മഹാരാഷ്ട്രയിലെ ഹിന്ദുത്വ പ്രതിസന്ധി
text_fieldsമഹാരാഷ്ട്രയിൽ ഒരു കക്ഷിക്കും തനിച്ചോ കക്ഷികൾക്ക് കൂട്ടായോ മന്ത ്രിസഭ രൂപവത്കരിക്കാൻ കഴിഞ്ഞില്ലെന്ന ബോധ്യത്തിൽ ഗവർണർ ഭഗത് സിങ് കോശിയാരി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേ ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശിപാർശ ചെയ്യുകയും കേന്ദ്ര മന്ത്രിസഭ അതിന് അംഗീകാരം നൽകുകയും ചെയ്തതോടെ 19 ദിവസമായി തുടരുന്ന രാഷ്ട്രീയാനിശ്ചിതത്വം നിർണായക വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ആദ്യം ബി.ജെ.പിക്കും പിന്നെ ശിവസേനക്കും അവസരം നൽകിയശേഷം കഴിഞ്ഞദിവസം രാത്രി 8.30 വരെ മന്ത്രിസഭ രൂപവത്കരിക്കാനുള്ള തീരുമാനം അറിയിക്കാൻ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ എൻ.സി.പിക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുകയായിരുന്നു. അതവസാനിക്കുന്നതിന് ഏഴു മണിക്കൂർ മുമ്പ് അദ്ദേഹം രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ശിവസേന അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഡൽഹിയിൽ എൻ.സി.പി േനതാക്കളുമായുള്ള ചർച്ചകൾക്കുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹ്മദ് പട്ടേൽ എന്നിവരടങ്ങിയ ടീമിനെ മുംബൈക്കയക്കുകയും അവർ മന്ത്രിസഭ രൂപവത്കരണ സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട കക്ഷികളുമായി സംഭാഷണങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോൾതന്നെയാണ് എൻ.സി.പിക്ക് അനുവദിക്കപ്പെട്ട സമയം തീരുന്നതിനു മുേമ്പ ഗവർണർ രാഷ്ട്രപതി ഭരണത്തിനായി ശിപാർശ ചെയ്തത് എന്നത് പിൻവാതിൽ ചരടുവലികളെക്കുറിച്ച സൂചന നൽകുന്നു. ഒരു ബി.ജെ.പി ഇതര സർക്കാർ സംസ്ഥാനത്ത് നിലവിൽവരുന്നതിനെ കേന്ദ്രസർക്കാർ ഭയപ്പെടുന്നു എന്നുതന്നെയാണ് പ്രത്യക്ഷത്തിൽ ഇതിൽനിന്ന് വായിച്ചെടുക്കാവുന്നത്. ബി.ജെ.പിയോടും മോദി-അമിത് ഷാ ടീമിനോടും പ്രതിബദ്ധത പുലർത്തുന്നയാളാണ് ഗവർണർ എന്നിരിക്കെ മറ്റൊന്ന് ധരിക്കാനാവില്ല, നേരത്തേ ഗോവയിലുൾപ്പെടെ എൻ.ഡി.എയുടെ കേന്ദ്രസർക്കാർ നിയമിച്ച ഗവർണർമാർ ഇത്തരം നിർണായക സാഹചര്യങ്ങളിൽ സ്വീകരിച്ച സമീപനം ഓർക്കുേമ്പാൾ വിശേഷിച്ചും. സുപ്രീംകോടതിയെ സമീപിച്ച ശിവസേനയുടെ ഗതിയെന്താവും, നിയമസഭ പിരിച്ചുവിടാതെ സസ്പെൻഡ് ചെയ്ത് നിർത്തുക മാത്രമാണെങ്കിൽ തുടർന്ന് നടക്കാനിടയുള്ള കുതിരക്കച്ചവടത്തിൽ ആരു ജയിക്കും എന്നിത്യാദി ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാനിരിക്കുന്നേയുള്ളൂ. ഒരു കാര്യം തീർച്ച, അത്തരമൊരു കളിയിൽ ബി.ജെ.പിയെ തോൽപിക്കാൻ മറ്റു മൂന്നു പാർട്ടികളും ഏതറ്റംവെരയും പോവേണ്ടിവരും. എന്നാൽപോലും ജയസാധ്യത തീരെ നിഷ്പ്രഭമാണ്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ കണക്കുകൂട്ടിയിരുന്ന ബി.ജെ.