പ്രസിഡന്റ് പോരാട്ടം ട്രംപ്-കമല സംവാദത്തിനുശേഷം
text_fieldsനവംബർ അഞ്ചിന്റെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം രണ്ടുമാസം മാത്രം ബാക്കിയിരിക്കെ ചൊവ്വാഴ്ച രാത്രി നടന്ന ടെലിവിഷൻ സംവാദം ലോക ശ്രദ്ധയാകർഷിച്ചത് സ്വാഭാവികം. ഇതിനകം സ്ഥാനാർഥിത്വം പിൻവലിച്ച പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജൂൺ 27 നു നടന്ന സംവാദം ഒഴിച്ചാൽ ഇനി ഇത്തരമൊരു സംവാദം ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ജൂണിലെ സംവാദത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം വാർധക്യലക്ഷണങ്ങളും യുക്തിദൗർബല്യങ്ങളും കാണിച്ച ജോ ബൈഡൻ മത്സരം ഉപേക്ഷിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷൻ അതിന് അംഗീകാരവും നൽകി. അതോടെ പ്രചാരണത്തിന് ഏതാനും മാസങ്ങൾ മാത്രം കിട്ടിയ കമല ഹാരിസ് ആ ഹ്രസ്വകാലം തനിക്കനുകൂലമായി മാറ്റിയെടുക്കുകയായിരുന്നു. ജോ ബൈഡനുമേൽ അഭിപ്രായ സർവേകളിൽ നേരിയ മുൻതൂക്കം കാണിച്ച ട്രംപിനെക്കാൾ ക്രമേണയായി കൂടുതൽ വോട്ടർമാരുടെ പിന്തുണ നേടിയത് കമലയാണെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ വോട്ടർമാർ പ്രസിഡന്റ് സ്ഥാനാർഥികളെ വിലയിരുത്തുന്ന പല ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ടെലിവിഷൻ സംവാദങ്ങളിലെ പ്രകടനം. ഭാഷണവൈദഗ്ധ്യം മാത്രമല്ല, നയപരമായ വിഷയങ്ങളിലെ ഗ്രാഹ്യം, നിലപാടുകളിലെ വ്യക്തത, അവയോട് സമ്മതിദായകരുടെ സമീപനം എന്നിവ വോട്ടർമാരുടെ വിലയിരുത്തലിന് വിധേയമാവും. അമേരിക്കൻ സമ്പദ് വ്യവസ്ഥ, തോക്കു നിയന്ത്രണം, കുടിയേറ്റ നിയന്ത്രണം, ആരോഗ്യ ഇൻഷുറൻസ് വഴി വൈദ്യസേവന പരിരക്ഷ, ഗർഭഛിദ്ര നിയന്ത്രണങ്ങൾ, തൊഴിൽ ലഭ്യത, വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ സ്ഥാനാർഥികളുടെ വീക്ഷണങ്ങളും അവയുടെ യുക്തിഭദ്രമായ അവതരണവും നിരൂപണം ചെയ്യപ്പെടും. പല അവസരങ്ങളിൽ നടക്കുന്ന അഭിപ്രായ പ്രകടനങ്ങളും ജനം പരിഗണിക്കുമെങ്കിലും ചാനൽ സംവാദത്തിലൂടെ അവ പെട്ടെന്ന് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വെപ്പ്.
എ.ബി.സി ചാനലിൽ രണ്ടു മോഡറേറ്റർമാരുടെ മേൽനോട്ടത്തിൽ ഒന്നര മണിക്കൂറിലധികം നീണ്ട ഈ സംവാദത്തെ വിലയിരുത്തിയ മിക്ക നിരൂപകരും അഭിപ്രായപ്പെടുന്നത് കമല ഹാരിസ് വിജയിച്ചുവെന്നാണ്. മിക്ക യു.എസ് മാധ്യമസർവേകളിലും നിഴലിക്കുന്നതും അതുതന്നെ. വ്യക്തമായ ആശയ മുന്നൊരുക്കങ്ങളോടെ വന്ന കമലയുടെ പ്രകടനം പലതലങ്ങളിലും ട്രംപിനെ മലർത്തിയടിച്ച മട്ടിലായിരുന്നു എന്നാണ് ഭൂരിഭാഗം യു.എസ് മാധ്യമങ്ങളുടെയും - പൊതുവെ ട്രംപനുകൂലമായ ഫോക്സ് ന്യൂസ് അടക്കം - നിരീക്ഷണങ്ങൾ. അസത്യ പ്രസ്താവനകൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള പല ശ്രമങ്ങളും ട്രംപ് നടത്തി. ഗർഭഛിദ്രം എതിർക്കുന്ന ട്രംപ് തന്റെ എതിരാളി അതിനെ അനുകൂലിക്കുന്നു എന്നും ജനിച്ചു കഴിഞ്ഞാലും ശിശുവിനെ വധിക്കാമെന്നവർ പറഞ്ഞെന്നും ആരോപിച്ചു. എന്നാൽ, നവജാത ശിശുവിനെ കൊല്ലുന്നത് എവിടെയും ശിക്ഷാർഹമായ നരഹത്യയാണ് എന്നതൊന്നും ട്രംപ് കാര്യമാക്കിയില്ല. അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് അവർ പോറ്റുമൃഗങ്ങളെപ്പോലും അറുത്തുതിന്നും എന്ന ട്രംപിന്റെ നുണയാണ് മറ്റൊരു ഉദാഹരണം. രണ്ടുവീതം മിനിറ്റുകളായി ഊഴമനുസരിച്ച് സംസാരിച്ച ട്രംപ് മിക്കവാറും ചെലവിട്ടത് രോഷം പ്രകടിപ്പിക്കാനും എതിരാളിയെ കുറ്റം പറയാനുമായിരുന്നു. നാല് വർഷം നാട് ഭരിച്ച ട്രംപിനെ ഏതാണ്ട് അക്കാലത്ത് കണ്ട അതേ വിചിത്ര ഭാവങ്ങളിൽ തന്നെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്.
