സുപ്രീംകോടതി താക്കീതും പ്രധാനമന്ത്രിയുടെ മൗനഭഞ്ജനവും
text_fieldsരണ്ടു മാസത്തിലേറെ കത്തിയെരിയുന്ന മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ശബ്ദത ഭഞ്ജിച്ചിരിക്കുന്നു. ലോകത്തെ ഞെട്ടിച്ച മണിപ്പൂരിലെ ലൈംഗികപീഡനത്തിനെതിരെയാണ് പ്രധാനമന്ത്രിയുടെ ശക്തമായ പ്രസ്താവന. ‘‘എന്റെ ഹൃദയത്തിൽ വേദനയും രോഷവും നിറയുന്നു. മണിപ്പൂരിലേത് ഏതു സമൂഹത്തിനും ലജ്ജാകരമായ സംഭവമാണ്; ഇത് നമ്മുടെ രാഷ്ട്രത്തിലെ 140 കോടി ജനങ്ങളെ നാണിപ്പിച്ചിരിക്കുന്നു. എല്ലാ മുഖ്യമന്ത്രിമാരോടും ക്രമസമാധാനം കൂടുതൽ ശക്തമാക്കാൻ ഞാൻ അഭ്യർഥിക്കുന്നു’’ -അദ്ദേഹം പറഞ്ഞു. അക്രമികൾ വഴി പ്രചരിച്ച വിഡിയോയിലെ സംഭവം നടന്നത് മേയ് മാസത്തിലാണ്. ഒരു പറ്റം കാപാലികർ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി പട്ടാപ്പകൽ ജനങ്ങൾക്കിടയിലൂടെ നടത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുന്നതാണ് വിഡിയോ ദൃശ്യം. ജുഗുപ്സമായ വിഡിയോ പ്രചരിച്ചതോടെ ജനവികാരത്തെ തൃപ്തിപ്പെടുത്താൻ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി നേതാക്കൾ, പതിവ് ന്യായീകരണ-പ്രത്യാക്രമണ ശൈലിയിൽനിന്ന് ഭിന്നമായി ഗൗരവം ഭാവിച്ചു എന്നു പറയാം. സംഭവത്തെ അപലപിച്ച കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മണിപ്പൂർ മുഖ്യമന്ത്രിയോട് വിഷയം സംസാരിച്ചതായും നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ സുപ്രീംകോടതി സ്വന്തം നിലക്കുതന്നെ വിഷയത്തിൽ ഇടപെട്ടു. തങ്ങൾ വളരെ അസ്വസ്ഥരാണെന്നും, അക്രമം സ്ഥായീകരിക്കാൻ സ്ത്രീകളെ ഉപകരണങ്ങളാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുൻനിർത്തി അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിയെയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയെയും വ്യാഴാഴ്ച രാവിലെ കോടതിയിൽ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് പരമോന്നത കോടതിയുടെ പ്രതികരണം അറിയിച്ചത്. വർഗീയസംഘർഷമുള്ള മേഖലയിൽ സ്ത്രീകളെ ലൈംഗികാക്രമണത്തിന് ഇരയാക്കിയത് അതിഗൗരവമായ മനുഷ്യാവകാശ ലംഘനമാണ്. മേയ് മാസം മുതൽ കുറ്റവാളികളെ പിടികൂടാൻ എന്തു നീക്കമാണ് നടത്തിയതെന്നു ചോദിച്ച കോടതി ഇതാവർത്തിക്കാതിരിക്കാനെടുത്ത നടപടികളും ആരാഞ്ഞു. ശേഷം അൽപസമയം സർക്കാറിന് അനുവദിക്കുന്നു, ഇല്ലെങ്കിൽ തങ്ങൾ മുന്നിട്ടിറങ്ങും എന്ന മുന്നറിയിപ്പു നൽകുകയും ചെയ്തു. അടുത്ത വെള്ളിയാഴ്ച മണിപ്പൂർ അക്രമങ്ങളെക്കുറിച്ച ഒരു കൂട്ടം കേസുകൾക്കൊപ്പം ഈ വിഷയം കോടതി പരിഗണിക്കും.
രണ്ടു മാസത്തിലേറെയായി കലാപം നടക്കുന്ന മണിപ്പൂരിൽ സംസ്ഥാന സർക്കാർ ഫലപ്രദമായ ഒരു നടപടിയുമെടുത്തിട്ടില്ല എന്ന ആരോപണം ശരിവെക്കുന്നതാണ് വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. ഇപ്പോഴത്തെ കൂട്ട ബലാത്സംഗസംഭവത്തിൽ തന്നെ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്തില്ല എന്നാണ് ഒരു ഇരയുടെ വെളിപ്പെടുത്തൽ. ഭൂരിപക്ഷവും ക്രൈസ്തവരായ കുക്കികൾക്കുനേരെ മെയ്‌തേയികൾ നടത്തിയ അക്രമങ്ങളിൽ 142 പേർ മരണപ്പെടുകയും 17 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ കണക്ക്. സംഘർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തുടങ്ങിയ ചർച്ച് ആക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ട പള്ളികളുടെ എണ്ണം 250 എങ്കിലും വരും.
