മാധ്യമസ്വാതന്ത്ര്യം ഞെക്കിക്കൊല്ലുന്ന ഇന്ത്യ
text_fieldsപാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിേപ്പാർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ് സ് എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ ഇൻഡക്സിൽ ഇന്ത്യയിലെ മാധ്യമപ്രവ ർത്തകരും പ്രവർത്തനവും പൂർവാധികം ഗുരുതരമായ ഭീഷണി നേരിടുകയാണെന്ന് വ്യക്തമാക് കുന്നു. പത്രസ്വാതന്ത്ര്യത്തിെൻറ ആഗോള പട്ടികയിൽ 138ാം സ്ഥാനമായിരുന്നു കഴിഞ്ഞ റിപ്പേ ാർട്ടിൽ ഇന്ത്യക്കുണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 140ാം സ്ഥാനത്തേക്ക് താഴുകയാണ് ചെയ്തിരിക്കുന്നത്. മൊത്തം 180 രാജ്യങ്ങളാണ് വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഉള്ളതെന്നോർക്കണം. ദക്ഷിണേഷ്യ പൊതുവെത്തന്നെ പത്രസ്വാതന്ത്ര്യത്തിൽ പിന്നിലാണെന്നിരിക്കെ 142ാം സ്ഥാനത്തിരിക്കുന്ന പാകിസ്താെൻറ െതാട്ടുമുകളിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിെൻറ സ്ഥാനം. 2018ൽ മാത്രം തങ്ങളുടെ ജോലിക്കിടയിൽ ആറ് ഇന്ത്യൻ പത്രപ്രവർത്തകർ കൊല്ലപ്പെടുകയുണ്ടായി. ഏഴാമതൊരു പത്രപ്രവർത്തകെൻറ മരണം ദുരൂഹ സാഹചര്യത്തിലാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പൊലീസിെൻറയും മാവോവാദികളുടെയും ക്രിമിനൽ ഗ്രൂപ്പുകളുടെയും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഭാഗത്തുനിന്നാണ് ആക്രമണങ്ങളുണ്ടാവുന്നത്.
ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലെ ഭാഷാപത്രങ്ങളുടെ പ്രവർത്തകരാണ് കൂടുതൽ ആക്രമണങ്ങൾക്കിരയാവുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭരണകക്ഷിയായ ബി.ജെ.പിയുടെ അനുകൂലികളാണ് വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്നും റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കണ്ടെത്തുന്നു. ഹിന്ദുത്വത്തെ അലോസരപ്പെടുത്തുന്ന വല്ലതും എഴുതുകയോ പറയുകയോ ചെയ്യുന്ന പത്രപ്രവർത്തകരുടെ നേരെ സംഘടിതമായി വെറുപ്പ് പ്രചരിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവർ ചെയ്യുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കശ്മീർപോലുള്ള വൈകാരികമെന്ന് അധികാരികൾ വിലയിരുത്തുന്ന പ്രദേശങ്ങളിൽ വാർത്തകൾ ശേഖരിക്കുക അത്യന്തം പ്രയാസകരമായിത്തീർന്നിട്ടുണ്ട്. വിദേശ പത്രേലഖകർക്ക് അവിടങ്ങളിലേക്ക് പ്രേവശനം വിലക്കപ്പെട്ടിരിക്കുന്നു. ഇൻറർനെറ്റ് ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയിൽ ജീവിക്കുന്ന നമുക്ക് ആഗോളതലത്തിലെ ഇത്തരം വിലയിരുത്തലിൽ ഒരത്ഭുതവും തോന്നുകയില്ല. നാമതുമായി സമരസപ്പെട്ടിരിക്കുന്നു എന്നതാണ് കാരണം. പൗരസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സമ്പൂർണമായി ഉറപ്പുനൽകുന്ന ഒരു ഭരണഘടനക്കു കീഴിൽ അതിെൻറ ചൈതന്യത്തെ തീർത്തും നിരാകരിക്കുന്ന മാധ്യമസ്വാതന്ത്ര്യ ധ്വംസനം തടയിടപ്പെടുന്നില്ലെന്നു മാത്രമല്ല പൂർവാധികം രൂക്ഷത പ്രാപിക്കുകയാണെന്ന തിരിച്ചറിവ് സ്വാതന്ത്ര്യപ്രേമികളും സമാധാനകാംക്ഷികളുമായ എല്ലാവരെയും അസ്വസ്ഥരാക്കേണ്ടതാണ്. അസഹിഷ്ണുതയും രണോത്സുകതയും മുഖമുദ്രകളായ തീവ്രഹിന്ദുത്വവാദികൾക്ക് നിർണായക സ്വാധീനമുള്ള ഒരു സർക്കാർ രാജ്യം ഭരിക്കുേമ്പാൾ ഭരണഘടനയുടെ അക്ഷരങ്ങളിൽ എന്തു രേഖപ്പെടുത്തിയിട്ടും പ്രയോജനമില്ല. ഭരണഘടന സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയും മാനിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മാധ്യമസ്വാതന്ത്ര്യത്തിനു നേരെ ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ജനങ്ങളിൽ വലിയൊരു വിഭാഗം ബോധവാന്മാരല്ല എന്നതാണ് ഏറ്റവും ആശങ്കജനകമായിട്ടുള്ളത്.
