Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനാട് കത്തിയമർന്ന ശേഷം...

നാട് കത്തിയമർന്ന ശേഷം നാണംകെട്ടൊരു രാജി

text_fields
bookmark_border
നാട് കത്തിയമർന്ന ശേഷം നാണംകെട്ടൊരു രാജി
cancel

2023 മേയ് മാസം മുതൽ വംശീയവൈരത്താൽ കത്തിയെരിയുന്ന മണിപ്പൂരിലെ തീയണക്കാനോ മുറിവുണക്കാനോ ഒന്നും ചെയ്യാതെ കലാപകാരികൾക്ക് പിന്തുണയേകി മുഖ്യമന്ത്രിക്കസേരയിൽ അമർന്നിരുന്ന ബിരേൻ സിങ് ഒടുവിൽ രാജിവെക്കാൻ നിർബന്ധിതനായിരിക്കുന്നു.

നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ സ്വന്തം പാർട്ടിയിൽ നിന്നുള്ളവർപോലും അതിനെ പിന്തുണക്കുമെന്ന ഘട്ടം വന്നതോടെ ഇക്കാലമത്രയും ബിരേനെ ചേർത്തുപിടിച്ചിരുന്ന കേന്ദ്ര നേതൃത്വം കൈവിടുകയായിരുന്നു. കുക്കി-മെയ്തേയി ഗോത്രങ്ങൾ തമ്മിലെ കലാപത്തിൽ മെയ്തേയി വിഭാഗത്തിന്റെ പക്ഷം പിടിച്ച മുഖ്യമന്ത്രി കലാപത്തിൽ വഹിച്ച പങ്ക് സംബന്ധിച്ച ആരോപണങ്ങൾ അതിശക്തമാണ്.

കേന്ദ്ര സർക്കാർ നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവ് കുക്ദീപ് സിങ് പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം പോയവർഷം നവംബർ മൂന്നാം വാരം വരെ 258 പേരാണ് മണിപ്പൂർ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടത്. അതിനുശേഷവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അതിക്രമങ്ങൾ നടമാടുകയും ഒരുപാടുപേർക്ക് ജീവൻ നഷ്ടപ്പെടുകയുമുണ്ടായി. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കാനായി സൈന്യത്തിന്റെ സംഭരണശാലകളിൽ സജ്ജമാക്കി വെച്ചിരുന്ന ആയുധങ്ങളുപയോഗിച്ചാണ് പലയിടങ്ങളിലും അതിക്രമകാരികൾ സഹപൗരരുടെ ജീവനെടുത്തത്. അരാജകത്വവും ക്രമസമാധാന തകർച്ചയും പാരമ്യത്തിലായിട്ടും സ്ത്രീകൾ തെരുവിൽ കൂട്ടലൈംഗിക അതിക്രമത്തിനിരയായിട്ടും, ഒരുവേള സുപ്രീംകോടതി തന്നെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടും കേന്ദ്രത്തിലെ മോദി സർക്കാർ നിർലോഭം രക്ഷാകർതൃത്വം നൽകിയതുമൂലമാണ് ബിരേൻ സിങ് സർക്കാറിന് ആയുസ്സ് ഇവ്വിധം നീട്ടിക്കിട്ടിയത്.

മണിപ്പൂരിന്റെ സ്ഥിതി ഇത്രമേൽ രൂക്ഷമായതിൽ ബിരേൻ സിങ് എത്രകണ്ട് ഉത്തരവാദിയാണോ അത്ര തന്നെ ബാധ്യത കേന്ദ്ര സർക്കാറിനുമുണ്ട്. കലാപത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനവും പ്രഖ്യാപനവും നടത്തി മടങ്ങി എന്നതിലുപരി അതിക്രമം തടയുന്നതിനോ ജനങ്ങളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനോ ക്രിയാത്മകമായ എന്തെങ്കിലും നടപടി സ്വീകരിച്ചില്ല.

സാധ്യമായ നടപടികൾ ആ സന്ദർശനവേളയിലെങ്കിലും കൈക്കൊണ്ടിരുന്നുവെങ്കിൽ മണിപ്പൂർ പിന്നെയും മാസങ്ങളോളം നിന്ന് കത്തുമായിരുന്നില്ല. കലാപം പടർന്ന നാളുകളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനങ്ങളുടെ തിരക്കിലായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും പ്രധാനമന്ത്രി അവിടം സന്ദർശിക്കുമെന്ന പ്രതീക്ഷ മണിപ്പൂരിലെ ജനത വെച്ചുപുലർത്തിയിരുന്നു.

