ദൈവവും മതവും കരുവാക്കി രാഷ്ട്രീയക്കളി വേണ്ട
text_fieldsആന്ധ്രയിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദവിവാദവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കെ, തിങ്കളാഴ്ച സുപ്രീംകോടതി നടത്തിയ നിരീക്ഷണം നിക്ഷിപ്ത നേട്ടങ്ങൾക്കായി മതത്തെയും ആചാരങ്ങളെയും വലിച്ചിഴക്കുന്ന കക്ഷിരാഷ്ട്രീയക്കാർക്കുള്ള മുഖത്തടിയായി. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ പശുവിൻ നെയ്യിന് പകരം മീനെണ്ണയും ബീഫിന്‍റെയും പന്നിയുടെയും കൊഴുപ്പും ചേർക്കുന്നുവെന്ന ലാബ് റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി മുമ്പാകെ വന്ന വിവിധ ഹരജികൾ പരിഗണിക്കെയാണ് രാഷ്ട്രീയ നേതൃത്വത്തിനെതിരായ ഈ രൂക്ഷവിമർശനം. ആന്ധ്രയിൽ മാത്രമല്ല, പുറംസംസ്ഥാനങ്ങളിലെയും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലെ ചേരുവകൾ സംബന്ധിച്ച് വിശ്വാസികൾക്കിടയിൽ സംശയം ജനിപ്പിച്ച ഈ വിവാദത്തിന് തുടക്കമിട്ടത് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ, ഉന്നത ഭരണഘടന പദവിയിലിരിക്കുന്നയാൾ കോടിക്കണക്കിനാളുകളുടെ വികാരത്തെ ബാധിക്കുന്നതരത്തിൽ പ്രസ്താവനകളുമായി രംഗത്തിറങ്ങരുതായിരുന്നുവെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ലഡുവിൽ മായം കലർന്നോ എന്ന കാര്യം തീർപ്പായിട്ടില്ല. അതു കണ്ടെത്താൻ സെപ്റ്റംബർ 25ന് പ്രത്യേക അന്വേഷണസംഘത്തെ നായിഡു ഗവൺമെന്റ് നിയോഗിച്ചിട്ടുണ്ട്. എന്നാൽ, അതിനും ഒരാഴ്ച മുമ്പേ പ്രസ്താവനയിറക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണം എങ്ങുമെത്താതെ വാർത്താമാധ്യമങ്ങളെ കാണാൻ അദ്ദേഹത്തിന് എന്തേ ഇത്ര തിടുക്കം?- കോടതി ചോദിച്ചു. മതവികാരങ്ങളെ മാനിക്കണമെന്നും ദൈവങ്ങളെ രാഷ്ട്രീയത്തിന് പുറത്തു നിർത്തണമെന്നും കോടതി നിർദേശിച്ചു.
ഇതാദ്യമായല്ല തിരുപ്പതിയിൽ മായംചേർക്കൽ വിവാദമുയരുന്നത്. മുമ്പും പശുവിൻ നെയ്യിന് പകരം വെജിറ്റബിൾ ഓയിൽ ചേർക്കുന്നതായി കണ്ടെത്തിയതിനെതുടർന്ന് ചരക്ക് അപ്പടി തിരിച്ചയക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. ഇത്തവണ മായം ചേർക്കൽ കണ്ടെത്തിയപ്പോൾ ഗുജറാത്തിലെ ദേശീയ ക്ഷീരവികസന ബോർഡിലെ ലാബിലേക്ക് സാമ്പിൾ അയക്കാൻ മുഖ്യമന്ത്രി നായിഡു നിർദേശിക്കുകയായിരുന്നു. എൻ.ഡി.ഡി.ബിയുടെ വിശകലനത്തിൽ വെജിറ്റബിൾ ഓയിലിൽ മായം ചേർത്തതായി കണ്ടു. എന്നാൽ, റിപ്പോർട്ടിൽ അസ്വാഭാവികമെന്ന് തോന്നുന്ന ഒരു ‘സാധ്യത’ പരാമർശം കൂടിയുണ്ടായി-ഇതര ‘മൃഗക്കൊഴുപ്പിന്‍റെ അൽപാംശം ഉണ്ടാകാനുള്ള സാധ്യത’യെക്കുറിച്ച ഒരു വരി. തെളിവില്ലാതെ ഇത്തമൊരു പരാമർശം റിപ്പോർട്ടിൽ ചേർത്തത് എന്തിനെന്നത് ഇനിയും ചുരുളഴിയാനിരിക്കുന്നേയുള്ളൂ. എന്നാൽ, അതു കൊണ്ടെന്തുകാര്യം എന്നു വ്യക്തമാക്കുന്നതായിരുന്നു സംഭവത്തെ വർഗീയായുധമാക്കിയുള്ള ചന്ദ്രബാബു നായിഡുവിന്‍റെ പുറപ്പാട്. പ്രസാദത്തിൽ വർജ്യമായ മൃഗക്കൊഴുപ്പ് പ്രയോഗം നടന്നത് വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ ഭരണകാലത്താണ് എന്നും അദ്ദേഹം ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും നായിഡു പ്രസ്താവനയിറക്കി. അതിനു പിറകെ, ജനസേവ പാർട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും രംഗത്തെത്തി. അപ്പോൾ പിന്നെ മുന്നണിയിലെ ബി.