‘ഇൻഡ്യ’യെ തോൽപിക്കാൻ മോദിയുടെ ‘ഇഡി’ വിദ്യ
text_fieldsരാഷ്ട്ര തലസ്ഥാനത്തെ മാധ്യമവേട്ടക്കുശേഷം, പ്രതിപക്ഷ സംസ്ഥാനങ്ങൾക്കുനേരെ തിരിഞ്ഞിരിക്കുകയാണ് മോദി സർക്കാർ. പതിവുപോലെ കേന്ദ്ര അന്വേഷണ ഏജൻസികളെ തന്നെയാണ് ഇക്കുറിയും കൂട്ടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നാല് സംസ്ഥാനങ്ങളിലാണ് വിവിധ കാരണങ്ങൾ നിരത്തി കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നത്; തമിഴ്നാട്, കർണാടക, പശ്ചിമബംഗാൾ, തെലങ്കാന എന്നിവിടങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി) ആദായനികുതി വകുപ്പിന്റെയും (ഐ.ടി) മിന്നൽ പരിശോധന. വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയെന്നും മറ്റും ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്. ജഗത് രക്ഷകന്റെ വീട്ടിലും ബന്ധുക്കളുടേതടക്കം 70ലധികം സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയപ്പോൾ കർണാടകയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വലം കൈയായ മഞ്ജുനാഥ് ഗൗഡയുടെ വീടും ഫാംഹൗസും ഐ.ടി വിഭാഗം പരിശോധിച്ചു.
പശ്ചിമ ബംഗാളിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ വീട്ടിലും ഓഫിസിലുമായിരുന്നു മിന്നൽപരിശോധന. ബി.ആർ.എസ് നേതാവും എം.എൽ.എയുമായ മാഗന്തി ഗോപിനാഥും കുടുംബവുമാണ് തെലങ്കാനയിൽ ഇ.ഡി ‘വേട്ട’ക്ക് ഇരയായത്. ഡൽഹിയിലും കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം വിവിധ കേസുകളുടെ പേരിൽ കേന്ദ്ര അന്വേഷണ സംഘങ്ങൾ കയറിയറങ്ങുന്നതിനിടെയാണ് പുതിയ ‘ഇ.ഡി വേട്ട’ എന്നത് ഒട്ടും യാദൃച്ഛികമല്ല. അതുകൊണ്ടുതന്നെ, പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’, സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ശരിക്കുമൊരു ‘ഇ.ഡി രാജ്’ ആണ് നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് പലരും പ്രതികരിച്ചു. അതേസമയം, നിയമം അതിന്റെ വഴിക്കുതന്നെ നീങ്ങുമെന്നാണ് ഭരണപക്ഷ ന്യായം.
2014ൽ അധികാരത്തിൽവന്ന മോദിയുടെ ഭരണമിപ്പോൾ ഏതാണ്ട് 3400 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. ചിന്നിച്ചിതറിയതും ശുഷ്കവുമായ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തിലും പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ ബലത്തിലും ചോദ്യംചെയ്യപ്പെടാതെ വാഴുകയായിരുന്നു ഏതാനും മാസം മുമ്പുവരെ മോദിയും സംഘവും. എന്നാൽ, പ്രതിപക്ഷ സംസ്ഥാനങ്ങൾ വിയോജിപ്പുകളോടെ ഐക്യപ്പെട്ട് ‘ഇൻഡ്യ’ സഖ്യത്തിന് രൂപം നൽകിയതോടെ കാര്യങ്ങൾ ഏറക്കുറെ മാറിമറിഞ്ഞു. ഒപ്പം, മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിക്ക് രാഹുലിന്റെ ഭാരത് ജോഡോ യാത്രക്കുശേഷം കാര്യമായ ഉണർവുണ്ടായി; തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ പലവിധ കാരണങ്ങളാൽ ശക്തമായ സംഘ്പരിവാർ വിരുദ്ധ തരംഗം സജീവമാകുകയും ചെയ്തു. ഇതെല്ലാം ചേർന്നതോടെ, ഹിന്ദുത്വയുടെ സമാനതകളില്ലാത്ത തേരോട്ടത്തിനിടയിലും കേന്ദ്രഭരണകൂടത്തിനെതിരായ വികാരം പൊതുവിൽ പ്രകടമായിത്തുടങ്ങി. ഈ വികാരത്തെ ശക്തിപ്പെടുത്താൻ നമ്മുടെ നാട്ടിലെ ബദൽ മാധ്യമങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചിട്ടുമുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കപ്പെട്ടേക്കാം. നാലോ അഞ്ചോ മാസത്തിനുള്ളിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കും. യോജിക്കാവുന്ന മേഖലയിലെല്ലാം യോജിച്ചുകൊണ്ട് ‘ഇൻഡ്യ’ സഖ്യം ഒരുപാട് മുന്നേറിക്കഴിഞ്ഞു. അതിന്റെ അലയൊലികൾ സഖ്യത്തിന്റെ ഭാഗമായുള്ള പ്രാദേശിക പാർട്ടികളിലും പ്രകടമായിരിക്കുന്നു. ബിഹാറിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതെല്ലാം ബി.