സംഭവങ്ങളും വസ്തുതകളും ജനങ്ങളെ സത്യസന്ധമായി അറിയിക്കുക എന്ന ധർമമാണ് മാധ്യമങ്ങൾ നിറവേറ്റുന്നത് അഥവാ നിറവേറ്റേണ്ടത്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും സ്വന്തം വരുതിയിൽ നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നിടത്ത് ഭീഷണിയും ബലപ്രയോഗവുമാണ് ബദൽ മാർഗങ്ങൾ. ദേശീയതലത്തിൽ വലിയൊരു വിഭാഗം പത്രങ്ങളെയും ചാനലുകളെയും പിടിയിലൊതുക്കിയ കോർപറേറ്റ് ഭീമന്മാരുടെ നിസ്സീമമായ പിന്തുണ ലഭിക്കുന്ന സർക്കാറാണ് അധികാരത്തിലെന്നതുകൊണ്ട് അതിന് അഹിതകരമായ ഒന്നും വെളിച്ചം കാണുന്നില്ലെന്നത് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. പുൽവാമ ഭീകരാക്രമണത്തെയും തുടർന്നു നടന്ന ബാലാകോട്ട് സൈനിക ഓപറേഷനെയും ചുറ്റിപ്പറ്റി നിലനിൽക്കുന്ന ദുരൂഹതകളിലേക്ക് ടോർച്ചടിക്കാൻപോലും ഇന്ത്യൻ മാധ്യമങ്ങൾക്ക് കഴിയാതെപോവുന്നത് മാധ്യമസ്വാതന്ത്ര്യം നേരിടുന്ന ഭീഷണാവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. വിലക്കുകളും ഉടക്കുകളും ഭേദിച്ച് സത്യാവസ്ഥ കണ്ടെത്താനും അനാവരണം ചെയ്യാനും ഏതെങ്കിലും അച്ചടിമാധ്യമമോ സമൂഹമാധ്യമങ്ങളോ സാഹസിക ശ്രമം നടത്തിയാൽ അവരെ പിടികൂടാൻ നിയമത്തിെൻറ കുറുക്കുവഴികളുണ്ട്. അപകീർത്തിക്കേസുകൾതന്നെ പ്രധാനം.
റാഫേൽ വിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് കാണിച്ച അസാധാരണ താൽപര്യത്തെക്കുറിച്ച രേഖകൾ ‘ദ ഹിന്ദു’ പത്രം പുറത്തുകൊണ്ടുവന്നപ്പോൾ പ്രസിദ്ധ പത്രപ്രവർത്തകനായ എൻ. റാമിനെ കോടതികയറ്റാൻ ഉദ്യുക്തമായത് പ്രസ്തുത ഇടപാടിൽ കക്ഷിയായ റിലയൻസ് കമ്പനിയാണെന്നോർക്കണം. ‘ദ വയർ’, ‘കാരവൻ’ മുതലായ മാധ്യമങ്ങളും സമാനമായ ഭീഷണികളെ നേരിടുന്നു. 2018ൽ മാത്രം അഹ്മദാബാദിലെ വിവിധ കോടതികളിൽ അനിൽ അംബാനിയുടെ കമ്പനികൾ ഫയൽചെയ്ത അപകീർത്തിക്കേസുകളുടെ എണ്ണം ഇരുപത്തെട്ടാണ്! വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് മൂന്നാറിലെ കൈയേറ്റ ഭൂമികൾ ഒഴിപ്പിച്ചെടുക്കാൻ ശ്രമം നടന്ന പശ്ചാത്തലത്തിൽ, നിയമസഭ സമിതി കണ്ടെത്തിയ കൈയേറ്റ ഭൂമിയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് ‘മാധ്യമ’ത്തിനെതിരെ ഒന്നാംകിട ചായക്കമ്പനി ഫയൽചെയ്ത അപകീർത്തിക്കേസ് വിചാരണ കോടതി തള്ളിയെങ്കിലും അതേ വിഷയകമായി അതേ കമ്പനി കൊടുത്ത രണ്ടാമത്തെ അപകീർത്തിക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇപ്രകാരം നേരിനും പൊതുതാൽപര്യത്തിനും വേണ്ടി നടത്തുന്ന മാധ്യമപ്രവർത്തനം രാജ്യത്ത് അത്യന്തം പ്രയാസകരമായിത്തീർന്നുകൊണ്ടിരിക്കുന്നു. കണ്ണും കാതും വായയും മൂടിക്കെട്ടിയ ഒരു സമൂഹമായി ഇന്ത്യൻ ജനത മാറണമെന്ന് ശാഠ്യമുള്ള ശക്തികളെ എത്രകാലം പൊറുപ്പിക്കാമെന്ന് ജനങ്ങൾതന്നെയാണ് തീരുമാനിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.