നമസ്കരിക്കാൻ പള്ളിയില്ലാത്തതല്ല പ്രശ്നം
text_fieldsമുസ്ലിംകൾക്ക് നമസ്കാരം നിർവഹിക്കാൻ പള്ളി അനിവാര്യമല്ല എന്ന 1994ലെ ഇസ്മായീൽ ഫാറൂഖി കേസിലെ സുപ്രീംകോടതി പരാമർശം പുനഃപരിശോധനക്കായി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോർഡിെൻറ ആവശ്യം തള്ളിക്കൊണ്ടുള്ള സെപ്റ്റംബർ 27ലെ സുപ്രീംകോടതി വിധി ഗൗരവപ്പെട്ട വിശകലനങ്ങൾക്ക് വിധേയമാകേണ്ടതാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം, മസ്ജിദ് നിലനിന്ന ഭൂമി പ്രത്യേക ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാർ ഏറ്റെടുത്ത നടപടിയെ ചോദ്യംചെയ്ത് നൽകിയ കേസാണ് ഇസ്മായീൽ ഫാറൂഖി കേസ് എന്ന പേരിൽ പ്രസിദ്ധമായത്. ഈ കേസിെൻറ വിധിപ്രസ്താവത്തിലാണ് ‘ഇസ്ലാം അനുഷ്ഠിക്കുന്നതിന് പള്ളി അവിഭാജ്യ ഘടകമല്ല, മുസ്ലിംകൾക്ക് നമസ്കാരം എവിടെയും, തുറന്ന സ്ഥലത്തു പോലും നിർവഹിക്കാം’ എന്ന പരാമർശം സുപ്രീംകോടതി നടത്തുന്നത്. 1994ലെ വിധിയിലെ ഈ പരാമർശം, അയോധ്യ കേസിനെ ബാധിക്കുമെന്നും അതിനാൽ, പരാമർശം നീക്കാൻ വിഷയം ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് സുന്നി വഖഫ് ബോർഡിനു വേണ്ടി രാജീവ് ധവാനാണ് രംഗത്തുവന്നത്. എന്നാൽ, 1994ലെ വിധിയിലെ പരാമർശം അന്നത്തെ ഭൂമിയേറ്റെടുക്കൽ ഓർഡിനൻസുമായി മാത്രം ബന്ധപ്പെട്ട കാര്യമാണെന്നും മറ്റ് കേസുകളെയോ വിധിന്യായങ്ങളെയോ അത് സ്വാധീനിക്കേണ്ടതില്ലെന്നുമാണ് മൂന്നംഗ ബെഞ്ച് ഭിന്ന വിധിയിലൂടെ തീർപ്പുകൽപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവർ ഈ വിധി പ്രസ്താവിച്ചപ്പോൾ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുൽ നസീർ വിയോജന വിധി പുറപ്പെടുവിച്ചു. മതത്തിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യം ധിറുതിപ്പെട്ട് തീരുമാനത്തിലെത്തേണ്ടതല്ല; കൂടുതൽ പരിശോധനകൾക്ക് വിപുലമായ ഭരണഘടന ബെഞ്ചിന് വിടുകയാണ് വേണ്ടത് എന്നതായിരുന്നു അബ്ദുൽ നസീറിെൻറ വിധി. എന്നാൽ, ഭൂരിപക്ഷത്തിെൻറ വിധിക്കാണ് നിയമപ്രാബല്യം. അങ്ങനെയിരിക്കെ, രാജ്യം ഉറ്റുനോക്കുന്ന അയോധ്യ കേസിലെ അവസാന വിധിക്കു വേണ്ടിയുള്ള വിചാരണ ഒക്ടോബർ 29ന് ആരംഭിക്കും.
