Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭ​ര​ണം സു​താ​ര്യ​ത...

ഭ​ര​ണം സു​താ​ര്യ​ത ​വി​ട്ട്​ അ​താ​ര്യ​ത​യി​ലേ​ക്ക്​

text_fields
bookmark_border
ഭ​ര​ണം സു​താ​ര്യ​ത ​വി​ട്ട്​ അ​താ​ര്യ​ത​യി​ലേ​ക്ക്​
cancel

അഴിമതി നിർമാർജനത്തെപ്പറ്റി ഏറെ പ്രസംഗിച്ചവരാണ് കേന്ദ്രത്തിൽ ഇപ്പോൾ ഭരിക്കുന്നത്. എന്നാൽ, ഫലപ്രദമായി ആ ദിശയിൽ എന്തെങ്കിലും ചെയ്യാൻ മോദി സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിദേശങ്ങളിൽ ഒളിപ്പിച്ച കള്ളപ്പണം കണ്ടെത്താൻ നടപടി ഉണ്ടായിട്ടില്ല. വൻ കോർപറേറ്റുകളുടെ നികുതി വെട്ടിപ്പ് തടയാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പലതിെൻറയും പേരിലുള്ള സഹസ്രകോടികളുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളാനാണ് തിടുക്കം. നോട്ടുനിരോധനത്തെ ന്യായീകരിക്കാൻ പറഞ്ഞ കാരണങ്ങളിലൊന്ന് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കലായിരുന്നെങ്കിലും അത് ആ നിലക്കും പരാജയമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ വിവാദമായ ധനകാര്യ ഭേദഗതികളിലൂടെ കേന്ദ്രം രണ്ട് ജനവിരുദ്ധ നീക്കങ്ങൾകൂടി നടത്തിയിരിക്കുന്നു-ഒരുഭാഗത്ത് തെരഞ്ഞെടുപ്പ് ഫണ്ടിങ് മേഖലയിൽ മുമ്പുണ്ടായിരുന്ന സുതാര്യതപോലും എടുത്തുകളയുന്നു; ഒപ്പം ജനങ്ങൾക്കുമേൽ അന്യായമായ അമിതാധികാരങ്ങൾ പ്രയോഗിക്കാൻ നിയമത്തിൽതന്നെ വ്യവസ്ഥ ചെയ്തിരിക്കുന്നു.

ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഫിനാൻസ് ബിൽ, ഇത്തരം അന്യായവ്യവസ്ഥകൾ പിൻവാതിലിലൂടെ കൊണ്ടുവന്നിരിക്കുകയാണ്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത് രാഷ്ട്രീയകക്ഷികളുടെ ധനസമാഹരണരീതികൾ ശുദ്ധീകരിക്കാൻ ശ്രമം ആവശ്യമാണെന്നാണ്. അതിനദ്ദേഹം കണ്ടുവെച്ച വഴിയാകെട്ട നേർവിരുദ്ധവും. ലോക്സഭയിൽ ബി.ജെ.പിക്കുള്ള ഭൂരിപക്ഷം മുതലെടുത്ത് പാസാക്കിയെടുത്ത ഫിനാൻസ് ബില്ലിൽ, രാഷ്ട്രീയപാർട്ടികൾക്കുള്ള സംഭാവനകൾക്ക് മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളും പരിധികളുംപോലും എടുത്തുകളയുകയാണ് ചെയ്തത്. പാർട്ടികൾക്ക് പണം നൽകുന്നവരുടെ പേരുവിവരം പുറത്തറിയിക്കാതിരിക്കാൻ വേണ്ട ഒത്താശയെല്ലാം അതിൽ ചെയ്തുകൊടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വരുന്നതോടെ പാർട്ടികൾക്ക് അതുവഴി എത്ര പണം വേണമെങ്കിലും സമ്പാദിക്കാം-ദാതാക്കളുടെ ഒരു വിവരവും പുറത്തുവിടേണ്ടതില്ല.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെറിയ തുക സംഭാവന നൽകുന്നവരുടെപോലും സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താൻ ആദായനികുതി വകുപ്പ് നിർബന്ധിക്കുേമ്പാഴാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഇങ്ങനെയൊരു അഴിമതി മാർഗം. കോർപറേറ്റ് സ്ഥാപനങ്ങൾ പാർട്ടികൾക്ക് നൽകുന്ന സംഭാവനകളുടെ പരിധിയും എടുത്തുകളഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് പണക്കാർക്കും കോർപറേറ്റ് ഭീമന്മാർക്കും പാർട്ടികളെയും അതുവഴി സർക്കാറുകളെയും വിലക്കുവാങ്ങാൻ കൂടുതൽ എളുപ്പമാകും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കഴിഞ്ഞവർഷം പുറത്തുവിട്ട പഠനത്തിൽ കണ്ടത്, രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകളിൽ 70 ശതമാനവും ഉറവിടം വെളിപ്പെടുത്താത്തതാണ് എന്നത്രെ.

