വംശീയ യുദ്ധത്തിന്‍റെ വക്കിലോ രാജ്യം?
text_fieldsത്യാഗത്തിന്റെയും സഹോദരസ്നേഹത്തിന്റെയും നീതിയുടെയും പ്രതീകമായ ഇതിഹാസപുരുഷൻ ശ്രീരാമന്റെ ജനനമാഘോഷിക്കുന്ന ചടങ്ങാണ് രാമനവമി. ഉത്തരേന്ത്യയിൽ സാമാന്യമായി ആചരിക്കപ്പെട്ടുവരുന്ന രാമനവമിയോട് ബന്ധപ്പെട്ട് അശാന്തിയോ സംഘർഷമോ അക്രമസംഭവങ്ങളോ സമീപകാലത്തൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ, ഇത്തവണ അതുപോലും ഹിംസാത്മകമായി ആഘോഷിക്കപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. മധ്യപ്രദേശിലെ ഖർഗോനിൽ രാമനവമി ആഘോഷത്തിലെ സംഘർഷത്തെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തിയത് അമ്പതോളം മുസ്‍ലിം ഭവനങ്ങളാണ്. സംഘർഷത്തിനുത്തരവാദികൾ മുസ്‍ലിംകളാണെന്ന് ആരോപിച്ചാണ് ഈ ഉന്മൂലനപരിപാടി. ജില്ല ഭരണകൂടത്തിന്റെ ആശീർവാദത്തോടെയായിരുന്നു ഇടിച്ചുനിരപ്പാക്കൽ. മുംബൈയിലെ മാങ്കുർദിലും സാമുദായികസംഘർഷത്തിൽ 25ഓളം വാഹനങ്ങൾ തകർക്കപ്പെട്ടു. ഒരു പള്ളിയിൽ രാത്രി നമസ്കാരം നടക്കെ ഒരു സംഘം ജയ്ശ്രീറാം വിളിച്ചെത്തിയതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഝാർഖണ്ഡിലെ സംഘർഷത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംദാൽ നഗരത്തിലുണ്ടായ സംഘർഷത്തിലും ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ ഹൗറ ശിവ്പൂർ മേഖലയിലുമുണ്ടായി സംഘർഷം. ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ കലബുറഗി സെൻട്രൽ യൂനിവേഴ്സിറ്റിയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. ന്യൂഡൽഹി ജെ.എൻ.യുവിലെ കാവേരി ഹോസ്റ്റലിൽ രാമനവമിക്കാലത്ത് മാംസാഹാരം വിളമ്പുന്നത് തടഞ്ഞ സംഘ് സംഘടനയായ എ.ബി.വി.പി പ്രവർത്തകർ ഇടതുപക്ഷ വിദ്യാർഥികൾക്കു നേരെ നടത്തിയ സംഘട്ടനത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവങ്ങളിൽ ചിലേടത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെങ്കിൽ ചിലയിടങ്ങളിൽ ഏകപക്ഷീയമായി ഇടപെട്ട് അറസ്റ്റുകൾ നടന്നു. സംഘ്പരിവാർ നടത്തുന്ന ആസൂത്രിതാക്രമണങ്ങൾക്ക് അധികൃതരുടെ പൂർണ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്ന രീതിക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുതുമ നഷ്ടപ്പെട്ടിട്ടു കാലം കുറച്ചായി.