സാമ്പത്തിക-സൈനിക മേഖലകളിലെ വൻശക്തി എന്നനിലയിൽ അമേരിക്കക്ക് പുറത്തും കമലയോ ട്രംപോ മെച്ചം എന്നതു നിർണായകമാണ്. ഇസ്രായേൽ രാഷ്ട്രത്തെ ഇല്ലാതാക്കാനാണ് കമലയുടെ ഉദ്ദേശ്യമെന്ന ട്രംപിന്റെ വാദത്തിന് ‘ഇസ്രായേലിന്റെ സുരക്ഷ തന്റെ പ്രധാന പരിഗണനയാണ്’ എന്ന പതിവു മറുപടിയായിരുന്നു പ്രതികരണം. അക്കാര്യത്തിൽ രണ്ടു സ്ഥാനാർഥികളും തമ്മിൽ വ്യത്യാസമൊന്നും കാണാനാവില്ല. ഫലസ്തീൻ പ്രശ്നത്തിനുള്ള പരിഹാരം ദ്വിരാഷ്ട്ര ഫോർമുലയാണെന്ന് കമല തെളിച്ചു പറയുന്നുണ്ട് എന്നതാണ് ഏക മാറ്റം. കൂടെ ഇപ്പോഴത്തെ ഗസ്സ യുദ്ധത്തിൽ ഫലസ്തീനികൾ അനുഭവിക്കുന്ന കെടുതികളെക്കുറിച്ചു അവർ പരിതപിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ലൈംഗിക കുറ്റങ്ങൾ ഉൾപ്പെടെ നിയമവിരുദ്ധമായി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നടത്തിയ നടപടികൾക്കും 2020 ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് കലാപം തൊടുത്തുവിട്ടതിനും എതിർസ്ഥാനാർഥി ശിക്ഷിക്കപ്പെട്ടത് കമല പ്രധാന ആയുധമാക്കി. ഇന്ത്യൻ-ജമൈക്കൻ വേരുകളുള്ള കറുത്ത വർഗക്കാരിയായ കമലയെ വംശീയമായി അധിക്ഷേപിച്ചും ഒരു കമ്യൂണിസ്റ്റിന്റെ മകളായ അവർ കമ്യൂണിസത്തിലേക്കായിരിക്കും അമേരിക്കയെ നയിക്കുക എന്ന് ആരോപിച്ചും ട്രംപ് വാചാലനായി.
പ്രതികൂല സാഹചര്യത്തിലാണ് കമല മുൻ പ്രസിഡന്റായ ട്രംപിനോട് മത്സരിക്കാനിറങ്ങിയത്. ബൈഡനെതിരെ ട്രംപിന് കിട്ടിയ സർവേകളിലെ പിന്തുണ, വൈസ് പ്രസിഡന്റ് എന്ന നിലയിൽ ജോ ബൈഡന്റെ പിടിപ്പുകേടുകളിലുള്ള ഉത്തരവാദിത്തം, കറുത്ത വർഗക്കാരിയായ വനിത എന്നിവയൊക്കെ കമലക്ക് അഭിമുഖീകരിക്കാനുള്ള വിഷയങ്ങളും വിവാദങ്ങളുമാണ്. അപഹാസ്യമായ മുൻ ചെയ്തികളും മൊഴികളും വംശവെറിയൻ നയങ്ങളും നടപടികളും മുതൽ കുറ്റക്കാരനായി വിധിക്കപ്പെട്ടതുവരെയുള്ള വിഷയങ്ങളാണ് കമലക്ക് തിരിച്ചടിക്കാനുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചിലർ തന്നെ ട്രംപിന്റെ പ്രകടനത്തിൽ അത്ര മതിപ്പ് പ്രകടിപ്പിച്ചിട്ടില്ല എന്നത് മുൻ പ്രസിഡന്റിന്റെ പാത എളുപ്പമല്ലെന്നാണ് തെളിയിക്കുന്നത്. തെരഞ്ഞെടുപ്പിന് ഇനിയും രണ്ടു മാസമുണ്ട്. അതിനാൽ കടുത്ത പോരാട്ടത്തിൽ അദൃശ്യ ഘടകങ്ങൾക്ക് ഇനിയുമിടമുണ്ട് എന്നതും സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.