Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭൂമിയുടെ അവകാശികൾ

ഭൂമിയുടെ അവകാശികൾ

text_fields
bookmark_border
ഭൂമിയുടെ അവകാശികൾ
cancel

കാട്ടാന കർഷകനെ പിന്തുടർന്ന് വീട്ടുവളപ്പിൽവെച്ച് ചവിട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുന്നു. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർവെച്ച് വിട്ട മോഴയാണ് അജീഷിന്റെ ജീവനെടുത്തത്. മുൻകൂട്ടി അറിഞ്ഞിട്ടും അധികൃതർ മുൻകരുതലെടുത്തില്ല എന്നാരോപിച്ച് ജനങ്ങൾ ശക്തമായ പ്രക്ഷോഭം നടത്തി. വന്യജീവികൾ ജനവാസമേഖലകളിലേക്ക് കടന്നുവന്ന് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യം പൊതുശ്രദ്ധയിലെത്താൻ ഇതെല്ലാം നിമിത്തമായിരിക്കുന്നു. ആനക്ക് റേഡിയോ കോളർ പിടിപ്പിച്ചിട്ടുണ്ടെങ്കിലും അതിൽനിന്നുള്ള സിഗ്നൽ ലഭിക്കാൻ മണിക്കൂറുകളെടുക്കുന്നതിനാൽ ആനയുടെ നീക്കങ്ങൾ കൃത്യമായി അറിയാൻ കഴിയാതെപോയെന്ന് അധികൃതർ വിശദീകരിക്കുന്നു. അധികൃതരുടെ അനാസ്ഥയെപ്പറ്റി എന്നതിനേക്കാൾ, വന്യജീവികളുടെ ചലനങ്ങൾ മനസ്സിലാക്കുന്നതിലും ആവശ്യമായ ഏകോപനത്തോടെ പ്രതിരോധനീക്കങ്ങൾ നടത്തുന്നതിലും വന്നുപോയ അപര്യാപ്തതയെക്കുറിച്ചാണ് ഈ സംഭവം സൂചന നൽകുന്നത്. കർണാടകയിലെ ഹാസൻ ജില്ലയിലെ വിവിധ വനഭാഗങ്ങളിൽനിന്ന് കർണാടക വനംവകുപ്പ് അടുത്തകാലത്ത് വേറെയും നാലു കാട്ടാനകളെ കേരള അതിർത്തി വനത്തിലേക്ക് വിട്ടിട്ടുണ്ട്. ഇവയെയെല്ലാം കണ്ടെത്തി മയക്കുവെടിവെച്ച് തിരിച്ച് കാടുകടത്തി വിടുകയാണ് ഇപ്പോഴത്തെ പദ്ധതി എന്നാണ് അറിയുന്നത്. ഇതേപോലെ കേരളാതിർത്തിയോടുചേർന്ന ബന്ദിപ്പൂർ വനത്തിലേക്ക് കർണാടക വനം അധികൃതർ വിട്ടിരുന്ന തണ്ണീർക്കൊമ്പൻ ജനവാസ മേഖലയിലെത്തി ഭീതിപരത്തിയപ്പോൾ അതിനെ മയക്കുവെടിവെച്ച് കാടുകടത്തിയതും തുടർന്ന് അത് ചെരിഞ്ഞതും ഈയിടെയാണ്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടിൽ 87 കാട്ടാനകളെ ഇങ്ങോട്ട് കാടു കടത്തിയിട്ടുണ്ട് കർണാടക വനംവകുപ്പ്. അവർ അത് ചെയ്തതും നിവൃത്തികേടുകൊണ്ടാണ്. ഹാസൻ ജില്ലയിൽ കഴിഞ്ഞവർഷം മാത്രം 65 മനുഷ്യരെ കാട്ടാന കൊന്നു. അങ്ങോട്ടുമിങ്ങോട്ടും കാടുകടത്തുന്നതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്.

