സാമ്രാജ്യത്വത്തിെൻറ യന്ത്രമനസ്സാക്ഷി
text_fieldsഒടുവിൽ അമേരിക്ക ഔദ്യോഗികമായി സമ്മതിച്ചിരിക്കുന്നു, അഫ്ഗാനിസ്താനിൽനിന്ന് പോകുന്ന പോക്കിൽ തങ്ങൾ കൊന്നുകളഞ്ഞ മനുഷ്യർ നിരപരാധികളായിരുന്നു എന്ന്. നിരപരാധികൾ മാത്രമല്ല, അമേരിക്കക്ക് അതുവരെ സഹായംചെയ്തുവന്ന കുടുംബമാണെന്നും. അമേരിക്കൻ സേന വിട്ടുപോകവേ, കാബൂൾ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ അഫ്ഗാനികളും അമേരിക്കക്കാരുമായി 182 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിെൻറ ഉത്തരവാദിത്തം 'ഐ.എസ്-ഖുറാസാൻ' (ഐ.എസ്-കെ) എന്ന സംഘടന ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചെയ്തിക്കുള്ള പ്രതികാരമെന്ന നിലക്കാണ് ആഗസ്റ്റ് 29ന് സമരി അഹ്മദി എന്നയാളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയത്. വാസ്തവത്തിൽ അഹ്മദി ന്യൂട്രീഷൻ ആൻഡ് എജുക്കേഷൻ ഇൻറർനാഷനൽ എന്ന അമേരിക്കൻ എൻ.ജി.ഒയുടെ പ്രവർത്തകനായിരുന്നു.
തെൻറ വാഹനത്തിൽ അദ്ദേഹം നിറച്ചുവെച്ച വെള്ളപ്പാത്രങ്ങൾ ബോംബുകളാണെന്നും അദ്ദേഹം മറ്റൊരു ഭീകരാക്രമണത്തിന് കോപ്പുകൂട്ടുന്ന ഐ.എസ്-കെയുടെ അംഗമാണെന്നും അമേരിക്കയുടെ അതേ 'ഇൻറലിജൻസ്' ഉള്ള ഡ്രോൺ തീരുമാനിച്ചു. അത് തൊടുത്ത സ്ഫോടകമേറ്റ്, നിന്നനിൽപിൽ ചാമ്പലായത് പത്ത് മനുഷ്യർ; അതിൽ ഏഴുപേർ കുട്ടികൾ. അന്ന് ഈ പാതകത്തെക്കുറിച്ച വാർത്തകൾ യു.എസ് അധികൃതർ നിഷേധിച്ചു. ആ ഡ്രോൺ ആക്രമണംകൊണ്ട് മറ്റൊരു ഭീകരാക്രമണം തടയാൻ കഴിഞ്ഞു എന്ന് അവകാശപ്പെട്ടു. അതുകൊണ്ടും നിർത്താതെ അമേരിക്കൻ സൈനികമേധാവികളുടെ തലവനായ മാർക് മിലി തറപ്പിച്ച് വിധി പറഞ്ഞു, 'ഞങ്ങൾ നടത്തിയ ആ ആക്രമണം ധാർമികമായിരുന്നു' എന്ന്. പക്ഷേ, അമേരിക്കൻ മാധ്യമങ്ങളും അഫ്ഗാൻ കുടുംബങ്ങളും നിരത്തിയ തെളിവുകൾക്കു മുന്നിൽ ഈ വാദമെല്ലാം പൊളിഞ്ഞു. അങ്ങനെയാണ് യു.എസ് സെൻട്രൽ കമാൻഡ് മേധാവി കെനത്ത് മക്കൻസി കുറ്റസമ്മതം നടത്തിയത്.
ഡ്രോൺ ലക്ഷ്യമിട്ട വാഹനവും അതിലുണ്ടായിരുന്നവരുമൊന്നും ഐ.എസ്-കെയുമായി ബന്ധമുള്ളവരല്ല എന്ന് ബോധ്യമായത്രെ. അവർ അമേരിക്കൻ സേനക്ക് ഭീഷണിയേ ആയിരുന്നില്ലെന്ന് മനസ്സിലായത്രെ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും 'അഗാധമായ അനുശോചനം' രേഖപ്പെടുത്തുന്നുവത്രെ. എത്ര എളുപ്പം! ഇതിനെ ഒരു ഒറ്റപ്പെട്ട അബദ്ധമായി കാണാമായിരുന്നു, ഇത് സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുള്ള യു.എസ് പ്രതികരണത്തിെൻറയും അതിലൂടെ ഉരുവംകൊണ്ട ഭീകരതാവിരുദ്ധ യുദ്ധത്തിെൻറയും ചെറുമാതൃക ആയിരുന്നില്ലെങ്കിൽ. തങ്ങൾ ചെയ്ത പാതകങ്ങൾക്ക് ആരോ സ്വപക്ഷത്തെ നിരപരാധികളോട് പകപോക്കുേമ്പാൾ അതേ ശൈലിയിൽ, നിരപരാധികളായ മറ്റു ജനസമൂഹങ്ങളെ കശാപ്പുചെയ്യുന്ന പ്രതിഭീകരതയാണല്ലോ ആ മാതൃക.
