മോദിക്കൂട്ടത്തിന് തിരിയാതെ പോകുന്നത്
text_fieldsലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ജലോറിലും ബൻസ്വാഡയിലും ചെയ്ത വിദ്വേഷപ്രസംഗം രാജ്യത്താകെ വൻ പ്രതിഷേധത്തിന് വഴിമരുന്നിട്ടതിൽ ഒട്ടും അദ്ഭുതപ്പെടാനില്ല. ഒരിക്കലും രാജ്യത്തെ ഏറ്റവും ഉന്നതസ്ഥാനീയനായ വ്യക്തി പോയിട്ട് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളുടെ നാവിൽനിന്നുപോലും വരാൻ പാടില്ലാത്ത ഹീനവാക്കുകളാണ് രാജ്യത്തും ലോകത്തും ഏറ്റവും വാഴ്ത്തപ്പെട്ടവനായി അവതരിപ്പിക്കപ്പെടുന്ന വ്യക്തിത്വത്തിന്റെ വായിൽനിന്ന് കേൾക്കാൻ ഇടവന്നിരിക്കുന്നത്.
‘കോൺഗ്രസ് ഒരിക്കൽകൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ പൊതുസ്വത്തിന്റെ ആദ്യത്തെ അവകാശം കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കുമായി വിതരണം ചെയ്യും’ എന്നാണ് ഹിന്ദു ജനസാമാന്യത്തെ അദ്ദേഹം ഭയപ്പെടുത്തിയിരിക്കുന്നത്. 2006ൽ പ്രധാനമന്ത്രി മൻമോഹൻസിങ് ചെയ്ത ഒരു പ്രസംഗത്തിൽനിന്നും ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽനിന്നും തെറ്റിദ്ധാരണാജനകമായി അടർത്തിയെടുത്ത വാചകങ്ങളെ വളച്ചൊടിച്ചാണ് നരേന്ദ്ര മോദി തന്റെ കുത്സിതവേല ഒപ്പിച്ചിരിക്കുന്നത്.
പ്രതിപക്ഷ പ്രതിഷേധമുയരുകയും നഗ്നമായ ഈ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെയുള്ളവർ ഇലക്ഷൻ കമീഷനെ സമീപിക്കുകയുമൊക്കെ ചെയ്തിട്ടും തന്റെ പരാമർശങ്ങൾ പിൻവലിക്കാൻ മോദി തയാറായിട്ടില്ല. കാരണം, ഇലക്ഷൻ കമീഷൻ തന്റെ ഓഫിസിൽനിന്ന് ഭിന്നമായ ഒന്നല്ലെന്ന് അദ്ദേഹത്തിനറിയാമല്ലോ. അതിനാൽ തന്റെ ജൽപനങ്ങളെ തിരുത്തേണ്ട ഒരാവശ്യവും അദ്ദേഹത്തിനില്ല. പകരം അലിഗഢിൽ പ്രസംഗിക്കെ താൻ മുസ്ലിംകൾക്ക് ചെയ്ത ‘മഹത്തായ’ സേവനങ്ങളെ അനുസ്മരിക്കുകയാണ് മോദി ചെയ്തത്.
എത്രയോ തവണ ആവർത്തിച്ചപോലെ, മുത്തലാഖ് നിയമവിരുദ്ധമാക്കുന്ന നിയമം പാസാക്കിയതിലൂടെ മുസ്ലിം സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം രക്ഷിക്കുകയാണ് താൻ ചെയ്തതെന്ന അവകാശവാദമാണ് അതിലൊന്ന്. സത്യത്തിൽ ഇസ്ലാമിൽ ഒരിക്കലും നിയമപരമല്ലെന്ന് ആധികാരിക പണ്ഡിതന്മാർ ചൂണ്ടിക്കാട്ടിയ മുത്തലാഖ് എന്ന അനാചാരം സുപ്രീംകോടതി നിയമവിരുദ്ധമായി വിധിച്ചതിനെതുടർന്ന്, അത്തരം മൊഴിചൊല്ലൽരീതി പിന്നെയും കൊണ്ടുനടന്ന പുരുഷന്മാർക്ക് കഠിനശിക്ഷ വിധിക്കുന്ന നിയമം പാർലമെന്റിൽ പാസാക്കിയെടുത്തതാണ് മോദി അവകാശപ്പെടുന്ന ‘മഹൽസേവനം’.
