നിയമത്തിെൻറ നൂലിഴ പൊക്കിൾക്കൊടിക്ക് പകരമാവില്ല
text_fieldsപണത്തിനുവേണ്ടി പിണമാകാനും മടിക്കില്ലെന്നായിരുന്നു പഴയ ചൊല്ല്. എ ന്നാൽ, അതിനെ വെല്ലുന്നവിധം പണത്തിനും സ്വത്തിനുംവേണ്ടി നൊന്തുപെറ്റവരെയും വെന്തുപോറ്റുന്നവരെയും പിണമാക്കുന്ന പൈശാചികത നാട്ടിൽ തിടംവെച്ച് വളർന്നുകൊണ്ടിരിക്കുന്നു. എതിരു നിൽക്കുന്നവരെയും നിൽക്കാനിടയുള്ളവരെയുമൊക്കെ കൊന്ന് കണക്കുതീർക്കാൻ കൊടുംവിഷവുമായി നടന്ന കോഴിക്കോട് കൂടത്തായിയിലെ ‘മരണസഞ്ചാരി’യുടെ ഭീകര കൊലക്കഥകളറിഞ്ഞ ഞെട്ടൽ ഇപ്പോഴും കേരളത്തിനു വിട്ടുമാറിയിട്ടില്ല. സംഭവത്തിെൻറ നടുക്കുന്ന വാർത്തകൾ വായിച്ച മടുപ്പും മനംപിരട്ടലും മലയാളി ഉറക്കെ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, പൈശാചിക കുറ്റകൃത്യങ്ങൾ ഒന്നൊന്നായി പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ചുകൊണ്ടേയിരിക്കുകയാണ്. പണം കിട്ടാത്തതിനും സ്വത്തു തട്ടിയെടുക്കാനുമായി പെറ്റമ്മയെ നിഷ്കരുണം മർദിച്ചൊതുക്കുകയും ഒടുവിൽ നിർദാക്ഷിണ്യം കൊലചെയ്ത് കുഴിച്ചുമൂടുകയും ചെയ്ത ഭീകരവൃത്തിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. കൊല്ലം ചെമ്മാമുക്ക് പട്ടത്താനം നീതിനഗറിൽ എൺപത്തിനാലുകാരിയായ പെറ്റമ്മ സാവിത്രി അമ്മയെ ഇളയ മകൻ സുനിൽകുമാർ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് സ്വത്തുതർക്കത്തിനിടെ ആധാരം സ്വന്തമാക്കാനാണ്. മദ്യപിച്ച് വീട്ടിലെത്തി മർദനം പതിവാക്കിയിട്ടും പ്രായമേറെച്ചെന്ന ആ അമ്മമനസ്സ് മകനെ തള്ളിപ്പറയാതെ കൂടെപ്പൊറുത്തു. ആ അമ്മയലിവിനാണ് മകൻ കഴുത്തുഞെരിച്ച് മണ്ണിട്ടുമൂടി ശിക്ഷ വിധിച്ചത്. സ്വത്തും പണവും താൽപര്യങ്ങളും സ്വന്തമാക്കാൻ പെറ്റുപോറ്റുന്നവരെ തട്ടിക്കളയുകയോ നടതള്ളുകയോ ചെയ്യുന്ന പൈശാചികതയിൽ ആദ്യത്തേതല്ല കൂടത്തായിയും കൊല്ലം ചെമ്മാമുക്കും. അത് അവസാനത്തേതാകാനും ഇടയില്ല എന്ന ആശങ്കയെ ശരിവെക്കുന്നു സമീപകാല കണക്കുകൾ.
