വെടിനിർത്തലിൽ അടങ്ങുമോ സയണിസ്റ്റ് വംശീയക്കലി?
text_fieldsഫലസ്തീനിലെ ഗസ്സ എന്ന ചെറു മുനമ്പിൽ 15 കുട്ടികളും നാലു സ്ത്രീകളുമടക്കം 41 പേരെയാണ് ഇസ്രായേൽ സേന കൊന്നുകൂട്ടിയത്. 311 പേരെ മാരകമായി പരിക്കേൽപിച്ചു. സാധാരണയായി ഫലസ്തീനിലെ സായുധ ചെറുത്തുനിൽപ്പ് വിഭാഗങ്ങളിൽ നിന്നുള്ള പ്രകോപനങ്ങളുടെ പ്രതികരണമെന്ന ന്യായമാണ് ഇത്തരം ഹീനമായ ആക്രമണങ്ങൾക്ക് ഇസ്രായേൽ നിരത്താറുള്ള ന്യായം. എന്നാൽ ഇത്തവണ അത്തരത്തിൽ ഒന്നും സയണിസ്റ്റ് ഭീകരതയുടെ നിമിത്തമായി അവർ തന്നെ ചൂണ്ടിക്കാണിച്ചിട്ടില്ല.
ആഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന സായുധവിഭാഗത്തിന്‍റെ നേതാവ് ബസ്സാം സഅദിയെ ഇസ്രായേലി സൈനികർ പിടികൂടിയിരുന്നു. മുമ്പും ഏഴു തവണ ബസ്സാമിനെ അറസ്റ്റ് ചെയ്തിരുന്നതുകൊണ്ട് പതിവുവേലയിലപ്പുറം ആരും അതത്ര ഗൗനിച്ചിരുന്നില്ല. ഇസ്ലാമിക് ജിഹാദിന്‍റെ സ്വാധീനമേഖലയായ വെസ്റ്റ് ബാങ്കിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായില്ല. സഅദിയെ ശാരീരികമായി പീഡിപ്പിക്കരുതെന്ന മുന്നറിയിപ്പിൽ പ്രതികരണമൊതുക്കുകയായിരുന്നു സംഘടന. അതേ സമയം ഇസ്രായേലാകട്ടെ, അറസ്റ്റിനു പിറകെ ഗസ്സയിലേക്കുള്ള അതിർത്തിയിലെ പോക്കുവരവുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അപ്പോഴും ഇസ്ലാമിക് ജിഹാദോ മറ്റു സായുധവിഭാഗങ്ങളോ ഒന്നും ഒരു മിസൈലും ഇസ്രായേലിലേക്ക് തൊടുത്തില്ല. അങ്ങനെ നീങ്ങുന്നതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉപരോധത്തിലുള്ള ഗസ്സ മുനമ്പിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്രായേൽ ബോംബുകൾ വർഷിക്കുന്നത്. ഗസ്സ പട്ടണത്തിലെ റസിഡൻഷ്യൽ കെട്ടിടമാണ് പ്രധാനമായും അവർ ഉന്നമിട്ടത്. അതിൽ അൽഖുദ്സ് ബ്രിഗേഡിന്‍റെ വടക്കൻ മേഖല കമാൻഡർ തയ്സീർ അൽ ജബരി കൊല്ലപ്പെട്ടു. ഒരു അഞ്ചു വയസ്സുള്ള ബാലികയും 23കാരി സ്ത്രീയും ഏഴു പുരുഷന്മാരും വേറെയും. അത്രയൊന്നും അറിയപ്പെടാത്ത ജബരിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നു കരുതാനും ന്യായമില്ല. ശനിയാഴ്ച രാവിലെ ഇസ്രായേലി