ഒൗഷധ വിപണിയിൽ അടിയന്തര ഇടപെടൽ വേണം
text_fieldsരാജ്യത്തെ ഒൗഷധ വിപണിയെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട സർവ സംവിധാനങ്ങളും പൂർണ മായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഇൗ വിഷയത്തിൽ അന്വേഷണം നടത്തിയ പാർലെമ ൻററി സ്റ്റാൻഡിങ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 13ന് പാർലമെൻറിൽ സമർപ്പിച്ച പ്രസ്തുത റിപ്പോർട്ട്, ദേശീയ ഒൗഷധവില നിയന്ത്രണസമിതി (എൻ.പി.പി.എ) അടക്കമുള്ള ഒൗദ്യോഗിക സംവിധാനങ്ങളും അവയുടെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമായ നിയമങ്ങളും അടിയന്തരമായി ഉടച്ചുവാർക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറയുന്നു. ഒരാളുടെ ആരോഗ്യച്ചെലവുകളിൽ 60-70 ശതമാനവും നീക്കിവെക്കുന്നത് മരുന്നിനും അനുബന്ധ ഉപകരണങ്ങൾക്കും വേണ്ടിയാണെന്നാണ് ദേശീയ സാമ്പിൾ സർവേ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നത്. എങ്ങനെയാണ് ഇത്രയും വലിയ തുക മരുന്നിനു മാത്രമായി നീക്കിവെക്കേണ്ടി വരുന്നതെന്ന് ഇൗ റിപ്പോർട്ട് വിവരിക്കുന്നുണ്ട്. അതായത്, ആദ്യകാലങ്ങളിൽ മരുന്നുവില നിശ്ചയിച്ചിരുന്നത് നിർമാണച്ചെലവിന് ആനുപാതികമായിട്ടായിരുന്നു (കോസ്റ്റ് ബേസ്ഡ് പ്രൈസിങ്). പിന്നീടത്, വിപണിയിലെ വിൽപന സാധ്യതയനുസരിച്ചായി. ഇൗ മാറ്റമാണ് എൻ.പി.പി.എയുടെ നിയന്ത്രണങ്ങൾക്കിടയിലും മരുന്നു വില വർധിക്കാൻ കാരണമായത്. ഇക്കാര്യം രാജ്യത്തെ ആരോഗ്യപ്രവർത്തകരും നിരവധി സന്നദ്ധസംഘടനകളും വർഷങ്ങളായി ഉന്നയിക്കുന്നതാണ്. വിഷയത്തിൽ പല തവണ കോടതി ഇടപെടലുകളും ഉണ്ടായി. എന്നിട്ടും ഒൗഷധവിപണിയെ നിയന്ത്രിക്കാനുള്ള നടപടികൾ പലപ്പോഴും കടലാസിലൊതുങ്ങി. നടപടിക്കൊരുങ്ങിയ ഉദ്യോഗസ്ഥരാകെട്ട, അച്ചടക്ക നടപടി നേരിട്ട സ്ഥിതിവിശേഷവുമുണ്ടായി. ഹൃദ്രോഗ ചികിത്സക്കുള്ള കൃത്രിമ സ്റ്റെൻറുകളുടെ വിലനിയന്ത്രണത്തിനായി കാര്യമായി ഇടപെടുകയും ഒരുപരിധിവരെ വിജയിക്കുകയും ചെയ്ത എൻ.പി.പി.എ മേധാവി ഭൂപേന്ദ്ര സിങ്ങിനെ അടിയന്തരമായി സ്ഥലം മാറ്റിയാണ് ആ ‘പ്രതിസന്ധി’ അധികാരികൾ പരിഹരിച്ചത്. ദുർബലമായ നിയമസംവിധാനങ്ങളെയും അതിനുള്ളിലെ അഴിമതിക്കാരായ ഭരണവർഗത്തെയും മറയാക്കി വിപണി കൊഴുപ്പിക്കുകയാണ് നാട്ടിലെ ഒൗഷധലോബി എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല. അത്രമേൽ വഷളായിരിക്കുന്നു കാര്യങ്ങൾ.