സ്വത്ത് കിട്ടാത്തതിലും അത് നഷ്ടമാകുമെന്നു ഭയന്നുമൊക്കെ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തുന്ന നിരവധി കിരാതസംഭവങ്ങളാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അച്ഛനമ്മമാരെ കൊന്നുതള്ളുകയോ പുറംസംവിധാനങ്ങളിലേക്ക് നടതള്ളുകയോ ചെയ്യുന്ന സമ്പ്രദായവും വർധിച്ചുവരുകയാണ്. ജീവിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തവരല്ല ഇത്തരക്കാർ. സമ്പന്നമായ ജീവിതം നയിച്ച് സന്തോഷപൂർവം കൈയിൽവെച്ചുകൊടുത്ത സ്വത്ത് ഏറ്റുവാങ്ങിയശേഷമാണ് മക്കൾ മാതാപിതാക്കളെ പുറംകാൽകൊണ്ട് പുറത്ത് വൃദ്ധസദനങ്ങളിലേക്ക് തട്ടിത്തെറിപ്പിക്കുന്നത്. മികച്ച സാമ്പത്തിക ചുറ്റുപാടിൽ കഴിയുന്ന ആറ് ആൺമക്കളുള്ള 96ഉം 91ഉം വയസ്സുള്ള വയോധിക ദമ്പതികൾക്ക് അവസാനം വനിത-ശിശു വികസന വകുപ്പ് ആശ്രയം നൽകേണ്ടിവന്ന വാർത്ത എറണാകുളത്തെ പിറവത്തുനിന്നു കേട്ടത് നാലുമാസം മുമ്പാണ്. ഭൂസ്വത്ത് മക്കൾക്ക് വീതിച്ചുനൽകിയതിൽപിന്നെ വൃദ്ധദമ്പതികളെ തിരിഞ്ഞുനോക്കാനാളുണ്ടായില്ല. ദുരിതത്തിെൻറ അഴുക്കിലും രോഗത്തിലും ഇഴഞ്ഞുനീങ്ങിയ അവരെ രക്ഷപ്പെടുത്തിയത് ഏതാനും സന്നദ്ധപ്രവർത്തകരാണ്. മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. അന്നത്തെ കണക്കിൽ സർക്കാർ സഹായം പറ്റുന്ന 516 വൃദ്ധസദനങ്ങളുണ്ട്. 16 എണ്ണം സർക്കാർ നേരിട്ടു നടത്തുന്നതാണ്. എല്ലാത്തിലുമായി ഇരുപതിനായിരത്തിലേറെയാണ് അന്തേവാസികൾ. ഇതിൽ 46 ശതമാനം പേർക്കും മക്കളടക്കമുള്ള ബന്ധുക്കളുണ്ടെന്നും അവരുടെ മർദനത്തിനും പീഡനത്തിനുമിരയായാണ് വീടുവിട്ടിറങ്ങിയതെന്നും കണ്ടെത്തിയിരുന്നു. ഉപേക്ഷിക്കപ്പെടുന്നവരുടെ മക്കളെ കണ്ടെത്തിയാലും മാതാപിതാക്കളെ തിരിച്ചുകൊണ്ടുപോകാൻ സന്നദ്ധരല്ലാത്തവരാണ് ഏറിയ കൂറും.
2007ൽ കേരളം വയോജനക്ഷേമ സംരക്ഷണ നിയമം പാസാക്കിയതാണ്. അതനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാം. തടവും പിഴയും ശിക്ഷ വിധിക്കാം. എന്നാൽ, നിയമമൊന്നും വകവെക്കാതെ അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ നടതള്ളുന്ന സമ്പ്രദായം തുടർന്നതുകൊണ്ടാണ് നിയമം കാര്യക്ഷമമല്ലെന്നു പരാതിയുയർന്നതും സാമൂഹികനീതി വകുപ്പ് ഇത്തരത്തിൽ പുറന്തള്ളപ്പെടുന്നവരുടെ കണക്കെടുക്കാനും നിയമനടപടി കർക്കശമാക്കാനും കഴിഞ്ഞ ഡിസംബറിൽ നിർദേശം നൽകിയതും. എന്നാൽ, അഞ്ചുമാസം കഴിഞ്ഞ് മലപ്പുറം ജില്ലയിലെ ഒരു വൃദ്ധസദനം സന്ദർശിച്ച ഞങ്ങളുടെ ലേഖകനോട് പലർക്കും പറയാനുണ്ടായിരുന്നത് മക്കൾ ഉപേക്ഷിച്ച് കടന്നുപോയതിെൻറ കദനകഥകളായിരുന്നു. നിയമമോ അത് കർക്കശമാക്കിയതോ ഒന്നും എങ്ങുമെത്തിയില്ലെന്നു സാരം. വാസ്തവത്തിൽ, കഴിഞ്ഞ വർഷം മേയിൽ കേന്ദ്ര സർക്കാർ തന്നെ 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് കൂടുതൽ കർക്കശമാക്കിയതാണ്. 60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ എന്നിവർക്ക് ആറു മാസം തടവിനും ശിഷ്ടകാലം ‘പൊന്നുപോലെ’ നോക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വത്ത് തട്ടിയെടുത്ത് പിന്നീട് ഉറപ്പ് ലംഘിച്ചാൽ മാതാപിതാക്കൾക്ക് സ്വത്ത് തിരിച്ചുകൊടുക്കാനുമൊക്കെ അതിൽ വ്യവസ്ഥയുണ്ട്.