അഹ്മദി ഭീകരനായിരുന്നു എന്ന് തെളിയിക്കാൻവേണ്ടി, ഡ്രോൺ ആക്രമണത്തിനു പിന്നാലെ സ്ഫോടകവസ്തുക്കളുടെ മറ്റൊരു പൊട്ടിത്തെറി ഉണ്ടായി എന്ന് നുണ ഇറക്കി. അത് പൊളിഞ്ഞപ്പോൾ മാത്രമാണ് അമേരിക്കൻ അധികൃതർ ക്ഷമാപണം ചെയ്യാൻ തയാറായത്. സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ തയാറില്ലാത്ത ഇതേ സാമ്രാജ്യത്വ മനസ്സാണ് പതിറ്റാണ്ടുകൾകൊണ്ട് അനേകം രാജ്യങ്ങളെ നശിപ്പിച്ചുകളഞ്ഞത്. അഫ്ഗാനിസ്താനിലെ നിരപരാധികളോട് ഡ്രോൺ ചെയ്ത തെറ്റ് അമേരിക്കക്ക് ഏറ്റുപറയേണ്ടിവന്നിരിക്കുന്നു. എന്നാൽ, ക്ഷമചോദിക്കേണ്ടിവന്നിട്ടില്ലാത്ത വേറെ എത്രയെത്ര കൂട്ടക്കശാപ്പുകൾ അഫ്ഗാനിസ്താനിലും സിറിയയിലും ഇറാഖിലും സോമാലിയയിലും മറ്റുമായി അവർ ചെയ്തുകൂട്ടിയിരിക്കുന്നു! ഇതിന് മൗനാനുവാദമോ തുറന്ന സഹകരണമോ ഒക്കെ നൽകിയ ഇതര രാജ്യങ്ങളും ഈ കുറ്റത്തിൽ പങ്കാളികളാണ്.
ഖണ്ഡിക്കാനാവാത്ത തെളിവുകൾക്കു മുന്നിലാണെങ്കിലും അമേരിക്ക കുറ്റം ഏറ്റുപറഞ്ഞത് സ്വാഗതാർഹമാണ്. അത്രപോലും ചെയ്യാത്ത മുൻ ശൈലിയിൽനിന്ന് ഒരു മാറ്റമെങ്കിലുമാണല്ലോ ഇത്. പ്രായശ്ചിത്തം ചെയ്യാൻ തയാറാെണന്ന് അവർ പറയുേമ്പാൾ ഉദ്ദേശിക്കുന്നത് നഷ്ടപരിഹാരം നൽകും എന്നാവണം. പക്ഷേ, സന്തപ്ത കുടുംബം പറഞ്ഞതുതന്നെയാണ്, ലോക സമൂഹത്തിനും പറയാനുള്ളത് -വെറുമൊരു 'സോറി'കൊണ്ട് ഇരകൾക്ക് നീതികിട്ടില്ല. ഈ പാതകത്തിന് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കേണ്ടതുണ്ട്. അതിന് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടക്കണം. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ യുദ്ധരീതിയിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റംവരുത്തുകയാണ് മറ്റൊന്ന്. ഡ്രോൺ പോലുള്ള ആളില്ലാ സംവിധാനങ്ങൾ കൃത്യവും കുറ്റമറ്റതും എന്ന നിലക്കാണ് അവതരിപ്പിക്കാറുള്ളതെങ്കിലും അവ അസംഖ്യം നിരപരാധികളെ കൊലപ്പെടുത്തുകയും അതെല്ലാം ആകസ്മിക നാശം (കോലാറ്ററൽ ഡാമേജ്) എന്ന കണക്കിൽ എഴുതിത്തള്ളുകയും ചെയ്തതായാണ് അനുഭവം.
കാബൂൾ സംഭവത്തിൽ അഹ്മദിയെ ഭീകരനായി ഡ്രോൺ 'തിരിച്ചറിഞ്ഞ'ത് മണിക്കൂറുകളോളം നിരീക്ഷിച്ചശേഷമാണ്. ഇത് ഇനിയും തുടരരുത്. ഡ്രോൺ യുദ്ധരീതി രാജ്യങ്ങൾ ഉപേക്ഷിക്കണം. ആരോടും ഉത്തരം പറയേണ്ടതില്ലാത്ത യന്ത്രങ്ങളാകരുത് യുദ്ധം നടത്തുന്നത്. ആംനസ്റ്റി ഇൻറർനാഷനൽ ചൂണ്ടിക്കാട്ടുന്നപോലെ, രണ്ടു പതിറ്റാണ്ടായി അമേരിക്ക തുടരുന്ന നിരുത്തരവാദപരമായ യുദ്ധശൈലി ഇനിയുമരുത്. മാത്രമല്ല, യുദ്ധക്കുറ്റങ്ങളിൽപെടുത്തേണ്ട അനേകം സംഭവങ്ങളുണ്ട്. അവയിൽ അന്വേഷണം നടത്തേണ്ട ബാധ്യത അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. വർഷങ്ങളായി വെറും കാഴ്ചക്കാരായി നിൽക്കുന്ന യു.എന്നും ലോകകോടതിയും ഇനിയെങ്കിലും ഉണരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.