കാർത്തികേയൻ റിപ്പോർട്ടിന്മേൽ നടപടി വേണം
text_fieldsഹയർ സെക്കൻഡറി വിദ്യാഭ്യാസ രംഗത്ത് മലബാർ ജില്ലകളിലെ വിദ്യാർഥികളോടുള്ള ചിരകാല വിവേചനം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ ആത്മാർഥത തെളിയിക്കേണ്ട സന്ദർഭമെത്തിയിരിക്കുന്നു. ദുഃഖകരമെന്ന് പറയട്ടെ, അക്കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചവരുടെ എണ്ണം സർവകാല റെക്കോഡാണ്. ഹയർ സെക്കൻഡറി യോഗ്യത നേടിയ 4,17,077 പേർക്കായി വിവിധ കോഴ്സുകളിൽ 4,65,141 സീറ്റുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുന്നു. എന്നാൽ, അദ്ദേഹം പറയാതെ വിട്ട കണക്കിലാണ് കാര്യമുള്ളത്. മേൽപഠന യോഗ്യത നേടിയ വിദ്യാർഥികളിൽ ഭൂരിപക്ഷം പാലക്കാട് മുതൽ കാസർകോടുവരെയുള്ള വടക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ പാസായവരെക്കാൾ ഒരുലക്ഷത്തിലധികം കുട്ടികൾ ഈ വടക്കൻ ജില്ലകളിൽ പാസായിട്ടുണ്ട്. പാസായവരെക്കാൾ കൂടുതൽ സീറ്റുണ്ടെന്ന് പറയുന്ന മന്ത്രി, ഈ സീറ്റ് ലഭ്യതയുടെ ജില്ല തിരിച്ചുള്ള കണക്ക് നൽകുന്നില്ല.
അതിന് കാരണം, തെക്കൻ ജില്ലകളിൽ സീറ്റുകൾ ആവശ്യത്തെക്കാൾ വളരെയധികവും വടക്കൻ ജില്ലകളിൽ വളരെ കുറവുമാണ് എന്നതാണ്. പ്രീഡിഗ്രി കോഴ്സിന് പകരം പ്ലസ് ടു ഏർപ്പെടുത്തിയതുമുതൽ മലബാറിലെ കമ്മി കൂടിവന്നിട്ടേയുള്ളൂ -തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും. മലപ്പുറം ജില്ലയിലെ 16,000ത്തിൽപരം വിദ്യാർഥികൾക്കും കോഴിക്കോട്-പാലക്കാട് ജില്ലകളിലെ 10,000ത്തിൽപരം പേർക്കും പ്ലസ് വൺ റെഗുലർ പഠനം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പോയവർഷം 87 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 111 ബാച്ചുകളിൽ കുട്ടികളെ തികയാത്ത സ്ഥിതിയാണ് തെക്കൻ മേഖലയിലെങ്കിൽ വടക്ക് ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ കുട്ടികൾ ഓപൺ സ്കൂൾ സംവിധാനത്തിലേക്ക് നെട്ടോട്ടമോടുകയായിരുന്നു. അതിലും കൂടുതൽ പേർ പാസായ ഇക്കൊല്ലം സ്ഥിതി മെച്ചപ്പെടാനിടയില്ല -സർക്കാർ ഇടപെട്ടില്ലെങ്കിൽ.
സംസ്ഥാനത്തിന്റെ പൊതുവിഭവങ്ങൾ ഒരു മേഖലക്ക് സ്ഥിരമായി നിഷേധിക്കുന്ന ഈ അവസ്ഥക്ക് അറുതിവേണമെന്ന മുറവിളി എല്ലാ വർഷവും ഉയരുന്നു. ഓരോ വർഷവും തട്ടിക്കൂട്ട് പരിഹാരംകൊണ്ട് മുറവിളികളെ തൽക്കാലം മറികടക്കുകയാണ് സർക്കാറുകൾ ചെയ്തുവന്നിട്ടുള്ളത്. സ്ഥിരം അധ്യാപകരോ മതിയായ അടിസ്ഥാന സൗകര്യങ്ങളോ അനുവദിക്കാതെ അധിക സീറ്റുകളും ബാച്ചുകളും തൽക്കാലം നൽകി, സീറ്റില്ലാതെ അലയുന്ന ഏതാനും പേർക്ക് പ്രവേശനം കൊടുത്തെന്ന് വരുത്തുന്നു.
ഹയർ സെക്കൻഡറിയിൽ ഒരു ക്ലാസിൽ 40 കുട്ടികളേ പാടുള്ളൂ എന്ന ലബ്ബ കമ്മിറ്റി റിപ്പോർട്ടിൽ വെള്ളം ചേർത്ത് 50 കുട്ടികൾ എന്നാക്കിയപ്പോഴും മലബാറിലെ ജില്ലകളിൽ 65 കുട്ടികളെ കുത്തിക്കൊള്ളിച്ചാണ് അധ്യയനം നടക്കുന്നത്. അധിക ബാച്ചുകളിൽ സ്ഥിരം അധ്യാപകരില്ലാത്തതിനാൽ അധ്യയനത്തിന്റെ ഗുണനിലവാരവും കുറയുന്നുണ്ട് മലബാറിൽ. ഈ അധിക സീറ്റും ബാച്ചുമൊക്കെ ഉണ്ടായാലും വടക്കൻ ജില്ലകളിൽ പതിനായിരങ്ങൾ റെഗുലർ വിദ്യാഭ്യാസത്തിന് പുറത്താണ് താനും.
