ചരിത്രത്തെ ഉണർത്തുന്നതും അപരവത്കരണത്തിന്
text_fieldsപുതുതായി തുടങ്ങിയ ഡിസംബർ 26ലെ ‘വീർ ബൽദിവസ്’ പരിപാടിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ‘കെട്ടിച്ചമച്ച ആഖ്യാനങ്ങൾ അപകർഷബോധം ഉണ്ടാക്കി... രാഷ്ട്രം പുരോഗമിക്കണമെങ്കിൽ അതിൽ നിന്നും മുക്തമാകണം’ എന്ന്. സിഖുകാരുടെ പത്താമത് ഗുരു ഗോവിന്ദ് സിങ്ങിന്റെ ഏഴും ഒമ്പതും വയസ്സായ രണ്ട് ആൺമക്കൾ, ബാബാ സൊറാവർ സിങ്ങും ബാബ ഫതഹ് സിങ്ങും രക്തസാക്ഷികളായതിന്റെ വാർഷികാഘോഷമായിരുന്നു ‘വീർ ബൽദിവസ്’.
നവംബർ അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അസമിലെ ഒരു ചടങ്ങിൽ ചരിത്രം തിരുത്തിയെഴുതുന്നതിനെക്കുറിച്ച് സംസാരിച്ചു. ചരിത്രം തിരുത്തിയെഴുതുന്നതിൽനിന്ന് ആരാണ് നമ്മെ തടയുന്നതെന്നും നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് തെറ്റായ ചരിത്രമാണെന്നും രാജ്യത്തിന്‍റെ പുരാതനകാലം മുതലുള്ള വീരപുരുഷന്മാരുടെ ചരിത്രം അറിയാത്തവർക്ക് ഭാവി സൃഷ്ടിക്കാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. ശേഷം മുഗൾ ചക്രവർത്തി ഔറംഗസേബിൽനിന്ന് വടക്കു കിഴക്കൻ ഇന്ത്യയെ മാത്രമല്ല, ദക്ഷിണേഷ്യയെ മൊത്തം സംരക്ഷിച്ച അസമിലെ വീർ ലച്ചിത് ബർഫുക്കാന്റെ ജീവിതവും കാലഘട്ടവും പ്രതിപാദിക്കുന്ന ചരിത്രം ഹിന്ദി ഉൾപ്പെടെ പത്തു പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയോട് നിർദേശിക്കുകയും ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഈയിടെ പറഞ്ഞതും ശ്രദ്ധിക്കണം. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെയും ആർ.എസ്.എസ് ആഭിമുഖ്യമുള്ള അഖിൽ ഭാരതീയ ഇതിഹാസ സങ്കലന യോജനയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞത് ജനുവരി 26 മുതൽ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ പുനഃപ്രസാധനം ചെയ്യുകയാണെന്നും അതു വഴി ലോകത്തിന് ഇന്ത്യയെക്കുറിച്ച് ‘വ്യക്തത’ ഉണ്ടാവുമെന്നുമാണ്. പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രവൃത്തിപഥത്തിലെത്തുന്നതോടെ വിദ്യാർഥികൾക്ക് ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടാവുമെന്നും ഇന്ത്യയുടെ പൗരാണിക നാഗരികത, സംസ്കാരം എന്നിവയെക്കുറിച്ച് ലോകത്തിനു പുതിയ ഉൾക്കാഴ്ച ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രം തെറ്റെങ്കിൽ തിരുത്തിയെഴുതുന്നതും വെട്ടിമാറ്റുന്നതും സ്വാഭാവികമാണ്. അതെന്തിനു വേണ്ടി, ഏതു രീതിയിൽ എന്നിടത്താണ് ഗുണദോഷവിശകലനം വരുന്നത്. ബി.ജെ.പിയുടെ മൂന്നു പ്രമുഖ നേതാക്കളുടെയും ചരിത്ര പുനർരചനക്കുള്ള പ്രേരകം, അതി പുരാതന ചരിത്രത്തെക്കുറിച്ച അവബോധമില്ലായ്മയാൽ ഇന്നത്തെ തലമുറ ദുർബലമായതോ അവർ ഉയർത്തിപ്പിടിക്കുന്ന വീര പുരുഷന്മാർ അവഗണിക്കപ്പെടുന്നതിനാൽ ചരിത്രം വഴി തെറ്റുന്നതോ അല്ല.
