സൈലന്റ് മാൻ
text_fields‘‘എന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ വെളിപാട്’’ -ജീവിതത്തിൽ ആദ്യമായൊരു നാടകരചനക്കായി എഴുത്തുമേശയിലിരിക്കുമ്പോൾ അയാൾ മനസ്സിൽകുറിച്ചത് ഇങ്ങനെയായിരുന്നു. പത്തുപന്ത്രണ്ട് വർഷമായി നോവലുകളും കവിതകളും ലേഖനങ്ങളുമെഴുതുന്നുണ്ട്. അവയെല്ലാം അന്നാട്ടിലും മറുദേശങ്ങളിലും വായിക്കപ്പെടുന്നുമുണ്ട്. നാടകത്തിലേക്കുള്ള പകർന്നാട്ടത്തിന് നിർദേശിച്ചത് നോർവേയിലെ പ്രമുഖ നാടക സംവിധായകൻ കെയ് ജോൺസൻ ആണ്. ആദ്യം വഴങ്ങിയില്ല; പിന്നീട് നല്ല പൈസ കിട്ടുമെന്നറിഞ്ഞപ്പോൾ സമ്മതിച്ചു.
പണത്തിന് അത്രയും ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് എഴുതാനിരുന്നത്. ആ ‘വെളിപാടി’ന് മുപ്പത് തികയുമ്പോൾ തേടിവന്നിരിക്കുന്നത് സാഹിത്യ നൊബേൽ സമ്മാനമാണ്. സാഹിത്യ നൊബേൽ നേടുന്ന നാലാമത്തെ നോർവീജിയൻ എഴുത്തുകാരൻ. സമകാലിക നോർവീജിയൻ സാഹിത്യലോകത്തെ അതികായൻ. നോവലും ചെറുകഥയും ഗദ്യരചനയും ബാലസാഹിത്യവും തിരക്കഥയുമെല്ലാമായി എഴുത്തുലോകത്തെ നിറസാന്നിധ്യം. പേര്: യോൺ ഒലാവ് ഫോസെ.
നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദം നൂതന നാടകങ്ങളിലൂടെയും ഗദ്യത്തിലൂടെയും ലോകത്തോട് വിളിച്ചുപറഞ്ഞതിനാണ് സമ്മാനമെന്ന് നൊബേൽ കമ്മിറ്റി പറയുമ്പോൾ, അതിൽ വായിച്ചെടുക്കാനേറെയുണ്ട്. സാക്ഷാൽ ഇബ്സന്റെ പിൻഗാമിയെന്നാണ് നിരൂപകലോകം വാഴ്ത്തിയിട്ടുള്ളത്. ‘പുതിയകാലത്തിന്റെ ഇബ്സൻ’ എന്ന് വിശേഷിപ്പിച്ചവരുമുണ്ട്. വിക്ടോറിയൻ മൂല്യങ്ങൾ ശക്തമായി നിലനിന്നിരുന്ന കാലത്ത് അതിനെ സർഗാത്മകമായി തുറന്നുകാട്ടിയ നാടകകൃത്താണല്ലോ ഇബ്സൻ. വിക്ടോറിയൻ സാമൂഹികക്രമത്തോടുള്ള സമരമായിരുന്നു ഇബ്സന്റേത്. കാലം മാറി. ആധുനികതയിൽനിന്ന് നാടകംതന്നെയും പോസ്റ്റ് ഡ്രാമാറ്റിക് തിയറ്ററിലേക്ക് വഴിമാറി.
ഇക്കാലത്ത് പറയാൻ പുതിയ ആശയങ്ങൾ ഏറെയുണ്ട്. അത്തരം ആഖ്യാനങ്ങളുടെ തുടക്കക്കാരനാണ് ഫോസെ. പുതിയകാലത്തെ മനുഷ്യന്റെ അരക്ഷിതാവസ്ഥകളും ആകുലതകളും ഉത്കണ്ഠകളുമൊക്കെയാണ് രചനകളുടെ ഇതിവൃത്തം. ശക്തമായ മാനുഷിക വികാരങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന ആഖ്യാനശൈലി. സ്വാഭാവികമായും അതിലെ ഓരോ ശബ്ദവും നിശ്ശബ്ദരായവർക്കുവേണ്ടിയായി. അപ്പോൾപിന്നെ, അത് നോർവേയുടെ കുഞ്ഞതിരുകൾ ഭേദിച്ച് ലോകം മുഴുവൻ മുഴങ്ങിയതിൽ അത്ഭുതമില്ല.