സെപ്റ്റംബർ 27ലെ സുപ്രീംകോടതി വിധിക്ക് പലവിധത്തിലുള്ള പ്രത്യാഘാതങ്ങളുണ്ട്. സുന്നി വഖഫ് ബോർഡ് ആവശ്യപ്പെട്ടതുപോലെ, ഇസ്മായീൽ ഫാറൂഖി കേസിലെ പരാമർശം പുനഃപരിശോധനക്ക് വിടുകയായിരുന്നെങ്കിൽ കേസ് ഇനിയും കൂടുതൽ വിപുലമായ വിചാരണകൾക്ക് വിധേയമാവുകയും നീണ്ടുനിൽക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, അത് തള്ളിയതോടുകൂടി അയോധ്യ കേസ് വിചാരണ വീണ്ടും ചൂടുപിടിക്കുകയാണ്. അതായത്, രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകവെ അതിവൈകാരികത നിറഞ്ഞ അയോധ്യയായിരിക്കും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദു. ഒരുപക്ഷേ, തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അയോധ്യ കേസിൽ വിധി വരാനുള്ള സാധ്യതയുമുണ്ട്. വിധി അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അതിെൻറ പ്രയോജനം ഏറ്റവും ലഭിക്കാൻ പോകുന്നത് സംഘ്പരിവാറിനും ഭരണകക്ഷിയായ ബി.ജെ.പിക്കുമായിരിക്കും. അയോധ്യയിൽ മുസ്ലിംകൾക്ക് അനുകൂലമായി വിധിയുണ്ടായാൽ രാജ്യം മുഴുക്കെ കലാപം സൃഷ്ടിച്ച് അതുവഴി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിക്കും. സംഘ്പരിവാറിന് അനുകൂലമാണ് വിധിയെങ്കിൽ അയോധ്യയെ മുൻനിർത്തി അവർ ഇക്കാലമത്രയും കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്കും ഒഴുക്കിയ ചോരച്ചാലുകൾക്കും ന്യായം ചമക്കാൻ അവർ ശ്രമിക്കും. രാജ്യത്തിനു മുന്നിൽ വിശുദ്ധ പരിവേഷം ചമയാനും ഹിന്ദു അഭിമാനം ഉണർത്തി അത് തെരഞ്ഞെടുപ്പ് നേട്ടമാക്കാനും അവർക്ക് സാധിക്കും. അതായത്, പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഈ കേസിൽ വിധി വരുന്നത് ശരിയായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം, ഈ കേസ് എടുക്കുന്ന സന്ദർഭത്തിൽതന്നെ പ്രമുഖ അഭിഭാഷകനായ കപിൽ സിബൽ സുപ്രീംകോടതിക്കകത്തുതന്നെ ഉന്നയിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഈ കേസ് എടുക്കരുതെന്നതായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ഈ വിഷയത്തിൽ അജണ്ടകളുണ്ട് എന്ന അർഥത്തിലുള്ള കപിൽ സിബലിെൻറ പരാമർശങ്ങൾ വിവാദമാവുകയും ചെയ്തിരുന്നു. നമസ്കാരസ്ഥലവുമായി ബന്ധപ്പെട്ട സെപ്റ്റംബർ 27ലെ വിധിയെ അതിനാൽതന്നെ കേവലമായ അർഥത്തിൽ എടുക്കാൻ സാധിക്കില്ല. സങ്കീർണമായ ഈ പശ്ചാത്തലത്തിൽ ഇത്ര ധിറുതിപ്പെട്ട് ഈ വിഷയത്തിൽ തീർപ്പിലെത്തിയതിൽ ആരെങ്കിലും ദുരൂഹത കണ്ടാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
നമസ്കരിക്കാൻ പള്ളി അനിവാര്യമില്ല എന്നത് സാങ്കേതികമായി ശരിയാണ്. വിഗ്രഹാരാധനയിലും പ്രതിഷ്ഠയിലും വിശ്വാസമില്ലാത്ത മുസ്ലിമിന് ഭൂമിയിൽ എവിടെവെച്ചും ദൈവത്തോട് പ്രാർഥിക്കാം. (സ്വന്തമായി പള്ളിയില്ലാത്ത ഹരിയാനയിലെ ദരിദ്ര മുസ്ലിംകൾ പൊതുസ്ഥലത്ത് പ്രാർഥിച്ചതിെൻറ പേരിൽ ആക്രമിക്കപ്പെട്ടതിെൻറ വാർത്തകൾ വന്നത് അടുത്ത കാലത്താണ്!). എന്നാൽ, പള്ളികൾ നമസ്കാരത്തിനു വേണ്ടി മാത്രമുള്ള സ്ഥലങ്ങളല്ല. വിശ്വാസിയുടെ ജീവിതവുമായി പലനിലയിൽ ബന്ധപ്പെടുന്ന സാംസ്കാരിക കേന്ദ്രം കൂടിയാണത്. മുസ്ലിം ജീവിതത്തിെൻറ അവിഭാജ്യ ഘടകമായ ഒരു സ്ഥാപനമാണത്. ഒരു ക്രിമിനൽ സംഘം ആസൂത്രിതമായി സംഘടിച്ചെത്തി അങ്ങനെയൊരു സ്ഥാപനം അടിച്ചു നിലംപരിശാക്കിയ ഒരു പശ്ചാത്തലത്തിൽ പ്രാർഥിക്കാൻ പള്ളി അനിവാര്യമാണോ എന്ന ചോദ്യം ഉന്നയിക്കുന്നതിൽതന്നെ നൈതികമായ പ്രശ്നങ്ങളുണ്ട്. എന്നാൽ, ഖേദകരമെന്നു പറയട്ടെ, അത്തരം നൈതിക പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാതെ കേവലമായ സാങ്കേതികതയിൽ നിന്നുകൊണ്ടാണ് സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്. സംഘ്പരിവാറിെൻറ ആക്രമണോത്സുക പദ്ധതിക്ക് സാംസ്കാരിക മൂലധനമാവുന്ന തരത്തിൽ ഈ വിധി ഉപയോഗപ്പെടുത്തപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.