ശുഭാരംഭം
text_fieldsഒടുവിൽ, രാഷ്ട്രീയ പണ്ഡിറ്റുകൾ പ്രവചിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. തെലങ്കാനയുടെ ചിത്രം പാടെ മാറി. കെ.സി.ആർ-ബി.ആർ.എസ് യുഗം താൽക്കാലികമായെങ്കിലും അവസാനിച്ചു; ഇനി കോൺഗ്രസിന്റെ കാലമാണ്. കെ.സി.ആർ എന്ന ചന്ദ്രശേഖര റാവു ഉണ്ണാവ്രതം നോറ്റും കോൺഗ്രസിനെ സമ്മർദത്തിൽ മുക്കിയും നേടിയെടുത്തതാണ് തെലങ്കാന. അതുകൊണ്ടാണ്, അദ്ദേഹത്തെ കോൺഗ്രസുകാർപോലും ‘തെലങ്കാനയുടെ പിതാവ്’ എന്നു വിളിക്കുന്നത്. രണ്ടാമൂഴത്തിന്റെ ബലത്തിലും കേന്ദ്രത്തിൽ പ്രതിപക്ഷത്തിന്റെ ദൗർബല്യത്തിലും കണ്ണുടക്കി ടിയാൻ സംസ്ഥാനംവിട്ട് ദേശീയ രാഷ്ട്രീയത്തിൽ ചില പരീക്ഷണങ്ങൾക്കൊരുങ്ങുകയായിരുന്നു. അതിനിടെയാണ് കാലിനടിയിലെ ‘മണ്ണ്’ ഇളകിയൊലിച്ച് പോയിരിക്കുന്നത്; അതിന് നേതൃത്വം നൽകിയതാവട്ടെ, തന്റെ പഴയകാല ശിഷ്യരിലൊരാളും. തെലങ്കാനയുടെ ഭരണയന്ത്രം ഇനിയങ്ങോട്ട് നിയന്ത്രിക്കുക അനുമുല രേവന്ത് റെഡ്ഡി എന്ന കോൺഗ്രസുകാരനായിരിക്കും. പത്താം വർഷത്തിലേക്കു കടക്കുന്ന തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രി. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമ്പോൾ, ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ സോണിയയും രാഹുലും ഖാർഗെയുമെല്ലാം എത്തി.
എത്രവലിയ പദവികളിലെത്തിയാലും അനിഴം നാളുകാർക്ക് ദന്തഗോപുരനിവാസികളാവാൻ കഴിയില്ലെന്നാണ് ജ്യോതിഷചന്ദ്രികയിലും പരാശരഹോരയിലുമെല്ലാം പറയുന്നത്. സംഗതിവശാൽ, രേവന്ത് റെഡ്ഡിയും അനിഴം നാളുകാരനാണ്. പോരെങ്കിൽ, സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ കടുത്ത ആരാധകനും. അപ്പോൾ പിന്നെ ഔദ്യോഗിക ഭവനമായ ‘പ്രഗതി ഭവനി’ൽ ഇസെഡ് കാറ്റഗറി സുരക്ഷയിലങ്ങനെ കഴിഞ്ഞുകൂടാൻ തരമില്ല. വസതി നാട്ടുകാർക്കുകൂടിയുള്ളതാവണം. അതിനാൽ, ആദ്യ ദിവസംതന്നെ പ്രഗതി ഭവനിലേക്കുള്ള വാതിലുകൾ മലർക്കെ തുറന്നുവെച്ചു. ചുറ്റുമുള്ള ബാരിക്കേഡുകളെല്ലാം പൊളിച്ചുമാറ്റി. ആർക്കും ഏതുനിമിഷവും അവിടെ കടന്നുവരാമെന്നായി. പ്രഗതി ഭവൻ ഇനി ‘പ്രജാഭവൻ’ എന്നറിയപ്പെടുമെന്നാണ് ആദ്യ പ്രഖ്യാപനങ്ങളിലൊന്ന്. രേവന്തിന്റെയും പാർട്ടിയുടെയും ആദ്യ ജനകീയ നീക്കം ഇതുമാത്രമാണെന്ന് കരുതരുത്. മാനിഫെസ്റ്റോയിലെ പ്രധാനപ്പെട്ട ആറു വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഫയലിലും ഒപ്പുവെച്ചു. സ്വന്തം നിലയിൽ മറ്റൊരു വാഗ്ദാനംകൂടിയുണ്ടായിരുന്നു: ഭിന്നശേഷിക്കാരിയായ സ്ത്രീക്ക് ജോലി. ആ ഫയലും ചലിച്ചുതുടങ്ങി. എല്ലാ അർഥത്തിലും ശുഭാരംഭം. നോക്കൂ, സാധാരണ കോൺഗ്രസിന് ഒരിടത്ത് ഭരണം കിട്ടിയാൽ എന്തെല്ലാം പുകിലുകൾ നാട്ടുകാർ കാണണം? മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈകമാൻഡ് പ്രതിനിധികൾ നടത്തുന്ന ഓട്ടപ്രദക്ഷിണവും ഗ്രൂപ് തിരിഞ്ഞുള്ള വാഗ്വാദങ്ങളും റിസോർട്ട് വാസവുമൊന്നും ഹൈദരാബാദിൽ കണ്ടില്ല. പകരം, ഒരു കേഡർ പാർട്ടി മാതൃകയിൽ എല്ലാം മുൻകൂട്ടി നിശ്ചയിച്ചപ്രകാരംതന്നെ നടന്നു. ഭരണംകിട്ടിയ മൂന്നിടത്തും ബി.ജെ.പിയുടെ മുഖ്യമന്ത്രി പ്രഖ്യാപനം അനിശ്ചിതത്വത്തിലായിരിക്കുമ്പോഴാണിതെന്നോർക്കണം.
