ഫെഡറൽ ജനാധിപത്യത്തിന് എതിരായ നീക്കം
text_fieldsഇന്ത്യയിൽ ‘ആവശ്യത്തിലേറെ ജനാധിപത്യ’മുള്ളതാണ് പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തടസ്സമെന്ന് നിതി ആയോഗ് അധ്യക്ഷൻ അമിതാഭ്കാന്ത് പരിതപിച്ചിട്ട് മൂന്നുവർഷത്തോളമാകുന്നു. ആവശ്യത്തിലേറെ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നതാണ് വികസന പ്രവർത്തനങ്ങൾക്ക് തടസ്സമെന്ന് അതിനുമുമ്പേ കണ്ടെത്തൽ നടത്തിയ ബി.ജെ.പി, ഇപ്പോൾ ആ തടസ്സം നീക്കാൻ മൂർത്തമായ നടപടികളിലേക്ക് കടക്കുകയാണ്. ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന പാർട്ടി വാഗ്ദാനം നടപ്പാക്കുന്നത് പഠിക്കാൻ സമിതിയെ നിയമിച്ചുകൊണ്ട് യൂനിയൻ സർക്കാർ വിജ്ഞാപനമിറക്കിയിരിക്കുന്നു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിക്ക് പരിഗണന വിഷയങ്ങൾ നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. അതിനുവേണ്ടി ഭരണഘടനയിലും നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെന്തെന്ന് സമിതി നിർദേശിക്കും. ഒരു വോട്ടർപട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് എല്ലാ തെരഞ്ഞെടുപ്പും ഒറ്റയടിക്ക് നടത്തിയാൽ അത് ചെലവ് കുറക്കും, ഭരണത്തിന് കുറേക്കൂടി സൗകര്യവും തുടർച്ചയും നൽകും എന്നൊക്കെയാണ് പറയുന്നത്. വോട്ടർമാർക്കും അതാണത്രേ സൗകര്യം. ചെലവിന്റെ കാര്യമാണ് പ്രധാനമന്ത്രി അടക്കം ഊന്നിപ്പറയുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് രാഷ്ട്രീയപാർട്ടികളും ഇലക്ഷൻ കമീഷനുംകൂടി 60,000 കോടി രൂപ ചെലവിട്ടു എന്നാണ് കണക്ക്.
യഥാർഥ ചെലവ് ഇതിന്റെ പല ഇരട്ടി വരുമെന്നും പറയപ്പെടുന്നു. ഒറ്റ തെരഞ്ഞെടുപ്പിന് 4500 കോടി രൂപയേ വരൂ എന്ന് ഇലക്ഷൻ കമീഷൻ കണക്കുകൂട്ടുന്നു; കമീഷന്റെ മാത്രം ചെലവാകാം ഇത് എന്ന് കരുതിയാൽപോലും ഇതിന്റെ ആധികാരികത സംശയാസ്പദമാണ്. മാത്രമല്ല, ചെലവ് നിയന്ത്രിക്കുന്നതിലും കാര്യക്ഷമതയിലും ടി.എൻ. ശേഷന്റെ കാലത്ത് കമീഷൻ കാണിച്ച മികവ് ഇന്ന് ഇല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം കമീഷന് തന്നെയാണ്. കമീഷനും ബ്യൂറോക്രസിക്കും നടത്തിപ്പ് സൗകര്യം, ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യം എന്നിവ രണ്ടും ഒരേ ബിന്ദുവിൽ ഒന്നിക്കുന്നു എന്നതാണ് പുതിയ നീക്കത്തിന്റെ പ്രേരകമെന്ന് കരുതാനാണ് ന്യായം.
