ശിരോവസ്ത്ര വിലക്കിന് അനുകൂലമായ കോടതിവിധി
text_fieldsഗവൺമെന്റ് കോളജിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് അഥവാ ശിരോവസ്ത്രം വിലക്കിയ കർണാടക ബി.ജെ.പി സർക്കാറിന്റെ ഉത്തരവിനെതിരെ മുസ്ലിം പെൺകുട്ടികൾ സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഫുൾ ബെഞ്ച് തള്ളിക്കളഞ്ഞുകൊണ്ട് ഹിജാബ് ഇസ്ലാം മതത്തിലെ നിർബന്ധാചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് വൻ വിവാദമുയർത്തിയിരിക്കുന്നു. അത് തികച്ചും സ്വാഭാവികമാണ്. പ്രവാചകന്റെ കാലം മുതൽ ഇന്നുവരെയുള്ള മുസ്ലിം സമൂഹവും അതിന് നേതൃത്വം നൽകിയ പണ്ഡിതന്മാരും നിർബന്ധമാണെന്ന് വിധിയെഴുതിയ ഒരാചാരത്തെയാണ് അത് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന് കോടതി വിധിച്ചിരിക്കുന്നത്. മതവിശ്വാസത്തിനും തദനുസൃതമായ ആചാരാനുഷ്ഠാനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25ാം ഖണ്ഡികയുമായി ഏറ്റുമുട്ടുന്നതാണ് കർണാടക സർക്കാറിന്റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു. കാരണം, സ്ത്രീയുടെ ഹിജാബ് മതപരമല്ല എന്നാണ് അനുകൂലവും പ്രതികൂലവുമായ അഭിഭാഷകരുടെ വാഗ്വാദങ്ങൾക്കുശേഷം ഹൈകോടതിക്ക് ബോധ്യപ്പെട്ടത്. അതേയവസരത്തിൽ ക്ലാസ്മുറികളിൽ ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങൾ അനുവദിക്കാനാവില്ല എന്ന് ഉദ്ഘോഷിച്ചുകൊണ്ടാണ് ഹിന്ദുത്വവാദികൾ അതിനെതിരെ അക്രമാസക്ത പ്രക്ഷോഭങ്ങൾ നയിച്ചതും സർക്കാർ കോളജ് അധികൃതർ അത് അംഗീകരിച്ചു ഹിജാബ് ധാരിണികളുടെ നേരെ സ്ഥാപനത്തിന്റെ കവാടം കൊട്ടിയടച്ചതും. ഇസ്ലാമികാചാരമല്ല ഹിജാബെങ്കിൽ പ്രക്ഷോഭകാരികൾക്ക് എതിർപ്പൊന്നും ഉണ്ടാവുമായിരുന്നില്ല എന്നർഥം. ഇപ്പോൾ ഹൈകോടതി കണ്ടെത്തിയതാകട്ടെ, ഇസ്ലാമികാചാരമല്ലാത്തതുകൊണ്ട് ഹിജാബ് ധരിക്കാൻ മുസ്ലിം പെൺകുട്ടികൾക്ക് അത് വിലക്കിയത് ന്യായമാണെന്നും! മാത്രമല്ല, മുസ്ലിം പെൺകുട്ടികൾ അവരുടെ മതവേഷമായ ഹിജാബ് ധരിച്ചതിനെതിരെ ഹിന്ദുത്വവിദ്യാർഥികൾ തങ്ങളുടെ മത വേഷമായി കൊണ്ടുനടക്കുന്ന കാവി ധരിച്ചുകൊണ്ടാണ് സമരം നടത്തിയതും.