മക്കൾ എന്നതിെൻറ നിർവചനം ചെറുമക്കൾ, മക്കളുടെ ഭാര്യ/ഭർത്താക്കന്മാർ, ചെറുമക്കളുടെ ഭാര്യ/ഭർത്താക്കന്മാർ, ദത്തെടുത്ത മക്കൾ എന്നിവരിലേക്കുകൂടി വ്യാപിപ്പിച്ചു. പരിപാലനം എന്നതിൽ ഭക്ഷണം, വസ്ത്രം, കിടക്കാനൊരിടം, ചികിത്സ എന്നിവക്കൊപ്പം മുതിർന്ന പൗരന്മാരുടെ സുരക്ഷിതത്വവും ഉൾപ്പെടുത്തി. തഴഞ്ഞാൽ ജീവനാംശ ൈട്രബ്യൂണലിനെ സമീപിക്കാൻ പ്രായംചെന്നവർക്ക് അവകാശം നൽകി. പ്രതിമാസ ജീവനാംശത്തുക നിശ്ചയിക്കാൻ ൈട്രബ്യൂണലിന് അധികാരവും. അങ്ങനെ പ്രായാധിക്യത്തിലെത്തിയ മാതാപിതാക്കൾക്ക് ഇപ്പോൾ ജീവിതം മുന്നോട്ടുനീക്കാനുള്ള ചെലവിനു കിട്ടാൻ മക്കൾക്കെതിരെ കോടതി കയറേണ്ടിവന്നിരിക്കുന്നു. രാജ്യത്തെ മുതിർന്ന പൗരന്മാരിൽ 71 ശതമാനവും പുറന്തള്ളലിെൻറ ഇരകളാണെന്നാണ് അവർക്ക് നിയമസഹായം നൽകുന്ന സന്നദ്ധ സംഘടനകൾ പറയുന്നത്. രാജ്യത്തെ 27 ട്രൈബ്യൂണലുകളിലായി 6687 പരാതികളെത്തി. ഇതിൽ 873 എണ്ണമൊഴികെയുള്ളതിൽ കോടതി തീർപ്പുകൽപിച്ചു. മക്കൾ അറുത്തുമുറിച്ചെറിഞ്ഞ പൊക്കിൾക്കൊടി നിയമത്തിെൻറ നൂലിഴകൊണ്ട് തുന്നിച്ചേർക്കുന്ന അഭ്യാസം എത്ര കണ്ടു വിജയിക്കും എന്നതിെൻറ നിരാശജനകമായ ഉത്തരങ്ങളാണ് ഒാരോ നാളും നമ്മെ ഞെട്ടിക്കുന്ന കൊടുംപാതകങ്ങൾ. അമ്മയുടെ മുലപ്പാലിെൻറ മധുരവും അച്ഛെൻറ വിയർപ്പിെൻറ ഉപ്പും നിനവിലൂറുന്ന മാനവികതകൊണ്ടേ ഇൗ പൈശാചികബാധയിൽനിന്നു രക്ഷപ്പെടാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.