Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൂലിപ്പട്ടാളം വാഴുന്ന യുദ്ധങ്ങൾ
cancel

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും അദ്ദേഹത്തിന്‍റെ സ്വകാര്യ ചോറ്റുപട്ടാളമായ വാഗ്നർ ഗ്രൂപ്പിന്‍റെ തലവൻ യെവ്ഗെനി വി. പ്രിഗോഷിനും തമ്മിലെ പടലപ്പിണക്കം ഒടുവിൽ കൊട്ടാര അട്ടിമറിയുടെ വക്കിലെത്തി പരാജയപ്പെട്ട ഘട്ടത്തിൽതന്നെ ലോകമൊട്ടുക്കുള്ള രാഷ്ട്രീയനിരീക്ഷകർ കൗതുകത്തോടെ ഉറ്റുനോക്കിയത് ഈ ശീതയുദ്ധത്തിൽ അവസാനത്തെ ചിരി ആരുടേതാകും എന്നതായിരുന്നു. ബുധനാഴ്ച റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് നൂറു മൈൽ അകലെ പ്രിഗോഷിൻ കയറിയ ബിസിനസ് വിമാനം കത്തിക്കരിഞ്ഞു നിലംപതിച്ചതോടെ അതിന് ഉത്തരമായി. ദുരന്തകാരണം എന്തെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ടെങ്കിലും കൊട്ടാരത്തിൽ കലാപമുയർത്തിയ പ്രിഗോഷിന്‍റെ കഥ കഴിഞ്ഞിരിക്കുന്നു. കാബിൻ ക്രൂ അടക്കം പത്തു പേരുണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരായ ഏഴുപേരിൽ പ്രിഗോഷിനും വാഗ്നർ ഗ്രൂപ് കമാൻഡർ ദിമിത്രി ഉത്കിനും ഉണ്ടായിരുന്നതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നേതാവിന്‍റെ മരണം സ്ഥിരീകരിച്ച വാഗ്നർ ബന്ധമുള്ള വാർത്താകേന്ദ്രങ്ങളെല്ലാം ആരോപിക്കുന്നത് റഷ്യൻ വ്യോമപ്രതിരോധ കേന്ദ്രങ്ങളുടെ ആക്രമണത്തിൽ വിമാനം നിലംപതിച്ചു എന്നാണ്. ‘റഷ്യൻ വഞ്ചകരുടെ നടപടികളുടെ ഫലമായി മാതൃരാജ്യത്തിന്‍റെ ശരിയായ ദേശസ്നേഹി മരിച്ചിരിക്കുന്നു’ എന്നാണ് അവരുടെ വിശദീകരണം.

കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തെക്കുറിച്ചും ഗൂഢവൃത്തികളിൽ കുപ്രസിദ്ധി നേടിയ റഷ്യൻ പ്രസിഡന്‍റ് പുടിനെക്കുറിച്ചും അറിയുന്നവർക്ക് രണ്ടുമാസം മുമ്പ് അട്ടിമറിക്കു നെടുനായകത്വം വഹിച്ച പ്രിഗോഷിനെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് സന്ദേഹങ്ങളുണ്ടായിരുന്നില്ല. വാർത്ത കേട്ട് ആശ്ചര്യമൊന്നും തോന്നിയില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാക്കുകൾ അർഥവത്താണ്. റഷ്യയിൽ പുടിൻ പിറകിലില്ലാതെ ഒന്നുമേ സംഭവിക്കുന്നില്ലെന്ന് ബൈഡന്‍ തുടർന്നു വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ജൂണിൽ രണ്ടരലക്ഷത്തോളം പട്ടാളക്കാരുമായി മോസ്കോയിലേക്ക് മാർച്ചുചെയ്യുകയും ഒടുവിൽ സന്ധിക്കു വഴങ്ങുകയും ചെയ്തപ്പോൾതന്നെ പ്രത്യേക മരണവാറന്റിൽ ഒപ്പുവെക്കുകയായിരുന്നു അദ്ദേഹമെന്ന് യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ ഉപദേശകൻ കുറിച്ചതും വസ്തുസ്ഥിതി