അല്ലെങ്കിലും ഇതിങ്ങനെയേ സംഭവിക്കൂ. സെപ്റ്റംബറിൽ ഹൈദരാബാദിൽ നടന്ന പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഓർമയില്ലേ? ഉന്നതാധികാര സമിതി പുനഃസംഘടിപ്പിച്ചശേഷമുള്ള ആദ്യ സമ്മേളനമായിരുന്നു അത്. സമ്മേളനവേദിയായി ഹൈദരാബാദ് തിരഞ്ഞെടുത്തപ്പോൾ പലരും നെറ്റിചുളിച്ചു. പക്ഷേ, അവിടെനിന്നുണ്ടായ പ്രഖ്യാപനങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ കണ്ണുതുറപ്പിച്ചുവെന്നതാണ് നേര്. സത്യത്തിൽ അതിനുശേഷമാണ് ‘ഇൻഡ്യ’ മുന്നണി ശരിക്കും പ്രവർത്തിച്ചുതുടങ്ങിയത്. മുന്നണിയിൽ ജാതി സെൻസസിനുവേണ്ടി പ്രമേയം പാസാക്കിയപ്പോൾ പ്രവർത്തക സമിതി ജനസംഖ്യാനുപാതികമായ സംവരണത്തിനുവേണ്ടി ശബ്ദിച്ചു. അഥവാ, കേവലമായ വോട്ടുരാഷ്ട്രീയത്തിനപ്പുറം തത്ത്വാധിഷ്ഠിതമായ നയങ്ങൾ മുന്നോട്ടുവെച്ചുതന്നെ മോദിയെയും കൂട്ടരെയും നേരിടാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് ഉറച്ചു പ്രഖ്യാപിച്ചു പ്രവർത്തക സമിതി. വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാനാണ് ഖാർഗെ പ്രവർത്തകരോട് ആഹ്വാനംചെയ്തത്. വ്യക്തിപരമായ അധികാരത്തർക്കങ്ങളും ഭിന്നതകളും മാറ്റിവെച്ച് നേതാക്കളോടും പ്രവർത്തകരോടും ഐക്യത്തോടെ മുന്നോട്ടുപോകാനും അദ്ദേഹം നിർദേശിച്ചു. കർണാടകയാണ് അദ്ദേഹം മുന്നോട്ടുവെച്ച ഐക്യമാതൃക. തെലങ്കാനയിലെ പാർട്ടി പ്രവർത്തകർ ആ മാതൃകക്കും അപ്പുറം സഞ്ചരിച്ചപ്പോഴാണ് രേവന്തിനും സംഘത്തിനും അധികാരം പിടിക്കാനായത്.
