Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംഘ്പരിവാർ റമദാനിൽ ഉന്നമിടുന്നത്
cancel

ലോകമൊട്ടുക്കുള്ള മുസ്‍ലിം ജനത ഓരോ വർഷവും പ്രത്യാശാപൂർവം കാത്തിരിക്കുന്ന വിശുദ്ധമാസമാണ് റമദാൻ. വ്രതമനുഷ്ഠിച്ച് സങ്കടങ്ങളും തെറ്റുകുറ്റങ്ങളും പൊറുക്കപ്പെടാനും ഭാവിജീവിതം സമാധാനപൂർണവും ധന്യവുമായിത്തീരാനുമായുള്ള പ്രാർഥനകളിൽ മുഴുകുന്ന, ദാനധർമങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും അധികരിപ്പിക്കുന്ന ഈ നാളുകളുടെ ചൈതന്യവും സേവനവ്യാപ്തിയും ആ സമുദായവട്ടത്തിലൊതുങ്ങുന്നതല്ല. ഗണ്യമായ മുസ്‍ലിം ജനസംഖ്യയുള്ള ലോക രാഷ്ട്രങ്ങളിൽ പ്രമുഖമായ ഇന്ത്യയിലും റമദാൻ സമഭാവനയുടെയും സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും മാസമായിരുന്നു.

യമുനാതീരത്തെ ക്ഷേത്രനഗരികളിലുൾപ്പെടെ മുസ്‍ലിം സഹോദരങ്ങളെ നോമ്പുതുറപ്പിക്കാനും അവർക്ക് അത്താഴമൊരുക്കാനും സാധുക്കൾക്ക് സഹായം നൽകാനും സഹോദര മതസ്ഥർ മത്സരബുദ്ധിയോടെ ആവേശം പുലർത്തിയിരുന്നത് ഏറെ പണ്ടല്ല. നാടൊട്ടുക്കുള്ള സകാത് -റിലീഫ് കൂട്ടായ്മകൾ സ്വരൂപിക്കുന്ന സകാത് ധനം വിനിയോഗിക്കപ്പെടുന്നത്, വീടുകൾക്കും ജീവനോപാധികൾക്കും ചികിത്സാ സേവനത്തിനും ഗുണഭോക്താക്കളെ കണ്ടെത്തുന്നത് മതം നോക്കിയല്ല, മനുഷ്യാവസ്ഥകൾ പരിഗണിച്ചാണ്. ഡൽഹി ജമാ മസ്ജിദിനടുത്തും മുംബൈ ബിണ്ഡി ബസാറിലും മുഹമ്മദലി റോഡിലും ലഖ്നോവിലെ ഗേറ്റുകളിലും ഹൈദരാബാദിലെ ചാർമിനാർ പരിസരത്തും ചെന്നൈ ട്രിപ്ലിക്കേനിലും കേരളത്തിലെ മട്ടാഞ്ചേരിയിലും കോഴിക്കോടുമുൾപ്പെടെ നാനാദിക്കുകളിലെ ചെറുതും വലുതുമായ ഇന്ത്യൻ പട്ടണങ്ങളിലും ഗലികളിലും ഈ മുപ്പതു നാളുകളിൽ മാത്രം ദൃശ്യമാവുന്ന ഒരുമയുടെയും പങ്കുവെപ്പിന്റെയും രുചിവൈവിധ്യത്തിന്റെയും നിറപ്പകിട്ടാർന്ന റമദാൻ വൈബ് രൂപപ്പെടുത്തുന്നത് ഈ സമുദായം ഒറ്റക്കല്ല. കാലുകുത്താൻ ഇടമില്ലാതെ കുത്തിനിറഞ്ഞ് സമയം തെറ്റിയോടുന്ന ട്രെയിനുകളിൽ ഇഫ്താർ സമയം ഓർമിപ്പിച്ച് നോമ്പുകാർക്കായി വെള്ളക്കുപ്പികളും പലഹാര പാത്രങ്ങളും കടലപ്പൊതികളും നീട്ടുന്ന സഹയാത്രികരുടെ സ്നേഹത്തോളം മധുരമുണ്ടാവില്ല വിപണിയിലെ മുന്തിയ ഈത്തപ്പഴങ്ങൾക്കുപോലും.

ഇപ്പറഞ്ഞ കാഴ്ചകളെല്ലാം കഥകളായിരുന്നുവെന്ന് തോന്നിപ്പിക്കും വിധത്തിൽ മുസ്ലിം സമൂഹത്തെ അന്യവത്കരിക്കാനും വേദനകളിലേക്ക് തള്ളിയിടാനുമുള്ള ഒരു ആസൂത്രിത ഗൂഢശ്രമം കുറച്ചു വർഷങ്ങളായി ഓരോ റമദാനിലും രാജ്യത്ത് നടമാടുന്നു. ഉത്സവഘോഷ യാത്രകൾക്കിടയിൽ പ്രകോപനമിളക്കിവിട്ട് അക്രമവും തീവെപ്പും ബുൾഡോസർ പ്രയോഗവും നടത്തുന്ന രീതി രണ്ടുമൂന്നു വർഷമായി പരീക്ഷിക്കപ്പെടുന്നുണ്ട്. റമദാനിൽ ഫലസ്തീനികൾക്കും അവിടത്തെ ആരാധനാലയങ്ങൾക്കും നേരെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന വേട്ടയാണ് ഇന്ത്യയിലും കടംകൊള്ളുന്നത് എന്ന് തോന്നിപ്പോകുന്നു. ഈ വർഷവും റമദാൻ പാതിയാകുമ്പോഴേക്ക് മുസ്ലിം സമുദായത്തെ ഉന്നംവെച്ച് ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും സമൂഹത്തിൽ ഛിദ്രത വളർത്താനുമുള്ള ഒട്ടനവധി ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അങ്ങേറിക്കഴിഞ്ഞു.

