Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്‍ലാമോഫോബിയയുടെ...

ഇസ്‍ലാമോഫോബിയയുടെ മൂർധന്യം

text_fields
bookmark_border
modi
cancel

ഴു ഘട്ടങ്ങളായി നടക്കേണ്ട 18ാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാമത്തെ പോളിങ് കഴിഞ്ഞ ദിവസം പൂർത്തിയായതോടെ 543 സീറ്റുകളിൽ 283 മണ്ഡലങ്ങളിലെയും ജനവിധി പെട്ടിയിലായി. അവശേഷിച്ച നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പ് ജൂൺ ഒന്നിന് പൂർത്തിയാവുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാഗധേയം അന്തിമമായി നിർണയിക്കപ്പെടുമെന്നാണ് സാമാന്യ പ്രതീക്ഷ. ഇന്ത്യ ഭരണഘടനപരമായിത്തന്നെ ഹിന്ദുരാഷ്ട്രവും രാമരാജ്യവുമായി മാറേണ്ടതുണ്ടോ എന്ന നിർണായക ചോദ്യത്തിനുള്ള മറുപടി ജൂൺ നാല് വൈകീട്ടോടെ അറിയാറാവും എന്നാണ് പൊതുവായ വിലയിരുത്തൽ. 400ൽപരം സീറ്റുകൾ ജയിച്ചടക്കി പ്രസ്തുത ലക്ഷ്യം തീർച്ചയായും നേടാനാവുമെന്നായിരുന്നു ഇലക്ഷൻ പ്രക്രിയ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാരന്റി. പക്ഷേ, വോട്ടെടുപ്പിന്റെ പ്രഥമഘട്ടം കഴിഞ്ഞപ്പോൾതന്നെ മോദിയിലും മുതിർന്ന സഹപ്രവർത്തകരിലും ചാഞ്ചല്യം കണ്ടുതുടങ്ങി. മൂന്നാംഘട്ടം പിന്നിടുമ്പോഴേക്ക് ഒരുതരം ഹിസ്റ്റീരിയ കാവിപ്പട നായകരിൽ പ്രകടമായിക്കൊണ്ടിരിക്കുന്നു. ദുർബലമെന്നും അവസരവാദപരമായ കൂട്ടുകെട്ടെന്നും പരിഹസിച്ചിരുന്ന കോൺഗ്രസിനെയും ഇൻഡ്യ മുന്നണിയെയും ഇലക്ഷൻ ചട്ടങ്ങളെപ്പോലും ലംഘിച്ച് മോദിയും കൂട്ടുകാരും കടന്നാക്രമിക്കുന്നതാണ് രാജ്യത്താകെ പ്രകടമാവുന്ന ചിത്രം. അതാവട്ടെ മറ്റെല്ലാറ്റിലുമുപരി ഒരേയൊരു ബിന്ദുവിൽ കേന്ദ്രീകരിച്ചുകൊണ്ടും. ഇന്ത്യ മഹാരാജ്യത്തിന്റെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാരും സന്താനോൽപാദകരുമായ സമുദായക്കാർക്ക് കോൺഗ്രസ് പതിച്ചുകൊടുക്കാൻ പോവുന്നു; പട്ടികജാതി-പട്ടികവർഗങ്ങളുടെ സംവരണാനുകൂല്യങ്ങൾ മുസ്‍ലിംകൾക്ക് വീതിച്ചുനൽകാൻ തീരുമാനിച്ചിരിക്കുന്നു; മുസ്‍ലിം ലീഗിന്റെയും പാകിസ്താന്റെയും ഭാഷയിൽ സംസാരിക്കുന്നു; ബി.ജെ.പിക്ക് മുസ്‍ലിം വോട്ടുബാങ്ക് വേണ്ട, അത് കോൺഗ്രസ് എടുത്തോട്ടെ എന്നുതുടങ്ങിയ ആക്രോശങ്ങളാണ് ഹിന്ദി ഹൃദയഭൂമിയിൽ മാത്രമല്ല, ബംഗാളിലും കർണാടകയിലുമെല്ലാം മുഴങ്ങിക്കേൾക്കുന്നത്.