രേവന്ത് കോൺഗ്രസിലെത്തിയിട്ട് ആറു വർഷമേ ആയിട്ടുള്ളൂ. അതിനുമുമ്പേ തെലുഗുദേശം പാർട്ടിയിലായിരുന്നു. 2007ൽ, സ്വതന്ത്രനായി ആന്ധ്ര എം.എൽ.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രേവന്തിനെ ചന്ദ്രബാബു നായിഡു പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. 2009ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ നായിഡു അദ്ദേഹത്തെ കോടങ്കൽ മണ്ഡലത്തിൽ മത്സരിപ്പിച്ചു. മണ്ഡലത്തിൽ ആറാമൂഴത്തിനൊരുങ്ങിയ കോൺഗ്രസിന്റെ ഗുരുനാഥ് റെഡ്ഡിയായിരുന്നു എതിരാളി. 46 ശതമാനം വോട്ടുനേടി രേവന്ത് വിജയിച്ചു. 2014ലും ഇരുവരും ഏറ്റുമുട്ടിയപ്പോഴും വിജയം രേവന്തിനുതന്നെ. അപ്പോഴേക്കും തെലങ്കാന യാഥാർഥ്യമായിരുന്നു. സ്വാഭാവികമായും, രേവന്ത് തെലങ്കാന അസംബ്ലിയിലെത്തി; പാർട്ടിയുടെ നിയമസഭാകക്ഷി നേതാവുമായി. അതിനിടയിലെപ്പോഴോ പാർട്ടിയുമായി അസ്വാരസ്യം തുടങ്ങിയിരുന്നു. ടിയാൻ പാർട്ടി വിട്ട് കോൺഗ്രസിൽ പോകുമെന്ന് ചില പത്രങ്ങൾ വാർത്തയും നൽകിയതോടെ നേതൃത്വം രേവന്തിനെ സഭാകക്ഷി നേതാവ് എന്ന പദവിയിൽനിന്ന് നീക്കി. അതോടെ, അതൃപ്തി പരസ്യമായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോൺഗ്രസ് മെംബർഷിപ് ഏറ്റുവാങ്ങുകയും ചെയ്തു. 2018ലെ തെരഞ്ഞെടുപ്പിൽ കോടങ്കലിൽനിന്ന് വീണ്ടും മത്സരിച്ചു. ഇക്കുറി പ്രധാന എതിരാളി ബി.ആർ.എസ് ആയിരുന്നു. തോൽവിയായിരുന്നു ഫലം. പാർലമെന്ററി ജീവിതത്തിലെ ആദ്യ തോൽവി. തോറ്റെങ്കിലും രാഹുൽ കൈവിട്ടില്ല. പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളാക്കി. തൊട്ടടുത്ത വർഷം മാൽക്കഗിരി വഴി പാർലമെന്റിലെത്തുകയും ചെയ്തു. 2021ൽ, ഉത്തം കുമാർ റെഡ്ഡിയുടെ പിൻഗാമിയായി പാർട്ടി അധ്യക്ഷസ്ഥാനത്തെത്തി. അന്നു മുതൽ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പരിപാടികളായിരുന്നു. അതിന്റെ പരസ്യപ്രഖ്യാപനമാണ് ‘വിജയഭേരി‘ സമ്മേളനത്തിൽ സോണിയ ഗാന്ധി പ്രഖ്യാപിച്ചത്. 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, വനിതകൾക്ക് പ്രതിമാസം 2500 രൂപ, വനിതകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര, കർഷക പെൻഷൻ, വയോജന പെൻഷൻ, ഭവനനിർമാണത്തിന് അഞ്ചു ലക്ഷം തുടങ്ങിയ വാഗ്ദാനങ്ങൾ പ്രചാരണഗോദയിൽ ശരിക്കും പ്രതിഫലിച്ചു. വാഗ്ദാനങ്ങൾ ഒന്നും അസ്ഥാനത്താവില്ലെന്ന് തോന്നുന്നു. ആ ഫയലുകളിൽ ആദ്യ ദിവസംതന്നെ രേവന്ത് ഒപ്പിട്ടുകഴിഞ്ഞു.
1969 നവംബർ എട്ടിന് ആന്ധ്രയിലെ മഹ്ബൂബ് നഗർ ജില്ലയിലെ വങ്ങൂർ മണ്ഡലിൽ ജനനം. തെലങ്കാനയിലെ നാഗർകർമൂൽ ജില്ലയാണിപ്പോൾ ഈ സ്ഥലം. ആന്ധ്രവിദ്യാലയ കോളജിൽനിന്ന് ബി.എ ബിരുദം നേടി. കോളജ് കാലത്ത് എ.ബി.വി.പിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് യൂത്ത് കോൺഗ്രസിലേക്ക് മാറി. നായിഡുവുമായി തെറ്റി കെ.സി.ആർ ടി.ആർ.എസ് രൂപവത്കരിച്ചപ്പോൾ തെലങ്കാന വാദത്തിൽ ആകൃഷ്ടനായി അവിടേക്ക് കൂടുമാറി. 2006ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം ടിക്കറ്റ് നിഷേധിച്ചതോടെ ടി.ആർ.എസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചു; വിജയിച്ചു. പിന്നീടാണ് നായിഡുവിനൊപ്പം പോയത്. കറങ്ങിത്തിരിഞ്ഞ് വീണ്ടും കോൺഗ്രസിലെത്തിയപ്പോൾ അത് പുതിയൊരു ചരിത്രമായി. ഗീത റെഡ്ഡിയാണ് ജീവിതസുഹൃത്ത്. നൈമിഷ ഏക മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.