യാഥാർഥ്യങ്ങൾ മുന്നിൽവെച്ചുതന്നെ. അന്നത്തെ കലാപത്തിന് ഇറങ്ങിത്തിരിച്ചവരെല്ലാം കനത്ത ശിക്ഷക്ക് വിധേയരാവും എന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രിഗോഷിന് ജനത്തിനിടയിലും സൈന്യത്തിലുമുള്ള സ്വാധീനമളക്കാനുള്ള സമയമെടുക്കാൻ വേണ്ടിയാവാം രക്തരഹിതമായ ഉടമ്പടിക്കു വഴങ്ങിയ പുടിൻ അന്നൊഴിവാക്കിക്കൊടുത്ത കേസ് മറ്റൊരു തരത്തിൽ ചുമത്തുകയും പ്രിഗോഷിന്‍റെ താവളങ്ങളിൽ റെയ്ഡ് നടക്കുകയും ചെയ്തതോടെ ‘വഞ്ചകരോട് പൊറുക്കാനറിയില്ല’ എന്ന പഴയ ഭീഷണി പുലരുകയായിരുന്നു. പ്രസിഡന്റിന്‍റെ വെപ്പുകാരനായി ആരംഭിച്ച്, ഒടുവിൽ രാഷ്ട്രത്തിന്‍റെ ചെലവിൽ സ്വകാര്യ സൈനികകമ്പനി തുടങ്ങി സിറിയയിലും യുക്രെയ്നിലുമൊക്കെ സൈനിക നീക്കങ്ങൾക്ക് കരുത്ത് പകർന്നിരുന്നയാളുടെ വർഗവഞ്ചനക്ക് കമ്യൂണിസ്റ്റ് റഷ്യയിൽ ലഭിക്കാവുന്ന ശിക്ഷക്ക് ഏതുനിലക്കും അർഹനാണ് പ്രിഗോഷിൻ. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസത്തെ വിമാന ദുരന്തത്തെ കേവല ദുരന്തത്തിനപ്പുറം കമ്യൂണിസ്റ്റ് സമഗ്രാധിപത്യ വ്യവസ്ഥിതിയിലെ നടപ്പു അന്തകരീതിയായി പുറംലോകം വിലയിരുത്തുന്നത്.

പുടിൻ വാഴ്ചക്കാലത്ത് ദുരൂഹ സാഹചര്യത്തിൽ പ്രതിയോഗികൾ കൊല്ലപ്പെടുന്നത് പുതുമയേയല്ല. 2004ലെ യുക്രെയ്ൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മോസ്കോ പിന്തുണയുള്ള വിക്ടർ യാനുകോവിചിനെതിരെ മത്സരിച്ച വിക്ടർ യുഷ്ചെങ്കോക്ക് സെക്യൂരിറ്റി സർവിസിലെ ഉദ്യോഗസ്ഥർക്കൊപ്പം ഡിന്നർ കഴിച്ചുകൊണ്ടിരിക്കെയാണ് വിഷബാധയേറ്റത്, ശരീരത്തിനു മാരകമായ വൈകല്യം ബാധിച്ച അദ്ദേഹം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. 2006 ഒക്ടോബർ ഏഴിന് റഷ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദിച്ച അന്ന പൊലിത്കോവ്സ്കായ മോസ്കോയിലെ ഫ്ലാറ്റിൽ വെടിയേറ്റു മരിച്ചു. ബ്രിട്ടനിൽ അഭയം തേടിയ അലക്സാണ്ടർ പെരെപിലിഷിനിയെ 2012 നവംബറിൽ ലണ്ടനിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. പുടിൻ വിമർശകനായിരുന്ന പഴയ കെ.ജി.ബി ഏജന്‍റ് അലക്സാണ്ടർ ലിത്വിനെങ്കോ ഹോട്ടലിലെ ഗ്രീൻ ടീയിൽ നിന്ന് പൊളോണിയം-210 ന്‍റെ വിഷബാധയേറ്റ് മരിച്ചു. മറ്റൊരു പ്രതിപക്ഷ ആക്ടിവിസ്റ്റ് വ്ലാദിമിർ കരാമുർസയെ 2015ലും 2017 ലും വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമമുണ്ടായി. 2018ൽ സെർജി സ്ക്രിപൽ, 2020ൽ അലക്സി നവാൽനി എന്നിവർക്കും വിഷബാധയേറ്റു. ഇങ്ങനെ തുടർന്നുവരുന്ന ശത്രുഹത്യാരീതിയുടെ അനുഭവത്തിൽ നിന്നാണ് പ്രിഗോഷിന്‍റെ ദുരൂഹ അപകടമരണവും നിരീക്ഷിക്കപ്പെടുന്നത്.