ടെലിവിഷനിൽ പ്രഖ്യാപനത്തിനെത്തിയ സൈനികവക്താവ് ജബരിയുടെ പേര് പോലും പറയാനാവാതെ വിഷമിച്ചു. ഇസ്ലാമിക് ജിഹാദ് മോർട്ടാറുകളും മിസൈലുകളുമായി പ്രത്യാക്രമണത്തിന് മുതിർന്നപ്പോൾ ഇസ്രായേൽ ഗസ്സക്കുമേലുള്ള ആക്രമണം കനപ്പിച്ചു. ഗസ്സയുടെ അധികാരികളായ ഹമാസ് ഇത്തവണ പരസ്യമായി രംഗത്തുവന്നിരുന്നില്ല എന്നുമോർക്കണം. എന്നാൽ ദുരിതം മുഴുവൻ ഗസ്സയുടെ മേൽ ചൊരിയുകയായിരുന്നു ഇസ്രായേൽ. ഒരാഴ്ച കാമ്പയിൻ നീളും എന്നവർ മുന്നറിയിപ്പ് നൽകി. തുടർന്ന് ഈജിപ്ത് മാധ്യസ്ഥ്യത്തിന് മുന്നിട്ടിറങ്ങുകയും ഞായറാഴ്ച രാത്രി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഉപരോധത്തിൽ വരിഞ്ഞുമുറുക്കിയ ഗസ്സയെ ഇസ്രായേൽ കൂടെക്കൂടെ മരണമുനമ്പാക്കി മാറ്റുന്നതെന്തിന് എന്ന ചോദ്യത്തിനുത്തരം അവർക്കേ അറിയൂ. ഇസ്രായേൽ എന്ന പോക്കിരിരാജ്യത്തിന് ലോകശ്രദ്ധ നേടണമെങ്കിൽ, അന്താരാഷ്ട്രതലത്തിൽ അവരെ അപ്രസക്തമാക്കി വൻശക്തികൾ നീങ്ങുന്നു എന്നു കണ്ടാൽ, നാട്ടിലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ, ആഭ്യന്തരവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ...ഒക്കെ ഗസ്സയിലെ പിഞ്ചുമക്കളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൂട്ടക്കൊല ചെയ്യുകയെന്നതാണ് ഇസ്രായേലിന്‍റെ പതിവ്. ഇപ്പോൾ താൽക്കാലിക പ്രധാനമന്ത്രി പദത്തിലുള്ള യാർ ലാപിഡിന് നവംബർ ഒന്നിനു വരുന്ന തെരഞ്ഞെടുപ്പിൽ സ്വന്തം കസേര ഉറപ്പിക്കാൻ ഫലസ്തീനികളുടെ ചോര വേണം. നിലവിൽ ഇസ്രായേലിലെ ഫലസ്തീനികളുടെ കൂട്ടായ്മയായ മൻസൂർ അബ്ബാസിന്‍റെ യുനൈറ്റഡ് അറബ് ലിസ്റ്റുമായി ചേർന്നാണ് ലാപിഡിന്‍റെ ഭരണം. ഇസ്രായേലിലെ അറബ് സംഘടനയായ ഇസ്ലാമിക് മൂവ്മെന്റിന്റെ പിന്തുണയുള്ള യു.എ.എല്ലുമായി ഭരണം പങ്കിടുന്ന ലാപിഡ് രാജ്യത്തെ മുസ്ലിം ബ്രദർഹുഡിനും ഭീകരതയുടെ പിന്തുണക്കാർക്കും വിറ്റുകളഞ്ഞിരിക്കുന്നുവെന്നാണ് എതിരാളികളുടെ ആരോപണം. അതിനു മറുപടിയായി ഗസ്സക്കാരെ കൂട്ടക്കൊല ചെയ്ത് തീവ്ര വംശീയവാദികൾക്ക് മുന്നിൽ നല്ലപിള്ള ചമയാമെന്ന ലാപിഡിന്‍റെ വ്യാമോഹവും ആക്രമണത്തിനുപിന്നിൽ കാണുന്നവരുണ്ട്.
