സാർഥകമായ വിധി
text_fieldsഐ.എസ്.ആർ.ഒ ചാരവൃത്തിക്കേസ് കെട്ടിച്ചമച്ച കഥയായിരുന്നുവെന്ന് സുപ്രീംകോടതി ഒരിക്കൽക്കൂടി വിധി പ്രസ്താവിച്ചിരിക്കുന്നു, സംശയരഹിതമായി. രാജ്യെത്ത ഏറ്റവും പ്രഗല്ഭനായ ശാസ്ത്രജ്ഞെൻറ കാൽനൂറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിെൻറ സാർഥക ഫലം. ചാരനും ദേശദ്രോഹിയുമെന്ന അഭിശപ്ത മുദ്രയിൽനിന്ന് നമ്പി നാരായണൻ നീതി നിഷേധിക്കപ്പെട്ടവരുടെ സമർപ്പിത ജീവിതപാഠമായി പുനർജനിച്ചിരിക്കുന്നു. പൊലീസ്, ഭരണകൂട അനീതികൾക്കെതിരെ പോരാടുന്നവർക്ക് നിത്യപ്രചോദകമാകുന്ന വിധിന്യായത്തിെൻറ കാരണക്കാരൻ എന്ന നിലയിൽ തീർച്ചയായും അദ്ദേഹത്തിെൻറ നാമവും നിയമ ഇടപെടലുകളും ഭാവിയിൽ വെളിച്ചമായി പ്രകാശിച്ചുകൊണ്ടേയിരിക്കും. കാരണം, നമ്പി നാരായണൻ കേസിലെ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഭരണഘടന ഖണ്ഡിക 21ാം അനുച്ഛേദത്തിെൻറ വ്യാഖ്യാനവും, പൊലീസ് പീഡനക്കേസുകളിലും അന്യായമായി കുറ്റം ചുമത്തപ്പെട്ട് വിചാരണ തടവുകാരായി ആയുസ്സ് ബലി നൽകിയശേഷം കുറ്റമുക്തമാക്കപ്പെട്ടവരുടെ നഷ്ടപരിഹാരക്കേസുകളിലും നിർണായക ഘടകമായി മാറാൻ പോകുകയാണ്.
അന്യായമായി അറസ്റ്റും പീഡനവും ഏൽക്കേണ്ടിവന്ന വ്യക്തിയുടെ അന്തസ്സിെൻറ പുനഃസ്ഥാപനത്തിന് നഷ്ടപരിഹാരം നൽകണമെന്നും അധികാര ദുർവിനിയോഗം നിർവഹിച്ച അന്വേഷണ ഉദ്യോഗസ്ഥർ നടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും തെളിയിക്കുന്നു 32 പേജുകളുള്ള നമ്പി നാരായണൻ കേസിലെ വിധിന്യായം. ‘‘നമ്പി നാരായണെൻറ തെറ്റായ തടവും ദുരുദ്ദേശ്യപരമായ പ്രോസിക്യൂഷൻ നിന്ദയും അപമാനവും കോടതിക്ക് കാണാതിരിക്കാനാകില്ല. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിെൻറ അവിഭാജ്യഘടകമാണ് വ്യക്തിയുടെ പ്രശസ്തി. മാനസികപീഡനത്തിന് വിധേയമാക്കുമ്പോള്‍ ഒരാളുടെ അന്തസ്സിനാണ് ആഘാതം ഏല്‍ക്കുന്നത്. അന്യായപ്രവൃത്തികൊണ്ട് ആത്മാഭിമാനം ക്രൂശിക്കപ്പെടുമ്പോഴാണ് ഒരാള്‍ നീതിക്കായി കേഴുന്നത്. പൊതുനിയമ വകുപ്പുകള്‍ പ്രകാരം അയാൾക്ക് നഷ്ടപരിഹാരം അനുവദിക്കപ്പെടേണ്ടതും അപ്പോഴാണ്. സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനായി നമ്പി നാരായണെൻറ കേസ് ഉണ്ടെങ്കിലും ഭരണഘടന കോടതിക്ക് പൊതുനിയമപ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് തടസ്സമില്ല’’ -വ്യക്തമായ ഈ നിരീക്ഷണത്തിലൂടെ നഷ്ടപരിഹാരത്തിന് വിധിച്ചതിനോടൊപ്പം തെറ്റുകാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി നിർദേശിക്കാൻ വിരമിച്ച ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതിയെയും നിശ്ചയിച്ചിരിക്കുകയാണ് സുപ്രീംകോടതി.
