മാധ്യമങ്ങൾ പ്രതിക്കൂട്ടിൽ നിർത്തപ്പെടുമ്പോൾ
text_fieldsസാമൂഹിക മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഇടപെടലുകൾ വ്യവസ്ഥാപിത മാധ്യമ സ്ഥാപനങ്ങൾക്കു നേരെ അത്യപൂർവമായ വെല്ലുവിളി ഉയർത്തുന്ന സത്യാനന്തരകാലത്ത് രാഷ്ട്രീയ–അധികാര കേന്ദ്രങ്ങളുമായി നിരന്തരം ഏറ്റുമുട്ടേറ്റിവരുന്നത് മാധ്യമപ്രവർത്തനത്തെ സാഹസിക ജോലിയാക്കി മാറ്റിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച്, പരമ്പരാഗത മാധ്യമരീതിയെയും ശൈലിയെയും വെല്ലുവിളിക്കുന്ന പുതിയ പ്രവണത നമ്മുടെ രാജ്യത്തും പടർന്നുപിടിക്കുമ്പോൾ, വസ്തുനിഷ്ഠമായ വാർത്തകളുടെ പ്രസക്തിയെ ചോദ്യംചെയ്യാനും മാധ്യമങ്ങളെ സംശയത്തിെൻറ നിഴലിൽ നിർത്തി തങ്ങളുടെ സ്വാർഥ അജണ്ടകൾ നടപ്പാക്കാനും രാഷ്ട്രീയ, അധികാര, കോർപറേറ്റ് കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ ഈ മേഖലയെ പ്രക്ഷുബ്ധമാക്കിയതിൽ അദ്ഭുതപ്പെടാനില്ല. മറുഭാഗത്താവട്ടെ, ഇന്ത്യപോലൊരു ജനായത്ത സംസ്കാരത്തിൽ മാധ്യമങ്ങൾക്ക് അനുവദിക്കുന്ന വിപുലമായ സ്വാതന്ത്ര്യവും അവകാശവും ദുരുപയോഗം ചെയ്ത്, വാണിജ്യതാൽപര്യം മാത്രം മുൻനിർത്തി നിരുത്തരവാദപരമായി മീഡിയയെ കൈകാര്യം ചെയ്യുന്ന, ഒരുനിലക്കും ന്യായീകരിക്കാനാവാത്ത പ്രവണതകൾ കൂടിക്കൂടിവരുകയുമാണ്. മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരെ മംഗളം ചാനൽ നടത്തിയ കെണിവെപ്പിെൻറ വൃത്തികെട്ട രീതി ഒരു ജനകീയമാധ്യമം എന്ന നിലയിൽ ചാനലുകൾ എത്രകണ്ട് അധ$പതിച്ചുകൂടാ എന്നതിെൻറ ഏറ്റവും വലിയ പാഠമായി നമ്മുടെ മുന്നിലുണ്ട്. ചാനലിെൻറ ഉദ്ഘാടനദിവസംതന്നെ റേറ്റിങ് കൂട്ടി കച്ചവടതാൽപര്യങ്ങൾ ഉറപ്പിക്കാൻ കുറ്റകരമായ ഗൂഢാലോചനയിലൂടെ ചാനലിലെത്തന്നെ ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് കൃത്രിമ ശബ്ദശകലമുണ്ടാക്കി സംേപ്രഷണം ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രിയുടെ രാജിയിൽ കലാശിച്ച സംഭവഗതികളെക്കുറിച്ച് അന്വേഷിച്ച പി.എസ്. ആൻറണി കമീഷൻ കണ്ടെത്തിയിരിക്കുന്നത്.