തീർച്ചയായും 15-17 ശതമാനം വരുന്ന മുസ്‍ലിം ന്യൂനപക്ഷത്തിന് ആശ്വസിക്കാനും ശുഭപ്രതീക്ഷക്കും ഒരു പരിധിവരെ വകയുണ്ട് ഈ രാജ്യം ഭരിക്കുന്നവരുടെ ഈ രോദനങ്ങളിൽ. ഭരണത്തിന്റെ രണ്ടൂഴങ്ങളിലും ചവിട്ടിത്തേക്കാനും പ്രാന്തവത്കരിക്കാനും അപ്രസക്തരാക്കാനും സാധ്യമായതൊക്കെ ചെയ്തിട്ടും മൂന്നാമൂഴം തരപ്പെടേണ്ട നിർണായക ഘട്ടത്തിലും ഏറ്റവും വലിയ വെല്ലുവിളിയായി തങ്ങളീ രാജ്യത്ത് അവശേഷിക്കുന്നു എന്ന തിരിച്ചറിവ് സമുദായത്തിന് പ്രതീക്ഷയും ആത്മവിശ്വാസവും നൽകേണ്ടതാണ്. മുസ്‍ലിംകളെ ഒഴിച്ചുനിർത്തിയും അരികുവത്കരിച്ചും മുന്നോട്ടുപോവാനാവില്ലെന്ന ബോധം ഹിന്ദുത്വശക്തിയെ വേട്ടയാടുന്നു എന്നതിന്റെ പ്രകടമായ പ്രതിഫലനമാണിത്. ജാതിസെൻസസ് എന്ന ഒറ്റമൂലിയിൽ കേന്ദ്രീകരിച്ച് കോൺഗ്രസും ഇൻഡ്യ മുന്നണിയും നടത്തുന്ന പ്രചാരണം തങ്ങളുടെ അടിത്തറ ഇളക്കിയേക്കുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്. പക്ഷേ, അത് തുറന്നുപറയുന്നത് ഹിന്ദു വോട്ടുബാങ്കിനെ തീർത്തും പ്രതികൂലമായി ബാധിക്കും. അപ്പോൾ പിന്നെ ഇസ്‍ലാമോഫോബിയ പരമാവധി കത്തിച്ച് രക്ഷപ്പെടാൻ വഴിയന്വേഷിക്കുകയല്ലാതെ ഗത്യന്തരമില്ല. പ്രതിപക്ഷ മുന്നണിയാവട്ടെ, ഒരിടത്തും മുസ്‍ലിം കാർഡിറക്കുകയോ ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയോ ചെയ്യുന്നുമില്ല. മുസ്‍ലിം സ്ഥാനാർഥികൾപോലും നന്നെ വിരളം. പകരം മതനിരപേക്ഷതയും ജനാധിപത്യവും തദധിഷ്ഠിത ഭരണഘടനയുമാണ് മതേതര മുന്നണി ഉയർത്തിപ്പിടിക്കുന്നത്. രണ്ടാമതായി ജാതിമത കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ ഇന്ത്യക്കാരെയും ആഴത്തിൽ ഗ്രസിച്ചുകഴിഞ്ഞ വിലക്കയറ്റവും കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും തൊഴിലില്ലായ്മയുമാണ് പ്രശ്നവത്കരിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പുകൾ മുഴുവൻ അസ്വസ്ഥരായ സാധാരണ മനുഷ്യരുടെ നെടുവീർപ്പുകളാണ് അനാവരണം ചെയ്യുന്നതും. അതിനു മുന്നിൽ രാഹുൽ ഗാന്ധിയും നെഹ്റു കുടുംബവും പ​ങ്കെടുക്കാത്ത രാമക്ഷേത്ര ഉദ്ഘാടനാഘോഷമൊന്നും യു.പിയിൽപോലും പ്രശ്നമാവുന്നില്ല. സംഘ്പരിവാർ തരപ്പെടുത്തിക്കൊടുക്കുന്ന ഉല്ലാസയാത്രകളുടെ ഭാഗമായി ചിലരൊക്കെ അയോധ്യ സന്ദർശിച്ച് മടങ്ങുന്നുണ്ടെങ്കിലും വെറും 23 ശതമാനം ഹിന്ദുക്കളാണ് മോദിയുടെ ഏറ്റവും വലിയ നേട്ടമായി രാമക്ഷേത്ര നിർമിതിയെ നോക്കിക്കണ്ടത്. പ്രത്യുത തൊഴിലില്ലായ്മയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് വിലയിരുത്തിയവരാകട്ടെ 46 ശതമാനം വരും.

മറ്റൊരുവശത്ത് സനാതനധർമം കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവർ, എൻ.ഡി.എയുടെ ഉത്തരവാദപ്പെട്ട നേതാക്കളും സ്ഥാനാർഥികളും പങ്കാളികളായ രാജ്യം കണ്ടതിൽവെച്ചേറ്റവും വഷളായ സദാചാരത്തകർച്ച ആയിരക്കണക്കിൽ വിഡിയോകളിലായി നാടാകെ ഒഴുകിനടക്കുന്ന ദൃശ്യത്തിനുമുന്നിൽ തലതാഴ്ത്തേണ്ടിവരുകയാണ്. ഇതാണോ സനാതനധർമം എന്ന് ചോദിച്ചാൽ എന്താണ് മറുപടി? ചുരുങ്ങിയപക്ഷം മാനം മര്യാദയോടെ ജീവിക്കാൻ സഹോദരിമാരെ അനുവദിക്കുക എന്ന പ്രാഥമിക മര്യാദപോലും പാലിക്കാൻ കഴിയാത്തവർക്കെന്ത് രാമരാജ്യമാണ് കാഴ്ചവെക്കാനാവുക എന്നാരും ചോദിച്ചുപോവും. ഇതൊക്കെയാണ് യാഥാർഥ്യമെങ്കിലും ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സഹസ്രകോടികളും കോർപറേറ്റുകളുടെ അകമഴിഞ്ഞ സഹകരണവും വഴി സ്വരൂപിക്കുന്ന വിഭവശേഷിക്ക് ഒരു പരിധിവരെ ജനഹിതം അട്ടിമറിക്കാനാവും; ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കാനുമാവും. യഥാർഥത്തിൽ ഭയപ്പെടേണ്ടത് ഈ അട്ടിമറിസാധ്യതയാണ്. അ​ല്ലാതെ ഭൂരിപക്ഷക്കാരോ ന്യൂനപക്ഷക്കാരോ ആയ സാധാരണ പൗരന്മാരുടെ ആർജവപൂർണമായ ഇച്ഛാശക്തിയെ തോൽപിച്ച് ഫാഷിസത്തിന് ഒരിക്കലും ഇന്ത്യയുടെ ഭാഗധേയം മാറ്റിത്തിരിക്കാനാവില്ല. അടിയന്തരാവസ്ഥക്കെതിരെ അനിഷേധ്യ വിധിയെഴുതിയ ജനതയാണ് ഇന്ത്യയിലേതെന്ന് അന്ന് അഴികൾ എണ്ണേണ്ടിവന്നവർ ഏതായാലും മറക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam editorialIslamophobiaLok Sabha Elections 2024
News Summary - The epitome of Islamophobia
Next Story