ജെ.പിക്ക് നോക്കിനിൽക്കാനാവില്ലല്ലോ. അതോടെ വിഷയം വർഗീയശക്തികൾക്ക് മികച്ച ആയുധമായിത്തീർന്നു. ജഗൻ റെഡ്ഡി ക്രൈസ്തവവിശ്വാസിയാണെന്ന് അറിഞ്ഞുതന്നെ, അതിനെ ‘ന്യൂനപക്ഷ പ്രീണകനും’ അഹിന്ദുവുമായ ജഗനെതിരായ ആയുധമാക്കി മാറ്റുകയായിരുന്നു. ഈ കുടിലനീക്കത്തിനെതിരെയാണ് സുപ്രീംകോടതി രൂക്ഷവിമർശനമുയർത്തിയിരിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് നാവോറു പാടുന്നവരാണ് കക്ഷിരാഷ്ട്രീയക്കാർ. എന്നാൽ, അധികാരം നേടാനും അതു സുരക്ഷിതമാക്കാനും ദൈവങ്ങളെയും മതങ്ങളെയും തരംപോലെ അവർ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയം ഭരണം കൈയാളുന്ന ഇന്ത്യയിൽ ഇത് നാട്ടുനടപ്പാണിപ്പോൾ. വോട്ടും സീറ്റും ഭരണവും നേടിയെടുക്കാനും എതിരാളികളുടെ വായടക്കാനും മത, ജാതി, വംശമുദ്രകൾ വേണ്ടുവോളം ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ പതിവുരീതിയാണ് നായിഡുവും സ്വീകരിച്ചത്. എതിരാളി ജഗൻ ക്രൈസ്തവനായത് വർഗീയ നെയ്യഭിഷേകം എളുപ്പമാക്കുകയും ചെയ്തു. ചെ ഗുവേരയുടെ സായുധവിപ്ലവ വീര്യം കൊണ്ട് കാര്യലാഭമില്ലെന്നും കമ്യൂണിസ്റ്റ് സഖ്യത്തിൽ താൻ പവനായി ശവമായി മാറുകയേ ഉള്ളൂവെന്നും കണ്ടറിഞ്ഞ് കളം മാറിയ പവൻ കല്യാൺ, നായിഡുവിനെയും വെല്ലാനുള്ള നീക്കത്തിലാണ്.
ഇപ്പോൾ കേരളത്തിൽ നടന്നുവരുന്ന രാഷ്ട്രീയവിവാദവും കോടതി ഇടപെടലിൽ പ്രസക്തമാകുന്നുണ്ട്. ആഭ്യന്തരവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ സ്വർണക്കടത്തും തട്ടിപ്പും കൊലപാതകവും അരങ്ങേറുന്നുവെന്നും ഭരണസിരാകേന്ദ്രങ്ങളിലെ സ്വജനപക്ഷപാതവും അഴിമതിയും കാരണം ഭരണകക്ഷിയിലെ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും രക്ഷയില്ലെന്നും ഭരണകക്ഷി എം.എൽ.എ പരാതിപ്പെടുന്നു. രാഷ്ട്രീയ പ്രതിയോഗികളായ സംഘ്പരിവാറിന്റെ ഇലക്ഷൻ എൻജിനീയർമാരായ നേതൃപ്രമുഖരുമായി ഇടതുഭരണതലത്തിൽ പിടിപാടുള്ള ഉന്നത ഉദ്യോഗസ്ഥൻ ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തുന്നു. കേരള പൊലീസിൽ സംഘ് വത്കരണമെന്ന് ആരോപണം ഉന്നയിക്കുന്നു. ഇതിലൊക്കെ കാര്യക്ഷമമായ അന്വേഷണം നടത്തി നടപടിയെടുക്കേണ്ടതാണ് മുഖ്യമന്ത്രിയും സർക്കാറും. എന്നാൽ, പകരം ആരോപണം ഉന്നയിച്ചയാൾ മുസ്ലിമായതിനാൽ തീവ്രവാദിബന്ധം ചുമത്തി പുറത്താക്കാനാണ് ഭരണക്കാർക്ക് തിരക്ക്. എം.എൽ.എയുടെ മലപ്പുറം ജില്ലയിലേക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണമൊഴുക്കുന്നത് ഗവൺമെന്റ് തടയുന്നതിലുള്ള പകവീട്ടലാണ് എന്ന വംശീയ പ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രിയടക്കം മറുപ്രചാരണം കൊഴുപ്പിക്കുന്നു. കേരളത്തിൽ വർഗീയ ചേരിതിരിവ് ലക്ഷ്യമിടുന്ന സംഘ്പരിവാറുകാരും ക്രൈസ്തവരിലെ തീവ്രവാദി ‘കാസ’രോഗികളും ഉന്നയിക്കുന്ന ഇസ്‍ലാം വിരുദ്ധ, വംശീയ ആരോപണങ്ങൾ ഏറ്റുപാടി ഭരണദൗർബല്യം മറച്ചുപിടിക്കുന്നു. മതത്തെയും ദൈവത്തെയും പാട്ടിനുവിട്ട് ഭരണഘടനാ ബാധ്യത നിർവഹിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാറും ചെയ്യേണ്ടതെന്ന സുപ്രീംകോടതി നിർദേശം ഇവിടെയും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.