നരേന്ദ്രമോദിയുടെ രണ്ടാംവരവോടെ രാജ്യത്താകെ ആസൂത്രിതവും വ്യാപകവുമായി വളർത്തപ്പെടുന്ന വംശീയ വിദ്വേഷവും വർഗീയാക്രമണങ്ങളും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെത്തന്നെ ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുന്നു എന്നാണ് തലയെടുപ്പുള്ള രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകരുമെല്ലാം ചൂണ്ടിക്കാട്ടുന്ന ഭീതിജനകമായ വസ്തുത. 'എന്തിന്റെയും പേരിൽ എവിടെയും പ്രകടമാവുന്ന ഹിംസ ദൃശ്യങ്ങളെ, വംശഹത്യ സ്വഭാവമുള്ള ആഭ്യന്തര യുദ്ധസാധ്യതയോടാണ് നാം സമീപിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ അവസാന മുന്നറിയിപ്പായി കാണേണ്ടതുണ്ട്'എന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് രാഷ്ട്രീയ ജനതാദൾ എം.പി മനോജ് കെ. ഝാ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാവട്ടെ, വെറുപ്പും ഹിംസയും പുറന്തള്ളലും നമ്മുടെ പ്രിയപ്പെട്ട നാടിനെ ദുർബലമാക്കിക്കൊണ്ടിരിക്കുന്നു എന്ന് പരിതപിക്കുന്നു. ഈ പ്രവണത തുടർന്നാൽ രാജ്യം അനുഭവിക്കേണ്ടിവരുമെന്നാണ് സി.പി.ഐയുടെ ഡി. രാജയുടെ മുന്നറിയിപ്പ്. വെറുപ്പും അക്രമവും എന്ന തങ്ങളുടെ അജണ്ട അടിച്ചേൽപിക്കുകയാണ് സംഘ്പരിവാർ ഘടകങ്ങൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മതേതര രാഷ്ട്രീയ പാർട്ടികൾക്ക് പൊതുവെ ഇന്ത്യയുടെ ഇന്നത്തെ പോക്കിൽ കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമാണ്. കണ്ണൂരിൽ സമാപിച്ച സി.പി.എം പാർട്ടി കോൺഗ്രസിൽ മുഴങ്ങിയ പ്രസംഗങ്ങളും അതിനോടനുബന്ധിച്ച് സീതാറാം യെച്ചൂരിയുടെ പ്രസ്താവനകളുമെല്ലാം രാജ്യം നേരിടുന്ന രണോത്സുക ഭൂരിപക്ഷ വർഗീയതയുടെ തീവ്രതയെക്കുറിച്ച ഉത്കണ്ഠ പങ്കിടുന്നതാണ്. ഇതിനെ ചെറുത്തുതോൽപിക്കാൻ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയേതര സംഘടനകളുമെല്ലാം ഒരുമിച്ച് നീങ്ങേണ്ടതിന്റെ അത്യാവശ്യകതയും യെച്ചൂരി ഓർമിപ്പിക്കുകയുണ്ടായി.
പക്ഷേ, അഭൂതപൂർവമായ ജനപിന്തുണയോടെ ഭരണത്തിന്റെ രണ്ടാമൂഴം പിടിച്ചുപറ്റിയ സംഘ്പരിവാറിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കാനോ പിന്തിരിപ്പിക്കാനോ മനുഷ്യസ്നേഹികളുടെയും രാജ്യസ്നേഹികളുടെയും കൂട്ടായ ശബ്ദം പര്യാപ്തമാണെന്ന് കരുതാൻ സാഹചര്യം അനുവദിക്കുന്നില്ല. എന്തു വിലകൊടുത്തും വി.ഡി. സവർക്കറും എം.എസ്. ഗോൾവാൾക്കറും വരഞ്ഞുകാട്ടിയ ഹിന്ദുരാഷ്ട്രത്തിന്റെ സാക്ഷാത്കാരത്തിന് പണിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണ് അവരെന്ന് ഓരോ നീക്കവും തെളിയിക്കുന്നു. മുഖ്യശത്രു രാജ്യത്തിലെ ഏറ്റവും വലിയ മതന്യൂനപക്ഷം എന്ന ഏക അജണ്ടയിലേക്ക് ഭൂരിപക്ഷ സമുദായത്തെ മുഴുവൻ കൊണ്ടുവരാനുള്ള തീവ്രയത്നത്തിലൂടെ ജനങ്ങളെ ഭീകരമായി പൊറുതിമുട്ടിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും അവികസിതാവസ്ഥയുമെല്ലാം മറപ്പിക്കാനും പൊറുപ്പിക്കാനും കഴിയുമെന്നവർ വിശ്വസിക്കുന്നു. ഈ പടപ്പുറപ്പാടിൽ സങ്കുചിത താൽപര്യങ്ങൾ മാത്രം ലാക്കാക്കുന്ന വൻകിട കോർപറേറ്റുകളും വിത്തനാഥന്മാരും നൽകുന്ന അകമഴിഞ്ഞ സഹകരണത്തിൽ അവർ സംതൃപ്തരുമാണ്. എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള സർക്കാറുകളുടെ നീക്കത്തിന് കോർപറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന ദേശീയ മാധ്യമങ്ങളുടെ പൂർണ പിന്തുണയും ലഭിക്കുന്നു. ശാന്തിയും സമഭാവനയും മനുഷ്യസ്നേഹവും നീതിബോധവും പുലരുന്ന ഒരിന്ത്യക്കായി പ്രവർത്തിക്കാനും പ്രാർഥിക്കാനും സന്നദ്ധതയുള്ള ദേശസ്നേഹികളുടെ കൂട്ടായ്മ എത്രവേഗം യാഥാർഥ്യമാവുന്നുവോ അത്രവേഗത്തിലേ ഒരു ആഭ്യന്തര വംശീയകലാപ സാധ്യതയുടെ വക്കിൽനിന്നു ഇന്ത്യമഹാരാജ്യത്തെ രക്ഷിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.