പിക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച കാമ്പയിനിനു ശേഷവും തിരിച്ചടി േനരിട്ടതെന്തുകൊണ്ട്, കൂട്ടായി മത്സരിച്ച ശിവസേനയെ കൂട്ടി സുഗമമായി മന്ത്രിസഭ രൂപവത്കരിക്കാൻ സാധ്യമായിരുന്നിട്ടും തീവ്ര ഹിന്ദുത്വ സഖ്യത്തിന് പിണങ്ങിപ്പിരിയേണ്ട സാഹചര്യം എന്തുകൊണ്ടുണ്ടായി, ഒട്ടും പ്രതീക്ഷയില്ലാതെയും ദേശീയ േനതാക്കൾ രംഗത്തിറങ്ങാതെയും പ്രാദേശിക നേതാക്കൾ നിരന്തരം കാലുമാറിക്കൊണ്ടിരുന്ന പ്രതിസന്ധിയിലും നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ അവസരമൊരുങ്ങിയത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് പുതിയ സംഭവവികാസങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിലെ അഭൂതപൂർവമായ വിജയത്തിന് തൊട്ടുടനെ യു.പിക്കുശേഷം ഏറ്റവും വലിയ തീവ്രഹിന്ദുത്വ കോട്ടയായ മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാവിപ്പടക്കേറ്റ തിരിച്ചടി ഒരു വീണ്ടുവിചാരത്തിന് അവസരം നൽകേണ്ടതാണ്. ജമ്മു-കശ്മീരിനെക്കുറിച്ച ഭരണഘടന വകുപ്പിനെ ഇല്ലാതാക്കി ആ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ‘മഹാനേട്ടം’ ഉയർത്തിക്കാട്ടിയായിരുന്നല്ലോ മഹാരാഷ്ട്രയിൽ മോദിയുടെ പ്രചാരണം. പാകിസ്താൻ വിരോധത്തിന് ബി.ജെ.പിയുെട ഒരുപടി മുന്നിൽ നിൽക്കുന്ന ശിവസേന ഒപ്പമുണ്ടായിരുന്നുതാനും. എന്നിട്ടും അതേപ്പറ്റി ഒന്നും മിണ്ടാതിരുന്ന എൻ.സി.പിയിലേക്കും കോൺഗ്രസിലേക്കും പരമ്പരാഗത ഹിന്ദുവോട്ടുകൾ മറിഞ്ഞതെന്തുകൊണ്ട് എന്നാണാലോചിക്കേണ്ടത്. രൂക്ഷമായ സാമ്പത്തിക മാന്ദ്യവും അനുദിനം വർധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള ജീവൽപ്രശ്നങ്ങളാണ് അതിവൈകാരിക ദേശീയ പ്രശ്നങ്ങളേക്കാൾ ജനമനസ്സുകളെ മഥിക്കുന്നത് എന്ന സന്ദേശമാണ് ഇലക്ഷനിലെ തിരിച്ചടി എൻ.ഡി.എക്ക് നൽകിയത്. പക്ഷേ, പുള്ളിപ്പുലിക്ക് അത് മായ്ച്ചു കളയാൻ കഴിയില്ല എന്ന ആപ്തവാക്യം പോലെ ജനകീയ പ്രശ്നപരിഹാരം എന്ന ഒന്ന് തീവ്രഹിന്ദുത്വ കൂട്ടായ്മയുടെ അജണ്ടയിലില്ല. രണ്ടാമത്തെ കാര്യം, അധികാരെക്കാതി മറ്റെല്ലാ വികാര വിചാരങ്ങളെയും അതിജയിക്കും എന്നുള്ളതാണ്.
എൻ.ഡി.എ ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിപദം രണ്ടര വർഷം വീതം ബി.ജെ.പിയും ശിവസേനയും പങ്കിടുമെന്ന് ബി.ജെ.പി ഉറപ്പുനൽകിയിരുന്നതായി ശിവസേന മുഖ്യൻ ഉദ്ധവ് താക്കറെ ശഠിക്കുന്നു. അത് നിഷേധിക്കുന്ന ബി.ജെ.പി മറ്റെല്ലാ കാര്യങ്ങളിലും എന്ത് വിട്ടുവീഴ്ചക്കും തയാറാണെന്നും വ്യക്തമാക്കുന്നു. ഇതേപ്പറ്റി ദിവസങ്ങളോളം രാപ്പകൽ പലതലത്തിലും ചൂടേറിയ ചർച്ചകൾ നടന്നിട്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതിനാലാണ് ശിവസേന എൻ.സി.പിയിലേക്കും കോൺഗ്രസിലേക്കും തിരിഞ്ഞതും, ആ പാർട്ടികൾ ഒടുവിൽ സേനക്കൊപ്പം നിൽക്കുമെന്ന് ബോധ്യപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ രാഷ്ട്രപതിഭരണത്തിന് പൊടുന്നനെ പച്ചക്കൊടി കാട്ടിയതും. തീവ്ര ഹിന്ദുത്വ ദേശീയത സ്വന്തം അണികളെത്തന്നെ ഒരുമിച്ചുനിർത്തുന്നതിൽ പരാജയമാണെന്നും അതിനേറ്റവും വളക്കൂറുള്ള മണ്ണിൽ പോലും അതൊരു ഏകീകരണ ശക്തിയല്ലെന്നും ഇതുമൂലം തെളിയുകയാണ്. ഇക്കൂട്ടരാണോ ഏകരാഷ്ട്രത്തെയും ഭാഷയെയും സംസ്കാരത്തെയും സിവിൽ കോഡിനെയും കുറിച്ചൊക്കെ വാചാലരാവുന്നത് എന്ന് ചോദിക്കാതെ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.