അസഹിഷ്ണുതയുടെ മേൽ സിംഹാസനം പണിയുന്നവർ
text_fieldsരാജ്യത്താകെയും ഹിന്ദുത്വശക്തികൾ അടക്കിഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിശേഷിച്ചും മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷം അനുദിനം രൂക്ഷമായി പടരവെ, തീവ്ര ആർ.എസ്.എസ് നേതാവായ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തെൻറ സംസ്ഥാനത്തെ മുസ്ലിംകൾ പൊതുസ്ഥലങ്ങളിൽ നമസ്കാരം നിർവഹിക്കുന്നത് നിർത്തണമെന്നും പള്ളികളിലോ ഇൗദ്ഗാഹുകളിലോ അതിനായി പ്രത്യേകം ഏർപ്പെടുത്തിയ സ്ഥലങ്ങളിലോ വേണം പ്രാർഥന നടത്താനെന്നും ഒാർമിപ്പിച്ചത് അപ്രതീക്ഷിതമല്ല.
ഡൽഹി അതിർത്തിയിലെ വ്യവസായ കേന്ദ്രമായ ഗുഡ്ഗാവിൽ വർഷങ്ങളായി മുസ്ലിംകൾ വെള്ളിയാഴ്ച മധ്യാഹ്ന പ്രാർഥന നടത്താൻ സമ്മേളിക്കാറുള്ള പത്തോളം പൊതുസ്ഥലങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച പന്ത്രണ്ടോളം തീവ്രഹിന്ദുത്വ സംഘടനകൾ ചേർന്നുണ്ടാക്കിയ ഹിന്ദു സംയുക്ത് സംഘർഷ് സമിതി പ്രാർഥന തടസ്സപ്പെടുത്തിയതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. പള്ളികളിലും ഇൗദ്ഗാഹുകളിലും സ്ഥലം മതിയാവാതെവന്നാൽ സ്വകാര്യ സ്ഥലങ്ങളിൽ നമസ്കരിച്ചാൽ മതി എന്നുപറഞ്ഞ ഖട്ടർ, ഇതൊന്നും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കേണ്ട കാര്യമല്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ, ശിവസേന, ഹിന്ദു ജാഗരൺ മഞ്ച് തുടങ്ങിയ ഡസൻ ഹിന്ദു സംഘടനകളാണ് വെള്ളിയാഴ്ചയിലെ സമൂഹ പ്രാർഥന ആസൂത്രിതമായി തടഞ്ഞ സംഘർഷ സമിതിയിലെ ഘടകങ്ങളെന്നതുകൊണ്ട് മനോഹർലാൽ ഖട്ടറിെൻറ പ്രതികരണം മറ്റൊന്നാവാൻ തരമില്ല.
ഹരിയാനയിലെ ആറാമത്തെ നഗരവും ഡൽഹിയുടെ പരിസരവ്യവസായ കേന്ദ്രവുമാണെന്നതിനാൽ ഗുഡ്ഗാവിൽ വിവിധ സ്ഥലങ്ങളിൽനിന്നുവരുന്ന ധാരാളം മുസ്ലിം കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും താമസിക്കുന്നുണ്ട്. പ്രദേശത്താകെ പേരിന് 22 പള്ളികളുണ്ടെങ്കിലും 300ലധികം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പള്ളിയുമില്ല. സാമാന്യം വലിയ ഒന്നിെൻറ നിർമാണം നിയമക്കുരുക്കിൽ പെട്ടതിനാൽ മുടങ്ങിക്കിടക്കുകയും ചെയ്യുന്നു. ഏറെ അകലങ്ങളിൽ സ്ഥിതിചെയ്യുന്ന പള്ളികളിൽ യഥാസമയം എത്താൻ സ്വന്തമായ വാഹനങ്ങളോ പൊതുഗതാഗത സൗകര്യങ്ങളോ മുസ്ലിം സാധാരണക്കാർക്കില്ലതാനും. അതിനാൽ, അവർ ശൂന്യമായിക്കിടക്കുന്ന സർക്കാർ ഭൂമികളിൽ വെള്ളിയാഴ്ച സമ്മേളിച്ച് നമസ്കാരം നിർവഹിച്ചുവരുകയായിരുന്നു ഇതുവരെ. ഹിന്ദുക്കളാണ് പ്രദേശത്തെ മഹാഭൂരിപക്ഷമെങ്കിലും ഇതേവരെ ഒരു തടസ്സവാദവും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നാൽ, ഇല്ലാത്ത പ്രകോപനങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് വർഗീയ വികാരങ്ങൾ ആവോളം പടർത്താനുള്ള സംഘ്പരിവാറിെൻറ ചിരപരിചിത തന്ത്രം ഇപ്പോൾ ഗുഡ്ഗാവിലും പയറ്റുകയാണവർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.പിയിലെ മുസഫർനഗറിൽ വിജയകരമായി പരീക്ഷിച്ച വർഗീയ ധ്രുവീകരണം തന്നെയാണ് 2019ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഹരിയാന^ഡൽഹി മേഖലയിലും ലക്ഷ്യമിടുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