കലാപം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഒന്നുകിൽ ദയനീയമായി പരാജയപ്പെട്ടു, അല്ലെങ്കിൽ ബോധപൂർവം നിഷ്ക്രിയരായി എന്നതാണ് പൊതുനിഗമനം. ക്രൈസ്തവ സമുദായത്തിന്റെ പിന്തുണ ആവോളം നേടിയെടുത്തുതന്നെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ബി.ജെ.പി ഭരണം പിടിച്ചടക്കിയത്. അതിനു കഴിയാത്തിടങ്ങളിൽ തെരഞ്ഞെടുപ്പാനന്തരം എം.എൽ.എമാരെ കാലുമാറ്റി ഭരണം സ്ഥാപിച്ചും തദ്ദേശീയ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിച്ച് വന്നു. മറുവശത്ത് കോൺഗ്രസും സഖ്യകക്ഷികളും മുസ്‍ലിം പ്രീണനം നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുന്നുവെന്ന ആരോപണം ശക്തമാക്കുകയും ചെയ്തു. അതിന്‍റെ ചുവടുപിടിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവരുടെ ഇടയിൽ മുസ്‌ലിം വിരോധം ആളിക്കത്തിക്കാൻ വേണ്ടുവോളം ദുഷ്പ്രാചരണങ്ങൾ നടത്തി സംഘ്പരിവാർ ശക്തികൾ. ആ കെണിയിൽ വീണുപോയ ക്രൈസ്തവ സഭാനേതൃത്വംപോലും മണിപ്പൂരിൽ ബി.ജെ.പിയുടെ തണലിൽ നടന്ന ആക്രമണങ്ങളിൽ ഹിന്ദുത്വശക്തികളുടെ തനിനിറം തിരിച്ചറിഞ്ഞ് അവരെ തുറന്നപലപിക്കാൻ നിർബന്ധിതരായി.
ഇത്ര രൂക്ഷമായ കലാപം അന്തർദേശീയ മാധ്യമങ്ങളിൽ ചർച്ചയായിട്ടും രാഷ്ട്രത്തിന്റെ ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രിക്ക് അതേക്കുറിച്ച് ഒരക്ഷരം മിണ്ടാൻ തോന്നിയില്ല. എന്നല്ല, അന്താരാഷ്ട്രതലത്തിൽ പ്രചാരണപ്രധാനമായ ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കാനും തലങ്ങും വിലങ്ങും ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക നേട്ടമായ വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിനു ഓടിനടക്കാനും തടസ്സമായില്ല. ഇനിയിപ്പോൾ സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് ആശങ്കജനകമായ മണിപ്പൂർ സാഹചര്യങ്ങളിൽ എന്തു ചെയ്തുവെന്നു സംസ്ഥാന സർക്കാറിനൊപ്പം കേന്ദ്ര സർക്കാറും ബോധിപ്പിക്കേണ്ടതുണ്ട്. ഒരുപക്ഷേ, വിന്യസിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെ കണക്കും നിരോധനാജ്‌ഞയുടെ പട്ടികയും ഇന്റർനെറ്റ് വിഛേദിച്ച് ഊഹാപോഹപ്രചാരണം തടഞ്ഞ നടപടികളുമൊക്കെയാവും കോടതിക്ക് മുമ്പാകെ ബോധിപ്പിക്കാനുണ്ടാവുക. അതിനപ്പുറം ജനങ്ങളുടെ ഇടയിൽ അരക്ഷിത ബോധം ഇല്ലാതാക്കാനും പരവിദ്വേഷം ലഘൂകരിക്കാനും എന്തു ചെയ്തുവെന്നും ഒരു കോടതി വിധിയുടെ മറവിൽ മെയ്തേയി സമുദായത്തിന് സംവരണം വർധിപ്പിച്ച നടപടിയോടുണ്ടായ പ്രതിഷേധങ്ങൾ നേരിടാൻ ക്രിയാത്മകമായ എന്ത് നടപടികളെടുത്തു എന്നും വിശദീകരിക്കാൻ കേന്ദ്രത്തിന് സാധിക്കുമോ? സർക്കാർ മാധ്യമസഹായമില്ലാതെ ‘മൻ കി ബാത്തി’നു പകരം ‘മണിപ്പൂർ കി ബാത്’ എന്ത് എന്നു ജനം കേൾക്കാനിരിക്കുന്നു. അതിനിടയിൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സ്വീകരിക്കുന്ന ഫലപ്രദമായ നടപടികളെന്ത് എന്നും അവർ ഉറ്റുനോക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.