മാലദ്വീപ് ഫലം ഇന്ത്യക്ക് നിർണായകം
text_fieldsഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന രാജ്യമായ മാലദ്വീപിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണി സ്ഥാനാർഥ ി ഇബ്രാഹീം മുഹമ്മദ് സാലിഹ് നേടിയ ജയം ഇന്ത്യയുടെ പ്രതീക്ഷക്ക് ആക്കംകൂട്ടുന്നതാണ്. വ്യാപകമായ കൃത്രിമങ്ങൾക്കുള്ള സാധ്യത പ്രവചിച്ച് െഎക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂനിയനും നിരീക്ഷകരെ അയക്കാതെ നിസ്സഹകരണം പ്രഖ്യാപിക്കുകയും, യു.എന്നും അമേരിക്കയും ഉപരോധമടക്കമുള്ള ഭീഷണി മുഴക്കുകയും ചെയ്ത അന്തരീക്ഷത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 58 ശതമാനം വോട്ട് നേടി ഇബ്രാഹീം സാലിഹ് വിജയിച്ചത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നു. ചൈനയുടെ പിൻബലമുള്ള അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും എതിരാളികളെ ഒന്നടങ്കം ജയിലിലടച്ചും പട്ടാളത്തെ വിട്ട് സുപ്രീംകോടതി പിടിച്ച് ജഡ്ജിമാരെ തടവിലിട്ടും ജനാധിപത്യം അട്ടിമറിച്ചു നടത്തിയ തെരഞ്ഞെടുപ്പിൽ മറിച്ചൊരു ഫലം ആരും നിനച്ചതല്ല. ദ്വീപിൽ സ്വാധീനമുറപ്പിക്കാൻ ചൈനയുമായി മത്സരിക്കുന്ന യമീെൻറ ഭരണം തുടർന്നാൽ ഇന്ത്യ സ്വീകരിക്കേണ്ട പുതിയ നയതന്ത്രനീക്കങ്ങൾ രാഷ്ട്രീയ നയകോവിദന്മാരും അന്തർദേശീയ രാജ്യതന്ത്രജ്ഞരുമൊക്കെ ആലോചിച്ചുകൊണ്ടിരിക്കെയാണ് പ്രതിപക്ഷത്തിെൻറ മിന്നുന്ന വിജയം.
മൂന്നു പതിറ്റാണ്ടു നീണ്ട മഅ്മൂൻ അബ്ദുൽ ഖയ്യൂമിെൻറ ഏകാധിപത്യവാഴ്ചക്ക് അന്ത്യംകുറിച്ച് ദ്വീപ് ജനാധിപത്യത്തിലേക്ക് വാതിൽ തുറന്നിട്ട് 10 കൊല്ലമായതേയുള്ളൂ. ജനാധിപത്യവിരുദ്ധ ഭരണക്രമത്തിനെതിരെ മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് നശീദിെൻറ നേതൃത്വത്തിൽ അഞ്ചുവർഷം നീണ്ട ജനകീയസമരം ശക്തിപ്പെട്ടതിനെ തുടർന്ന് 2008 ഒക്ടോബറിൽ ബഹുകക്ഷി പ്രസിഡൻറ് തെരഞ്ഞെടുപ്പിനായി കളമൊഴിയാൻ മഅ്മൂൻ അബ്ദുൽ ഖയ്യൂം നിർബന്ധിതനാകുകയായിരുന്നു. 2008ലെ തെരഞ്ഞെടുപ്പിൽ ഖയ്യൂമിനെ തോൽപിച്ച് നശീദ് പ്രസിഡൻറായതോടെ 2010ൽ മാലദ്വീപ് ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിച്ചു. എന്നാൽ, ഏകാധിപത്യമെന്ന പാരമ്പര്യരോഗത്തിൽനിന്നു പൂർണമുക്തി നേടാൻ ബാലറ്റിലൂടെ അധികാരത്തിൽ വന്നവർക്കും കഴിഞ്ഞില്ലെന്നതാണ് 10 കൊല്ലത്തിനുള്ളിൽ മൂന്നാം വട്ടം തെരഞ്ഞെടുപ്പിെന നേരിട്ട മാലദ്വീപിെൻറ നേരനുഭവം. രാഷ്ട്രീയത്തിലേക്ക് പണമിറക്കിയവരൊക്കെ അധികാരം നിലനിർത്തിക്കൊണ്ടു പോകാൻ ജനാധിപത്യം ശല്യമാണെന്നു വൈകാതെ തിരിച്ചറിഞ്ഞു. ഖയ്യൂമിനെതിരെ രംഗത്തുവന്ന നശീദ് രാഷ്ട്രീയ പ്രതിയോഗികളെയും ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെയുമൊക്കെ പ്രതികാരനടപടിക്കു വിധേയരാക്കി. അങ്ങനെ ജനപിന്തുണ നഷ്ടപ്പെട്ട അദ്ദേഹത്തിന് 2012 ഫെബ്രുവരിയിൽ ഒഴിയേണ്ടിവന്നു. വീണ്ടും ഭരണം ഖയ്യൂമിെൻറ പ്രോഗ്രസിവ് പാർട്ടി ഒാഫ് മാൽഡീവ്സിെൻറയും (പി.പി.എം) അർധസഹോദരൻ യമീെൻറയും കൈയിൽ വന്നു.
