എം.എം. അക്ബർ അവസാനത്തെ ഇരയല്ല
text_fieldsനിച്ച് ഓഫ് ട്രൂത്ത് എന്ന ഇസ്ലാമിക പ്രബോധകസംഘത്തിെൻറ തലവനും മുജാഹിദ് പ്രഭാഷണവേദികളിലെ സ്ഥിരം സാന്നിധ്യവും പീസ് ഇൻറർനാഷനൽ സ്കൂളിെൻറ ഡയറക്ടറുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത കേരള പൊലീസ് നടപടി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പീസ് സ്കൂളിലെ പാഠപുസ്തകങ്ങൾ മതസ്പർധയുണ്ടാക്കുന്നു എന്നതാണ് അദ്ദേഹത്തിനെതിരായ കേസിെൻറ അടിസ്ഥാനം. ഐ.പി.സി 153 (എ) ആണ് ചുമത്തിയിരിക്കുന്ന ചാർജ്. പ്രസ്തുത കേസിൽ കൂട്ടുപ്രതികളെ നേരേത്ത പൊലീസ് അറസ്റ്റ് ചെയ്തതും അവർ ജാമ്യം നേടി പുറത്തിറങ്ങിയതുമാണ്. ഒരു വർഷത്തോളമായി ഖത്തറിലായിരുന്ന അക്ബറിനെ ശനിയാഴ്ച അർധരാത്രി, മെൽബണിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തിെൻറ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ സന്ദർഭത്തിൽ എമിേഗ്രഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച കേരള പൊലീസ് അദ്ദേഹത്തെ കേരളത്തിലെത്തിച്ചു. തിങ്കളാഴ്ച എറണാകുളം ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
‘നിങ്ങളുടെ സഹപാഠി ഇസ്ലാംമതം സ്വീകരിക്കാൻ തീരുമാനിച്ചാൽ അവർക്ക് എന്ത് ഉപദേശമാണ് നൽകുക’ എന്ന ഒരു ചോദ്യം പീസ് സ്കൂളിൽ രണ്ടാംക്ലാസിലേക്കുള്ള മതപഠനപുസ്തകത്തിൽ ഉണ്ടായിരുന്നു. ഈ ചോദ്യവും അതിന് നൽകുന്ന ഉത്തരങ്ങളും മതവിദ്വേഷം പരത്തുന്നതാെണന്ന എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കണ്ടെത്തലിെനതുടർന്നാണ് 2016 ഒക്ടോബറിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. പുസ്തകപ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷൻ മേധാവി, കണ്ടൻറ് എഡിറ്റർ, ഡിസൈനർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെ 2016 ഡിസംബറിൽ അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം ജയിലിലിട്ടു. ഇവർ പിന്നീട് ഹൈകോടതിയിൽ നിന്ന് ജാമ്യം നേടി. വിവാദ പാഠഭാഗം അനുചിതമായി തോന്നിയതിനെ തുടർന്ന് പഠിപ്പിക്കേണ്ടതില്ലെന്ന് നേരേത്ത നിർദേശം നൽകിയിരുന്നു എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
കേസെടുക്കാൻ േപ്രരകമായ പാഠഭാഗം പ്രത്യക്ഷത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് പറയാൻ പറ്റില്ല. സത്യസാക്ഷ്യം പ്രഖ്യാപിക്കൽ (ശഹാദത്ത് കലിമ) ആണ് ഒരാൾ മുസ്ലിം ആവാനുള്ള ആദ്യത്തെ പടി എന്ന് കുട്ടികളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഒരു ആക്റ്റിവിറ്റി എന്ന നിലക്കാണ് അതിനെ കണ്ടിരുന്നത് എന്നാണ് പ്രസാധകരുടെ വിശദീകരണം. എങ്കിലും തെറ്റിദ്ധാരണക്ക് സാധ്യതയുള്ളതിനാൽ പുസ്തകം പിൻവലിക്കുന്നതായും അവർ പ്രഖ്യാപിച്ചു. അതായത്, കുട്ടികളിൽ പരമതവിദ്വേഷം കുത്തിവെക്കാൻ പീസ് സ്കൂൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് പറയാൻ കഴിയില്ല. അതേസമയം, സൂക്ഷ്മമായി നോക്കുമ്പോൾ തെറ്റിദ്ധാരണ പരത്താൻ ഇടയുള്ള ഒരു പാഠഭാഗം രണ്ടാം ക്ലാസ് വിദ്യാർഥികളെ പഠിപ്പിക്കുന്നതിൽ അനൗചിത്യമുണ്ട് എന്ന് പറയുകയും ചെയ്യാം. പ്രസ്തുത ഭാഗം പഠിപ്പിക്കേണ്ടതില്ല എന്ന് നേരേത്തതന്നെ നിർദേശം നൽകിയിരുെന്നന്ന സ്കൂൾ അധികൃതരുടെ വാദം എല്ലാവരും വിശ്വാസത്തിലെടുത്തുകൊള്ളണമെന്നില്ല. അതേസമയം, പീസ് സ്കൂൾ വിദ്വേഷ ഉൽപാദന കേന്ദ്രമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ദുരുപദിഷ്ടവുമാണ്. വലിയ തോതിൽ നടന്ന അത്തരം പ്രചാരണങ്ങളാണ് സ്കൂളിനെയും നടത്തിപ്പുകാരനായ എം.എം. അക്ബറിനെയും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാക്കിയത്. കേസിനെ തുടർന്ന് അദ്ദേഹം വിദേശത്ത് തന്നെ തുടർന്നത് പ്രചാരണം കൊഴുപ്പിക്കുന്നവർക്ക് ആവേശവുമായി.