ചോറ്റുപട്ടാളത്തെ പോറ്റുന്ന മധ്യകാലയുഗത്തിലെ പ്രാകൃതരീതിയാണ് പുരോഗമനത്തിന്‍റെ പുരപ്പുറത്തു കയറി നിൽക്കുന്ന വൻശക്തികൾ ഇപ്പോഴും പിന്തുടരുന്നത്. സൈന്യത്തിന്‍റെ ക്രൂരതകളെ തോൽപിക്കുന്ന അത്യാചാരങ്ങൾക്ക് ഉപയോഗിക്കാനാണ് ഇത്തരം സ്വകാര്യസേനകളെ സർക്കാറുകൾ സ്പോൺസർ ചെയ്യുന്നത്. അവരുടെ ക്രൂരതകൾക്ക് രാഷ്ട്രം മറുപടി പറയേണ്ട ബാധ്യതയില്ല. അതുപോലെ ഈ കൂലിപ്പട്ടാളത്തിൽ നിന്നുണ്ടാകുന്ന നാശനഷ്ടം ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുകയുമില്ല. ഇറാഖിൽ 1,60,000 യു.എസ് സൈനികർ തമ്പടിച്ച കാലത്ത് 1,80,000 പേർ ബ്ലാക്ക് വാട്ടർ എന്ന സ്വകാര്യ സേനയായി ഉണ്ടായിരുന്നു. അബുഗുറൈബ് തടങ്കൽപാളയത്തിലെ ക്രൂരതകൾക്കും കണ്ടിടത്ത് ആളുകളെ വെടിവെച്ചുകൊല്ലുന്ന പൈശാചികതകൾക്കുമൊക്കെ ഇവരെയാണ് ഉപയോഗിച്ചിരുന്നത്. സമാനമായി സിറിയയിലും ലിബിയയിലും ആഫ്രിക്കൻ രാഷ്ട്രങ്ങളിലും റഷ്യ ഇറക്കിയ കൂലിപ്പടയായിരുന്നു വാഗ്നർ. അവരുടെ പൈശാചികതയുടെ രൂക്ഷതയാണ് യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ പിടിച്ചുനിർത്തുന്നത്. റഷ്യൻസേനയിൽനിന്നു വിരമിച്ച ഭടന്മാർക്കു പുറമെ ജയിലുകളിലെ കുപ്രസിദ്ധ കുറ്റവാളികൾ വരെയാണ് ഈ സ്വകാര്യ സേനയിലെ അംഗങ്ങൾ. അങ്ങനെ ഭരണകൂടത്തിനു ബാധ്യതകളൊന്നുമില്ലാതെ പൗരന്മാരെ സൈനീകരിക്കാനും അതിന്‍റെ പിൻബലത്തിൽ വംശീയയുദ്ധങ്ങളും കലാപങ്ങളും അട്ടിമറികളും സൃഷ്ടിച്ച് മേധാവിത്വം സ്ഥാപിച്ചെടുക്കാനുമുള്ള സുരക്ഷിതവഴിയാണ് സ്വകാര്യ സൈനികസംഘങ്ങൾ. ആരോടും കടപ്പാടില്ലാത്ത അവരുടെ ചെയ്തികൾ ചിലപ്പോൾ അന്യോന്യം തിരിഞ്ഞുകുത്തിയെന്നും വരും-പുടിൻ-പ്രിഗോഷിൻ പോരു പോലെ. ഔദ്യോഗിക സേനയും ഒളിപ്പട്ടാളവുമായി മദിച്ചുവാഴുന്ന ഈ സാമ്രാജ്യത്വമോഹികളുടെ ദുര മൂക്കുന്തോറും യുദ്ധമുഖത്തുനിന്നു ലോകത്തിനു പിന്തിരിയാൻ സാധ്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialvladimir putinYevgeny Prigozhin
News Summary - Madhyamam Editorial Podcast on Yevgeny Prigozhin death
Next Story