നാളിതുവരെ അദ്ദേഹം ആ മേഖലയിലെങ്ങും കാലുകുത്തുകയോ അതിക്രമത്തെ കാര്യമായി അപലപിച്ച് സംസാരിക്കുകയോ ചെയ്തില്ല. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മണിപ്പൂരിലേക്ക് സന്ദർശനം നടത്താൻ മുന്നോട്ടുവന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഭരണകൂടം മൂടിവെക്കാൻ ശ്രമിച്ച നിഷ്ഠുരതകൾ പുറംലോകത്തെ അറിയിച്ച ചെറുവിഭാഗം മാധ്യമങ്ങൾ, നിയമസഭയിലെ പ്രതിപക്ഷം, ജനം കൈവിടുമെന്ന ഭീതിമൂലം വൈകിയ വേളയിലെങ്കിലും മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയ ഭരണപക്ഷ എം.എൽ.എമാർ എന്നിവരാണ് അൽപമെങ്കിലും ഉത്തരവാദിത്ത ബോധം പ്രകടിപ്പിച്ചത്.

തുടക്കത്തിലേ ചികിത്സിച്ചിരുന്നുവെങ്കിൽ പൂർണമായി സുഖപ്പെടുത്താൻ സാധിക്കുമായിരുന്ന ഒരു രോഗിയെ അനാസ്ഥയും ബോധപൂർവമായ അവഗണനയും വിവേചനവും മൂലം മരണത്തിലേക്ക് തള്ളിവിടുന്നതുപോലെയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ മണിപ്പൂരിനോട് പെരുമാറിയത്. ഇന്നും ജീവൻ അവശേഷിക്കുന്നത് ഇന്ത്യ എന്ന ആശയത്തിനും രാജ്യത്തിന്റെ ഭരണഘടനക്കും നീതിപീഠത്തിനും മേൽ ആ ജനത പുലർത്തുന്ന പ്രതീക്ഷയും വിശ്വാസവും ഒന്നുകൊണ്ടു മാത്രമാണ്. സ്വതേ പിന്നാക്കാവസ്ഥയിലുള്ള, ഛിദ്രശക്തികൾ കടന്നുകയറാൻ തക്കം പാർത്തുനിൽക്കുന്ന ഒരു നാട്ടിലെ ജനങ്ങളെ കൂടുതൽ അന്യവത്കരിക്കാനും മുഖ്യധാരയിൽനിന്ന് പാടേ മാറിനടക്കാനുമാണ് ഇത്തരം ഭരണകൂട പാളിച്ചകൾ പ്രേരകമാവുകയെന്ന് നമ്മുടെ ഭരണാധികാരികൾക്കും അവരുടെ ഉപദേശക വൃന്ദത്തിനും അറിയാത്ത കാര്യമല്ലല്ലോ. പ്രത്യേക ഭരണപ്രദേശം വേണമെന്ന ആവശ്യത്തിൽ കുക്കി വിഭാഗം ഇപ്പോളും ഉറച്ചുനിൽക്കുകയാണ്.

ഇത്രയും വൈകിയ ശേഷം കേന്ദ്രം മുഖ്യമന്ത്രിയുടെ രാജി ചോദിച്ചുവാങ്ങി എന്നത് മണിപ്പൂർ ജനതക്ക് നൽകുന്ന നീതിയാണെന്ന് പറയാനാവില്ല, മറിച്ച് ഒരു മുഖംരക്ഷിക്കൽ തന്ത്രമേ ആകുന്നുള്ളൂ. 21 മാസമായി മണിപ്പൂരിലെ ജനത അനുഭവിക്കുന്ന അരുതായ്മകൾക്ക് സമാധാനം പറഞ്ഞേ മതിയാകൂ. കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും വീടുകളുടെയും ആരാധനാലയങ്ങളുടെയും തീവെപ്പും ആയുധപ്പുരകളിൽ നിന്നുള്ള ആയുധക്കടത്തുമുൾപ്പെടെ സകല കുറ്റകൃത്യങ്ങളും പക്ഷപാതരഹിതമായി അന്വേഷിക്കപ്പെടണം, കുറ്റവാളികൾക്ക് മതിയായ ശിക്ഷയും വാങ്ങി നൽകണം. അതിലുപരി മണിപ്പൂരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഓരോ ജനങ്ങളും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണെന്ന ഉറപ്പും ലഭ്യമാക്കണം. അത്തരമൊരു ഉറപ്പ് നൽകാൻ രാജ്യം വാണരുളുന്നവർ ഇനിയും തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialManipurN Biren Singh
News Summary - Manipur Chief Minister Biren Singh resigns
Next Story