153 (എ) വകുപ്പ് ചുമത്തപ്പെടുന്ന ആദ്യത്തെ ആളല്ല എം.എം. അക്ബർ. കേരളത്തിൽ അടുത്തകാലത്ത്, എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, ബി.ജെ.പി പ്രസിഡൻറ് കുമ്മനം രാജശേഖരൻ അടക്കം അര ഡസനോളം പേർക്കെതിരെ പ്രസ്തുത വകുപ്പ് ചുമത്തിയിട്ടുണ്ട്. പക്ഷേ, അവരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. മുജാഹിദ് പ്രഭാഷകനായ ശംസുദ്ദീൻ പാലത്താണ് അടുത്തകാലത്ത് പ്രസ്തുത വകുപ്പ് ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഒരാൾ. ഇപ്പോൾ എം.എം. അക്ബറും. ഇതിൽനിന്നുതന്നെ ഭരണകൂടവും പൊലീസും വിഷയത്തിൽ വിവേചനപരമായാണ് പെരുമാറുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ വിവേചന നയത്തിെൻറ ഒടുവിലത്തെ ഇര മാത്രമാണ് എം.എം. അക്ബർ. മുസ്ലിം വ്യക്തികളെയും ഗ്രൂപ്പുകളെയും തിരഞ്ഞുപിടിച്ച് പൈശാചികവത്കരിച്ച് നിയമക്കുരുക്കുകളിൽ പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. സമാനമായ സമീപനം പല വിഷയങ്ങളിലും കേരള സർക്കാറിെൻറ ഭാഗത്ത് നിന്നുമുണ്ടാവുന്നു എന്നത് യാഥാർഥ്യമാണ്. വിവാദമായ എറണാകുളം തൃപ്പൂണിത്തുറയിലെ ഘർവാപസി പീഡനകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ, മറ്റ് മതങ്ങൾക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന പാഠങ്ങളാണ് കേന്ദ്രത്തിൽ പഠിപ്പിക്കുന്നതെന്ന് മൊഴി നൽകിയിട്ടും സ്ഥാപന നടത്തിപ്പുകാർക്കെതിരെ 153 (എ) ചുമത്താൻ പൊലീസ് സന്നദ്ധമായിട്ടില്ല. കേരള പൊലീസിലെ സംഘ്പരിവാർ സ്വാധീനമാകട്ടെ, ഇടതുപക്ഷത്തുള്ള ആളുകൾ പോലും പരാതിയായി ഉന്നയിച്ചുകഴിഞ്ഞ വിഷയവുമാണ്. ഈ പശ്ചാത്തലത്തിലാണ് എം.എം. അക്ബറിെൻറ അറസ്റ്റ് വിലയിരുത്തപ്പെടേണ്ടത്.
മുസ്ലിംസമൂഹത്തെ ലക്ഷ്യംവെച്ച് നടക്കുന്ന ഭരണകൂടഭീകരതയുടെ നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് എം.എം. അക്ബറിെൻറ അറസ്റ്റ്. തീവ്രവാദത്തിനെതിരായ പോരാട്ടം എന്ന ലേബലിലാണ് ഭരണകൂട ഭീകരത മുന്നോട്ടുപോയത്. പലപ്പോഴും ഇത്തരം കേസുകളിൽ ഭരണകൂടയുക്തിക്കൊപ്പം നിന്ന്, തീവ്രവാദപോരാട്ടത്തിെൻറ ഭാഗമായി ഇതൊക്കെ വേണം എന്ന നിലപാടെടുത്തവരിൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവുമുണ്ടായിരുന്നു. ഇപ്പോൾ അവരിൽപെട്ട ഒരു പണ്ഡിതൻ അതേ വിവേചനഭീകരതയുടെ ഇരയാവുകയാണ്. ഭരണകൂട ഹിംസക്കെതിരായ കൂട്ടായ പരിശ്രമങ്ങൾ വൈകരുത് എന്ന സന്ദേശമാണ് എം.എം. അക്ബർ സംഭവം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.