‘ആവശ്യത്തിലേറെ ജനാധിപത്യം’ ഉള്ളതുകൊണ്ടു തന്നെയാവാം, ഇത്തരത്തിൽ നിർണായകമായ ഒരു ചുവട് ആവശ്യമോ എന്ന കൂടിയാലോചന പാർലമെന്റിലോ മറ്റേതെങ്കിലും വേദിയിലോ നടന്നിട്ടില്ല. അതിന്റെ ആവശ്യകത പരിഗണിക്കാനല്ല സമിതിയെ വെച്ചത്. ആവശ്യമാണെന്ന് തീരുമാനിച്ചുകഴിഞ്ഞു; എങ്ങനെ നടപ്പിൽ വരുത്തണമെന്ന് സമിതി പറഞ്ഞുകൊടുക്കണം. ജനാധിപത്യ വിരുദ്ധമായ ഈ അടിച്ചേൽപിക്കൽരീതി സമിതിയെ നിർണയിച്ചതിലും അതിന്റെ സ്വഭാവത്തിലുമെല്ലാം ഉണ്ട്. എട്ടംഗ സമിതിയിൽ ഭരണപക്ഷത്തോട് വിയോജിപ്പുള്ള ഏക വ്യക്തി ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയായിരുന്നു. അദ്ദേഹം സമിതിയിൽനിന്ന് ഒഴിയുകയും ചെയ്തു. പൊതുമണ്ഡലത്തിൽ പരസ്യവും സുതാര്യവുമായ സംവാദങ്ങളിലൂടെ ഉരുത്തിരിയേണ്ട കാര്യങ്ങളാണ് ഒളിച്ചും പിൻവാതിൽ വഴിയും ചെയ്യുന്നത്. പാർലമെന്റ് വിളിക്കുന്നു, അജണ്ടയെന്തെന്ന് പറയാതെ. തെരഞ്ഞെടുപ്പ് പരിഷ്കരിക്കണമെന്ന് ഏകപക്ഷീയമായി തീരുമാനിച്ച്, ഏകപക്ഷീയമായി പഠനസമിതിയെ നിയോഗിക്കുന്നു. നിയമനിർമാണത്തിനുമുമ്പ് രാഷ്ട്രീയ സമവായമുണ്ടാക്കേണ്ട കാര്യങ്ങൾവരെ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും തീരുമാനിക്കുന്നു. ഈ അടിച്ചേൽപിക്കൽതന്നെയാണ് പല കാര്യങ്ങളിലും രാജ്യം കണ്ടുവരുന്നത്.
‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്നത് ആശാസ്യമെങ്കിൽ സ്വീകരിക്കേണ്ട പരിഷ്കാരം തന്നെ. പക്ഷേ അതിന്റെ ആവശ്യകതയും മേന്മയും എത്രത്തോളമെന്നാണ് ആദ്യം പഠിക്കേണ്ടത്. ആവശ്യമില്ലാഞ്ഞിട്ടും പുതിയ പാർലമെന്റ് മന്ദിരമുണ്ടാക്കാനും കോർപറേറ്റ് വായ്പകളും നികുതി കുടിശ്ശികയും എഴുതിത്തള്ളാനും പരസ്യങ്ങൾക്ക് വേണ്ടിയും പതിനായിരക്കണക്കിന് കോടികൾ ചെലവിടുന്നവർക്ക് തെരഞ്ഞെടുപ്പ് നടത്തിപ്പിന് അവയുടെ ഒരംശം ചെലവിടുന്നത് അമിതവ്യയമായി തോന്നുന്നു. ഈ പരിഷ്കരണങ്ങളുടെ പ്രധാന ഇര സംസ്ഥാനങ്ങളും ഫെഡറലിസവുമാണെന്ന് കാണാൻ വലിയ പ്രയാസമൊന്നുമില്ല. പരോക്ഷമായി ഹിന്ദി അടിച്ചേൽപിക്കുന്നു; ജി.എസ്.ടി പോലുള്ള പരിഷ്കാരങ്ങൾവഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തിന് കോടാലി വെക്കുന്നു; ഗവർണർമാർ വഴി സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ കവരുന്നു; ജമ്മു-കശ്മീരിലും ഡൽഹിയിലും വ്യത്യസ്ത തോതിലാണെങ്കിലും സംസ്ഥാനത്തിന്റെ അടിസ്ഥാന സ്വത്വത്തെ തകർക്കുന്ന നിയമമുണ്ടാക്കുന്നു.
പ്രാദേശികവും ഭാഷാപരവും സാംസ്കാരികവുമായ വൈജാത്യങ്ങളെ ഇല്ലാതാക്കി ഏകശിലാത്മകത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘ഒറ്റ തെരഞ്ഞെടുപ്പ്’ പരിഷ്കരണത്തെ കാണാൻ കഴിയും. ചെലവിന്റെയും നടത്തിപ്പ് സൗകര്യത്തിന്റെയും ‘ഒറ്റ രാജ്യ’മെന്ന മുദ്രാവാക്യത്തിന്റെയും യുക്തിവെച്ച്, സംസ്ഥാന തെരഞ്ഞെടുപ്പുകളും സംസ്ഥാനങ്ങൾ തന്നെയും വേണ്ടെന്നുവെക്കാൻ സൗകര്യമാണ്. അതേ യുക്തിവെച്ചുതന്നെ, തെരഞ്ഞെടുപ്പ് എന്ന ചെലവും അധ്വാനവും ഏറിയ അഭ്യാസവും വേണ്ടെന്നു വെക്കാം. ‘ആവശ്യത്തിലേറെ’ ജനാധിപത്യവും തെരഞ്ഞെടുപ്പും ഉള്ളതാണല്ലോ രാജ്യം നേരിടുന്ന ‘ഏറ്റവും വലിയ പ്രശ്നം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.