Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസാകിർ നായികിനെതിരായ...

സാകിർ നായികിനെതിരായ നീക്കം

text_fields
bookmark_border
സാകിർ നായികിനെതിരായ നീക്കം
cancel


അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറാണ് 2001ൽ, സ്​റ്റുഡൻറ്സ്​ ഇസ്​ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ (സിമി) എന്ന മുസ്​ലിം വിദ്യാർഥി പ്രസ്​ഥാനത്തെ നിരോധിക്കുന്നത്. അന്നു മുതൽ, സിമി വേട്ടയുടെയും തീവ്രവാദ വിരുദ്ധ പോരാട്ടത്തിെൻറയും പേരിൽ രാജ്യത്ത് നടന്ന ചോരമണക്കുന്ന നിരവധി സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഭരണകൂടത്തിെൻറയും പൊലീസ്​–ഇൻറലിജൻസ്​ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ അതിക്രൂരമായ മുസ്​ലിം വേട്ടയുടെ മഹാചക്രവ്യൂഹം തന്നെ രാജ്യമാസകലം സൃഷ്ടിക്കപ്പെടുകയായിരുന്നു.

മൂന്നാഴ്ച മുമ്പ് ഏറ്റുമുട്ടൽ കൊലയെന്ന പേരിൽ ഭോപാലിൽ നടന്ന കൂട്ടക്കൊല 2001ലെ ആ തീരുമാനത്തെ തുടർന്ന് നടപ്പാക്കപ്പെട്ടു പോന്ന കാര്യങ്ങളിലെ ഒടുവിലത്തെ സംഭവം മാത്രം. വാജ്പേയി യുഗത്തിൽ സിമിയെ മുൻനിർത്തിയാണ് ആ പദ്ധതി രൂപപ്പെട്ടതെങ്കിൽ മോദിയിലെത്തുമ്പോൾ അത് ഡോ. സാകിർ നായികിനെ മുൻനിർത്തിയാണ് മുന്നേറുന്നത്. നോട്ട് നിരോധം സൃഷ്ടിച്ച അസാധാരണമായ സാഹചര്യത്തിൽ ജനങ്ങൾ മുഴുവൻ അതുമായി ബന്ധപ്പെട്ട ആധിയിലും അങ്കലാപ്പിലും കഴിയുന്ന സമയത്താണ് സാകിർ നായിക് അധ്യക്ഷനായ ഇസ്​ലാമിക് റിസർച് ഫൗണ്ടേഷനെ (ഐ.ആർ.എഫ്) നിരോധിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) ഉപയോഗിച്ചാണ് ഐ.ആർ.എഫിനെ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇസ്​ലാമിക വിശ്വാസത്തിെൻറ പ്രചാരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന, രജിസ്​റ്റർ ചെയ്യപ്പെട്ട സർക്കാരേതര സംഘടന (എൻ.ജി.ഒ) ആണ് ഐ.ആർ.എഫ്. മുസ്​ലിം ലോകത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന കിംഗ് ഫൈസൽ അവാർഡ് ജേതാവാണ് സാകിർ നായിക്. ലോകമാസകലം കോടിക്കണക്കിന് പ്രേക്ഷകർ അദ്ദേഹത്തിെൻറ പ്രഭാഷണങ്ങൾക്കുണ്ട്. താൻ തന്നെ സ്​ഥാപിച്ച പീസ്​ ടി.വി, പ്രഭാഷണ സീഡികൾ, സാമൂഹിക മാധ്യമങ്ങൾ, യൂട്യൂബ് പോലുള്ള വിഡിയോ ഷെയറിങ് സൈറ്റുകൾ തുടങ്ങിയവയിലൂടെയാണ് സാകിർ നായിക് തെൻറ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്.

ഇസ്​ലാമിക ദർശനത്തിെൻറ അടിത്തറയായ ഏകദൈവത്വത്തെ മതമീമാംസാ ശാസ്​ത്രത്തിെൻറ സങ്കേതങ്ങൾ ഉപയോഗിച്ച് പ്രചരിപ്പിക്കുകയാണ് അദ്ദേഹം പ്രധാനമായും ചെയ്യുന്നത്. അസാധാരണമായ പ്രഭാഷണ പാടവവും വിവിധ മതഗ്രന്ഥങ്ങൾ മനഃപാഠമാക്കി അവയുടെ സൂക്ത നമ്പറുകൾ സഹിതം ഉദ്ധരിച്ച് പറയുവാനുള്ള അദ്ദേഹത്തിെൻറ ശേഷിയുമാണ് മതവിദ്യാർഥികൾക്കിടയിൽ അദ്ദേഹത്തെ പ്രശസ്​തനാക്കിയത്. രാഷ്ട്രീയമായ ഉള്ളടക്കങ്ങൾ അദ്ദേഹത്തിെൻറ പ്രഭാഷണങ്ങൾക്കോ ഐ.ആർ.എഫിെൻറ പ്രവർത്തനങ്ങളിലോ കാണാൻ കഴിയില്ല. തികച്ചും മതപ്രബോധനപരമായ തലമാണ് അവക്കുള്ളത്.

ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ഭീകരാക്രമണത്തിനു ശേഷമാണ് സാകിർ നായിക് വാർത്തകളിൽ വിവാദ നായകനായി വന്നത്. ധാക്ക സ്​ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രചോദനമായത് നായികാണ് എന്ന് ഒരു ബംഗ്ലാദേശി പത്രം റിപ്പോർട്ട് കൊടുത്തതോടെയാണ് ഇതിെൻറ തുടക്കം.  എന്നാൽ, പ്രസ്​തുത പത്രം തന്നെ ആ വാർത്ത പിന്നീട് നിഷേധിച്ചു. പക്ഷെ, ഇന്ത്യയിലെ ഭരണകൂടം അന്ന് മുതൽ നായിക് വേട്ട തുടരുകയായിരുന്നു. മഹാ ഭീകരവാദി എന്നൊരു പ്രതിച്ഛായ അദ്ദേഹത്തിന് മേൽ ചാർത്താനാണ് സർക്കാറും സർക്കാർ അനകൂല മാധ്യമങ്ങളും അന്ന് മുതൽ ശ്രമിച്ചുപോന്നത്. അതിെൻറ തുടർച്ചയായാണ് ഐ.ആർ.എഫിനെ നിരോധിക്കാനുള്ള പുതിയ തീരുമാനവും.

സാകിർ നായികിെൻറ ആശയങ്ങളുമായും ശൈലിയുമായും നമുക്ക് വിയോജിപ്പുകളുണ്ടാവാം. അതേസമയം, വിദ്വേഷ പ്രസംഗത്തിനോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ അദ്ദേഹത്തിെൻറ പേരിൽ എന്തെങ്കിലും നിയമനടപടികൾ ഈ വിവാദങ്ങൾ വരുന്നതുവരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നാടിനെ കുട്ടിച്ചോറാക്കാൻ പാകത്തിലുള്ള കടുത്ത വിദ്വേഷ പ്രസംഗം നടത്തിയവർ മന്ത്രിസഭയിൽ വരെ ഇരിക്കുന്ന ഒരു നാട്ടിലാണ്, മതപ്രബോധനം നടത്തുന്ന ഒരാളെ  വേട്ടയാടുന്നതും അദ്ദേഹത്തിെൻറ സംഘടനയെ നിരോധിക്കുന്നതും.

മോദി സർക്കാർ പിന്തുടരുന്ന മുസ്​ലിംവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. സിമി നിരോധനത്തെ മുൻനിർത്തി വാജ്പേയി സർക്കാറും തുടർന്നുവന്ന ഭരണകൂടങ്ങളും പൊലീസ്​, ഇൻറലിജൻസ്​ സംവിധാനങ്ങളും സ്വീകരിച്ചുവന്ന അങ്ങേയറ്റം വിവേചനപരമായ സമീപനങ്ങൾ അതേ വേഗത്തിലും ശക്തിയിലും തുടരാൻ പോവുന്നുവെന്നതിെൻറ വ്യക്തമായ സൂചനയാണിത്. മുസ്​ലിം ഗ്രൂപ്പുകൾക്കെതിരെയുള്ള നടപടികളോട് കാര്യമായ പ്രതികരണമോ പ്രതിഷേധമോ ഉണ്ടാവില്ലെന്ന് സർക്കാറിന് നന്നായറിയാം.

രാജ്യം മുഴുവൻ ചില്ലറ നോട്ടിനായി ക്യൂവിൽ നിൽക്കുന്ന സമയത്തെടുക്കുന്ന ഇത്തരമൊരു തീരുമാനം ആരും ശ്രദ്ധിക്കില്ലെന്നും അവർക്കുറപ്പുണ്ട്. പക്ഷേ, മുസ്​ലിം സമുദായത്തിന് വരാനിരിക്കുന്ന നാളുകൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച വ്യക്തമായ സൂചനയാണിത്. പക്ഷേ, ആ സൂചനകൾ മനസ്സിലാക്കാനും തത്ത്വദീക്ഷയോടെ അതിനെ അഭിമുഖീകരിക്കാനും കഴിയുന്ന നേതൃത്വം അവർക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsimisakir naik
News Summary - madhyamam editorial
Next Story