നാടകങ്ങൾ അമ്പതിലധികം ഭാഷകളിലേക്കാണ് തർജമ ചെയ്തിരിക്കുന്നത്. ’93ൽ ആദ്യനാടകം പുറത്തുവന്നതുതൊട്ട് യൂറോപ്യൻ നാടകവേദികളിൽ പേരെടുത്തു. കെയ് ജോൺസനെപ്പോലുള്ള നാടകസംവിധായകർ യൂറോപ്പിലെ നാടകശീലങ്ങളെ പൊളിച്ചെഴുതാൻ നടക്കുന്ന കാലം. അവരുടെ അഭിരുചിക്കൊത്ത എഴുത്തുകൾ അവർ ഫോസെയിൽ ദർശിച്ചു. ‘സം വൺ ഈഗോയിങ് ടു കം’ ആയിരുന്നു ആദ്യനാടകം, 1993ൽ. പക്ഷേ, അത് അരങ്ങിലെത്താൻ പിന്നെയും മൂന്നുവർഷമെടുത്തു. അതിനിടയിൽ എഴുതിയ ‘ആൻഡ് വീ വിൽ ബി നെവർ പാർട്ടഡ്’ തട്ടിൽ കയറി; വലിയ പ്രേക്ഷക പ്രശംസയും നേടി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദ നെയിം, മദർ ആൻഡ് ചൈൽഡ്, ദ സൺ, ഡ്രീം ഓഫ് ഓട്ടം, ബ്യൂട്ടിഫുൾ, ആഫ്റ്റർനൂൺ, വിസിറ്റ്സ്, ഡെത്ത് വേരിയേഷൻസ്, സൂസന്ന, ഐ ആം ദ വിൻഡ്, ദ ലിബറേറ്റർ തുടങ്ങി എണ്ണം പറഞ്ഞ 40ഓളം നാടകങ്ങൾ. എല്ലാം ഉലകം ചുറ്റി സഞ്ചരിച്ചു; ചർച്ചയായി.
നോവലുകളടക്കം 30 കൃതികൾ 40 ഭാഷകളിൽ വേറെയും. ‘റെഡ്, ബ്ലാക്കി’ൽ തുടങ്ങി ‘സെപ്റ്റോളജി’ സീരീസിൽ എത്തിനിൽക്കുന്നു അവ. കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്; ഈ എഴുത്തുകളെല്ലാം സംഭവിച്ചിരിക്കുന്നത് ഒരു കുഞ്ഞുഭാഷയിലാണ്: നൈനോർസ്ക് എന്നാണതിന്റെ പേര്. നോർവീജിയൻ മേഖലയിൽ കേവലം പത്തുശതമാനം ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷ. എന്നുവെച്ചാൽ, ഏറിപ്പോയാൽ അരലക്ഷം ആളുകൾക്ക് മാത്രം വഴങ്ങുന്ന മൊഴി. അതാണിപ്പോൾ ഫോസെ ലോകം മുഴുവൻ കേൾപ്പിച്ചിരിക്കുന്നത്. ‘നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദം’ എന്ന് നൊബേൽ കമ്മിറ്റി പറയുമ്പോൾ ഇങ്ങനെയൊരു ശബ്ദ പ്രചാരണത്തെക്കുറിച്ചുകൂടി അവർ ആലോചിച്ചിരുന്നുവോ? അതെന്തായാലും, പുരസ്കാര നേട്ടത്തിന്റെ അവകാശികളിൽ ഫോസെ ആദ്യമെണ്ണിയത് നൈനോർസ്ക് ഭാഷ തന്നെയാണ്; ശേഷം, അതിന്റെ പ്രചാരകരും.
1959 സെപ്റ്റംബർ 29ന് നോർവേയിലെ ഹൗഗെസണ്ടിൽ ജനനം. ഏഴാം വയസ്സിൽ വലിയൊരു അപകടത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിൽ കഴിഞ്ഞു. അക്കാലത്തെ ഏകാന്തതയിൽനിന്നാണ് പിന്നീട് വെളിച്ചംകണ്ട പല രചനകളുടെയും ത്രെഡ് രൂപപ്പെട്ടതെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആ കാലത്തിന്റെ ഓർമകൾ പല രചനകളിലും കടന്നുവന്നിട്ടുമുണ്ട്. സ്ട്രാൻഡെബാമിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിൽ സംഗീതത്തോടായിരുന്നു താൽപര്യം.