ഈയിടെ അമേരിക്ക, ഇറാൻ, യൂറോപ്യൻ യൂനിയൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ആണവ നിർവ്യാപന കരാറിൽ യോജിച്ചു നീങ്ങുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഇസ്രായേലിനെ പ്രകോപിപ്പിക്കുന്നു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പശ്ചിമേഷ്യ സന്ദർശനത്തിൽ നിന്ന് ഒരു ഇറാൻ വിരുദ്ധസഖ്യം രൂപപ്പെടുമെന്നായിരുന്നു തെൽ അവീവിന്‍റെ സ്വപ്നം. അതുണ്ടായില്ല. ഇറാനുമായി ഏറ്റുമുട്ടലിനില്ല എന്ന തരത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ ഏറ്റവും ഒടുവിലത്തെ നീക്കങ്ങൾ. നേരത്തേ ട്രംപ് പിൻവലിഞ്ഞ കരാറിലേക്ക് വീണ്ടും എത്തുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതോടെ ശക്തിയാർജിക്കുന്ന ഇറാന്‍റെ സഹായത്തിൽ തങ്ങളുടെ പ്രതിയോഗികൾക്ക് കരുത്തുവർധിക്കും എന്ന ആശങ്ക ഇസ്രായേലിനുണ്ട്. അതിനാൽ ഇസ്ലാമിക് ജിഹാദിനെ ഇസ്രായേൽ ആക്രമണത്തിന് പ്രകോപിപ്പിക്കുകയും അവർ അതിനു മുതിർന്നാൽ ഭീകരതയുടെ പ്രായോജകരായി ചാപ്പയടിച്ച് ഇറാനെ നേരിടുകയുമാവാം എന്നും സയണിസ്റ്റ് ലോബിക്കുണ്ട്.
ഇങ്ങനെ ആഭ്യന്തരവും ബാഹ്യവുമായ ഏതു പ്രശ്നവും തീർക്കാനുള്ള ഇസ്രായേലിന്‍റെ കരുവാക്കി മാറ്റിയിരിക്കുകയാണ് ഗസ്സ മുനമ്പിനെ. നിരപരാധികളായ ഗസ്സക്കാരുടെ ചോര കുടിച്ചുവേണം സയണിസ്റ്റ് രാഷ്ട്രത്തിന് മേഖലയിലെ അധിപതിയായി വീർത്തുചീർക്കാൻ. അതിനു കിട്ടുന്ന ഒരവസരവും അവർ പാഴാക്കുന്നില്ല. ജൂതരാഷ്ട്രത്തിന് മുന്നിൽ വലിയ സ്വപ്നങ്ങളൊന്നും ബാക്കിയിരിപ്പില്ല. ഫലസ്തീൻ പ്രതിരോധത്തെ നശിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, 1948 ലെന്ന പോലെ ഫലസ്തീനികളെ ഒന്നായി മേഖലയിൽനിന്ന് പുറന്തള്ളുക തുടങ്ങിയ പരിപാടികളൊന്നും ഇനി ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. എങ്കിലോ, അകത്തു നുരയുന്ന വംശീയവെറിക്കു പതം വരുത്താൻ അവർക്കു കഴിയുന്നുമില്ല. ആ കലിപ്പുതീർക്കാൻ കണ്ടെത്തുന്ന വഴികളാണ് ഇത്തരം ആക്രമണങ്ങൾ. അന്താരാഷ്ട്ര സമൂഹത്തിലോ, ഇസ്രായേലിനകത്തോ, പശ്ചിമേഷ്യയിലോ ഒന്നും അവർക്ക് ആരോടും കണക്കു ബോധിപ്പിക്കാനില്ലെന്നിരിക്കെ, സയണിസ്റ്റ് വംശീയതയുടെ ക്രൂരകൃത്യങ്ങൾ ഏതോ കരാറിൽ അവസാനിക്കണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.