കേന്ദ്ര അവശ്യവസ്തു നിയമത്തിെൻറ പരിധിയിൽവരുന്ന ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഒാർഡർ പ്രകാരമാണ് എൻ.പി.പി.എ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. വിലനിയന്ത്രണ സമിതി നിശ്ചയിച്ചതിനേക്കാൾ കൂടിയ വിലയിൽ മരുന്നുകൾ വിൽക്കപ്പെടുന്നില്ലെന്നും ജീവൻരക്ഷ മരുന്നുകൾ അവശ്യാനുസരണം ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്നും ഉറപ്പുവരുത്തേണ്ടതും എൻ.പി.പി.എ ആണ്. വിലനിയന്ത്രിക്കുന്നതിെൻറ ഭാഗമായി, 800ലധികം മരുന്നുകൾ ‘അവശ്യ മരുന്നു പട്ടിക’യിൽ ഉൾപ്പെടുത്തിയാണ് അതിെൻറ ലഭ്യത ഉറപ്പുവരുത്തിയിരിക്കുന്നത്. ഇവയുടെ വില നേരിട്ട് വർധിപ്പിക്കാൻ ഒൗഷധനിർമാണ കമ്പനികൾക്ക് അധികാരമില്ല. വിലനിയന്ത്രണപ്പട്ടികയിൽ വരാത്ത മരുന്നുകൾക്ക് (ഡി കൺട്രോൾഡ് ഫോർമുലേഷൻസ്) ഒാരോ വർഷവും പത്തു ശതമാനം വീതം വിലവർധിപ്പിക്കാൻ എൻ.പി.പി.എ അനുമതി നൽകിയിട്ടുമുണ്ട്. അവശ്യമരുന്നുകൾ നിശ്ചയിക്കപ്പെട്ട വിലയിൽ തന്നെയാണോ വിൽക്കപ്പെടുന്നതെന്ന് പരിശോധിക്കാനും നിയമലംഘനം കണ്ടെത്തിയാൽ പിഴ ഇൗടാക്കാനും എൻ.പി.പി.എക്ക് ബാധ്യതയുണ്ട്. എന്നാൽ, പേരിനു മാത്രമുള്ള പരിശോധനകളാണ് നടക്കാറുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 930 കോടി രൂപ പിഴയിെട്ടങ്കിലും നിയമം ലംഘിച്ച ഒൗഷധനിർമാണ കമ്പനികളിൽനിന്ന് പിരിച്ചെടുത്തത് 148 കോടി മാത്രമാണ്. തൊട്ടുമുമ്പത്തെ വർഷം പിഴയിട്ടത് 520 കോടിയും ലഭിച്ചത് 12 കോടിയുമാണ്. രാജ്യത്തെ മരുന്നു കമ്പനികൾ ഭരണകൂടത്തിനുമേൽ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നുവെന്നതിെൻറ തെളിവാണിത്. കഴിഞ്ഞ മാർച്ചിൽ ഭൂപേന്ദ്ര സിങ്ങിനെ സ്ഥലം മാറ്റിയതിെൻറ ഏതാനും ആഴ്ചകൾക്കു മുമ്പ് അദ്ദേഹം തയാറാക്കിയ ഒരു റിപ്പോർട്ടും ഇക്കാര്യം അടിവരയിടുന്നുണ്ട്. മരുന്നുകളും മരുന്നുപകരണങ്ങളും 1700 ശതമാനം വരെ ലാഭത്തിലാണ് സ്വകാര്യ ആശുപത്രികൾ രോഗികൾക്ക് ‘വിൽക്കുന്ന’തെന്ന് രാജ്യത്തെ വിവിധ ആശുപത്രി ബില്ലുകൾ അനാവരണം ചെയ്ത് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്ങനെയാണ് ഇന്ത്യയിലെ അഞ്ചു കോടിയിലധികം ജനങ്ങൾ ചികിത്സച്ചെലവിലൂടെ ദാരിദ്ര്യ രേഖക്കു താഴെ പോയതെന്ന് വ്യക്തം.
തങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാനാവുന്നില്ല എന്ന് കേന്ദ്ര ഏജൻസികൾക്ക് ബോധ്യപ്പെട്ടതിനാലാകണം, ഇപ്പോൾ ഇക്കാര്യത്തിൽ എൻ.പി.പി.എ സംസ്ഥാനങ്ങളുടെ സഹായം തേടിയിരിക്കുന്നു. ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഒാർഡർ കൃത്യമായി നടപ്പാക്കുന്നതിന് എൻ.പി.പി.എയുടെ ചുവടുപിടിച്ച് സംസ്ഥാനങ്ങൾ പുതിയ സംവിധാനങ്ങൾ തുടങ്ങണമെന്ന് കേന്ദ്രം ഏതാനും മാസങ്ങൾക്കുമുമ്പ് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മേഖലയിൽ എന്നും രാജ്യത്തിന് മുന്നിൽ നടന്നിട്ടുള്ള കേരളം ഇൗ നിർദേശവും ശിരസാവഹിച്ചിരിക്കുകയാണ്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിലനിയന്ത്രണവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനു കേരള സ്റ്റേറ്റ് ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂനിറ്റ് (കെ.എസ്.പി.എം.ആർ.യു) എന്ന പേരിൽ സൊൈസറ്റി സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മരുന്നുകടകളിലും ആശുപത്രികളിലും പരിശോധന നടത്തുന്നതിനടക്കം അധികാരമുണ്ടായിരിക്കും ഇൗ സൊസൈറ്റിക്ക്. തീർച്ചയായും ഇൗ നീക്കം മാതൃകാപരമാണെങ്കിലും നടപടികൾ അതിലൊതുങ്ങരുത്. മരുന്നു വിപണനത്തിെൻറ കടിഞ്ഞാൺ സ്വകാര്യ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിടിച്ചെടുക്കാനുള്ള ബാധ്യതയും സർക്കാറിനുണ്ട്. ഇടനിലക്കാരായ െമാത്തവിതരണക്കാരെ ഒഴിവാക്കി നിർമാതാക്കളിൽനിന്ന് നേരിട്ട് മരുന്നു വാങ്ങി കുറഞ്ഞ വിലയിൽ വിൽപന നടത്തുന്ന നീതി, കാരുണ്യ, മാവേലി എന്നീ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ പ്രവർത്തനം ഇനിയും വിപുലീകരിക്കേണ്ടതുണ്ട്. കേന്ദ്രതലത്തിൽ ജൻ ഒൗഷധി കേന്ദ്രങ്ങളും എല്ലായിടത്തും തുടങ്ങണം. അപ്പോൾ മാത്രമേ സാധാരണക്കാരന് ചുരുങ്ങിയ ചെലവിൽ ചികിത്സ പ്രാപ്യമാകൂ. ഇതെല്ലാം, നിയമവിധേയമായി വിൽക്കപ്പെടുന്ന മരുന്നുകളുടെ കാര്യമാണ്. അതല്ലാത്ത, വലിയൊരു വ്യാജ മരുന്നു മാഫിയയും സർക്കാർ തണലിൽതന്നെ ഇവിടെ കൊഴുക്കുന്നുണ്ട്. ഇൗ സമാന്തര മരുന്നു ലോബിയെയും തളച്ചാൽ മാത്രമേ, സമ്പൂർണ ആരോഗ്യ മോഡൽ സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.