സഫലമാവേണ്ടിയിരുന്ന പശ്ചിമേഷ്യൻ പര്യടനം
text_fields
അൽപം ആത്മാർഥതയും വിശാലമനസ്കതയും ചാലിച്ചിരുന്നെങ്കിൽ ചരിത്രമാകുമായിരുന്ന ഒരു പര്യടനത്തെ രാഷ്ട്രീയ കെട്ടുകാഴ്ചയാക്കി മാറ്റിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമേഷ്യൻ സന്ദർശനത്തിെൻറ തിളക്കം കെടുത്തിയത്. ഇദംപ്രഥമമായി ഫലസ്തീൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന ഖ്യാതിക്ക് മോദി അർഹനായെങ്കിലും ഫലസ്തീനികളുടെ ഹൃദയവികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഭരണാധികാരിയായി ഉയരാൻ അദ്ദേഹത്തിനു സാധിച്ചില്ല എന്ന്് ലോകം വിലയിരുത്തിക്കഴിഞ്ഞു. അളവറ്റ സ്നേഹാദരവോടെയാണ് വിദേശവ്യക്തിത്വത്തിന് നൽകുന്ന പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളാർ നൽകി അദ്ദേഹത്തെ വരവേറ്റതെങ്കിലും ആർ.എസ്.എസിെൻറ ഫലസ്തീനികളോടുള്ള ഇടുങ്ങിയ കാഴ്ചപ്പാടിൽനിന്ന് പുറത്തുകടന്ന് ആ ജനതയോട് പെരുമാറാൻ നരേന്ദ്ര മോദിക്ക് സാധിച്ചില്ല. ഏതാനും കോടികളുടെ സാമ്പത്തിക സഹായമായിരുന്നില്ല, ഗാന്ധിജിയുടെ ആരൂഢത്തിൽനിന്ന് ഫലസ്തീെൻറ മക്കൾ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര, പരമാധികാര രാജ്യം എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിൽ അന്നാട്ടിെൻറ പിറവി തൊട്ട് ധാർമികവും രാഷ്ട്രീയവുമായ പിന്തുണ നൽകിപ്പോന്ന രാജ്യം മേലിലും തങ്ങളോടൊപ്പമുണ്ടാവുമെന്ന് ഇനി പ്രതീക്ഷ വെച്ചുപുലർത്തേണ്ടെന്ന് ഫലസ്തീനികൾക്ക്് ബോധ്യംവന്നിട്ടുണ്ടാവണം.
കിഴക്കൻ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന നിലപാടിൽനിന്ന് അകന്നുമാറിയതു കൊണ്ടാണ് ജറൂസലമിെൻറ കാര്യം മോദി മന$പൂർവം വിട്ടുകളഞ്ഞത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാസങ്ങൾക്കുമുമ്പ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച നടപടിയെ ഐക്യരാഷ്ട്ര സഭയിൽ എതിർത്ത ഭൂരിഭാഗം വരുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉണ്ടായിരുന്നെങ്കിലും ലോകത്തിെൻറ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യക്കപ്പുറം ആത്മാർഥമായ ഒരു നിലപാടിെൻറ പുറത്തുള്ള നടപടിയായിരുന്നില്ല അതെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ടുവർഷം മുമ്പ് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി ഫലസ്തീൻ സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിച്ചിരുന്നു. 1967ലെ അതിർത്തിക്കനുസൃതമായി, കിഴക്കൻ ജറൂസലം ആസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഇസ്രായേലിനോടൊപ്പം സമാധാനപൂർവമായി നിലകൊള്ളണം എന്നാണ് ഇന്ത്യ അന്ന് ലോകത്തോട് പറഞ്ഞത്. 2013ൽ ഫലസ്തീൻ ഐക്യദാർഢ്യദിനം കൊണ്ടാടിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും നമ്മുടെ സുചിന്തിത നിലപാടുതറയിൽ നിന്നുകൊണ്ടാണ് വിഷയത്തെ സമീപിച്ചത്. ഇസ്രായേലുമായി അന്നും നയതന്ത്രബന്ധങ്ങൾ നിലനിർത്തിയിരുന്നെങ്കിലും ആദർശപരമായ മാനസിക ഏകതയെക്കുറിച്ച് ചിന്തിക്കാൻ സാധിച്ചിരുന്നില്ല. കാരണം, ബ്രിട്ടീഷ് കൊളോണിയൽ ഉൽപന്നമായ ഇസ്രായേൽ പിറന്ന മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു ജനതയോട് കാണിക്കുന്ന വർണവിവേചനവും ക്രൂരതയും ഒരുതരത്തിലും അംഗീകരിക്കാൻ ഗാന്ധിജിയുടെ നാടിന് സാധിക്കുമായിരുന്നില്ല. കഴിഞ്ഞ വർഷം മോദി ഇസ്രായേൽ സന്ദർശിക്കുകയും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്തിടെ ഇന്ത്യയിൽവന്ന് സയണിസ്റ്റ്^ഹിന്ദുത്വ മധുവിധു ആഘോഷിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഉൗർജ കലവറയായ പശ്ചിമേഷ്യയെ പിണക്കുന്നത് നഷ്ടക്കച്ചവടമായിരിക്കും എന്ന കണക്കുകൂട്ടൽ മാത്രമാവണം മോദിയുടെ പശ്ചിമേഷ്യൻ പര്യടനത്തിെൻറ പ്രചോദനം.
