യുദ്ധക്കുറ്റം: ആരോപകരും ആരോപിതരും
text_fieldsഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി, ഏതാണ്ടൊരു വീണ്ടുവിചാരമെന്നോണമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്ലാദിമിർ പുടിനെപ്പറ്റി 'ഉവ്വ്, അയാളൊരു യുദ്ധക്കുറ്റവാളിയാണ്' എന്ന് പ്രതികരിച്ചത്. പിന്നീട് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ആ പ്രസ്താവന മയപ്പെടുത്തുകയും ബൈഡൻ ഹൃദയത്തിന്റെ ഭാഷ പറഞ്ഞെന്നേയുള്ളൂ, യുദ്ധക്കുറ്റാരോപണങ്ങൾ അന്വേഷണഘട്ടത്തിൽ മാത്രമാണ് എന്നെല്ലാം പറഞ്ഞ് വിഷയം ചെറുതാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, റഷ്യ അതിനോട് രൂക്ഷമായി പ്രതികരിച്ചത്, അമേരിക്ക കാര്യത്തിലാണ് എന്നറിഞ്ഞുതന്നെയാവണം. കാരണം, ബൈഡന്റെ പ്രസ്താവനക്ക് തൊട്ടുമുമ്പ് അമേരിക്കൻ സെനറ്റ് പുടിനെ യുദ്ധക്കുറ്റങ്ങൾക്ക് വിചാരണചെയ്യണമെന്ന പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്. പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി യൂറോപ്യൻ യൂനിയനിലെ നേതാക്കളോട് അഭ്യർഥിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി)യിൽ 39 അംഗരാജ്യങ്ങൾ റഷ്യക്കെതിരെ അന്വേഷണമാവശ്യപ്പെടുകയും അതുപ്രകാരം ഐ.സി.സി പ്രോസിക്യൂട്ടർ കരീം എ.എ. ഖാൻ നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതി കോടതി (ഐ.സി.ജെ) റഷ്യയോട് യുക്രെയ്ൻ ആക്രമണം നിർത്താനാവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രിട്ടീഷ് പാർലമെന്റിൽ പറഞ്ഞതും, റഷ്യ യുക്രെയ്നിൽ ഇപ്പോൾ ചെയ്യുന്നത് യുദ്ധക്കുറ്റമെന്ന വകുപ്പിൽ പെടുത്താവുന്നതാണ് എന്നാണ്. ആംനസ്റ്റി ഇന്റർനാഷനൽ, ഹ്യൂമൻ റൈറ്റ്സ്വാച്ച് തുടങ്ങിയ സന്നദ്ധ സംഘങ്ങളും റഷ്യ ചെയ്യുന്ന കുറ്റങ്ങളെ അപലപിച്ചിട്ടുണ്ട്.
റഷ്യൻ സൈന്യം പുടിന്റെ അറിവോടും സമ്മതത്തോടും കൂടി യുക്രെയ്നിൽ ചെയ്തുകൂട്ടുന്ന ക്രൂരതകൾ ഐ.സി.സിയുടെ ആധാര നിയമമായ റോം സ്റ്റാറ്റ്യൂട്ട് (1998) അനുസരിച്ചും ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളനുസരിച്ചും ജനീവ കരാർ പ്രകാരവുമെല്ലാം ന്യായീകരിക്കാനാകാത്ത കുറ്റങ്ങളാണ് എന്നതിൽ സംശയമില്ല. ആവശ്യമില്ലാതെ നാശം വിതക്കുന്നതും കരുതിക്കൂട്ടി സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ഉന്നംവെക്കുന്നതുമെല്ലാം യുദ്ധക്കുറ്റങ്ങളിൽ പെടും. ആശുപത്രിയും തിയറ്ററും റഷ്യ കഴിഞ്ഞദിവസങ്ങളിൽ ബോംബിട്ട് തകർത്തു. സിവിലിയന്മാർ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ആക്രമണം നടത്തുന്നതും അതിന് അനുമതി നൽകുന്നതും യുദ്ധക്കുറ്റങ്ങളാണ്. ഇവക്കു പുറമെ മനുഷ്യകുലത്തിനെതിരായ കുറ്റങ്ങളുടെ പേരിലും ഐ.സി.സിക്ക് വിചാരണചെയ്ത് ശിക്ഷിക്കാം -കൂട്ടക്കൊല, വംശഹത്യ തുടങ്ങിയവ അക്കൂട്ടത്തിൽപെടും. യുക്രെയ്നിലെ റഷ്യൻ ചെയ്തികൾ ഈ കുറ്റങ്ങളുടെ വരുതിയിൽ ഉൾപ്പെടാവുന്നവയാണ്. യുദ്ധക്കുറ്റങ്ങളുടെ പേരിൽ സ്ലൊബോദാൻ മിലോസെവിച്ച്, റഡോവൻ കറാജിച്ച്, റാൽകോ മ്ലാഡിച്ച് തുടങ്ങി പല രാഷ്ട്രീയ നേതാക്കളെയും ഐ.സി.സി കുറ്റവാളികളായി കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ട്. എന്നാൽ, ഈ നീതി എല്ലാവർക്കും ബാധകമാകുന്നില്ല എന്നിടത്താണ് പ്രശ്നം. ഒന്നാമത്, റഷ്യയോ അമേരിക്കയോ ഐ.സി.സിയെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഐ.സി.സിയുടെ അധികാരപരിധിയിൽ തങ്ങൾ പെടില്ലെന്ന് അവർ വാദിക്കുന്നു. രണ്ടാമത്, കുറ്റാരോപിതരും ആരോപണമുന്നയിക്കുന്നവരും യുദ്ധക്കുറ്റങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ല.