ജെ.പിയെ സംബന്ധിച്ച് കനത്ത പ്രഹരമാണ്. ജനാധിപത്യപരമായ രീതിയിൽ ‘ഇൻഡ്യ’ സഖ്യത്തിനെതിരെ രാഷ്ട്രീയപ്രതിരോധം തീർക്കുക അത്ര എളുപ്പവുമല്ല; കർണാടക തെരഞ്ഞെടുപ്പ് ഫലം അക്കാര്യത്തിൽ ബി.ജെ.പിക്ക് വലിയ പാഠമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം അന്വേഷണ ഏജൻസികളെവെച്ച് കളിക്കാൻ തീരുമാനിച്ചതെന്നുവേണം അനുമാനിക്കാൻ. ബി.ജെ.പി സർവ അടവുകളും പയറ്റി ദയനീയമായി പരാജയപ്പെട്ട നാല് സംസ്ഥാനങ്ങളിലാണിപ്പോൾ ഇ.ഡിയും ഐ.ടിയും ഇറങ്ങിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. സംഘ്പരിവാറിനോട് പലപ്പോഴും മൃദുസമീപനം സ്വീകരിച്ചിട്ടുള്ള ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയിലും ഇതേരീതിയിൽ റെയ്ഡും അറസ്റ്റുമെല്ലാം നടന്നു; ഏറക്കുറെ സമാനമായ സാഹചര്യം കേരളത്തിലുമുണ്ട്. കടുത്ത രാഷ്ട്രീയ പകയല്ലാതെ മറ്റൊരു കാരണവും ഈ നീക്കങ്ങൾക്കു പിന്നിലില്ലെന്നത് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
പലവിധത്തിൽ ‘ഉപരോധം’ തീർത്ത് രാഷ്ട്രീയ പ്രതിയോഗികളെ നിഷ്കാസനം ചെയ്യുക എന്നത് ഹിന്ദുത്വ ഫാഷിസത്തിന്റെ എക്കാലത്തെയും തന്ത്രമാണ്. ഒരർഥത്തിൽ, അതേ തന്ത്രം തന്നെയാണ് അവർ ഇപ്പോൾ ഭരണത്തിലിരുന്നും നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ വെല്ലുവിളിക്കുംവിധമുള്ള പ്രവർത്തനമാണ് കഴിഞ്ഞ ഒമ്പത് വർഷമായി മോദി ഭരണത്തിൽ കണ്ടുവരുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് കടന്നുകയറി എല്ലായിടത്തും മേധാവിത്തം സ്ഥാപിക്കുക എന്നത് ഒരു നയം പോലെ അവർ കൊണ്ടുനടക്കുന്നു. സാമ്പത്തിക പരിഷ്കരണ പരിപാടികളെന്നപേരിൽ കേന്ദ്രം നടപ്പാക്കിയ ജി.എസ്.ടി അടക്കമുള്ള സംവിധാനങ്ങൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിനുമേലുള്ള കടന്നാക്രമണമായിരുന്നുവെന്ന് നാമിപ്പോൾ തിരിച്ചറിയുന്നുണ്ട്.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകാതെ മനഃപൂർവം അവഗണിക്കുന്ന നെറികെട്ട രാഷ്ട്രീയ പകപോക്കലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ട്. ഇതിനെയെല്ലാം അതിജയിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങൾ പിന്നെയും മുന്നോട്ടുപോകുമ്പോഴാണ് ‘ഇ.ഡി’ വിദ്യ പോലുള്ള പുതിയ ആയുധങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത്. ‘ഇൻഡ്യ’യെ ഒതുക്കാനുള്ള നീക്കങ്ങൾ ഈ ആയുധ പ്രയോഗത്തിലൊതുങ്ങുമെന്നും കരുതാൻ വയ്യ. ഇതിനേക്കാൾ മൂർച്ചയേറിയ, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ആയുധങ്ങൾ ഭരണമുന്നണിയിൽ ശേഷിക്കുന്നുണ്ടെന്നത് ഇതിനകംതന്നെ മണിപ്പൂരിലും ഹരിയാനയിലുമെല്ലാം തെളിഞ്ഞതാണ്. എന്തുതന്നെ സംഭവിച്ചാലും ഭരണം നിലനിർത്തുക എന്നതുമാത്രമാണ് ഹിന്ദുത്വയുടെ അജണ്ട. അതിനാൽ, പുതിയ ഭരണകൂട വേട്ടകൾക്കെതിരെ ‘ഇൻഡ്യ’ക്ക് വലിയ രാഷ്ട്രീയ പ്രതിരോധംതന്നെ തീർക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.