അക്ഷരപ്പെരുക്കത്താൽ കാലം തീർത്തൊരാൾ
text_fieldsകാലം ചേർത്തുവെച്ച ചരിത്രനിയോഗം പൂർത്തിയാക്കി എം.ടി മടങ്ങിയിരിക്കുന്നു. ഇടപെട്ട സർഗാത്മക മേഖലകളിലെല്ലാം സുവർണ സ്പർശങ്ങളാൽ ചരിത്രം തീർക്കുകയാണ് പ്രതിഭയുടെ പൂർണത എന്നുപറയാറുണ്ട്. എഴുത്തിലും ചിന്തയിലും ആ പ്രതിഭാവിലാസം വേണ്ടുവോളം മലയാളത്തിന് സമ്മാനിച്ച് എം.ടി മടങ്ങുമ്പോൾ അതൊരു കാലഘട്ടത്തിന്റെ തിരശ്ശീല കൂടിയാണ് താഴ്ത്തുന്നത്. എം.ടിയെപ്പോലെ മലയാളത്തിൽ, ഒരു പക്ഷേ ഇന്ത്യയിൽ തന്നെ, എം.ടി മാത്രമേയുണ്ടായിരുന്നുള്ളൂ. അതിഭാവുകത്വത്തിന്റെ ആഖ്യായികകൾ തീർത്ത പുകമറയിൽനിന്നും അനുകരണത്തിന്റെ കെട്ടുകാഴ്ചകളിൽനിന്നും ചെറുകഥ-നോവൽ സാഹിത്യത്തെ സമൂഹത്തിന്റെ തീക്ഷ്ണ യാഥാർഥ്യങ്ങളുടെ ചിന്താപീഠത്തിലേക്ക് ഉയർത്തിവിട്ട കഥപറച്ചിലുകാരൻ, തിരക്കഥയിലും സംവിധാനത്തിലും പുതുപരീക്ഷണങ്ങളിലൂടെ അഭ്രപാളിയിൽ നവതരംഗം സൃഷ്ടിച്ച ചലച്ചിത്രകാരൻ, എഴുത്തുവഴിയിൽ ഒട്ടേറെ പ്രതിഭകൾക്ക് മാർഗദർശിയായ പത്രാധിപർ, മലയാളഭാഷയെ പുതുകാലത്തോട് ചേർത്തുവെക്കാനായി ആരംഭിച്ച തുഞ്ചൻ ട്രസ്റ്റിന്റെ അമരക്കാരൻ, വിശ്വസാഹിത്യത്തിന്റെ തുടിപ്പുകളെ മലയാളിക്ക് പരിചയപ്പെടുത്തിയ വായനക്കാരൻ, പ്രഭാഷകൻ. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായരുടെ ലോകം ഇതിനുമപ്പുറം വിശാലമായിരുന്നു. എം.ടി എന്ന രണ്ടക്ഷരത്തിന്റെ നാനാർഥം അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും പലകുറിയൊഴുകിയ നിളപോലെ ആഴപ്പരപ്പുള്ളതായിരുന്നു. സാന്ദ്രവും സങ്കീർണവും ചില വേളകളിലെങ്കിലും നിഗൂഢമെന്ന് തോന്നിപ്പിച്ചതുമായ ആ നദിയൊഴുക്ക് നിലയ്ക്കുമ്പോൾ അതു മലയാളത്തിന്റെ സമാനതകളില്ലാത്ത നഷ്ടമായി മാറുന്നു. ആദരാഞ്ജലി!