ജില്ല അധികൃതരുടെയും പൊലീസിെൻറയും അനുമതിക്കായി കാത്തിരിക്കുന്ന മുസ്ലിംകൾ അത് നേടിയെടുക്കുന്നതിൽ വിജയിച്ചില്ലെങ്കിൽ സ്വാഭാവികമായും അവരിൽ ഭൂരിഭാഗവും സ്ഥലംവിടാനാണ് സാധ്യതയെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. ഏറ്റുമുട്ടലിനോ അവകാശവാദത്തിനോ ഒന്നും അവർ തയാറില്ല. അധികൃതരുടെ അനുമതി ലഭിക്കാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽനിന്ന് ഏറക്കുറെ വ്യക്തവുമാണ്. മസ്ജിദുകളിലാണ് സമൂഹപ്രാർഥന നടത്തേണ്ടതെന്ന് അറിയാത്തവരല്ല മുസ്ലിംകൾ. നിലവിലെ പള്ളികൾ പക്ഷേ, അതിന് ഒട്ടും പര്യാപ്തമല്ല. പുതുതായി ആരാധനാലയങ്ങൾ പണിയാൻ സ്വന്തമായ സ്ഥലം അവർക്കില്ല. മറ്റു സമുദായക്കാർ അവർക്ക് വിൽക്കുകയുമില്ല. അഥവാ സ്ഥലം ലഭ്യമായാലും പള്ളി നിർമാണത്തിന് സർക്കാർ അനുമതിയും ലഭിക്കില്ല. ഇൗ സാഹചര്യത്തിലാണ് ജനശൂന്യമായ പൊതുസ്ഥലങ്ങളിൽ ആർക്കും ഒരു നഷ്ടവും വരുത്തിവെക്കാതെ വർഷങ്ങളായി അവർ ശാന്തമായി പ്രാർഥന സംഘടിപ്പിച്ചുവരുന്നത്. ഇപ്പോൾ മാത്രം തീവ്ര വലതുപക്ഷശക്തികൾ അതിനെതിരെ രംഗത്തുവരാൻ പറയുന്ന കാരണം, ക്രമേണ മുസ്ലിംകൾ സർക്കാർഭൂമി പിടിച്ചെടുക്കുമെന്ന ഭീതിയാണ്.
സ്വന്തം ഉടമസ്ഥതയിലും കൈവശത്തിലുമുള്ള ഭൂമിതന്നെ സംരക്ഷിക്കാനാവാതെ എല്ലാം വിെട്ടാഴിഞ്ഞ് മുസ്ലിംകൾ അഭയാർഥികളായി പോയതാണ് മുസഫർനഗറിലും മറ്റും കണ്ടത്. വർഷങ്ങൾക്കുശേഷം പോലും അവരിൽ ഭൂരിഭാഗം പേർക്കും തിരിച്ചുവരാനോ പുനരധിവസിക്കാനോ സാധിച്ചിട്ടില്ല. പിന്നെയാണോ സർക്കാർ ഭൂമി, അതും ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ, പിടിച്ചെടുക്കാൻ ന്യൂനപക്ഷ സമുദായക്കാർ ധൈര്യപ്പെടുക? കാര്യം വ്യക്തമാണ്. ന്യൂനപക്ഷ വിരോധവും വിദ്വേഷവും പരമാവധി വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതിൽ കവിഞ്ഞ്, ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടോ ജനക്ഷേമ പ്രവർത്തനങ്ങൾ വഴിയോ പിടിച്ചുനിൽക്കാനും തെരഞ്ഞെടുപ്പിൽ ജയിക്കാനും സംഘ്പരിവാറിന് അജണ്ടയൊന്നും ഇല്ല. ഇപ്പോൾതന്നെ തെരെഞ്ഞടുപ്പ് ചൂട് മൂർധന്യത്തിലെത്തിയ കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുതൽ താഴോട്ടുള്ള ബി.ജെ.പി നേതാക്കളുടെ സ്വരവും ശൈലിയും ശ്രദ്ധിച്ചാൽ ഇൗ പാപ്പരത്തം വ്യക്തമാവും.
സംസ്ഥാനത്ത് ഇനി അധികാരത്തിൽ വന്നാൽ ഗോവധ നിരോധനം കർശനമായി നടപ്പാക്കും എന്നതാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ പ്രധാന വാഗ്ദാനം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പൊരുതി രക്തസാക്ഷിയായ ടിപ്പുസുൽത്താെൻറ ശതാബ്ദിയാഘോഷിച്ചതാണ് കോൺഗ്രസ് സർക്കാറിനെതിരെ ജനരോഷം ഇളക്കിവിടാൻ രാജ്യത്തിെൻറ പ്രധാനമന്ത്രി കാണുന്ന ന്യായം. ഇന്ത്യയുടെ അന്തരീക്ഷത്തെ കലുഷമാക്കുന്ന അസഹിഷ്ണുത നാൾക്കുനാൾ ശക്തിപ്പെടുത്തുന്നതിലാണ് സർക്കാറും മുഖ്യ ഭരണകക്ഷിയും ലക്ഷ്യസാഫല്യം കാണുന്നതെങ്കിൽ ഇൗ രാജ്യത്തിെൻറ ശോഭന ഭാവിയെക്കുറിച്ച് എത്ര കുറച്ചുപറയുന്നുവോ അത്രയും നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.