ഇത് മനുഷ്യരുടെ മാത്രം പ്രശ്നമല്ല. അത്രത്തോളമോ അതിനേക്കാൾ കൂടുതലോ അത് ആനകളുടെയും പ്രശ്നമാണ്. അവയും ജീവിക്കാനാവശ്യമായ സാഹചര്യം തേടിയാണ് കാടിറങ്ങുന്നത്. ആനകൾ മാത്രമല്ല ഇങ്ങനെ. കടുവകളെയും കരടികളെയുമൊക്കെ കർണാടക വകുപ്പ് പിടികൂടി കാടുകയറ്റുന്നുണ്ട്. പ്രശ്നം മൂർച്ഛിക്കുന്ന സന്ദർഭങ്ങളിൽ തൽക്കാല നടപടികൾ വേണ്ടിവരാമെങ്കിലും ഇപ്പോഴത്തെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിട്ടതുകൊണ്ടു മാത്രം സ്ഥിരം പരിഹാരമാകുന്നില്ല. വന്യജീവി സ​ങ്കേതങ്ങൾക്കും ആവാസവ്യവസ്ഥകൾക്കുമൊന്നും മനുഷ്യർ വരക്കുന്ന സംസ്ഥാന-ദേശ അതിർത്തികൾ ബാധകമല്ലെന്നിരിക്കെ പരിഹാരശ്രമങ്ങളിലും സംസ്ഥാനാന്തരവും രാജ്യാന്തരവുമായ കൂട്ടുപ്രവർത്തനങ്ങൾ അനിവാര്യമാണ്. ഒരു സംസ്ഥാനാന്തര ഏകോപന സമിതി രൂപവത്കരിക്കാനുള്ള നിർദേശം സ്വാഗതാർഹമാണ്. വന്യജീവി-മനുഷ്യ സംഘർഷങ്ങൾ ലോകമൊട്ടാകെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് താൽക്കാലിക പരിഹാരങ്ങളെപ്പറ്റി മാത്രമല്ല ചിന്തിക്കേണ്ടത്. പ്രതിസന്ധി രൂപപ്പെടുമ്പോൾ മാത്രം അപ്പപ്പോഴത്തെ പോംവഴിയെപ്പറ്റി ആലോചിക്കുന്ന രീതി മാറേണ്ടതുണ്ട്. ഇതാകട്ടെ ഭരണതലങ്ങളിൽ നയരൂപവത്കരണം തൊട്ട് ഉണ്ടാ​കേണ്ടതുമാണ്.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറും (ഡബ്ല്യു.ഡബ്ല്യു.എഫ്) യു.എൻ പരിസ്ഥിതി പ്രോഗ്രാമും ചേർന്ന് 2021ൽ തയാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞത്, വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം മൂലം 75 ശതമാനത്തോളംവരെ ചില ജീവികൾ നശിക്കുന്ന അവസ്ഥയുണ്ടെന്നാണ്. വനംമേഖലകളിൽ താമസിക്കുന്ന മനുഷ്യരും ആപത്ത് നേരിടുന്നുണ്ടെന്ന് എടുത്തുപറയേണ്ടതില്ല. 2014-15 മുതലുള്ള അഞ്ചുവർഷത്തെ കണക്കനുസരിച്ച്, ഇന്ത്യയിൽ അഞ്ഞൂറിലേറെ ആനകൾ ഈ സംഘർഷം കാരണം ചത്തുപോയെങ്കിൽ, അതേകാലം ആനയാക്രമണത്തിൽ കൊല്ലപ്പെട്ടത് 2361 മനുഷ്യരാണ്. വന്യജീവി വർഗങ്ങൾ നശിച്ചാൽ അതും മനുഷ്യരുടെ നിലിനിൽപ്പിനെ അന്തിമമായി ബാധിക്കുമെന്ന് ഓർക്കേണ്ടതുണ്ട്. ആഗോള വന്യജീവി സമ്പത്ത് 1970നുശേഷം വൻതോതിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യരുമായുള്ള ഏറ്റുമുട്ടൽ കാരണം ഏറ്റവും കൂടുതൽ വന്യജീവി നഷ്ടം സംഭവിക്കുന്ന രാജ്യം ഇന്ത്യയാണ്. ആനകൾക്ക് ഒരുകാലത്തുണ്ടായിരുന്ന വിഹാരമേഖല ഇവിടെ ചുരുങ്ങിച്ചുരുങ്ങി, ആദ്യമുണ്ടായിരുന്നതിന്റെ മൂന്നോ നാലോ ശതമാനം മാത്രമായിട്ടുണ്ട്. വനം നശീകരണവും കാലാവസ്ഥ മാറ്റവുമെല്ലാം ഇതിന്റെ കാരണങ്ങളിൽപെടും. ഇത്തരം ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ദീർഘകാല പദ്ധതികൾ രൂപപ്പെടുത്താൻ കൂടി വനംവകുപ്പ് മുൻകൈ​യെടുക്കണം. അസമിൽ ആനയാക്രമണങ്ങൾ വർധിച്ച 2003-04 കാലത്ത് ഡബ്ല്യു.ഡബ്ല്യു.എഫിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത ‘സോനിത്പുർ മാതൃക’വലിയ പ്രയോജനം ചെയ്തു. വനംവകുപ്പിന്റെ പദ്ധതികളെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതു മുതൽ കൃഷിയിടങ്ങളിൽനിന്ന് കാട്ടാനകളെ തുരത്തുന്ന രീതികൾ പരിശീലിപ്പിക്കുന്നതുവരെ അതിലുൾപ്പെട്ടിരുന്നു. കാരണങ്ങളെപ്പറ്റിയും പരിഹാര സാധ്യതകളെപ്പറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുക പ്രധാനമാണ്. സാ​ങ്കേതിക വിദ്യകളും ഇതിനുപയോഗിക്കേണ്ടിവരും. പക്ഷേ, എല്ലാ പരിഹാര നീക്കങ്ങളുടെയും കാതൽ വന്യജീവികളടക്കമുള്ള ജൈവ വൈവിധ്യം മനുഷ്യരുടെ നിലനിൽപ്പിനും ആവശ്യമാണെന്ന തിരിച്ചറിവാണ്; മനുഷ്യരെപോലെ മറ്റുള്ളവയും -വന്യജീവികളടക്കം- ഭൂമിയുടെ അവകാശികളാണെന്ന തിരിച്ചറിവ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialMananthavady Elephant Attack
News Summary - Madhyamam wild life editorial
Next Story