പ്രപഞ്ച വിജ്ഞാനീയത്തിലെ ‘സ്ഥല-കാല’ സങ്കൽപം പോലെയാണ് എം.ടിയുടെ സർഗപ്രപഞ്ചത്തിലെ സ്ഥലവും കാലവുമെന്ന് പല നിരൂപകരും കുറിച്ചിട്ടുണ്ട്. ഇതിലേതാണ് രചനാശൈലിയെ നയിച്ചതെന്ന് പറയാനാകാത്തവിധം രണ്ടിനെയും ഇഴചേർത്ത എഴുത്തുതന്ത്രമായിരിക്കാം അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. എം.ടിയുടെ സാഹിത്യത്തെ ഏതുനിലയിൽ സമീപിച്ചാലും അതിലെ കഥാപാത്രങ്ങളെ ഏതുവിധേന അപനിർമിച്ചാലും ആത്യന്തികമായി അതിലെ നായകർ കേവല കഥാപാത്രങ്ങളായിരുന്നില്ല; നിലമൊരുങ്ങിയ സ്ഥലവും കഥാകാലവുമായിരുന്നു. ആത്മകഥാംശങ്ങൾ ഉൾച്ചേർന്ന നോവലിന് ‘കാലം’ എന്ന് പേരിട്ടതുപോലും ഈയർഥത്തിൽ യാദൃച്ഛികമാകാൻ വഴിയില്ല. ‘കാല’വും ‘പള്ളിവാളും കാൽചിലമ്പും’ ‘വാനപ്രസ്ഥവു’മെല്ലാം ഈ രചനാസങ്കൽപത്തെ ശരിവെക്കുന്നുണ്ട്. കാലം അനിവാര്യമാക്കുന്ന മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ദേശങ്ങളും കഥാപാത്രങ്ങളുമായിരുന്നു ആ രചനാലോകത്തിന്റെ സവിശേഷത. സംസാരിച്ചതു മുഴുവൻ ലോകസാഹിത്യത്തെക്കുറിച്ചായിരുന്നു. ദസ്തയേവ്സ്കിയാകാൻ ആഗ്രഹിക്കുകയും ‘നമുക്കൊന്നും അങ്ങനെ പറ്റില്ലെന്ന്’ നിരാശപ്പെടുകയും ചെയ്തയാളാണ്; ഗാർസ്യയുടെ മലയാളത്തിലെ പ്രണേതാവ് ആര് എന്ന ചോദ്യത്തിനും മറ്റൊരു ഉത്തരമില്ല. ലോകസാഹിത്യത്തിലെ എഴുത്താഘോഷങ്ങളെ ഇത്രമേൽ ആസ്വദിച്ച വേറൊരു മലയാളിയും ഉണ്ടാകാനും ഇടയില്ല. അപ്പോഴും സ്വന്തമായി രൂപപ്പെടുത്തിയ ‘സ്ഥല-കാല’ യുക്തിക്കുള്ളിലാണ് അദ്ദേഹം അക്ഷരങ്ങൾ വിതാനിച്ചത്. ആരാധന തോന്നിയ എഴുത്തുകളുടെ കേവല അനുകരണങ്ങൾക്കപ്പുറം, ലോകസാഹിത്യത്തിന്റെ വിശാലതയെയും അകക്കാമ്പിനെയും ഈ ‘സ്ഥല-കാല’ത്തിനുള്ളിൽ അദ്ദേഹം ഒതുക്കി. ജീവിതത്തോടും അനുഭവങ്ങളോടും ചേർന്നൊഴുകിയ നിളയുടെ ഓളപ്പരപ്പിലേക്കും ആഴങ്ങളിലേക്കും സ്വന്തം എഴുത്തിനെ ചേർത്തുവെച്ചു. നദി കടലിലേക്കൊഴുകുകയല്ല; സമുദ്രത്തെ നദിയിലേക്ക് തിരിച്ചൊഴുക്കുന്ന എഴുത്തുവിദ്യ പരീക്ഷിച്ചപ്പോഴാണ് എം.ടി ഭാഷാതിരുകൾ ഭേദിച്ച കാഥികനും ചലച്ചിത്രകാരനുമൊക്കെയായത്. രചനയിലെ ഈ മൗലികതക്കൊപ്പം അസാമാന്യമായ ഭാഷ കൂടി കടന്നുവരുന്നതോടെ എം.ടി സമ്പൂർണനായൊരു എഴുത്തുകാരനായി തീരുന്നു. കവിതയെന്നു തോന്നിക്കുന്ന കടഞ്ഞെടുത്ത ഭാഷയുടെ ആഖ്യാനചാരുതയിൽ പിറന്ന രചനാലോകത്തിന് നിളയുടെതന്നെ സൗന്ദര്യമായിരുന്നു.
