എഫ്.ഐ.ആറിലെ യോഗിസ്തുതിയും മാധ്യമ സ്വാതന്ത്ര്യവും
text_fields‘‘ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് മഹാരാജ് ജി ദൈവത്തിന്‍റെ അവതാരം പോലെയാണ്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ ഒരാളും ജനസമ്മതിയുടെ കാര്യത്തിൽ മഹാരാജ് ജിയുടെ അടുത്തെത്തില്ല. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ മറ്റു മുഖ്യമന്ത്രിമാരെക്കാൾ ഏറ്റവും കൂടുതൽ അനുധാവകരുള്ളത് മഹാരാജ് ജിക്കാണ്. അദ്ദേഹം മുഖ്യമന്ത്രിയായതു മുതൽ ഉത്തർപ്രദേശ് ഇന്ത്യയിൽ ക്രമസമാധാനത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തി. ഉത്തർപ്രദേശ് പല രംഗത്തും ദേശീയ നിലവാരത്തിലെത്തിയത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. ലൗകിക ജീവിതം ത്യജിച്ചതിനാൽ, അദ്ദേഹം ഒരു ജാതിയിലും പെടുന്നില്ല, ഒരു സന്യാസിയാണ്’’-ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഏതെങ്കിലും പരിപാടിയിലെ സ്വാഗതപ്രസംഗത്തിലെ പരാമർശമല്ലിത്. ഏതെങ്കിലും ജീവചരിത്രപുസ്തകത്തിന്‍റെ ആമുഖവുമല്ല. മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ ‘എക്‌സി’ൽ എഴുതിയ വിമർശനത്തിനെതിരെ യു.പി പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിലെ വാചകങ്ങളാണിവ. ഉപാധ്യായ സുപ്രീംകോടതിയിൽ അതിനെതിരെ ഹരജി സമർപ്പിക്കുകയും തദടിസ്ഥാനത്തിൽ കോടതി ഒക്ടോബർ നാലിന് വെള്ളിയാഴ്ച ലേഖകനെതിരെ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നത് തൽക്കാലം തടയുകയും ചെയ്തു. പ്രസ്തുത വാർത്തകളിലാണ് അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തി ഉദ്ധരിച്ച ഈ ഭാഗവും പൊതുജന ശ്രദ്ധയിൽ വരുന്നത്. യു.പി ഭരണത്തിൽ ചില പ്രത്യേക ജാതിയിലുള്ളവർക്ക് പ്രധാന ഭരണ തസ്തികകൾ നീക്കിവെക്കുന്നതിനെക്കുറിച്ച് അഭിഷേക് ഉപാധ്യായ, മമത ത്രിപാഠി എന്നീ മാധ്യമപ്രവർത്തകർ ‘എക്‌സി’ൽ എഴുതിയ കുറിപ്പുകളാണ് കുറ്റകരമെന്ന് വ്യാഖ്യാനിച്ച് പൊലീസ് കേസെടുത്തത്. സ്വതന്ത്ര മാധ്യമപ്രവർത്തകൻ എന്നവകാശപ്പെട്ട പങ്കജ് കുമാർ എന്നൊരാൾ ലഖ്‌നോവിലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. ‘സർവസംഗ പരിത്യാഗിയായ സന്യാസി’ യോഗിയെ വിമർശിച്ചവർക്കെതിരെ കേസെടുക്കാൻ അവർക്ക് അധികം ആലോചിക്കാനില്ല. അതിന് ചാർത്തിയ കുറ്റങ്ങൾ ഭാരതീയ ന്യായ സംഹിതയിലെ ശിക്ഷാർഹമായ വെറുപ്പ് ഭാഷണം, ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ, മതവികാരം വ്രണപ്പെടുത്തൽ, മാനഹാനി എന്നിവയാണ്. ഒപ്പം ഐ.ടി ആക്ടിലെ വിവാദമായ 66-ാം വകുപ്പും.
മാധ്യമ-ആവിഷ്കാര സ്വാതന്ത്ര്യ വിഷയങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഈയിടെയായി നീതിപീഠം ആവർത്തിച്ച് വിധികൾ പുറപ്പെടുവിക്കുന്നു, മുന്നറിയിപ്പുകളും നൽകുന്നു. ഈ കേസിലും ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പൊലീസ് നടപടികൾ നിർത്തിവെപ്പിച്ചു. ഭരണഘടനയുടെ 19 (1) എ വകുപ്പ് മാധ്യമപ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്നുവെന്നും എഴുതുന്ന കാര്യങ്ങൾ ഭരണകൂടത്തെ വിമർശിക്കുന്നതാണെന്ന ഒറ്റക്കാരണത്താൽ അവരുടെ മേൽ ക്രിമിനൽ കുറ്റങ്ങൾ ചാർത്തിക്കൂടാ എന്നും നിരീക്ഷിച്ച കോടതി വിമർശനങ്ങൾ ജനാധിപത്യത്തിലെ ഒരവകാശമാണെന്നും അഭിപ്രായപ്പെട്ടു.
