കൊടി സുനിമാർ ഉണ്ടാവുന്നത്
text_fieldsകുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷിക്കപ്പെടുന്നവർക്ക് തെറ്റു തിരുത്താനും തങ്ങളെത്തന്നെ തെറ്റായ വഴികളിൽനിന്ന് വീണ്ടെടുക്കാനുമുള്ള വഴിയാണ് ഇന്ന് ജയിലുകളെന്നും ജയിലുകൾ സംബന്ധിച്ച് പരിഷ്കൃതവും ശാസ്ത്രീയവുമായ കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ സർക്കാറിനുള്ളതെന്നും ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 2019 ജൂലൈ ഒമ്പതിന് പാലക്കാട് ജില്ല ജയിലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിൽ അവകാശപ്പെട്ടിരുന്നതാണ്. ജയിലുകളിൽ ഏർപ്പെടുത്താൻപോവുന്ന പരിഷ്കാരങ്ങളെക്കുറിച്ചും പ്രസംഗത്തിൽ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. തീർച്ചയായും എല്ലാവർക്കും യോജിക്കാൻ കഴിയേണ്ടതാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപോലെ ജയിലുകളുടെ ലക്ഷ്യം. എത്ര വലിയ കുറ്റവാളികളായാലും അവരും മനുഷ്യരാണ്. മനുഷ്യസഹജമായ തെറ്റുകൾ ആരിൽനിന്നും സംഭവിക്കാവുന്നതുമാണ്.
കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹത്തിന് രക്ഷലഭിക്കാനും അതേസമയം, തെറ്റു ചെയ്തവരെ, പശ്ചാത്തപിച്ച് നേരായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ജയിൽ ജീവിതം സഹായകമാവണം. ജയിലുകളുടെ ആധുനിക സങ്കൽപം തന്നെ അത്തരത്തിലുള്ളതാണ്. പക്ഷേ, യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതോ? എഴുപതു ശതമാനവും വിചാരണത്തടവുകാരാണ് ഇന്ത്യൻ ജയിലുകളിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അവർ ഒരുവേള കുറ്റവാളികൾ തന്നെയാവണമെന്നില്ല. അനിശ്ചിതമായി നീളുന്ന വിചാരണയും കോടതി വിധികളും കഴിഞ്ഞ് നിരപരാധികളെന്ന് തെളിയുന്നതുവരെ വിട്ടയക്കുേമ്പാഴേക്ക് ജീവിതത്തിന്റെ വലിയൊരു കാലാവധി തീർന്നിരിക്കും. കുപ്രസിദ്ധരോ അല്ലാത്തവരോ ആയ കുറ്റവാളികളൊത്തുള്ള സഹവാസം അവരിൽ പലരുടെയും ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരിക്കും. എങ്ങനെ നിയമത്തോട് പ്രതിബദ്ധതയുള്ള പൗരനായി ജീവിക്കാം എന്നതിനു പകരം എത്ര സമർഥമായി നിയമലംഘനം നടത്താമെന്ന പരിശീലനമാണ് ഇന്നത്തെ സാഹചര്യത്തിൽ ജയിലുകളിൽനിന്ന് ലഭിക്കുന്നത്. തീർത്തും അശാസ്ത്രീയവും യുക്തിശൂന്യവുമാണ് നിലവിൽ ജയിലുകളുടെ നടത്തിപ്പ്.
ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അതിക്രൂരമായ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളിൽ കുപ്രസിദ്ധനായ കൊടി സുനിയെക്കുറിച്ച് മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് സിമ്മും ഫോണും കണ്ടെത്തിയതായി രണ്ടുവർഷം മുേമ്പ വാർത്ത വന്നതാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ് രണ്ടുപേരുമെന്ന് പറയേണ്ടതില്ല. ജയിലിൽ കിടക്കുേമ്പാഴും പുറത്ത് ക്വട്ടേഷനുകൾ ഏെറ്റടുക്കുന്നു, ആളുകളെ ഭീഷണിപ്പെടുത്തുന്നു, സ്വർണക്കടത്ത് നടത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇരുവരുടെയും പേരിൽ ഉയരുന്നത്. അവർ ആരെയൊക്കെ വിളിക്കുന്നു, ആരുടെയെല്ലാം കാളുകൾ അവരിലേക്ക് വരുന്നു എന്നൊന്നും ഒരന്വേഷണവും നടന്നില്ല.ഒടുവിൽ ഉത്തരമേഖല ഡി.ഐ.ജി അതേപ്പറ്റി അന്വേഷിച്ച്് സമർപ്പിച്ച റിപ്പോർട്ടിൽ കൊലക്കേസ്പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ആയിരത്തിലധികം ഫോൺ വിളികൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനിടയിലാണ് വിയ്യൂർ ജയിലിൽ തനിക്ക് വധശിക്ഷ ഭീഷണിയുണ്ടെന്ന സുനിയുടെ പരാതിയെത്തുടർന്ന് അയാളെ അതിസുരക്ഷ സെല്ലിലേക്ക് മാറ്റിയിരിക്കുന്നത്.
കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘം അയാളെ ജയിലിൽ കൊലപ്പെടുത്താൻ അഞ്ചുകോടിയുടെ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നാണ് കൊടി സുനിയുടെ പരാതി. എന്നാൽ, ഇത് സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങാനുള്ള തന്ത്രമാണെന്ന് അധികൃതർ മനസ്സിലാക്കിയതിനെ തുടർന്ന് മാറ്റം നടന്നിട്ടില്ല. ഈ വിവരം അയാൾക്ക് ലഭിച്ചതും ഫോൺ വഴിയാണെന്നിരിക്കെ കൊടും കുറ്റവാളികൾക്കുപോലും ജയിലിൽ പാടെ നിരോധിക്കപ്പെട്ട സൗകര്യങ്ങൾ ലഭിക്കുന്നത് എങ്ങനെയെന്നത് അമ്പരപ്പിക്കുന്നതാണ്.
ഒരുദാഹരണം മാത്രമാണ് കൊടി സുനി. സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ചന്ദ്രശേഖരൻ വധത്തിലെ പ്രതികൾക്ക് യഥേഷ്ടം ലഭിക്കുന്ന പരോളും മറ്റാനുകൂല്യങ്ങളും മുഖ്യമന്ത്രിയുടെ അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ്. ഒന്നാമതായി തിരുത്തേണ്ടത് കൊടുംകുറ്റവാളികളെ രാഷ്ട്രീയക്കാരെന്നും അല്ലാത്തവരെന്നും വേർതിരിക്കുന്ന നടപ്പുരീതിയാണ്. രാഷ്ട്രീയത്തിന്റെയോ കലാപത്തിന്റെയോ പ്രതികാരത്തിന്റെയോ കവർച്ചയുടെയോ മറ്റെന്തിന്റെയോ പേരിലായാലും കൊലപാതകം കൊലപാതകം തന്നെയാവണം. അവരെ ഒരുപോലെ ക്രിമിനലുകളായി കണക്കാക്കുകയും തുല്യരീതിയിൽ ശിക്ഷ അനുഭവിപ്പിക്കുകയും വേണം. രാഷ്ട്രീയ കാരണങ്ങളാൽ പ്രതിയോഗികളെ കൊലചെയ്യുന്നവർ ഏതു ന്യായത്തിലാണ് സർക്കാറിന്റെയോ സമൂഹത്തിന്റെയോ അനുഭാവത്തിന് അർഹരായിത്തീരുന്നത്? സത്യത്തിൽ ഈ വേർതിരിവാണ് ഭരണത്തിലിരിക്കുന്നവരുടെ അന്യായവും നിയമവിരുദ്ധവുമായ ഇടപെടലുകൾക്ക് വഴിയൊരുക്കുന്നത്.
പ്രതിയോഗികളെ എങ്ങനെ കൊലക്കത്തിക്കിരയാക്കിയാലും രക്ഷിക്കാൻ പാർട്ടിയുണ്ടാവുമെന്നും ഒരുവേള പിടിക്കപ്പെട്ടാൽതന്നെയും ജയിലിൽ സുഖവാസവും ഇടക്കിടെ വ്യാജകാരണങ്ങൾ നിരത്തി പരോൾ നേടിയെടുക്കാമെന്നതും നിരവധി അനുഭവങ്ങളിൽനിന്ന് പഠിച്ചതാണ് പ്രബുദ്ധ കേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊടുംകൊലകൾ വർധിക്കാൻ കാരണം. അതുപോലെതന്നെ, മദ്യവും കഞ്ചാവും മൊബൈൽ ഫോണും സിമ്മുമൊക്കെ ചിലർക്കു മാത്രം ജയിലറകളിൽ ലഭ്യമാവുന്ന സാഹചര്യവും നിയമവാഴ്ചയുടെ തകർച്ചയാണ് കാണിക്കുന്നത്. രാഷ്ട്രീയ സ്വാധീനം, ഒപ്പം ജയിൽ സൂപ്രണ്ടുമാർ മുതൽ താഴോട്ടുള്ളവരുടെ അഴിമതി, ഉദ്യോഗസ്ഥരുടെ അപര്യാപ്തി, തടവുകാരുടെ ആധിക്യം മൂലമുള്ള അസൗകര്യങ്ങളുമെല്ലാം കൂടിച്ചേരുേമ്പാൾ ചിത്രം പൂർത്തിയാവുന്നു. തുടക്കത്തിൽ സൂചിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഉറപ്പുനൽകിയ പരിഷ്കരണങ്ങൾ നടപ്പായതിന്റെ ഒരു ഫലവും രണ്ടുവർഷങ്ങൾക്കുശേഷവും പ്രയോഗതലത്തിൽ കാണാനില്ല. ഒരിക്കൽ ജയിലിൽ പോയവർ വീണ്ടും വീണ്ടും ജയിലിൽപോവുന്ന ദുരനുഭവങ്ങൾ ആവർത്തിക്കുേമ്പാൾ വാഗ്ദാനങ്ങൾ ജലരേഖയായി തീരുകയാണ്. സമഗ്രമായ പുനർചിന്തയും അഴിച്ചുപണിയും ആവശ്യപ്പെടുന്നതാണ് നിലവിലെ തടവറ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.