നിളയുടെ ഓളം തീർത്ത എഴുത്തുവിദ്യ തിരക്കഥയിലേക്കുകൂടി പടർന്നൊഴുകിയപ്പോഴാണ് മലയാളത്തിലും ന്യൂ വേവ് സാധ്യമായത്. മലയാള സാഹിത്യത്തിൽ എം.ടിയിലൂടെ ഒരു യുഗപ്പറവി സംഭവിക്കുമ്പോൾതന്നെയാണ് 59 വർഷം മുമ്പ് ‘മുറപ്പെണ്ണി’ലൂടെ മറ്റൊരു ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എണ്ണം പറഞ്ഞ അമ്പതിലധികം ചിത്രങ്ങൾ. 1980-90 കാലത്ത് 25 സിനിമകളാണ് എം.ടിയുടെ തൂലികയിലൂടെ മലയാളത്തിൽ പിറവികൊണ്ടത്. ചെറുകഥയിലും നോവലിലുമെന്നപോലെ, ചലച്ചിത്രത്തിലും മലയാളത്തിന്റെ അടയാളവാക്യമായി എം.ടി മാറിയ കാലമായിരുന്നു അത്; മലയാള ചലച്ചിത്രഭാവുകത്വം മാറിമറിഞ്ഞ കാലവും അതായിരുന്നു. അങ്ങനെയൊരു സുവർണകാലത്തിന് കാർമികത്വം വഹിക്കുമ്പോഴും പിന്നീട് സർഗലോകത്തുനിന്ന് പുതുതലമുറക്ക് വഴിമാറികൊടുത്തപ്പോഴുമെല്ലാം വളരെ കുറച്ചുമാത്രം സംസാരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. കേവലമായ മിതഭാഷണത്തിനപ്പുറം, മൗനത്തിന്റെ ആവരണം തീർത്ത് അതിന്റെ നിഗൂഢതകളിൽ ലോകത്തോട് സംവദിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് തോന്നുന്നു. കഴിഞ്ഞവർഷം മുഖ്യമന്ത്രിയെ വേദിയിലിരുത്തി കോഴിക്കോട്ട് അദ്ദേഹം നടത്തിയ രാഷ്ട്രീയ വിമർശനമൊക്കെ അത്തരത്തിലൊന്നായിരുന്നു. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്ന എം.ടിയുടെ വാക്കുകൾ ആരെക്കുറിച്ചാണെന്ന ചർച്ച ഇപ്പോഴുമടങ്ങാത്തത് എഴുത്തുമുദ്രയുടെ തീക്ഷ്ണത പ്രഭാഷണത്തിലും പ്രതിഫലിച്ചതുകൊണ്ടാണ്. അദ്ദേഹം ഏറ്റവും അവസാനം നടത്തിയ രാഷ്ട്രീയ വർത്തമാനവും ആ പ്രസംഗമായിരിക്കും. രാജ്യം അഭിമുഖീകരിക്കുന്ന ഫാഷിസത്തിന്റെ വിപത്തുകളെക്കുറിച്ചുള്ള ആ മുന്നറിയിപ്പുതന്നെയായിരുന്നു എം.ടിയുടെ എക്കാലത്തെയും രാഷ്ട്രീയവും. എഴുത്തുലോകം, അധികാരകേന്ദ്രങ്ങളെ പ്രതിധ്വനിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് തിരിഞ്ഞൊഴുകുകയും ഏകാകിയായി മറ്റൊരിടത്ത് മാറിയിരിക്കുകയും ചെയ്തു എന്നതും ആ എഴുത്തുമുദ്രയെ വ്യത്യസ്തമാക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെയാണ് എം.ടിയെപ്പോലെ എം.ടി മാത്രമേ മലയാളത്തിനുള്ളൂ എന്നു പറയേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.