വെറുതെ ഒരു ഒാർഡിനൻസ്
text_fieldsഒറ്റയിരിപ്പിൽ മൂന്നുവട്ടം മൊഴിചൊല്ലി മുസ്ലിംസ്ത്രീകളെ വിവാഹമോചനം ചെയ്യുന് ന ‘മുത്തലാഖ്’ കുറ്റകരമാക്കി കേന്ദ്ര സർക്കാർ ബുധനാഴ്ച പുറപ്പെടുവിച്ച ഒാർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മുത്തലാഖ് വഴി വിവാഹമോചനം വിലക്കുന്ന ഒാർഡിനൻസ് അത്തരം കേസുകളിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം പുരുഷനെതിരെ കേസെടുക്കാനും മൂന്നു വർഷംവരെ തടവും പിഴയും ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്നു. വിവാഹമുക്തയായ സ്ത്രീയോ രക്തബന്ധുക്കളോ വിവാഹം വഴിയുള്ള ബന്ധുക്കളോ പരാതി നൽകിയാൽ കേസെടുക്കാമെന്നും സ്ത്രീ ആവശ്യപ്പെട്ടാൽ മക്കളെ നൽകണമെന്നും വിവാഹമോചനം ചെയ്ത പുരുഷൻ സ്ത്രീക്കും പ്രായപൂർത്തിയാകാത്ത കുഞ്ഞിനും ജീവനാംശം നൽകണമെന്നും ഒാർഡിനൻസ് നിഷ്കർഷിക്കുന്നു. സ്ത്രീയുടെ ആവശ്യത്തിന്മേൽ പരാതിയിൽ മജിസ്ട്രേറ്റിന് ഒത്തുതീർപ്പാവാമെന്നും ഇരുകക്ഷികളും നീതിപീഠത്തിനു മുന്നിൽ ഒത്തുതീർപ്പിലെത്തി പ്രശ്നം പരിഹരിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
മുത്തലാഖ് ശിക്ഷാർഹമാക്കുന്നതിനായി കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെൻറിൽ അവതരിപ്പിച്ച മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) ബിൽ 2017 ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിൽ ഒറ്റ ദിനംകൊണ്ട് പാസാക്കിയെടുത്തെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷ പ്രതിപക്ഷത്തിെൻറ എതിർപ്പിനെ തുടർന്ന് പാസാകാതെ പോകുമെന്ന ഭയത്താൽ അടുത്ത സമ്മേളനത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ശൈത്യകാല സമ്മേളനത്തിനു കാത്തുനിൽക്കാതെ മുത്തലാഖ് ശിക്ഷാർഹമാക്കുന്ന ഒാർഡിനൻസ് തിരക്കുപിടിച്ച് ഇറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലോക്സഭ പാസാക്കി രാജ്യസഭയുടെ പരിഗണനക്കു ബിൽ വെച്ചിരിക്കെ ഇൗ ഒാർഡിനൻസിെൻറ സാംഗത്യവും നിയമപരിരക്ഷയും സംബന്ധിച്ച് നിയമവിദഗ്ധർക്ക് ആശങ്കയുണ്ട്. ഒാർഡിനൻസ് അംഗീകരിപ്പിക്കാനായാൽപോലും പ്രയോഗത്തിൽ അത് എത്രമാത്രം ഫലപ്രദമായിത്തീരും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല.
മുസ്ലിംയുവാക്കളെ സ്വന്തം അണികൾ ഒാരോ പേരുപറഞ്ഞ് തല്ലിക്കൊല്ലുന്നതിലോ, വഴിയാധാരമായിപ്പോകുന്ന മുസ്ലിംസ്ത്രീകളുടെയും കുടുംബങ്ങളുടെയും പരാതികളെ മുഖവിലക്കെടുക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്നതിലോ ഒട്ടും മനഃസാക്ഷിക്കുത്തില്ലാത്ത ബി.ജെ.പിയും കേന്ദ്ര സർക്കാറും മുത്തലാഖ് എന്ന ന്യൂനാൽ ന്യൂനപക്ഷമായൊരു വിഭാഗത്തിെൻറ അരുതായ്മക്കെതിരെ വലിയ പടപ്പുറപ്പാടിലായിട്ട് കുറച്ചുകാലമായി. പാർട്ടി ചെലവിൽതന്നെ നിയമവ്യവഹാരങ്ങൾക്കായി ആളുകളെ ശട്ടംകെട്ടുകയും അധികാരത്തിെൻറ നിർലോഭമായ സഹായസഹകരണങ്ങൾ അവർക്കു നൽകുകയും ചെയ്തു. ഒടുവിൽ മുത്തലാഖ് നിയമവിരുദ്ധമായി കഴിഞ്ഞ വർഷം സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. അതിന് നിയമവിധേയത്വം നൽകാനായി മുത്തലാഖിൽ കർശന നടപടിക്ക് നിയമമുണ്ടാക്കാൻ സംഘ്പരിവാറും കേന്ദ്ര സർക്കാറും ചാടിയിറങ്ങിയതിെൻറ ഫലമാണ് മുസ്ലിം സ്ത്രീ ബിൽ.