ഇൗ സംഭാവനകൾക്കു പിന്നിൽ താൽപര്യങ്ങളുണ്ടെന്നതും ഭരണത്തിലേറുന്നവരിൽനിന്ന് അതിെൻറ പതിന്മടങ്ങ് ഇൗടാക്കാനുള്ള ലൈസൻസാണ് അവയെന്നും എടുത്തുപറയേണ്ടതില്ല. ആ അഴിമതിപ്പഴുത് അടക്കുന്നതിനു പകരം സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത് സംഭാവനയുടെ പരിധി എടുത്തുകളയുക മാത്രമല്ല, അത് നൂറുശതമാനവും  ഉറവിടം വെളിപ്പെടുത്താതെയാവാമെന്ന് നിയമത്തിൽതന്നെ വ്യവസ്ഥ ചെയ്യുകയുമാണ്. എന്നുവെച്ചാൽ, മുമ്പ് അഴിമതി നടന്നിരുന്നെങ്കിലും അത് പരിമിതവും നിയമവിരുദ്ധവുമായിരുന്നു; ഇപ്പോൾ അത് പരിധിയില്ലാത്തതും നിയമവിധേയവുമായിരിക്കുന്നു. വ്യക്തിഗത സംഭാവനകളുടെ നിബന്ധനകളും ഉദാരമാക്കിയിട്ടുണ്ട്. വിദേശ കമ്പനികളിൽനിന്നുകൂടി സംഭാവന വാങ്ങാമെന്നുവരുന്നതോടെ ‘ശുദ്ധീകരണം’ പൂർത്തിയാകുന്നു!

ഭരണകൂടത്തിെൻറയും അഴിമതിക്കാരുടെയും കൈകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ എടുത്തുകളഞ്ഞതിനോടൊപ്പം സാധാരണക്കാരുടെ കഴുത്തിൽ  ശക്തമായ നുകങ്ങൾകൂടി ചുമത്തുന്നുണ്ട് ലോക്സഭ വലിയ ചർച്ചപോലുമില്ലാതെ പാസാക്കിയ ഫിനാൻസ് ബിൽ. ഏറ്റവും ആപത്കരമാണ് നികുതി ഉേദ്യാഗസ്ഥർക്ക് നൽകുന്ന അമിതാധികാരം. ഏതു സ്ഥലത്തും ഏതു സമയത്തും കാരണം കാണിക്കാതെ  കയറിച്ചെന്ന് പരിശോധിക്കാനും പിടിച്ചെടുക്കാനും അധികാരം നൽകുന്നത് സാമ്പത്തികരംഗത്ത് കടുത്ത സമഗ്രാധിപത്യവും നെറികേടുമാണ് സൃഷ്ടിക്കുക.

സാമാന്യനീതിക്കോ മൗലികാവകാശങ്ങൾക്കോ നിരക്കാത്ത ഇൗ നിയമം, യു.എ.പി.എയെപ്പോലെയോ അതിൽക്കൂടുതലോ അവകാശനിഷേധങ്ങൾക്ക് വഴിവെക്കും. ബജറ്റ് പ്രസംഗത്തിൽ ആധാറിനെപ്പറ്റി ഒന്നും പറയാതിരുന്ന ധനമന്ത്രി, ഫിനാൻസ് ബില്ലിലൂടെ ആധാർ നികുതി റിേട്ടണിന് നിർബന്ധമാക്കി-അതുവഴി അതിന്മേലുള്ള ചർച്ച ഒഴിവാക്കി. ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി നിർദേശത്തെ കാറ്റിൽ പറത്തിക്കൊണ്ട് അതും പാൻകാർഡുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ൈട്രബ്യൂണലുകളിലെ അംഗങ്ങളെ നിശ്ചയിക്കാനുള്ള അനിയന്ത്രിതമായ അധികാരവും കേന്ദ്രസർക്കാർ സ്വയം പതിച്ചെടുത്തിരിക്കുന്നു. പൗരന്മാരുടെ സ്വാതന്ത്ര്യം കുറക്കുകയും സർക്കാറിെൻറ അധികാരം കൂട്ടുകയും ചെയ്യുന്ന നിയമങ്ങൾ രാജ്യസഭയെ മറികടക്കാനായി ധനബില്ലിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. നിയമത്തെയും പാർലമെൻറിനെയും മറികടക്കുന്ന സംശയാസ്പദമായ വഴികളിലൂടെ കേന്ദ്രം ചെയ്തത് ഭരണത്തെ അഴിമതിക്കും പക്ഷപാതത്തിനുമായി തുറന്നുവെക്കുക മാത്രമല്ല, അതെല്ലാം അതാര്യമാക്കുക കൂടിയാണ്. ജനാധിപത്യത്തിെൻറ നേരെ എതിർദിശയിലാണ് ഇൗ സഞ്ചാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
News Summary - modi government
Next Story