ഇടതു സർക്കാർ അധികാരത്തിലേറിയതു മുതൽക്ക് മാധ്യമങ്ങളുമായി നല്ലബന്ധം നിലനിർത്തുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലേ എന്ന് നിഷ്പക്ഷമതികൾ സ്വയം ചോദിക്കുന്നതിനിടയിലാണ് ‘ഫോൺകെണി’ പോലുള്ള സർക്കാറിനെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന സംഭവങ്ങൾ ഉണ്ടായത്. ഈയൊരു സംഭവം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവർ ആലോചിക്കുന്നതിലെ അപകടം ജനാധിപത്യത്തിെൻറ ജീവവായുവായ അഭിപ്രായ–ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇടതു–പുരോഗമന ശക്തികളെ ഓർമപ്പെടുത്തുന്നത് അധികപ്പറ്റായേക്കാം. ദൃശ്യമാധ്യമങ്ങൾ വാർത്തകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ കാണിക്കുന്ന നിരുത്തരവാദപരവും പ്രകോപനപരവുമായ രീതികളെക്കുറിച്ച് ദേശീയതലത്തിൽതന്നെ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. കഴുത്തറുപ്പൻ കിടമത്സരം മാധ്യമധർമത്തിെൻറ അസ്തിവാരംതന്നെ തോണ്ടുന്നതരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് അംഗീകരിക്കേണ്ടിവരും. അതിനു പ്രതിവിധി കാണേണ്ടത് മാധ്യമങ്ങളുടെ മേൽ പൊതുവായി നിയന്ത്രണം കൊണ്ടുവന്നോ പത്രക്കാരെ അകറ്റിനിർത്തിയോ ആയിരിക്കരുത്. ഫോൺകെണിയെക്കുറിച്ച് അന്വേഷിച്ച റിട്ട. ജില്ല ജഡ്ജി മാധ്യമങ്ങളുമായി മന്ത്രിമാർ ഇടപെടുന്നതിന് പെരുമാറ്റച്ചട്ടം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചത് ജനാധിപത്യസമൂഹത്തിന് എത്രകണ്ട് സ്വീകാര്യമാവുമെന്ന് ചിന്തിക്കേണ്ടതുണ്ട്. അടുത്ത കാലത്താണ് അധികാരത്തിലിരിക്കുന്നവർ മാധ്യമപ്രവർത്തകരെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന സ്വഭാവം കൂടുതലായി കണ്ടുതുടങ്ങിയത്. തങ്ങൾക്ക് അഹിതകരമായതൊന്നും കാണാനും കേൾക്കാനുമുള്ള മാനസിക കരുത്തില്ലായ്മയാവണം ഇതിനു കാരണം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ മാധ്യമപ്രവർത്തകരിൽനിന്ന് മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായ പെരുമാറ്റം ഉണ്ടാവുന്നുവെന്നും കേരളത്തിന് പുറത്ത് കുറച്ചുകൂടി അച്ചടക്കത്തോടെയുള്ള സമീപനമാണ് കാണാൻ കഴിഞ്ഞതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിതന്നെ മനസ്സ് തുറക്കുകയുണ്ടായി. ഈവക വിഷയങ്ങളിൽ ഇരുകൂട്ടർക്കും ഇടയിലുള്ള സ്വരച്ചേർച്ചയില്ലായ്മകൾക്ക് പരിഹാരം കാണാൻ പത്രാധിപന്മാരുമായും മുതിർന്ന മാധ്യമപ്രവർത്തകരുമായും ജേണലിസ്റ്റ് യൂനിയനുമായും മറ്റും ഇടക്കിടെ ആശയവിനിമയത്തിന് സംവിധാനമുണ്ടാക്കാവുന്നതേയുള്ളൂ.
ദ്രുതഗതിയിൽ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കേരളം പോലൊരു പ്രബുദ്ധസമൂഹത്തിൽ മീഡിയയെ അവഗണിച്ചോ അകറ്റിനിർത്തിയോ ഏതെങ്കിലും പാർട്ടിക്കോ സർക്കാറിനോ മുന്നോട്ടുപോവാനാവില്ല. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് അന്തരീക്ഷമൊരുക്കിക്കൊടുക്കേണ്ടത് ഭരണകൂടത്തിെൻറ പ്രാഥമിക ബാധ്യതയാണ്. ഹൈകോടതി അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള നല്ല ബന്ധം തകർന്നിട്ട് വർഷമായെങ്കിലും ആ ദിശയിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് പോലും ശരിയല്ലെന്ന് കരുതുന്നവരുണ്ട്. തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം പത്രക്കാരെ കണ്ടോളാം, അല്ലാത്ത സമയത്ത് മാറിനിന്നോ എന്ന് പറയുന്നത് ജനാധിപത്യമൂല്യങ്ങൾക്ക് വിലകൽപിക്കുന്ന ഒരു സർക്കാറിന് ഭൂഷണമല്ല. കഴിഞ്ഞ ദിവസം ആൻറണി കമീഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് സെക്രേട്ടറിയറ്റിൽനിന്ന് മാധ്യമപ്രവർത്തകരെ മാറ്റിനിർത്തിയത്, തെൻറ നിർദേശപ്രകാരമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയകേരളത്തിനുതന്നെ നാണക്കേടായി എന്ന് പറയാതെ വയ്യ. ചാനലുകാരുടെ മൈക്ക് മൂക്കിന് കുത്തുമെന്ന് പേടിച്ചാണിതെന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കുകയേയുള്ളൂ. അതേസമയം, ഒരു ബൈറ്റിനു വേണ്ടി മന്ത്രിമാരെയും രാഷ്ട്രീയനേതാക്കളെയും വഴിയിൽ തടഞ്ഞുവെച്ച്, സ്വയം കടിപിടി കൂടുന്ന ഇന്നത്തെ ശൈലി എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് ഫീൽഡിലുള്ള മാധ്യമക്കാരും ആത്മപരിശോധന നടത്തേണ്ടതുണ്ട്്. ഗൗരവപൂർവമുള്ള മാധ്യമപ്രവർത്തനം ഇതല്ല എന്ന് പുതിയ തലമുറയെ ഓർമപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൃശ്യമാധ്യമങ്ങൾക്ക് പ്രചാരം കൂടിയശേഷം മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള പൊതുസമൂഹത്തിെൻറ കാഴ്ചപ്പാടിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നുകൂടി ഈ രംഗത്തുള്ളവർ മനസ്സിലാക്കുന്നത് നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.