ഇതര മതസ്ഥരിലും സിവിൽ നിയമങ്ങളിലൊന്നും വിവാഹമോചനത്തെ ക്രിമിനൽ കുറ്റമായി പരിഗണിച്ചിട്ടില്ലെന്നിരിക്കെ, മുസ്ലിം പുരുഷന്മാർക്ക് മാത്രം സിവിൽ നിയമലംഘനത്തിന് ജയിൽശിക്ഷ വിധിച്ചത് യഥാർഥ നീതിയല്ല, അനീതിയാണ്. ഏക സിവിൽകോഡ് നടപ്പാക്കരുതെന്ന് താൻ നിയോഗിച്ച 18ാം നിയമ കമീഷൻ റിപ്പോർട്ട് നൽകിയിട്ടും അത് കൂട്ടാക്കാതെ തന്റെ റാൻമൂളികളെ മാത്രം ഉൾപ്പെടുത്തി പുതിയൊരു കമീഷനെ രംഗത്തിറക്കി ഏക സിവിൽ കോഡിന് അനുകൂലമായ ശിപാർശ നേടിയെടുത്തതാണ് മറ്റൊരു ന്യൂനപക്ഷ സേവനം! ജമ്മു-കശ്മീരിന്റെ ഭരണഘടനദത്തമായ പ്രത്യേക പദവി എടുത്തുകളഞ്ഞ് മൂന്നായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതാണ് ന്യൂനപക്ഷത്തിന് ചെയ്തുകൊടുത്ത മറ്റൊരു മഹൽ കൃത്യം. 140 കോടി ഇന്ത്യക്കാരുടെ സാമാന്യബുദ്ധിയെ അപഹസിക്കുന്നതാണ് ഇത്തരം നടപടികളും ജൽപനങ്ങളുമെന്ന് എടുത്തുപറയേണ്ടതില്ല. എന്നാൽ അവിടെയും മോദി നിന്നില്ല. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ടോങ്ക്-സവായ് മാധേപുരിൽ പഴയതു തന്നെ അദ്ദേഹം മറ്റൊരു തരത്തിൽ ആവർത്തിച്ചു.
സംഗതി എന്താണെന്നുവെച്ചാൽ, തെരഞ്ഞെടുപ്പിന്റെ പ്രഥമഘട്ടം കഴിഞ്ഞപ്പോൾ നേരത്തേ അവകാശപ്പെട്ടിരുന്ന 400ൽപരം സീറ്റുകൾ എന്ന വീമ്പുപറച്ചിൽ പുലരാനുള്ളതല്ലെന്ന് മോദിക്കും കൂട്ടുകാർക്കും ബോധ്യം വന്നിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമിതിയോ പൗരത്വ ഭേദഗതി നിയമമോ അന്താരാഷ്ട്ര രാമായണ ആഘോഷ വാഗ്ദാനമോ ഒന്നുമല്ല, അതിരൂക്ഷമായ തൊഴിലില്ലായ്മയും കുതിച്ചുയരുന്ന വിലക്കയറ്റവും അതുപോലുള്ള ജനകീയ പ്രശ്നങ്ങളുമാണ് സമ്മതിദായകരെ അസ്വസ്ഥരാക്കുന്നതെന്ന് മോദിക്കൂട്ടം തിരിച്ചറിയേണ്ടിവന്നിരിക്കുന്നു.
സുസംഘടിത സ്വഭാവമോ ഏകീകൃത നേതൃത്വമോ ഒന്നുമില്ലാതിരുന്നിട്ടും ഇൻഡ്യ മുന്നണിയെ ജനം പ്രതീക്ഷയോടെ പുൽകുന്നതായ ആശങ്ക കാവിപ്പടയെ വേട്ടയാടുന്നു. സ്ഥലനാമ മാറ്റങ്ങളിലൂടെയും മൂരിയിറച്ചി വിലക്കിലൂടെയും കിണ്ണം മുട്ടലിലൂടെയും ജനസാമാന്യത്തെ വിഡ്ഢികളാക്കിക്കൊണ്ട് ജനകീയ പ്രശ്നങ്ങളുടെ പരിഹാരം സാധ്യമല്ലെന്ന് ബോധ്യം വന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും സമ്പൽസമൃദ്ധവും സുശക്തവുമാക്കാനുള്ള അത്യാധുനികാസൂത്രണവും പദ്ധതികളും നരേന്ദ്ര മോദി-അമിത് ഷാ ടീമിന്റെ മുന്നിലോ പിന്നിലോ ഇല്ല. അക്കാര്യങ്ങളൊക്കെ അംബാനിയെയും അദാനിയെയും ഏൽപിച്ച് ജയശ്രീറാം വിളിച്ചും വിളിപ്പിച്ചും നടക്കലാണ് തങ്ങളുടെ മുന്നിലെ മാർഗം എന്നവർ കരുതുന്നുണ്ടാവാം.
ഈ വഴിയെ തെളിച്ചാൽ കൂടെ വരാൻ പാകത്തിലാണ് ഹിന്ദി ഹൃദയഭൂമി എന്നും ഒരുവേള ധരിച്ചിരിക്കാം. അതുകൊണ്ടൊക്കെ വിചാരധാരയിൽ ആചാര്യൻ എണ്ണിവെച്ച മുഖ്യ ശത്രുക്കളിൽ ഒന്നാമത്തേതിനെ പരമാവധി ദ്രോഹിച്ചും അടിച്ചമർത്തിയും പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് എന്ന കടമ്പ കടന്നുകയറാനാണ് ശ്രമം. പക്ഷേ, ശാസ്ത്രവും സാങ്കേതികവിദ്യയും നിർമിതബുദ്ധിയും മനുഷ്യചേതനയെ ബഹുദൂരം മുന്നോട്ട് നയിക്കുന്ന കാലത്ത് ഈ കണക്കുകൂട്ടലുകളൊക്കെ എത്രത്തോളം സഫലമാവുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.