ലോക്സഭയിൽ കഴിഞ്ഞവർഷം ഡിസംബറിൽ ചർച്ചക്കുവെച്ചപ്പോൾതന്നെ ഇത്തരമൊരു ബില്ലിനുപിന്നിലെ നിക്ഷിപ്ത താൽപര്യങ്ങളും അതിലെ അപാകതകളും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വിഭാഗത്തിെൻറ വ്യക്തിനിയമത്തിൽ വരുത്തുന്ന സാരമായൊരു ഭേദഗതി ആ സമുദായത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായം പരിഗണിച്ചുമായിരിക്കണം എന്ന് വിവിധ മുസ്ലിം സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും നിലപാടെടുത്തു. സമുദായത്തിനകത്തെ മനുഷ്യത്വവിരുദ്ധമായ പിഴച്ച ആചാരങ്ങൾ ശക്തമായ ബോധവത്കരണത്തിലൂടെ മറികടക്കാനാവുമെന്നും മുത്തലാഖ്, നികാഹ് ഹലാല പോലുള്ള ചൂഷണോപാധികൾ പുറന്തള്ളാൻ നിലവിലെ മത ധാർമികാധ്യാപനങ്ങൾ ഉപയോഗിച്ച് പ്രായോഗിക പരിഹാരനടപടികൾ കാണാനാവുമെന്നും വ്യക്തിനിയമ ബോർഡും വിവിധ മുസ്ലിം സംഘടനകളും ചൂണ്ടിക്കാണിച്ചിരുന്നു.
സിവിൽ നിയമത്തിെൻറ വരുതിയിൽപെടുന്ന വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ക്രിമിനൽവത്കരിച്ച് ശിക്ഷ വിധിക്കാനാവുമോ എന്ന പ്രശ്നമാണ് ബില്ലിനെക്കുറിച്ച് പ്രധാനമായും ഉയർന്നത്. അതുപോലെ നിയമവിരുദ്ധമെന്ന് കോടതി പ്രഖ്യാപിച്ച മുത്തലാഖിന് സാധുതയില്ലെന്നിരിക്കെ, നിയമപരമായി ഭർത്താവായിരിക്കുന്നയാൾക്കെതിരെ ഭാര്യ വിവാഹമോചനത്തിനും ജീവനാംശത്തിനും കേസിനു പോകും എന്ന, തീർത്തും കടകവിരുദ്ധമായ വിരോധാഭാസങ്ങളും പുതിയ ബില്ലിലുണ്ട്. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽതന്നെ ബില്ലിൽ ചില നിയമഭേദഗതികൾ കേന്ദ്രം അംഗീകരിച്ചിരുന്നു. ആ ഭേദഗതികൾ ഉൾപ്പെടുത്തിയാണ് പുതിയ ഒാർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്ത പാർലമെൻറ് സമ്മേളനം ചേരുന്നതിനുമുമ്പ് എന്തിനിത്ര ധിറുതി എന്ന ചോദ്യത്തിന്, തൊട്ടുടനെ വരാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നുതന്നെയാണ് ഉത്തരം. മുസ്ലിംസ്ത്രീകളുടെ അവകാശം വാങ്ങിക്കൊടുത്ത, കാര്യമായെന്തോ പരിഷ്കരണത്തിനു തുനിഞ്ഞെന്നു വരുത്തി മുസ്ലിംകളിലെ പുരോഗമനനാട്യക്കാരെയും മുസ്ലിംപുരുഷന്മാർക്ക് ജയിൽശിക്ഷ വിധിക്കാൻ വകുപ്പുണ്ടാക്കിയ പ്രതീതി ഇതര ജനവിഭാഗങ്ങളിലുണ്ടാക്കി അവരെ വരുതിയിലാക്കിയും രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള തുറുപ്പുശീട്ടായി ഒാർഡിനൻസിനെ ഉപയോഗപ്പെടുത്താമെന്നതു മാത്രമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ എന്നുവ്യക്തം. ആ തിടുക്കത്തിൽ ഒാർഡിനൻസിെൻറ പ്രയോഗവത്കരണത്തെക്കുറിച്ചു പോലും വേണ്ടത്ര ഗൃഹപാഠം ചെയ്തില്ലെന്ന് ഇതുസംബന്ധിച്ച് ഉയരുന്ന പ്രാഥമിക സംശയങ്ങൾതന്നെ വ്യക്തമാക്കുന്നു. മുസ്ലിംസ്ത്രീക്കും പുരുഷനും രക്ഷയോ ശിക്ഷയോ എന്നതല്ല, അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തത്രപ്പാടിലാണ് ബി.ജെ.പി. അതിനുള്ള വെറുമൊരു കാർഡ് എന്നതിൽ കവിഞ്ഞൊന്നുമല്ല ഇൗ ഒാർഡിനൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.