Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇനിയും പറയണോ ആരോഗ്യ...

ഇനിയും പറയണോ ആരോഗ്യ കേരളം സൂപ്പറാണെന്ന്?

text_fields
bookmark_border
ഇനിയും പറയണോ ആരോഗ്യ കേരളം സൂപ്പറാണെന്ന്?
cancel

‘‘ഡോക്ടറുടെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി.....ഒരു അതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും’’- കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ അടിയന്തരമായി സംബോധന ചെയ്യപ്പെടേണ്ട നിർണായകമായ ചില പ്രശ്നങ്ങൾ ജനപക്ഷ ആരോഗ്യ പ്രവർത്തകരിലൊരാൾ ചൂണ്ടിക്കാണിക്കുകയും മാധ്യമങ്ങൾ അത് ചർച്ചയാക്കുകയും ചെയ്തതിനെക്കുറിച്ച് കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്.

മന്ത്രിസഭയിലും പാർട്ടിയിലുമുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകർ നടത്തിയ പ്രതികരണങ്ങളാവട്ടെ, എടുത്തെഴുതാൻപോലും കൊള്ളാത്ത നിലവാരമില്ലാത്ത ദുസ്സൂചനകളായിരുന്നു. വിസിൽ ബ്ലോവിങ് നടത്തിയ ഡോക്ടർക്കും മാധ്യമങ്ങൾക്കും നേരെ നേതാക്കളുടെ പ്രസ്താവനകളുടെ ചുവടുപിടിച്ച് അധിക്ഷേപങ്ങൾ അഴിച്ചുവിട്ട പാർട്ടിയുടെ സൈബർ ചാവേറുകൾ കേരളത്തിന്റെ ആരോഗ്യരംഗം കൈവരിച്ച പുരോഗതിയെക്കുറിച്ച് അവകാശവാദങ്ങൾ കെട്ടിപ്പൊക്കുന്നതിനിടയിലാണ് കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലെ ഒരു കെട്ടിടം ഇടിഞ്ഞുവീണിരിക്കുന്നത്. തകർന്നുവീണ കെട്ടിടത്തിനുള്ളിൽപ്പെട്ട് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നു; ട്രോമാ കെയറിൽ ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നപ്പോഴാണ് ഈ ദുരന്തം. ശസ്ത്രക്രിയ കഴിഞ്ഞ മുത്തശ്ശിയുടെ ബൈ സ്റ്റാൻഡറായിരുന്ന 11 വയസ്സുകാരിക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

ഉപയോഗശൂന്യമായ, അടച്ചിട്ടിരിക്കുന്ന പഴയ കെട്ടിടമാണ് തകർന്നുവീണതെന്നാണ് സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ അന്നാട്ടിലെ ജനപ്രതിനിധി കൂടിയായ മന്ത്രി വാസവനും ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചിരുന്നത്. മന്ത്രി പരിവാരങ്ങളുടെ സന്ദർശന ശേഷം വൈകി നടന്ന തിരച്ചിലിലാണ് ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് ബിന്ദുവിന്റെ ഉയിരറ്റ ദേഹം കണ്ടെത്തിയത്. ആ മൂന്നു നിലക്കെട്ടിടത്തിൽ വാർഡുണ്ടായിരുന്നു, ശുചിമുറികളുണ്ടായിരുന്നു, നൂറുകണക്കിന് രോഗികളുമുണ്ടായിരുന്നു. വൻ ദുരന്തം ഒഴിവായത് ദൈവാധീനം കൊണ്ട് മാത്രം.

കൃത്യം രണ്ടു മാസം മുമ്പാണ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ തീപിടിത്തമുണ്ടായത്. നാളിതുവരെയും അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിക്കാനായിട്ടില്ല. അടിക്കടി തീപിടിത്തം ഉണ്ടാവുന്നതിന്റെ കാരണവും കണ്ടെത്തിയിട്ടില്ല. പുതുതായി ഉയരുന്ന സർക്കാർ ആശുപത്രിക്കെട്ടിടങ്ങളുടെ ഗാംഭീര്യം വർണിച്ചുകൊണ്ടുള്ള റീലുകളും സമൂഹമാധ്യമ പോസ്റ്റുകളും മന്ത്രിമാരും എം.എൽ.എമാരും എമ്പാടും പങ്കുവെക്കുന്നത് കാണാനുണ്ട്. പക്ഷേ, ചോർന്നൊലിക്കുന്ന, ഏതു സമയവും ഇടിഞ്ഞുവീഴാൻ നിൽക്കുന്ന മെഡിക്കൽ കോളജ് കെട്ടിടങ്ങളും പൊട്ടിപ്പൊളിഞ്ഞ പൈപ്പുകളും പഴകിയ വയറിങ്ങുകളും, നിറഞ്ഞ് പുറത്തേക്കൊഴുകുന്ന മാലിന്യ ടാങ്കുകളും, അതിനരികിൽ ചികിത്സതേടി കാത്തുനിൽക്കുന്ന നൂറുകണക്കിന് രോഗികളും ഇവരുടെ കണ്ണിൽപ്പെടാത്തത് എന്തുകൊണ്ടാണ്?

