വിദ്യാഭ്യാസവർഷം പിറക്കുമ്പോൾ
text_fieldsഇന്ന് ജൂൺ ഒന്ന്. രണ്ടു വർഷം നീണ്ട ഇടവേളക്കുശേഷം 13,000 വരുന്ന വിദ്യാലയങ്ങളിലേക്ക് നവാഗതരായ കുരുന്നുകളടക്കം 38 ലക്ഷത്തോളം കുട്ടികൾ സാഹ്ലാദം വന്നുചേരുന്ന സുദിനം. മഹാമാരിയുടെ നാളുകളിൽ ഓൺലൈൻ സംവിധാനത്തിലൂടെ, വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സർക്കാറുകൾ പരമാവധി ശ്രമിച്ചെങ്കിലും 78 ശതമാനം വിദ്യാർഥികളും അതിൽ സംതൃപ്തരായിരുന്നില്ലെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സർവേ പുറത്തുവിട്ട വിവരം.
പരീക്ഷകൾ പല സംസ്ഥാനങ്ങളിലും നടന്നതേയില്ല. ആവോളം വെള്ളം ചേർത്ത് നടത്തിയ പരീക്ഷകൾ യഥാർഥ പഠന നിലവാരം നിർണയിക്കാൻ സഹായകമായതുമില്ല. ഇനി ചരിത്രം ആവർത്തിക്കുകയില്ലെന്ന ശുഭപ്രതീക്ഷയിലാണ് സർക്കാറും സ്കൂൾ അധികൃതരും രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളുമെല്ലാം. അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിന്നാക്കം നിൽക്കുന്ന സർക്കാർ സ്കൂളുകൾ മിക്കതും പുതുക്കിപ്പണിയുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്ത് നവീകരിച്ചിട്ടുണ്ടെന്നത് തെല്ല് ആശ്വാസകരമാണ്. തലമുറകളെ പരമാവധി വിദ്യയഭ്യസിപ്പിക്കണമെന്ന ശാഠ്യം സർക്കാറിൽ മാത്രമല്ല, സമൂഹത്തിനും രക്ഷിതാക്കൾക്കും ഉണ്ടെന്നതാണ് കേരളത്തിന്റെ സൗഭാഗ്യം. അതിനാൽതന്നെ സംസ്ഥാനം ദേശീയതലത്തിൽ സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ അഭിമാനാർഹമായ സ്ഥിതിയിലാണുതാനും.
എങ്കിലും വിദ്യാഭ്യാസ വിദഗ്ധരുടെയും വിദ്യാതൽപരരുടെയും കണ്ണുതുറപ്പിക്കേണ്ട വസ്തുതകൾ മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ വെളിപ്പെടുത്തലുകളിലുണ്ടെന്നുകൂടി നമ്മളറിയണം. കേരളത്തിലെ വിദ്യാർഥികൾ ഗണിതത്തിൽ ദേശീയ ശരാശരിയേക്കാൾ പിന്നിലാണെന്നതാണ് ഒരു കാര്യം. ഗണിതത്തിൽ പത്താം ക്ലാസുകാരുടെ ദേശീയ ശരാശരി 32 ആണെങ്കിൽ സംസ്ഥാന ശരാശരി 29 മാത്രമാണ്. എട്ടാം ക്ലാസുകാരിൽ ദേശീയ ശരാശരി 36; സംസ്ഥാന ശരാശരി 31. അഞ്ചാം ക്ലാസുകാരിൽ ദേശീയ ശരാശരി 44; സംസ്ഥാന ശരാശരി 41. മൂന്നാം ക്ലാസ് മാത്രം പക്ഷേ, സ്വൽപം ഭേദമാണ്. ദേശീയ ശരാശരി 57; കേരള ശരാശരി 60. ഇംഗ്ലീഷിന് പ്രഥമ പരിഗണന നൽകുന്ന സംസ്ഥാനമാണ് കേരളം എന്നാണ് സാമാന്യ ധാരണയെങ്കിലും പത്താം ക്ലാസിൽ ദേശീയ ശരാശരി 51ൽ എത്തിനിൽക്കുമ്പോൾ സംസ്ഥാന ശരാശരി വെറും 43ൽ ഒതുങ്ങുന്നു. മൊത്തത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. നമ്മുടെ നിലവാരക്കുറവിന് പല കാരണങ്ങളുണ്ടെങ്കിലും മുഖ്യമായ ഒന്ന് സ്ഥിരാധ്യാപകരുടെ കുറവാണെന്നു പറയണം.