ബുൾഡോസർ വാഴ്ചക്കെതിരെ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ശക്തമായ താക്കീതുവിധികൾ നിലനിൽക്കെ യാതൊരു മുന്നറിയിപ്പും നൽകാതെ റോഡ് വികസനത്തിന്റെ പേരിൽ അഹ്മദാബാദ് നഗരസഭ ഇടിച്ചുനിരത്തിയ രണ്ട് പള്ളികളുടെയും വീടുകളുടെയും കടകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഗുജറാത്ത് ഗോംതിപൂരിലെ വിശ്വാസികൾ കരഞ്ഞുകലങ്ങിയ കണ്ണുകളാൽ മാസപ്പിറ കണ്ടതുതന്നെ.

നോട്ടീസ് നൽകാതെ ഒരു തൊഴിലാളിയുടെ കുടിലിലേക്ക് തിരച്ചിലിനായി ഇരച്ചുകയറിയ പൊലീസ് ഉമ്മയുടെ ചൂടുപറ്റി ഉറങ്ങിക്കിടന്ന ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബൂട്ടിനാൽ ചവിട്ടിക്കൊന്നത് രാജസ്ഥാൻ ആൽവാറിലെ രഘുനാഥ്ഗഢിൽ. ഗുജറാത്തിലെ വട്വയിൽ രാത്രി നമസ്കാരത്തിന് പോയ കുട്ടികൾക്കും യുവാക്കൾക്കും കല്ലേറാണ്നേരിട്ടതെങ്കിൽ മധ്യപ്രദേശിലെ ഭോപാലിൽ നമസ്കാരം കഴിഞ്ഞ് വന്ന അദ്നാൻ ഖാൻ എന്ന 22കാരന്റെ ജീവനെടുത്തു അക്രമികൾ.

ഗോരക്ഷയുടെയും ലവ് ജിഹാദിന്റെയും മറയിൽ സംഘ്പരിവാർ മന്ത്രിമാർ ദിനേനയെന്നോണം തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന മുസ്ലിം വിദ്വേഷ പരാമർശങ്ങളും അവരുടെ അക്രമിക്കൂട്ടം നടത്തിക്കൊണ്ടിരിക്കുന്ന അരുതായ്മകളും വിസ്താരഭയത്താൽ വിവരിക്കുന്നില്ല. സമുദായങ്ങൾക്കിടയിൽ സംശയവും വൈരവും സൃഷ്ടിക്കാൻ ചുട്ടെടുത്ത ലവ് ജിഹാദ് കെട്ടുകഥയുടെയും അതിന്മേൽ കെട്ടിപ്പൊക്കിയ അന്യായ നിയമങ്ങളുടെയും മറവിൽ മുസ് ലിം യുവാക്കളെ കൊല്ലങ്ങളോളം തടവറയിൽ തള്ളിയത് മതിയാവാതെ ഇത്തരം കേസുകളിൽ തൂക്കിക്കൊല്ലാനുള്ള സാധ്യത തേടുകയാണ് മധ്യപ്രദേശിലെ ഹിന്ദുത്വ സർക്കാർ. ഹോളിയുൾപ്പെടെ സകല മതാഘോഷങ്ങളും പ്രാദേശിക ഉത്സവങ്ങളും ആചാരങ്ങളും കാമ്പസുകളിൽ കൊണ്ടാടപ്പെടുന്ന കാലത്ത് സഹപാഠികൾ ഇഫ്താർ നടത്തിയെന്ന പേരിലാണ് വർഗീയവാദികൾ ഉത്തരാഖണ്ഡിലെ ആയുർവേദ കോളജിൽ കയറി കുഴപ്പങ്ങളുണ്ടാക്കിയത്. ഇതൊന്നും പോരാഞ്ഞിട്ടാണ് യു.പി ബലിയയിലെ മെഡിക്കൽ കോളജ് കെട്ടിടത്തിലേക്ക് മുസ്ലിംകൾക്ക് പ്രവേശനം നൽകരുതെന്നും മുസ്ലിം വിദ്യാർഥികൾക്കും ജീവനക്കാർക്കും വേറിട്ട കെട്ടിടം പണിയണമെന്നും ബി.ജെ.പി നിയമസഭാംഗം ആവശ്യം ഉന്നയിക്കുന്നത്.

മുസ്‍ലിംകൾക്കെതിരെ വിദ്വേഷവും വംശീയവൈരവും വളർത്തുന്ന പ്രവണതക്കെതിരെ ലോകം ഇന്ന് ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കെ രാജ്യത്തെ പൗരജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കൊന്നും അർഹരല്ലാത്തവിധം അന്യരാണ് നിങ്ങളെന്ന സന്ദേശമാണ് ഭരണകൂട പിന്തുണയിൽ നടത്തുന്ന അതിക്രമങ്ങൾ മുസ്‍ലിം സമൂഹത്തോട് പറയുന്നത്. അതിക്രമത്തിനിരയാവുന്ന ജനതക്ക് മുന്നിൽവെച്ച് ആക്രമികളെ എന്ത് പേര് വിളിക്കണം എന്ന ചർച്ച മുറുകവെ പിന്തുടരുന്ന വിചാരധാരയേതെന്ന് ലവലേശം സംശയമില്ലാതെ വംശീയവൈരം കൊഴുപ്പിക്കുകയാണ് സംഘ് പരിവാർ ഫാഷിസ്റ്റുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialRamadan 2025
News Summary - Madhyamam Editorial: RSS Targeting the Muslim community during Ramadan
Next Story
RADO