ചൈനയെയും സൗദി അറേബ്യയെയും ഉറച്ച മിത്രങ്ങളായി സ്വീകരിച്ചിരുന്ന പി.പി.എം തെരഞ്ഞെടുപ്പിൽ ജുംഹൂരി പാർട്ടിയെയും മതകക്ഷിയായ അദാലത്ത് പാർട്ടിയെയും കൂടെക്കൂട്ടിയാണ് ജയിച്ചുകയറിയത്. ജനാധിപത്യം, നിയമവ്യവസ്ഥ, വികസനം എന്നീ മൂന്നിന മുദ്രാവാക്യവുമായി ബാലറ്റിലൂടെ അധികാരം പിടിച്ചെടുത്ത അബ്ദുല്ല യമീൻ പക്ഷേ, രാജ്യത്ത് സാമാന്യം നിരപേക്ഷമായി പ്രവർത്തിച്ചിരുന്ന നീതിന്യായ സംവിധാനത്തെ വരുതിയിലാക്കാനാണ് ശ്രമിച്ചത്. അതിനായി പാർലമെൻറിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി നിയമഭേദഗതി കൊണ്ടുവന്നു. പയ്യപ്പയ്യെ മുൻ പ്രസിഡൻറ് നശീദ്, സ്വന്തം വൈസ് പ്രസിഡൻറ് അഹ്മദ് അദീബ്, സഖ്യകക്ഷിയായ അദാലത്ത് പാർട്ടിയുടെ നേതാവ് ഇംറാൻ അബ്ദുല്ല, രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ ഖാസിം ഇബ്രാഹീം തുടങ്ങി സകലരെയും അഴിക്കുള്ളിലാക്കി മാലദ്വീപിെൻറ ചരിത്രത്തിലെ ശക്തനായ ഏകാധിപതിയായി യമീൻ പുനരവതരിച്ചു. നിയമങ്ങൾ തനിക്കനുസൃതമായി കൂടക്കൂടെ മാറ്റിയെഴുതി. അങ്ങനെ ആഭ്യന്തരനിയന്ത്രണം ഭദ്രമാക്കുകയും പുറത്ത്, ചൈനയുടെ പൂർണപിന്തുണ നേടിയെടുക്കുകയും ചെയ്ത യമീെൻറ ഏക ഛത്രാധിപത്യത്തിനു ജനാധിപത്യത്തിെൻറ മകുടം ചാർത്താനുള്ള നീക്കമായി കണ്ടതായിരുന്നു ഇൗ തെരഞ്ഞെടുപ്പ്. യമീനൊപ്പം പ്രതിയോഗികളും അദ്ദേഹത്തിെൻറ അനായാസവിജയം പ്രതീക്ഷിക്കെയാണ് പരാജയത്തിെൻറ വാർത്തയെത്തുന്നത്. പ്രതിപക്ഷമുന്നണിയുടെ വിജയത്തോടെ നശീദിെൻറ കക്ഷി വീണ്ടും അധികാരത്തിലേറുേമ്പാഴും പഴയ അനുഭവം വെച്ച് മാലദ്വീപ് രക്ഷപ്പെടുമെന്നു പറയുക വയ്യ. എന്നാൽ, ആദ്യ ഉൗഴത്തിൽ തെൻറ പാർട്ടിക്കു പിണഞ്ഞ പരാജയം തിരിച്ചറിഞ്ഞ് ജനാധിപത്യ അവകാശങ്ങൾ നിലനിർത്താൻ ഇബ്രാഹീം സാലിഹിന് കഴിഞ്ഞാൽ രാഷ്ട്രീയ അരാജകത്വത്തിൽനിന്നു തന്ത്രപ്രധാനമായ ഇൗ ദ്വീപിനു രക്ഷപ്പെടാൻ കഴിയും.
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന സ്ഥലമായതിനാൽ മാലദ്വീപിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യക്കും നിർണായകമാണ്. മേഖലയുെട ആധിപത്യത്തിന് കിണഞ്ഞു ശ്രമിക്കുന്ന ചൈന തുടർന്നും ദ്വീപിനെ ചൊൽപടിയിൽ നിർത്താൻ ആവതു ശ്രമിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയുടെ പേരുപറഞ്ഞ് അമേരിക്ക, യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങി എല്ലാവരുടെയും കണ്ണുണ്ട് മാലദ്വീപിനു മേൽ. അതുകൊണ്ട് ഇന്ത്യയും കളമറിഞ്ഞു കളിച്ചേ മതിയാകൂ. പ്രത്യേകിച്ചും പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവക്കുമേൽ സ്വാധീനമുറപ്പിച്ച ബലത്തിൽ ചൈന കളിക്കുേമ്പാൾ. വിദേശനയത്തിൽ ഇന്ത്യ നടത്തുന്ന ഒറ്റയാൾ പോരാട്ടം എങ്ങുമെത്തുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യാസമുദ്രത്തിലെ മാറുന്ന സമവാക്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള ബഹുകക്ഷിബന്ധങ്ങളും അന്തർദേശീയ ചായ്വുകളും ഉപയോഗപ്പെടുത്തിയുള്ള പുതിയ തന്ത്രപ്രധാനമായ നീക്കങ്ങൾക്ക് ഇന്ത്യ മുൻകൈയെടുത്തേ മതിയാകൂ. ഇന്ത്യയോട് ആഭിമുഖ്യം പുലർത്തുന്ന കക്ഷിയാണ് മാലദ്വീപിൽ അധികാരമേറുന്നത്. ഇൗ അനുകൂല സാഹചര്യം ഉപയോഗെപ്പടുത്താൻ മോദിസർക്കാറിന് ഫലപ്രദമായൊരു ഇടപെടലിന് സാധ്യമാകുമോ എന്നത് ഇന്ത്യയുടെ മേഖലയിലെ സുരക്ഷക്ക് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.