ഡോക്ടർമാരും മരുന്നും ഉപകരണങ്ങളും ഇല്ലാത്തത് മാത്രമല്ല, നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ചികിത്സ തേടിയെത്തുന്ന മനുഷ്യരുടെ ജീവന് ഭരണകൂടം തെല്ലും വിലകൽപിക്കുന്നില്ല എന്നതാണ് കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൊതുജനാരോഗ്യ മേഖലയിലെ നിർണായകസാന്നിധ്യമായ ആശാ തൊഴിലാളികളുടെ ന്യായമായ ആവശ്യത്തിനുനേരെ ഗോഷ്ടി കാണിക്കുന്നതിലും നിഴലിക്കുന്നത് അതേ നിസ്സാരതയാണ്.

പ്രഫഷനൽ സൂയിസൈഡ് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച തുറന്നുപറച്ചിൽ നടത്താൻ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് തയാറായതിന്റെ ഫലമായി ദിവസങ്ങൾക്കകം ആവശ്യാനുസരണമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ അവിടെ എത്തിച്ചേർന്നിരിക്കുന്നു. സമാന സാഹചര്യം ഇനിയുമുണ്ടായാൽ ഇതുപോലൊരു റിസ്കെടുക്കാൻ, സഹജീവികളോടുള്ള അനുതാപത്തിന്റെ പേരിൽ ചീത്തവിളി കേൾക്കാൻ അദ്ദേഹമോ മറ്റേതെങ്കിലും സർക്കാർ ഡോക്ടർമാരോ തയാറായേക്കുമോ? ഒരുറപ്പുമില്ല. ഡോക്ടർമാർ തുറന്നുപറയുകയും മാധ്യമങ്ങൾ വിളിച്ചുപറയുകയും ചെയ്യുമ്പോൾ മാത്രം കാര്യക്ഷമമാക്കേണ്ട ഒന്നല്ല ഒരു ക്ഷേമരാഷ്ട്രത്തിന്റെ ആരോഗ്യ മേഖല. ആരോഗ്യപൂർണമായ ജീവിതം ഓരോ മനുഷ്യരുടെയും മൗലികാവകാശമാണ്.

മന്ത്രിമാർക്കും നേതാക്കൾക്കും ധനാഢ്യർക്കും അസുഖം വന്നാൽ,അമേരിക്കയിലോ യൂറോപ്പിലോ പോയി ചികിത്സതേടാം. അതുമല്ലെങ്കിൽ അവർക്കായി നാടൊട്ടുക്ക് സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളുമുയർന്ന് നിൽപ്പുണ്ട്. എന്നാൽ, സാധാരണയിൽ സാധാരണക്കാരും, ജീവിതപ്രാരബ്ധക്കാരുമായ ജനങ്ങളുടെ അവസ്ഥ അതല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള പൊതുജനാരോഗ്യ പരിരക്ഷാ സംവിധാനങ്ങളാണ് അവരുടെ അത്താണി. മുഖ്യമന്ത്രി പറഞ്ഞതു പോലെ ‘ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖല’യാക്കി ഒരു കാലത്ത് കേരളത്തെ നിലനിർത്തിയ ആശുപത്രികളെ സമീപിച്ച് ജീവൻ സംരക്ഷിച്ച് ജീവിതം തളിർപ്പിക്കാമെന്ന പ്രതീക്ഷയുമായാണ് അവർ ആ പടികൾ കയറിവരുന്നത്. രോഗങ്ങളോട് പൊരുതി ജീവൻ വേർപെട്ട് പോകുന്നത് സ്വാഭാവികമാണ്. എന്നാൽ, അനാസ്ഥയും അവജ്ഞയും മൂലമുള്ള മരണങ്ങളെ, ഒരർഥത്തിൽ കൊലപാതകങ്ങളെ ആ ഗണത്തിൽ കാണാനാവില്ല. അപേക്ഷയാണ്, നമ്മുടെ ആശുപത്രികളെ പാവങ്ങളുടെ മരണവാർഡുകളാക്കി മാറ്റരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialVeena GeorgeKerala health sector
News Summary - Madhyamam Editorial: We need to say more that Kerala's health is super?
Next Story