടി രൂപ കെ.എഫ്.സി നിക്ഷേപിച്ചെന്നും ആ കമ്പനിപൂട്ടിപ്പോയതോടെ സംസ്ഥാനത്തിന് പലിശയടക്കം കിട്ടേണ്ടിയിരുന്ന 101 കോടി നഷ്ടമായെന്നുമാണ് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയത്. 2018ൽ ആണ് ഈ സംഭവം. ആർ.സി.എഫ്.എൽ കനത്ത നഷ്ടത്തിലോടുകയായിരുന്ന ഈ കാലത്ത് കെ.എഫ്.സി ഇത്രയും തുക നിക്ഷേപിച്ചതിനുപിന്നിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ഇക്കാര്യത്തിൽ ഇടനിലക്കാരായ ആളുകൾക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെയൊരു ഇടപാടിനെക്കുറിച്ച് കെ.എഫ്.സിയുടെ വാർഷിക റിപ്പോർട്ടിൽ പരാമർശിക്കാതിരുന്നതും വി.ഡി. സതീശൻ എടുത്തുപറയുന്നുണ്ട്.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ സർക്കാർ തള്ളിയിട്ടില്ല. അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചെന്നും 2019ൽ കമ്പനി പൂട്ടിപ്പോയപ്പോൾ നിക്ഷേപത്തുകയിൽ കേവലം 7.09 കോടി മാത്രമാണ് തിരിച്ചുകിട്ടിയതെന്നും മുൻ ധനമന്ത്രി തോമസ് ഐസക്കും നിലവിൽ വകുപ്പു കൈകാര്യം ചെയ്യുന്ന കെ.എൻ. ബാലഗോപാലും സമ്മതിക്കുന്നുണ്ട്. നിക്ഷേപിച്ച മുഴുവൻ തുകയും തിരിച്ചുകിട്ടാനായി, ബോംബെ ഹൈകോടതിയിൽ കേസിനുപോയിട്ടുണ്ടെന്നുമൊക്കെയാണ് സർക്കാർ പക്ഷത്തുനിന്നുള്ള മറുവാദം. അഥവാ, അംബാനിയുമായുള്ള കെ.എഫ്.സിയുടെ ഇടപാട് നഷ്ടക്കച്ചവടമായിരുന്നെന്ന് സർക്കാറും സമ്മതിക്കുന്നു. ഇടപാടിൽ അഴിമതിയോ പ്രതിപക്ഷം ആരോപിക്കുംവിധമുള്ള ‘അംബാനി ദാന’മോ മറ്റോ നടന്നിട്ടില്ലെന്നും എല്ലാം നിയമപരമായിരുന്നെന്നും അവർ പറയുന്നു. ഇക്കാര്യം മുഖവിലയ്ക്കെടുത്താൽപോലും ചില ചോദ്യങ്ങൾ പിന്നെയും അവശേഷിക്കുന്നുണ്ട്: ഒന്ന്, 2018ൽ നടന്ന ഇടപാട് കെ.എഫ്.സിയുടെ ഡയറക്ടർ ബോർഡ് അറിയാതെയായിരുന്നെന്ന ആരോപണത്തിന് മറുപടിയില്ല. കമ്പനിയുടെ അസറ്റ് മാനേജ്മെന്റ് ലയബിലിറ്റി കമ്മിറ്റിയാണ് നിക്ഷേപത്തിന് ശിപാർശ ചെയ്തത്. നിക്ഷേപ പ്രക്രിയപൂർണമായതിനുശേഷമാണ് ഡയറക്ടർ ബോർഡ് ചേർന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. രണ്ട്, നിക്ഷേപത്തെക്കുറിച്ച് 2019-20, 2020-21 വാർഷിക റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ല. ഏഴു കോടി തിരിച്ചുകിട്ടിയപ്പോൾ അക്കാര്യം തൊട്ടടുത്ത വാർഷിക റിപ്പോർട്ടിൽ പരാമർശിച്ചു. ആ പരാമർശത്തിലൂടെയാണ് യഥാർഥത്തിൽ ഇങ്ങനെയൊരു ഇടപാട് പുറംലോകം അറിയുന്നത്. ഇതു സുതാര്യമാണോ? മൂന്ന്, കെ.എഫ്.സിയുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങൾക്കെല്ലാം വിശദമായ മറുപടി നൽകിയ ധനമന്ത്രി മേൽസൂചിപ്പിച്ച ചോദ്യത്തിൽനിന്ന് മാത്രമായി അകന്നുമാറിയതന്തേ? സാധാരണഗതിയിൽ, ചോദ്യത്തിൽ ഉന്നയിക്കപ്പെട്ട വിഷയത്തിൽ വിവരശേഖരണം പൂർത്തിയാകാത്തതുമൂലമോ മറ്റോ ആണ് ഉത്തരങ്ങൾ വൈകാറുള്ളത്; അല്ലെങ്കിൽ ഉത്തരം നൽകാതിരിക്കൽ. എന്നാൽ, പ്രതിപക്ഷ നേതാവ് അതേ ചോദ്യം വാർത്തസമ്മേളനത്തിൽ ആരോപണമായി ഉന്നയിച്ചപ്പോൾതന്നെ ധനമന്ത്രി വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി. അപ്പോൾ നിയമസഭയിൽ ഉത്തരം നൽകാതിരുന്നത് ബോധപൂർവമാണെന്ന് കരുതേണ്ടിവരും. അഥവാ, കേവലമായ രാഷ്ട്രീയ ആരോപണമായി ഈ ചോദ്യങ്ങളെ ചുരുക്കിക്കാണാനാവില്ല; സമഗ്രവും സുതാര്യവുമായ അന്വേഷണം ഈ വിഷയത്തിൽ ആവശ്യമുണ്ട്.

സംസ്ഥാനത്തിന്റെ വികസനത്തിനും വ്യവസായവത്കരണത്തിനുമായി 1953ൽ രൂപംകൊണ്ട സ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. ഉൽപാദന, സേവന മേഖലകളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണമാണ് കെ.എഫ്‌.സിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനംകൂടിയാണിത്. കെ.എഫ്.സിയുടെ പ്രവർത്തനങ്ങളിലൂടെ വ്യവസായങ്ങളുടെ അഭിവൃദ്ധി, മെച്ചപ്പെട്ട ഉൽപാദനം, കൂടുതൽ തൊഴിലവസരം തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് വിമർശകർപോലും സമ്മതിക്കുന്ന കാര്യമാണ്. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത്, വായ്പാ വിതരണത്തിൽ 14.5 ശതമാനത്തിന്റെ വർധനയുണ്ടായത് ഇടത്തരം-ചെറുകിട വ്യവസായങ്ങൾക്ക് കരുത്തേകി എന്നതും നിസ്തർക്കമാണ്. ഇത്തരത്തിൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴും സംരംഭകർക്കും മറ്റും ആശ്വാസമേകിയിരുന്നൊരു സ്ഥാപനത്തിലാണ് അൽപം ദുരൂഹമായൊരു ഇടപാട് നടന്നതായി വെളിപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ തുറന്നുപറച്ചിലുകളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ, അതു വരാനിരിക്കുന്ന നിയമസഭാ സമ്മേളനങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നും ഉറപ്പാണ്. അതെന്തായാലും, സംസ്ഥാനത്തിന് ഇങ്ങനെയൊരു ഇടപാടിലൂടെ വലിയൊരു തുക നഷ്ടമായിരിക്കുന്നു; അതെങ്ങനെ നഷ്ടമായെന്നും അതിൽ ഇടനിലക്കാർക്കുള്ള പങ്കെന്താണെന്നും അറിഞ്ഞേമതിയാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialKerala Financial Corporation
News Summary - Madhyamam editorial Podcast on corruption charge against Kerala Financial Corporation
Next Story