ജറൂസലമിൽ കളിക്കാത്ത മെസ്സി
text_fieldsജൂൺ എട്ടിന് ജറൂസലമിലെ ടെഡി കൊളാക് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇസ്രായേലുമായുള്ള സന്നാഹ മത്സരത്തിൽനിന്ന് പിൻവാങ്ങിക്കൊണ്ടുള്ള അർജൈൻറൻ ഫുട്ബാൾ ടീമിെൻറ തീരുമാനം ലോകമെങ്ങുമുള്ള സമാധാനവാദികൾ അത്യന്തം ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നത്. ജൂൺ 14 മുതൽ റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ മുന്നോടിയായാണ് ലോകത്തിലെ വിവിധ നഗരങ്ങളിൽ സന്നാഹ, സൗഹൃദ മത്സരങ്ങൾ നടക്കുന്നത്. ഇസ്രായേൽ–അർജൻറീന മത്സരം തീരുമാനിക്കപ്പെട്ടതും അതിെൻറ ഭാഗമായാണ്. എന്നാൽ, മത്സരത്തെക്കുറിച്ചുള്ള അറിയിപ്പു വന്നതുമുതൽ കൊലയാളി രാജ്യമായ ഇസ്രായേലുമായി അധിനിവിഷ്ട ജറൂസലം നഗരത്തിൽ നടക്കുന്ന മത്സരത്തിൽനിന്ന് അർജൻറീന പിന്മാറണമെന്ന ആവശ്യവും ഉയർന്നുവന്നിരുന്നു. ഇസ്രായേലിനെതിരെ ബഹിഷ്കരണ സമരത്തിന് ലോകമാസകലം നേതൃത്വം നൽകുന്ന ബി.ഡി.എസ് പ്രസ്ഥാനവും ഫലസ്തീൻ ഫുട്ബാൾ അസോസിയേഷനുമാണ് ഈ മാച്ചിനെതിരെ ആദ്യം രംഗത്തുവന്നത്. അവരുടെ ആഹ്വാനങ്ങൾ ലോകമാസകലമുള്ള ഫുട്ബാൾേപ്രമികൾ ഏറ്റെടുത്തു. മത്സരത്തിനെതിരെയുള്ള പ്രചാരണം കൊണ്ട് സജീവമായിരുന്നു സൈബറിടം കഴിഞ്ഞ ഒരാഴ്ചയായി. അർജൈൻറൻ ടീമിെൻറ മുഖവും ലോകമെങ്ങുമുള്ള ഫുട്ബാൾപ്രണയികളുടെ പ്രിയപ്പെട്ടവനുമായ ലയണൽ മെസ്സിയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ടാഗുകളും സന്ദേശങ്ങളും കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞു. ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന ഇസ്രായേലിൽ, ഫലസ്തീനികളിൽനിന്ന് അവർ കവർന്നെടുത്ത് ഗ്രാമത്തിൽ പണിതുയർത്തിയ സ്റ്റേഡിയത്തിൽ പന്തുതട്ടുന്നത് മെസ്സിയുടെ നൈതിക നിലപാടുകൾക്ക് ചേർന്നതല്ല എന്ന വിമർശനം വ്യാപകമായി ഉയർന്നു. വിമർശനങ്ങളും ആശങ്കകളും ഉപദേശങ്ങളും സങ്കടങ്ങളുമായി ആ പ്രചാരണം ശക്തിപ്പെട്ടുകൊണ്ടിരുന്നു. അർജൻറീന ജറൂസലമിൽ കളിക്കുകയാണെങ്കിൽ മെസ്സി ജഴ്സികൾ കത്തിക്കണമെന്ന ആഹ്വാനവും ഒടുവിലുണ്ടായി. ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ജിബ്രീൽ റജൂബ് ഇതു സംബന്ധമായി പുറപ്പെടുവിക്കുന്ന ഓരോ പ്രസ്താവനകളും മില്യൺ കണക്കിന് ഷെയർ ചെയ്യപ്പെട്ടു. അങ്ങനെയെല്ലാമുണ്ടായ വമ്പിച്ച സമ്മർദങ്ങളും പ്രചാരണങ്ങൾക്കുമൊടുവിലാണ് സമാധാനവാദികളെ സന്തോഷിപ്പിക്കുന്ന ആ വാർത്ത വന്നത്. മെസ്സിയുടെ കുട്ടികൾ ജറൂസലമിൽ കളിക്കില്ല.