വിമർശനങ്ങളെയും വിമർശകരെയും ഇല്ലായ്മ ചെയ്യാൻ പ്രതിജ്ഞാബദ്ധമായ സമഗ്രാധിപത്യ സ്റ്റേറ്റിന്‍റെ ഹാവഭാവങ്ങൾ പേറുന്ന സംഘ്പരിവാർ ഭരണകൂടങ്ങൾ ഒന്നിനു പിറകെ, മറ്റൊന്നായി നടത്തുന്ന പൗരസ്വാതന്ത്ര്യ ധ്വംസനത്തിന്‍റെ വാർത്തകൾ പുതുമയല്ല. നടപടികൾക്ക് ബലമേകാൻ തക്ക നിയമനിർമാണത്തിനും അവർ ശ്രമങ്ങൾ നടത്തുന്നു. ആ പരമ്പരയിൽ ഐ.ടി ആക്ടിൽ ചേർത്ത വസ്തുത പരിശോധന യൂനിറ്റ് രൂപവത്കരണം ബോംബെ ഹൈകോടതി റദ്ദാക്കിയതിനെക്കുറിച്ച് രണ്ടാഴ്ച മുമ്പ് ഞങ്ങൾ എഴുതിയിരുന്നു. ഭരണകൂടത്തിന് അരോചകമായ ഉള്ളടക്കങ്ങൾ വെളിച്ചം കാണുന്നത് തടയാൻ കടുത്ത നടപടികൾക്ക് ഭരണകൂടങ്ങൾ മുതിരുകയും ചെയ്യുന്നു. കോടതികളിൽ അത്തരം നടപടികൾ പരാജയപ്പെടുമെന്നുറപ്പായാൽ പിന്നെ, കഠിനമായ കരുതൽ തടങ്കലിന് ശിക്ഷിച്ച് മാധ്യമപ്രവർത്തകരെയും വിമർശകരെയും പാഠം പഠിപ്പിക്കാനാവും ഭരണകൂടത്തിന്‍റെ ശ്രമങ്ങൾ.
പരാമൃഷ്ട എഫ്.ഐ.ആറിൽ പറഞ്ഞ കുറ്റങ്ങളിൽ ക്രിമിനൽ മനഃസ്ഥിതിയോടെ മഹാരാജ് ജി (മുഖ്യമന്ത്രി) യുടെ പ്രതിച്ഛായ താറടിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായി എന്നതുവരെയുണ്ട്. ഇന്നും ഇത്തരം നിയമപാലകരും ഉദ്യോഗസ്ഥവൃന്ദവും ജനാധിപത്യസംവിധാനങ്ങളുടെ നടപടികളിൽ നിന്ന് അകലെയാണ്. പുതിയ നിയമങ്ങൾ കൊണ്ടുവരുമ്പോൾ ബി.ജെ.പി അവകാശപ്പെടാറുള്ളത് കൊളോണിയൽ നിയമങ്ങൾക്കുപകരം ഭാരതീയ നിയമങ്ങൾ നിർമിക്കുന്നുവെന്നാണ്. എന്നാൽ, പുതിയ നിയമങ്ങൾ പലതിലും ബ്രിട്ടീഷ് നിയമത്തിലെ സ്വാതന്ത്ര്യനിഷേധങ്ങൾ അതേ പടിയോ അതിനെക്കാൾ കർശനമായോ നിലനിൽക്കുന്നു. മാത്രമല്ല, കൊളോണിയൽ യജമാനന്മാരെ തൂത്തെറിഞ്ഞ് സ്വാതന്ത്ര്യവും അധികാരവും ഇന്ത്യ സ്വന്തമാക്കിയ ശേഷവും ജനം പുതിയ മഹാരാജുമാരുടെ ആധിപത്യത്തിന് വഴങ്ങണമെന്ന പുതിയ കീഴ്വഴക്കമാണ് സ്തുതിപാഠകരായ നിയമപാലകരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം ഉണ്ടാക്കിയെടുക്കുന്നത്. ഈ ദുർഗതി തടയാൻ തെരഞ്ഞെടുപ്പുകൾ മാത്രം മതിയാവില്ലെന്നും ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ നീതിപീഠത്തിന്‍റെ ഇടപെടലും അനിവാര്യമായിത്തീരുമെന്ന വലിയ പാഠം ഒരിക്കൽ കൂടി നൽകിയിരിക്കുകയാണ് സുപ്രീംകോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.