ഇന്ത്യ^അറബ് സൗഹൃദത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജീവസന്ധാരണത്തിന് വഴിതേടുന്ന ഇടം എന്നനിലയിൽ ഗൾഫ് രാജ്യങ്ങളുമായി നയതന്ത്രതലത്തിൽ നടത്തുന്ന ഏത് ക്രിയാത്മക ചുവടുവെപ്പും ഗുണംചെയ്യുക പ്രവാസിസമൂഹത്തിനും അതുവഴി നമ്മുടെ രാജ്യത്തിനുമാണ്. മേഖലയിലെ കരുത്തുറ്റ ശക്തി എന്നതിലപ്പുറം വിശ്വാസവൈവിധ്യങ്ങളെയും സാംസ്കാരിക വൈജാത്യങ്ങളെയും പരിപാലിക്കുന്ന, മൂല്യാധിഷ്ഠിതസമൂഹം എന്ന കാഴ്ചപ്പാടും ഇന്ത്യക്കാരെ സംബന്ധിച്ച് അറബ് സമൂഹങ്ങളിൽ പണ്ടുമുതൽക്കേ രൂഢമൂലമായിട്ടുണ്ട്. ആ ബോധത്തിന് ബാബരി മസ്ജിദിെൻറ ധ്വംസനം പോലുള്ള സംഭവങ്ങൾ ക്ഷതമേൽപിച്ചിട്ടുണ്ടെങ്കിലും അറബ്സമൂഹത്തിെൻറ മനസ്സിൽ നമുക്കിപ്പോഴും സവിശേഷമായ ഒരു ഇടമുണ്ട്. തൊഴിൽസേന എന്ന നിലയിൽ ഇന്ത്യക്കാർക്ക് ലഭിക്കുന്ന മുൻഗണനക്ക് കാരണവും അതാണ്. എന്നാൽ, ആ ദിശയിൽ ക്രിയാത്മകവും പ്രവാസിസമൂഹത്തിെൻറ മാനവശേഷിയെ പോഷിപ്പിക്കുന്നതുമായ രചനാത്മകമായ തീരുമാനങ്ങളൊന്നും നമ്മുടെ ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുണ്ടാവുന്നില്ല എന്നതാണ് യാഥാർഥ്യം.
അതേസമയം, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ അജണ്ടക്കനുസൃതമായി പുറംരാജ്യത്ത് കിട്ടുന്ന അവസരങ്ങളെ ദുർവിനിയോഗം ചെയ്യുന്ന ശൈലിയാണ് നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം കൂടുതലായും കാണപ്പെടുന്നതെന്ന വിലയിരുത്തൽ തള്ളിക്കളയാനാവില്ല. അബൂദബിയിലെ പ്രഥമ ഹിന്ദുക്ഷേത്രത്തിന് ശിലാന്യാസം നടത്താൻ അവസരം കൈവന്നുവെന്നത് മോദിസർക്കാർ വലിയ നേട്ടമായി വരുംകാലങ്ങളിൽ കൊട്ടിഘോഷിക്കാൻ സാധ്യതയുണ്ട്. 55,000 ച.മീറ്റർ ഭൂമിയാണ് ക്ഷേത്രനിർമാണത്തിന് അവിടത്തെ ഭരണകൂടം ദാനമായി നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നാലര നൂറ്റാണ്ടുകാലം മുസ്ലിംകൾ ആരാധിച്ചുപോന്ന ഒരു ദേവാലയം തകർത്തെറിഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിെൻറ മുഖ്യവക്താവിന് ഇത്രക്കും ഭൂമി കൈയേൽപിച്ചപ്പോൾ കൈമാറിയ പരോക്ഷസന്ദേശം പ്രധാനമന്ത്രി മോദി ഉൾക്കൊണ്ടുവോ എന്നറിയില്ല. ബാബരി മസ്ജിദ് നിലകൊണ്ട രണ്ടേക്കർ സ്ഥലം അതിെൻറ വക്താക്കൾക്ക് വിട്ടുകൊടുക്കാൻ തെൻറ ഭരണകൂടം ശ്രമിക്കുമെന്നോ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ^അനുഷ്ഠാന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചക്ക് തയാറാവില്ലെന്നോ മോദി അവിടെ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ലോകത്തിനു മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഭാവം എത്ര ഉയർന്നേനെ. അതിനുള്ള സൗഭാഗ്യംകൊണ്ട് അനുഗ്രഹിക്കപ്പെടാത്ത മോദി പുറംനാട്ടിലെ വേദിപോലും രാഷ്ട്രീയ എതിരാളികൾക്കുനേരെ ചളിവാരിയെറിയാനാണ് വിനിയോഗിച്ചതെന്ന സത്യം, ഭരണകർത്താക്കൾ മാനസികമായി ഔന്നത്യം പുലർത്തുമ്പോഴേ അവരുടെ യാത്രകൾ സഫലമാകൂ എന്ന ആപ്തവാക്യമാണ് ഓർമപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.