ഇവിടെ തീരുമാനിക്കപ്പെടേണ്ട പ്രധാന വസ്തുത, ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിക്കുന്നതും അക്കാര്യത്തിൽ തീർപ്പ് കൽപിക്കുന്നതും ആരാണെന്നതാണ്. ഭരണഘടനയുടെയും മതേതര ജനാധിപത്യത്തിന്റെയും മുൻ കോടതിവിധികളുടെയും വെളിച്ചത്തിൽ അതിനുള്ള അധികാരവും അവകാശവും ബന്ധപ്പെട്ട മതാചാര്യന്മാർക്കാണ്. 1937ലെ ശരീഅത്ത് ആക്ട് ഇന്നും പ്രാബല്യത്തിലിരിക്കുന്നു. അതുപ്രകാരം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിവാഹം, വിവാഹമോചനം, അനന്തരാവകാശം മുതലായ വിഷയങ്ങളിൽ സുന്നി മദ്ഹബുകളിലെയും ശിയാ മദ്ഹബുകളിലെയും ആധികാരിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം കോടതികൾ വിധി കൽപിക്കാൻ. സ്വന്തമായി തീരുമാനിക്കാനോ വിധി പുറപ്പെടുവിക്കാനോ കോടതികൾക്ക് അനുവാദമില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനകാര്യത്തിൽ ആദ്യം അതനുവദിച്ചു വിധി പ്രസ്താവിച്ച സുപ്രീംകോടതി പിന്നീട് അത് അന്തിമമായി തീരുമാനിക്കാനുള്ള അധികാരം പരമോന്നത കോടതിയുടെ തന്നെ വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. വിവിധ മതസമുദായങ്ങൾ താമസിക്കുന്ന മതേതര ഇന്ത്യയിൽ അങ്ങനെയല്ലാതെ തീരുമാനിക്കാനാവില്ല എന്നാർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. എന്നിരിക്കെ കർണാടക ഹൈകോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള പല സംഘടനകളുടെയും തീരുമാനങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ.
മുസ്ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റംവരെ ചോദ്യം ചെയ്യാനുള്ള തീവ്രഹിന്ദുത്വവാദികളുടെ ആസൂത്രിത അജണ്ടയുടെ പശ്ചാത്തലത്തിൽ ഇതുപോലുള്ള വെല്ലുവിളികൾ നിരന്തരം പ്രതീക്ഷിക്കണം. ഏറ്റവും ഒടുവിൽ ഇന്ത്യയിൽ മുസ്ലിംകളോ ക്രിസ്ത്യാനികളോ ഇല്ല, എല്ലാവരും ഹിന്ദുക്കളാണെന്നും രാജ്യക്കൂറ് നോക്കി അവരെ നാലായി തരംതിരിക്കണമെന്നും ആർ.എസ്.എസ് ആവശ്യപ്പെട്ടത് ദിവസങ്ങൾക്ക് മുമ്പാണല്ലോ. വ്യതിരിക്ത വിശ്വാസവും സംസ്കാരവും വെച്ചുപുലർത്തുന്നവരെ പൊറുപ്പിക്കാൻ അവർ തയാറല്ല. അല്ലെന്നുണ്ടെങ്കിൽ കാലാകാലങ്ങളിൽ ശിരോവസ്ത്രമണിഞ്ഞ് വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിച്ച് നാനാ ജീവിതരംഗങ്ങളിൽ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന മുസ്ലിം പെൺകുട്ടികളെ അലോസരപ്പെടുത്തുന്നതും അവരുടെ പഠനം മുടക്കുന്നതും ആർക്കുവേണ്ടി, എന്തിനുവേണ്ടിയാണ്? ഹിജാബ് വിലക്കിന് അനുകൂലമായ കോടതിവിധിയെ സ്വാഗതം ചെയ്തുകൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നടത്തിയ പ്രസ്താവനയിൽ മുഖ്യധാരയിലേക്ക് മുസ്ലിം പെൺകുട്ടികൾക്ക് വിധി അവസരം നൽകുന്നു എന്ന വിചിത്രമായ വാദഗതിയാണ് ഉന്നയിച്ചിരിക്കുന്നത്. മുസ്ലിം പെൺകുട്ടികൾ മുഖ്യധാരയിലേക്ക് കടന്നുവന്ന് പരമാവധി ഉന്നത വിദ്യാഭ്യാസം നേടാൻ രംഗത്തിറങ്ങിയതിനെതിരെയാണ് ഹിജാബ് വിലക്കാൻ ശ്രമം നടന്നിരിക്കുന്നത്. അഥവാ, ഹിജാബ് ധരിക്കുക എന്ന പൗരാവകാശം വിലക്കിക്കൊണ്ട് മുസ്ലിം പെൺകുട്ടികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്താനാണ് ശ്രമം നടന്നത് എന്ന് വ്യക്തമായിരിക്കെ കേരള ഗവർണർ പണ്ട് പറഞ്ഞുനടന്നത് കണ്ണുംചിമ്മി ആവർത്തിക്കുന്നു എന്നേ പറയാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.