നിശ്ചയിച്ചതു പ്രകാരം കളി നടക്കാൻ ഇസ്രായേൽ പരമാവധി ശ്രമിച്ചിരുന്നു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ചൊവ്വാഴ്ച അർജൈൻറൻ പ്രസിഡൻറ് മൗറിഷ്യോ മാക്രിയുമായി ഫോണിൽ ബന്ധപ്പെടുകയും മത്സരത്തിൽനിന്ന് പിന്മാറരുതെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഗസ്സയിൽ അടുത്തിടെ നടത്തിയ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ സാർവദേശീയ തലത്തിൽ വലിയ ധാർമിക പ്രതിസന്ധി നേരിടുന്ന ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഈ മാച്ച് പ്രധാനമായിരുന്നു. എങ്ങനെയെങ്കിലും കളി നടക്കണമെന്ന് അവർ ആഗ്രഹിച്ചതും പ്രധാനമന്ത്രിതന്നെ അതിൽ ഇടപെട്ടതും അതുകൊണ്ടാണ്. എന്നാൽ, കളി നിർത്തലാക്കുക എന്ന തീരുമാനത്തിൽ അർജൈൻറൻ ഫുട്ബാൾ അസോസിയേഷൻ ഉറച്ചുനിൽക്കുകയായിരുന്നു. ലയണൽ മെസ്സി, ഹാവിയർ മഷറാനോ, ഗോൺസാലോ ഹ്വിഗ്വെയ്ൻ എന്നി അർജൈൻറൻ കളിക്കാർ ഇസ്രായേലുമായുള്ള മത്സരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആയുധംകൊണ്ട് കളിക്കുന്ന രാജ്യമാണ് ഇസ്രായേൽ. അവർ ദിനംദിനേ നിരായുധരായ മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്. റസാൻ അൽ നജ്ജാർ എന്ന 21കാരിയായ നഴ്സിനെ, മുറിവേറ്റ് വീണവരെ പരിചരിക്കുന്നതിനിടെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നത് ഏതാനും ദിവസങ്ങൾക്കുമുമ്പാണ്. റസാൻ എന്ന ചെറുപ്പക്കാരി ലോകത്തിെൻറ രോദനവും ഫലസ്തീനി പോരാട്ടത്തിെൻറ മുഖവുമായി മാറി. റസാനുവേണ്ടി ചെറുപ്പക്കാർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് സന്നാഹ മത്സരവുമായി ബന്ധപ്പെട്ട കാമ്പയിനും സോഷ്യൽ മീഡിയയിൽ ഉരുണ്ടു കൂടുന്നത്. രണ്ടും കൂടി വന്നപ്പോഴുണ്ടായ സമ്മർദത്തിന് വഴങ്ങുകയല്ലാതെ അർജൻറീനക്ക് തരമുണ്ടായിരുന്നില്ല. അങ്ങനെ, വിസ്മയാവഹമായ ഒരു ജനകീയ സമരം വിജയത്തിെൻറ വല കുലുക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
മനുഷ്യർ എന്ന നിലക്ക് എല്ലാവരും പങ്കുവെക്കുന്ന അടിസ്ഥാന നൈതികതക്കും മൂല്യസങ്കൽപങ്ങൾക്കും ഒരു നിലക്കും വിലകൽപിക്കാത്ത, അടിമുടി അധാർമികതയിൽ അടിസ്ഥാനപ്പെടുത്തിയ ഒരു സംവിധാനമാണ് ഇസ്രായേൽ എന്ന രാഷ്ട്രം. കഴിഞ്ഞ 70 വർഷമായി അവർ ഫലസ്തീനികളോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ മനുഷ്യ വംശത്തിെൻറ ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ അനുഭവങ്ങളായി രേഖപ്പെടുത്തപ്പെടും. അങ്ങനെയൊക്കെയാണെങ്കിലും സാർവദേശീയ അധികാര േശ്രണിയിൽ പ്രധാന പങ്കുള്ള ഒരു രാജ്യം എന്ന നിലക്ക് അവർ ശക്തിയോടെ നിലനിൽക്കുകയാണ്. അത് ഭൗതികമായ ഒരു നിൽപുമാത്രമാണ്. ധാർമികതയുടെയും ജനകീയ ഇച്ഛകളുടെയും പരിേപ്രക്ഷ്യത്തിൽ ആലോചിക്കുമ്പോൾ ഇസ്രായേൽ നിരന്തരം പരാജയപ്പെടുന്ന രാജ്യമാണ്. ഫലസ്തീൻ ലോകത്തെങ്ങുമുള്ള നൈതിക പ്രതിപക്ഷത്തിെൻറ പ്രചോദനവും ആവേശവുമാണ്. ഇസ്രായേൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ധാർമിക പരാജയത്തിെൻറ; ഫലസ്തീൻ നേടിക്കൊണ്ടിരിക്കുന്ന ധാർമിക വിജയത്തിെൻറ ഏടുകളിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജറൂസലം മാച്ചിൽനിന്ന് പിന്മാറാനുള്ള അർജൈൻറൻ തീരുമാനം. ഇതിൽ എല്ലാവർക്കും പാഠങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.