മോദിയുടെയും ഷായുടെയും പ്രസംഗത്തിൽ ഊന്നിപ്പറയുന്നത് ഔറംഗസേബിനും മറ്റു മുസ്ലിം ഭരണാധികാരികൾക്കും എതിരെയുള്ള വീരപുരുഷന്മാരുടെ ചെറുത്തുനില്പുകളാണ്. മുഗൾ ഭരണത്തെ വിദേശ മേൽക്കോയ്മയാക്കി മാറ്റുന്നതും ഇന്ത്യൻ മുസ്ലിംകളെ അതിന്റെ പരോക്ഷ അനുയായികളായി മുദ്രയടിക്കലും ഹിന്ദുത്വ വാദികളുടെ പതിവ് ആഖ്യാനശീലമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതു ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് എന്നതിനു പകരം എട്ടു നൂറ്റാണ്ടിന്റെ വിദേശാധിപത്യത്തിൽനിന്നാണെന്ന ചിത്രീകരണത്തിൽ തന്നെയുണ്ട് ഈ വക്രചിന്ത. സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിംപങ്കിനെ തമസ്കരിക്കുകയും മുസ്ലിം ജനസാമാന്യത്തെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുകയെന്നതും അതിന്റെ ഭാഗമാണ്.
അവ അച്ചടിച്ചിറക്കാനും ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുമുള്ള സംഘ്പരിവാർ പദ്ധതിയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞതിലും ഉള്ളത്. കൂട്ടത്തിൽ ദേശീയ വിദ്യാഭ്യാസനയം ഏതെല്ലാം തലത്തിലാണ് ഹിന്ദുത്വ തത്ത്വശാസ്ത്ര നിർമിതികളിലേക്ക് നയിക്കുന്നത് എന്നതും കാണണം. നേരത്തേ തന്നെ സി.ബി.എസ്.ഇ പാഠപുസ്തകങ്ങളിൽ ‘വെട്ടിക്കുറക്കൽ’ നടന്നപ്പോൾ ഒഴിവായതിൽ മിക്കതും മുസ്ലിം ചരിത്രഭാഗങ്ങളായതും യാദൃച്ഛികമല്ല. എന്നാൽ, ഒരിക്കലും സംഘ്പരിവാർ ബൗദ്ധികധാര ബ്രിട്ടീഷ് ഭരണത്തിനെതിരെ പട നയിച്ചതിന്റെ ഉദാഹരണങ്ങൾ ദേശസ്നേഹത്തിന്റെ മകുടോദാഹരണങ്ങളായി ഹൈലൈറ്റ് ചെയ്യാറില്ല. അതിനു ചരിത്രത്തിന്‍റെ പിൻബലമില്ല എന്നതു തന്നെയാവാം കാരണം.
ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളും ഈയിടെയായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും രാജ്യത്തിന്റെ പൗരാണിക ചരിത്രവും പാരമ്പര്യവും എന്നു പറയുമ്പോൾ ഹൈന്ദവ പാരമ്പര്യമാണ് ഉദ്ദേശിക്കുന്നത്. അതിനെ രാഷ്ട്രപൈതൃകമായി ചിത്രീകരിക്കുകയും ചെയ്യുന്നു. അതു വഴി മത-ജാതി-ഭാഷാ വൈവിധ്യമുള്ള സങ്കരമായ ഇന്ത്യൻ സമൂഹത്തെ മുഴുവൻ ഹൈന്ദവതയുടെ മൂശയിൽ വാർത്തെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ചില വിഭാഗങ്ങളുടെ അന്യവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശസ്നേഹം എന്നതുതന്നെ ഈ സാംസ്കാരിക വിധേയത്വത്തിന്റെ ഭാഗമാക്കുന്നതും ഔറംഗസേബിന്റെ ‘അനുയായികളെ’ ശത്രുപക്ഷത്താക്കുന്നതും ഒരേ മനോനിലയുടെ രണ്ടു മാനങ്ങളാണ്.
സ്വാതന്ത്ര്യം കിട്ടിയതു മുതൽ ഭരണഘടന അംഗീകരിക്കുന്നതു വരെ നടന്ന വിശദവും ആഴത്തിലുള്ളതുമായ ചർച്ചകളിൽ ഈ സമസ്യകളെല്ലാം അഭിസംബോധന ചെയ്തതും അതനുസരിച്ചു മതേതരത്വത്തിന്റെ ഒരു മാതൃക അന്തസ്സത്തയായി ഉൾച്ചേർത്തതുമാണ്. അതിനെയാണ് സാംസ്കാരികമായ അധിനിവേശത്തിലൂടെയും അരികുവത്കരണത്തിലൂടെയും പൗരത്വാവകാശങ്ങൾ താഴ്ത്തിക്കെട്ടുന്നതിലൂടെയും ഇല്ലാതാക്കാൻ ഹിന്ദുത്വ ശക്തികൾ ദൃശ്യവും ഗുപ്തവുമായ മാർഗങ്ങളിലൂടെ ശ്രമിക്കുന്നത്. സാമൂഹികമായ സ്വാസ്ഥ്യവും നീതിയും രാജ്യത്ത് പുലരണമെന്നാഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും മണത്തറിയേണ്ടതാണ് ചരിത്രത്തെ മാന്തിയെടുത്തു കൊണ്ടുള്ള അത്തരം കളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.