അതേസമയം, തെക്കൻ ജില്ലകളിൽ കഴിഞ്ഞ വർഷം 105 ബാച്ചുകളിൽ 25 കുട്ടികൾ വീതം പോലുമില്ല. ശാസ്ത്രീയമായ പഠനമോ വിലയിരുത്തലോ ഇല്ലാതെ മുമ്പ് ബാച്ചുകൾ അനുവദിച്ചപ്പോഴുണ്ടായ അസന്തുലിതാവസ്ഥ ഫലത്തിൽ മലബാറിനെതിരായ കൊടും വിവേചനമായി പരിണമിച്ചിരിക്കുന്നു. ഇക്കാര്യം ബോധ്യപ്പെടാതിരിക്കാൻ സർക്കാറിന് ന്യായമൊന്നുമില്ല. എന്നല്ല, അത് ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രശ്നം പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കാർത്തികേയൻ നായർ സമിതിയെ ഇന്നത്തെ സർക്കാർ നിയോഗിച്ചത്. മലബാർ മേഖലയിലെ വിദ്യാർഥികളിലും രക്ഷിതാക്കളിലും പ്രതീക്ഷ ഉയർത്തിയ ആ നീക്കം, പക്ഷേ, സർക്കാറിന്റെ നിശ്ചയദാർഢ്യമില്ലായ്മയുടെ ഇരയായി ഫലം ചെയ്യാതെ ഒടുങ്ങുമോയെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
കാർത്തികേയൻ നായർ കമ്മിറ്റി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടും മന്ത്രി അതിന്റെ ഉള്ളടക്കം രഹസ്യമാക്കിവെച്ചതായാണ് വാർത്ത. അത് ഉടനെ പുറത്തുവിടണം. വർഷങ്ങളായി നിലനിൽക്കുന്ന, മലബാറുകാർ അനുഭവിച്ചുവരുന്ന, ഇപ്പോൾ വിദഗ്ധ സമിതി തന്നെ റിപ്പോർട്ട് നൽകിയ പ്രശ്നം, ഇനിയും പഠിച്ച ശേഷമേ നടപടി സ്വീകരിക്കാനാകൂ എന്ന് മന്ത്രി പറയുമ്പോൾ അർഥമാക്കുന്നത് മലബാറിലെ പതിനായിരങ്ങൾ ഇക്കൊല്ലവും മുമ്പത്തെപ്പോലെ അലയട്ടെ എന്നല്ലേ? പരിഹാരമെന്തെന്ന് വ്യക്തമാണ്.
മലബാർ മേഖലയിൽ പ്രശ്നമുണ്ട് എന്ന് ഉറപ്പായിരിക്കെ അതിന് സവിശേഷ നടപടിയും ആവശ്യമാണ്. ആവശ്യത്തിനനുസരിച്ച് അധിക ബാച്ചുകൾ, സ്ഥിരം അധ്യാപകരെ അടക്കം അനുവദിക്കുകയാണ് പരിഹാരം. ക്ലാസിലെ വിദ്യാർഥികളുടെ എണ്ണം 50ൽ ഒതുങ്ങുകയും വേണം. ന്യായമായ ഈ പരിഹാരത്തെപ്പറ്റി പറയുമ്പോൾ, മുമ്പ് തെക്കൻ ജില്ലകളിൽ അധികമായി ബാച്ചുകൾ അനുവദിച്ചപ്പോൾ കേൾക്കാത്ത, ‘സാമ്പത്തിക ബാധ്യത’ എന്ന വാദം ഉയർത്തപ്പെടുന്നു. പെട്ടെന്ന് സ്വീകരിക്കാവുന്ന മറ്റൊരു ഭാഗിക പരിഹാരം തെക്കൻ ജില്ലകളിൽ കുട്ടികൾ തികയാതെ കിടക്കുന്ന ബാച്ചുകൾ (അധ്യാപകരെയടക്കം) വടക്കൻ ജില്ലകളിലേക്ക് പുനർവിന്യസിക്കുകയാണ്.
സാമ്പത്തിക ബാധ്യത വരാത്ത ഈ നടപടിക്കും മന്ത്രി തടസ്സം കണ്ടെത്തിയിട്ടുണ്ട് -സാമൂഹികതലത്തിൽ കൂടിയാലോചനകൾ അതിനാവശ്യമാണത്രേ. രാഷ്ട്രീയവും സാമുദായികവുമായ സമ്മർദങ്ങളാകാം മന്ത്രി ഉദ്ദേശിക്കുന്നത്. മലബാറിന് നീതി നൽകാൻ സമ്മർദവും പ്രത്യാഘാതങ്ങളുംമൂലം കഴിയുന്നില്ല എന്നാണെങ്കിൽ, അധിക സാമ്പത്തിക ബാധ്യത ഏറ്റുകൊണ്ടുതന്നെ ആവശ്യത്തിന് അധിക ബാച്ചുകളും അധ്യാപകരെയും നൽകാൻ സർക്കാർ തയാറാകണം. ബാധ്യതയും വയ്യ, സമ്മർദങ്ങൾക്ക് വഴങ്ങാതെയും വയ്യ എന്ന നിലപാടാണ് ഇനിയും സർക്കാർ സ്വീകരിക്കുന്നതെങ്കിൽ അതിനർഥം ഒന്നേയുള്ളൂ: മലബാറിലെ പൗരന്മാരെ സർക്കാർ കൈയൊഴിയുന്നു എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.