ഗിത്താർ വായിക്കുമായിരുന്നു. ഗിത്താറുമായി സൈക്കിളിൽ ഹൗഗെണ്ടെസ് തെരുവുകളിലൂടെ ചുറ്റിയടിച്ചിരുന്ന ഒരുകാലം ഫോസെക്കുണ്ടായിരുന്നു. പെട്ടെന്നാണ് ആ താൽപര്യം എഴുത്തിലേക്ക് വഴിമാറിയത്. അങ്ങനെയാണ് ബെർഗൻ സർവകലാശാലയിൽ താരതമ്യ സാഹിത്യത്തിൽ ബിരുദത്തിന് ചേർന്നത്. ബിരുദപഠനം പൂർത്തിയായ വർഷംതന്നെ ആദ്യ നോവലും വെളിച്ചംകണ്ടു. പിന്നീട് പത്തുവർഷം കഴിഞ്ഞാണ് ആദ്യ നാടകത്തിന്റെ പിറവി. അതിനിടയിൽ, പത്ത് നോവലുകളും ഏതാനും കവിതകളും പ്രസിദ്ധീകരിച്ചു. നൈനോർസ്ക് സാഹിത്യ പുരസ്കാരവും ലഭിച്ചു.
ഇബ്സന്റെ പിൻഗാമിയെന്നാണ് ലോകം വാഴ്ത്തുന്നതെങ്കിലും സ്വയം ഗുരുവായി പ്രതിഷ്ഠിച്ചിരിക്കുന്നത് സാമുവൽ ബക്കറ്റിനെയാണ്. 21ാം റ്റാണ്ടിലെ സാമുവൽ ബക്കറ്റെന്ന മറ്റൊരു വിളിപ്പേരുകൂടിയുണ്ട്. ബക്കറ്റിന്റെ നിഗൂഢസൃഷ്ടികൾ തന്നെ വല്ലാതെ സ്വാധീനിച്ചെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഓസ്ട്രിയൻ നാടകകൃത്തുക്കളായ ജോർജ് ട്രാക്ളും തോമസ് ബെർണാഡുമാണ് മറ്റു ‘ഗുരുക്കൾ’. കാഫ്കയും വെർജീനിയ വൂൾഫുമാണ് സ്വാധീനിച്ച മറ്റുള്ളവർ. ഇക്കൂട്ടത്തിൽ ബൈബിളും പ്രചോദനമായി എടുത്തുപറയാറുണ്ട്. ഒരുകാലത്ത് കമ്യൂണിസ്റ്റായും പിന്നീട് അരാജകവാദിയായും ജീവിച്ച ഫോസെ പത്തുവർഷം മുമ്പ് കത്തോലിക്ക മതത്തിലേക്ക് തിരിച്ചുവന്നിരുന്നു. അത് മദ്യം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു വിശദീകരണം.
യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ഫോസെയുടെ സ്വാഭാവിക തിരിച്ചുപോക്കായിരുന്നു അതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പക്ഷേ, ഒന്നുണ്ട്: ഏത് ആശയധാരയിൽ ജീവിച്ചപ്പോഴും സർഗാത്മകതക്ക് ഒരുകുറവും വന്നില്ല. ആ ശബ്ദം കേൾപ്പിച്ചുകൊണ്ടേയിരുന്നു. തേടിയെത്തിയ പുരസ്കാരങ്ങൾക്ക് കണക്കില്ല. വിഖ്യാതമായ ഇബ്സൺ പ്രൈസ്, സ്വീഡിഷ് അക്കാദമി നോർഡിക് പുരസ്കാരം, ഓസ്ട്രിയയിലെയും ഫ്രാൻസിലെയും നേർവേയിലെയും സിവിലിയൻ ബഹുമതികൾ തുടങ്ങി ബ്രാഗ് പ്രൈസ് വരെ കിട്ടിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി നൊബേൽ പുരസ്കാര വാതുവെപ്പുകളിൽ ഫോസെയുടെ പേര് ഉയർന്നുകേൾക്കാറുണ്ട്.
ഇക്കുറി അത് യാഥാർഥ്യമാകുമ്പോൾ പുതിയൊരു ചരിത്രം പിറക്കുന്നു; അത്യപൂർവമായി മാത്രമാണ് നാടകകൃത്തുക്കൾക്ക് സാഹിത്യ നൊബേൽ ലഭിക്കാറുള്ളത്. ബർണാഡ് ഷാ, ലൂയി പിരാൻഡേ, മോറിസ് മേറ്റർ, സാമുവൽ ബക്കറ്റ്, ഹരോൾഡ് പിന്റർ തുടങ്ങി ഏതാനും പേരുകളേ ഈ പട്ടികയിലുള്ളൂ. അരങ്ങെഴുത്തിൽ ചരിത്രംകുറിച്ചവരുടെ ആ കൂട്ടത്തിലേക്ക് ഫോസെ കൂടി വന്നുചേർന്നിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.