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ സർക്കാർ സ്കൂളുകളിൽ ആറായിരത്തോളം അധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു എന്നാണ് കണക്ക്. ഈ കുറവ് നിസ്സാരമല്ല. സ്വാഭാവികമായും താൽക്കാലികാധ്യാപകരെ ദിവസവേതനത്തിൽ നിയമിച്ചുകൊണ്ടാണ് സർക്കാർ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക. ഉപായം കാട്ടി ഓട്ടയടക്കുക എന്ന പ്രയോഗത്തെ സാധൂകരിക്കുന്നതാണ് വർഷം തോറും ആവർത്തിക്കുന്ന ഈ ഏർപ്പാട്. ദിവസവേതനക്കാരെ നിയമിക്കുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയായിരിക്കണമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ടെങ്കിലും സ്കൂൾ തുറക്കുമ്പോൾ അധ്യാപകശൂന്യമായ ക്ലാസുകൾക്ക് അത് പരിഹാരമാവില്ലെന്ന ആശങ്ക പൊതുവേ ഉയർന്നു വരുന്നുണ്ട്. അക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിച്ചാൽപോലും ശമ്പള ബാധ്യതയിൽനിന്ന് രക്ഷപ്പെടാനുള്ള സർക്കാറിന്റെ ഈ അനിശ്ചിതകാല പരിപാടി എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ കെട്ടിടം മൊഞ്ചുള്ളതാക്കിയതുകൊണ്ട് മാത്രം കുട്ടികളുടെ പഠനനിലവാരം ഉയരില്ല.
മറ്റൊരു പ്രശ്നം പതിറ്റാണ്ടുകളായി വിവാദപരമായി തുടരുന്ന ഓൾ പ്രമോഷൻ സമ്പ്രദായമാണ്. പ്രൈമറി, അപ്പർ പ്രൈമറി വർഷങ്ങളുടെ ഒടുവിലെങ്കിലും കൃത്യമായി പരീക്ഷകൾ നടത്തി, പാസ് മാർക്ക് കിട്ടാത്ത വിദ്യാർഥികൾക്ക് പ്രമോഷൻ അനുവദിക്കാതിരുന്നാൽ മാത്രമേ പഠനനിലവാരം മെച്ചപ്പെടുത്താൻ കഴിയൂ. ഇവിടെയും പ്രശ്നം ക്ലാസ് മുറികളുടെ പരിമിതിയും അധ്യാപകരുടെ അപര്യാപ്തതയും തന്നെ. അധ്യയന ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതും സ്ഥിരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ആവശ്യമാണ്. 180 ദിവസങ്ങൾപോലും നേരേചൊവ്വെ അധ്യയനം നടക്കുന്നില്ലെന്നതിനാൽ വഴിപാടുപോലെ പാഠഭാഗങ്ങൾ മാരത്തൺ വേഗത്തിൽ പഠിപ്പിച്ചുതീർക്കേണ്ടിവരുന്ന സാഹചര്യം കാലങ്ങളായി തിരുത്തപ്പെടാതെ തുടരുന്നു.
പത്താംക്ലാസ് പരീക്ഷഫലം ജൂൺ മധ്യത്തോടെ പുറത്തുവരാനിരിക്കുന്നേയുള്ളൂ. ഫലം ഓൺലൈൻ കാലത്തോളം ഉയർന്നില്ലെങ്കിലും ഏറെയൊന്നും മോശമാവാൻ സാധ്യതയില്ല. പത്താംക്ലാസ് പാസായവർക്ക് മുഴുവൻ പ്ലസ്‍ വൺ പ്രവേശനത്തിന് മലബാറിലെ ഹയർ സെക്കൻഡറി സീറ്റുകൾ മതിയാവില്ല. പതിനൊന്നാം ക്ലാസിൽ 65ഉം 70ഉം കുട്ടികളെ കുത്തിത്തിരുകി സർക്കാർ തോളൊഴിയുകയാണ് പതിവ്. ഇക്കൊല്ലമെങ്കിലും ഈ ദുരവസ്ഥക്ക് മാറ്റംവരുത്താൻ വിദ്യാഭ്യാസ വർഷം ആരംഭിച്ചിരിക്കെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല. അധ്യാപകരുടെ ശബ്ദം ക്ലാസിലെ മുഴുവൻ വിദ്യാർഥികളെയും കേൾപ്പിക്കാവുന്ന സാങ്കേതിക സംവിധാനം മിക്ക സ്കൂളുകളിലുമില്ല. ഇമ്മാതിരി വിവിധങ്ങളായ പ്രശ്നങ്ങൾ അപരിഹാര്യമായി തുടരുമ്പോൾ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടാൻ സാധ്യത കുറവാണ്. എന്നിട്ടും നമ്മുടെ കുട്ടികൾ പിടിച്ചുനിൽക്കുകയും അതിജീവിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന് വഴിയൊരുക്കുന്നത് അവരുടെ ഉത്സാഹവും രക്ഷിതാക്കളുടെ ജാഗ്രതയും മാത്രമല്ല, കുഗ്രാമങ്ങളിൽപോലും പടർന്നുകിടക്കുന്ന ട്യൂഷൻ സെന്ററുകൾകൂടിയാണ്. അതത് കാലത്തെ സർക്കാറുകളുടെ അവകാശവാദങ്ങൾക്കപ്പുറത്ത് വിദ്യാഭ്യാസപരമായ മൗലിക പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണാനുള്ള ക്രിയാത്മക പരിപാടികളാണാവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.