അന്യായമായ അറസ്റ്റിനും നീണ്ട വിചാരണകൾക്കും ശേഷം കുറ്റമുക്തരാക്കപ്പെടുന്ന കേസുകളിലെ നഷ്ടപരിഹാര വിഷയത്തിൽ ഇതുവരെയുള്ള കോടതിവിധികൾ ഏകാത്മകമോ പൊതുമാനദണ്ഡം പാലിച്ചവയോ ആയിരുന്നില്ല. പലപ്പോഴും അവ പരസ്പരം വിരുദ്ധസ്വഭാവം പുലർത്തി. 1983 ലെ ‘റുധുല്‍ ഷാ കേസ്’ മുതല്‍ അന്യായമായ തടങ്കൽ, പൊലീസ് കസ്റ്റഡിയിലെ മരണം, ബലാത്സംഗം, പീഡനം തുടങ്ങിയ കേസുകളിൽ ഇരകളായവര്‍ക്ക് 30,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ, 2002ൽ നടന്ന അക്ഷർധാം ആക്രമണക്കേസിൽ കുറ്റമുക്തരാക്കിയവരുടെ നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള ഹരജി ഫയലിൽ സ്വീകരിക്കാൻ വാക്കാൽ വിസമ്മതിക്കുകയായിരുന്നു സുപ്രീംകോടതി. തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട്, പിന്നീട് കുറ്റമുക്തരായ ആളുകള്‍ക്ക് നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശം നല്കിയാൽ അത് അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുക എന്ന് അഭിപ്രായപ്പെട്ട ബെഞ്ചിൽ നമ്പി നാരായണൻ കേസിൽ പൗരാവകാശം ഉയർത്തിപ്പിടിച്ച വിധിക്ക് അധ്യക്ഷത വഹിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഉണ്ടായിരുന്നുവെന്നതാണ് കൗതുകകരം. ബെഞ്ചിെൻറ നിരീക്ഷണം വിധിയായി വന്നാൽ നഷ്ടപരിഹാരക്കേസുകളുടെ ഭാവി അപകടത്തിലാകുമെന്ന് പറഞ്ഞ് സീനിയർ അഭിഭാഷകൻ കെ.ടി.എസ്. തുളസി ആ ഹരജി പിൻവലിക്കുകയായിരുന്നു. യഥാർഥത്തിൽ ‘അനീതി’, ‘യുക്തിരഹിതം’, ‘മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വ്യക്തമായ ലംഘനം’ എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് അക്ഷർധാം കേസിലെ നിരപരാധികളുടെ വധശിക്ഷ സുപ്രീംകോടതി റദ്ദുചെയ്തത്. എന്നിട്ടും അവരുടെ നഷ്ടപരിഹാരവും അന്തസ്സും അന്ന് കോടതിക്ക് കാണാനായില്ല.
ഇന്ത്യയിലെ വിചാരണ തടവുകാരിൽ ഭൂരിഭാഗവും മുസ്ലിംകളും ദലിതുകളുമാെണന്നത് ധാരാളം പഠനങ്ങൾ പുറത്തുകൊണ്ടുവന്ന വസ്തുതയാണ്. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ തീവ്രവാദക്കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മഹാഭൂരിഭാഗത്തെയും നിരപരാധികളായി വിട്ടയക്കുകയുമാണ് ചെയ്തിട്ടുള്ളത്. കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തും വ്യാജ തെളിവുകള്‍ ഉണ്ടാക്കിയും നിരപരാധികളെ ജയിലിലടക്കാനുള്ള പ്രധാന കാരണങ്ങൾ എളുപ്പത്തിൽ സ്ഥാനലബ്ധി കരസ്ഥമാക്കാനുള്ള വ്യഗ്രത, ഭരണകർത്താക്കളുടെ പ്രീതി, പ്രാദേശികമായുള്ള തർക്കങ്ങളും വിദ്വേഷങ്ങളും എന്നിവയാെണന്ന് സുപ്രീംകോടതി തന്നെ വിവിധ കേസുകളിൽ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, അവർെക്കതിരെ നടപടി സ്വീകരിക്കാനാവശ്യപ്പെടുമ്പോൾ അന്വേഷണ ഏജൻസിയുടെ ആത്മവിശ്വാസം തകരുമെന്ന ഭരണകൂട വ്യാഖ്യാനം പലപ്പോഴും കോടതികളും അംഗീകരിച്ചുപോരുന്നു. എന്നാൽ, വിദേശ രാജ്യങ്ങളിലുള്ളതുപോലെ വ്യാജ കേസുകളിൽ ജീവിതം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ദേശീയ നിയമ കമീഷെൻറ 277ാമത്തെ റിപ്പോർട്ട് ശിപാർശ ചെയ്തിരിക്കുന്നു. നമ്പി നാരായണൻ കേസിലെ വിധിയും ദേശീയ നിയമ കമീഷെൻറ ഏറ്റവും പുതിയ നിർദേശവും പൗരന്മാരുെട മഹിതമായ അന്തസ്സാണ് ഉയർത്തിപ്പിടിക്കുന്നത്. അവ വിവേചനങ്ങളില്ലാതെ നടപ്പാക്കാനുള്ള കൂട്ടായ പരിശ്രമങ്ങളാണ് ഇനി നടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.