ഇന്ന് യുക്രെയ്നിലെ വിഘടിത റിപ്പബ്ലിക്കുകളെ അംഗീകരിച്ചതിന് റഷ്യയെ കുറ്റപ്പെടുത്തുന്ന അമേരിക്ക, യു.എൻ നിലപാടിനെ ധിക്കരിച്ചാണ് ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്. യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കുന്ന യു.എൻ. രക്ഷാസമിതി പ്രമേയം റഷ്യ വീറ്റോ ചെയ്തത് അമേരിക്കക്ക് സഹിക്കുന്നില്ല; ഫലസ്തീനിലെ അന്യായ അധിനിവേശത്തിന്റെ പേരിൽ ഇസ്രായേലിനെ അപലപിക്കുന്ന 53 പ്രമേയങ്ങളാണ് അമേരിക്ക വീറ്റോ ചെയ്തത്. യുക്രെയ്നിലും ക്രിമിയയിലും കടന്നുകയറിയതിന് റഷ്യയെ ആക്ഷേപിക്കുന്ന അമേരിക്ക ഇറാഖിലും ലിബിയയിലും അഫ്ഗാനിസ്താനിലുമെല്ലാം ചെയ്തത് എന്തായിരുന്നു? 2003ൽ അമേരിക്കയും ബുഷും ഇറാഖിനോട് ചെയ്തത് യുദ്ധക്കുറ്റമല്ലേ? ''യു.എൻ. ചാർട്ടർ മരിച്ചുകഴിഞ്ഞു; അമേരിക്കക്ക് അന്താരാഷ്ട്ര നിയമം ബാധകമല്ല'' എന്നുപറഞ്ഞ് അഫ്ഗാനിസ്താനെയും ഇറാഖിനെയും തകർക്കാനിറങ്ങിയ ബുഷിന്റെ ചെയ്തി, ഇന്ന് പുടിൻ ചെയ്യുന്നതിലും ക്രൂരമായിരുന്നു. നാറ്റോ സൈനിക സഖ്യം 2011ൽ ലിബിയയോട് ചെയ്തതും അങ്ങനെതന്നെ. നിഷ്ഠുരമായ സൈനിക നടപടിയിലൂടെ പുടിൻ ഇപ്പോഴത്തെ യുക്രെയ്ൻ സർക്കാറിനെ അട്ടിമറിച്ച് സ്വന്തം പാവസർക്കാറിനെ പ്രതിഷ്ഠിക്കാനാണ് നോക്കുന്നതെന്ന് ആരോപിക്കുന്ന അമേരിക്ക അനേകം രാജ്യങ്ങളിൽ അതാണ് ചെയ്തത്. യുദ്ധക്കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ തങ്ങളുടെ സൈനികർക്ക് പ്രത്യേക പരിരക്ഷ ആവശ്യപ്പെട്ട അമേരിക്ക റഷ്യക്കെതിരെ യുദ്ധക്കുറ്റാരോപണം ഉയർത്തുന്നതു കാണാൻ കൗതുകമുണ്ട്. അമേരിക്കയായാലും റഷ്യയായാലും, യു.എൻ അടക്കമുള്ള അന്താരാഷ്ട്ര കൂട്ടായ്മകളെ സ്വന്തം താൽപര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുമ്പോൾ നീതിയെപ്പറ്റിയുള്ള വർത്തമാനമെല്ലാം വെറുതെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.