കൈയെത്തും ദൂരത്തെ സൂര്യൻ
text_fieldsഅമേരിക്കയിെല കേപ് കനാവെറലിലെ ലോഞ്ച്പാഡിൽനിന്ന് ഡെൽറ്റ 4 റോക്കറ്റിൽ പാർക്കർ സോളാർ പ്രോബ് എന്ന വാഹനം സൂര്യനെ ലക്ഷ്യമാക്കി പറന്നുയർന്നത്, ബഹിരാകാശ പര്യവേക്ഷണത്തിെൻറ പുതിയൊരു ചരിത്രത്തിലേക്കാണ്. ഭൂമിയും ചന്ദ്രനും ചൊവ്വയും ഇതര ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമടക്കം പതിനായിരക്കണക്കിന് ഖഗോളവസ്തുക്കൾ ഉൾക്കൊള്ളുന്ന സൗരയൂഥത്തിലെ ഉൗർജ സ്രോതസ്സിെൻറ രഹസ്യങ്ങൾ തേടിയാണ് ഇൗ യാത്ര. ഇതാദ്യമായല്ല സൂര്യനിലേക്ക് കൃത്രിമോപഗ്രഹം വിക്ഷേപിക്കുന്നത്.
1974ൽ, നാസതന്നെ പശ്ചിമ ജർമനിയുടെ സഹായത്തോടെ ഹിലിയോസ് എന്ന സ്പേസ്ക്രാഫ്റ്റ് വിക്ഷേപിച്ചിരുന്നു. സെക്കൻഡിൽ 70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് ഇൗ വാഹനം സൗരോപരിതലത്തിെൻറ 4.3 കോടി കിലോമീറ്റർ വരെ അടുത്തെത്തി. 80കളുടെ അവസാനം വരെ ഇൗ ഉപഗ്രഹം പ്രവർത്തനക്ഷമവുമായിരുന്നു. വർഷങ്ങൾക്കിപ്പുറം ‘പാർക്കർ’ പുറപ്പെട്ടിരിക്കുന്നത് വലിയ സാേങ്കതികത്തികവോടെയാണ്. മനുഷ്യൻ ഇന്നേവരെ നിർമിച്ചതിൽവെച്ച് ഏറ്റവും വേഗംകൂടിയ വാഹനമാണിത്. സെക്കൻഡിൽ 190 കിലോമീറ്റർ സഞ്ചരിക്കുന്ന പാർക്കർ 88 ദിവസംകൊണ്ട് സൂര്യെൻറ 61.2 ലക്ഷം കിലോമീറ്റർ അടുത്തെത്തും. ഭൂമിയും സൂര്യനും തമ്മിൽ ഒരു മീറ്റർ അകലമുണ്ടെങ്കിൽ, പാർക്കർ സൗരോപരിതലത്തിെൻറ നാല് സെൻറിമീറ്റർ അടുത്തെത്തുമെന്നർഥം. തുടർന്ന്, ഏഴു വർഷത്തോളം സൂര്യനെ വലയംചെയ്ത് പഠനം നടത്തും. സൂര്യെൻറ കത്തുന്ന ചൂടിനെ പ്രതിരോധിച്ച് ഇൗ റോബോട്ടിക് വാഹനം ഭൂമിയിലേക്കയക്കുന്ന വിവരങ്ങൾ പ്രപഞ്ചവിജ്ഞാനീയത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്നുതന്നെയാണ് കരുതേണ്ടത്.
1859 ആഗസ്റ്റ് 29ന്, ഇംഗ്ലീഷ് ജ്യോതിശ്ശാസ്ത്രജ്ഞരായ റിച്ചാർഡ് കാരിങ്ടണും റിച്ചാർഡ് ഹോഡ്സണും വാനനിരീക്ഷണത്തിനിടെ തീർത്തും അപരിചിതമായ ഒരു കാഴ്ച കണ്ടു. സൂര്യെൻറ പുറംപാളിയിൽനിന്ന് വെള്ളിവെളിച്ചം പുറത്തേക്ക് ചിതറിത്തെറിക്കുന്നു. ഏതാനും നിമിഷങ്ങൾക്കു ശേഷം അത് അപ്രത്യക്ഷമാവുകയും ചെയ്തു. തീർത്തും അസാധാരണമായ ആ കാഴ്ചയുടെ പൊരുൾ അവർക്ക് മനസ്സിലായില്ലെങ്കിലും ചില ‘അനർഥ’ങ്ങൾ അന്നേദിവസം യൂറോപ്പിലും അമേരിക്കയിലുമുണ്ടായി. ഭൂമിയുടെ കാന്തിക മണ്ഡലത്തിെൻറ ക്രമം തെറ്റുകയും മേഖലയിലെ ടെലിഗ്രാഫ് വയർ സംവിധാനങ്ങൾ പൂർണമായും തകരാറിലാവുകയും ചെയ്തു. ശാസ്ത്രലോകത്തിന് ആ പ്രതിഭാസത്തെ വിശദീകരിക്കാനായില്ല.
അതൊരു സമസ്യയായി തുടരുന്നതിനിടെയാണ് 1958ൽ, യൂജിൻ പാർക്കർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആ നിഗൂഢതയുടെ ചുരുളഴിച്ചത്. സൂര്യെൻറ അന്തരീക്ഷത്തിൽനിന്ന് (കൊറോണ) ചാർജിത മൗലിക കണങ്ങൾ തുടർച്ചയായി പുറംതള്ളപ്പെടുന്നതായി അദ്ദേഹം സമർഥിച്ചു. എന്നാൽ, 31കാരനായ പാർക്കറുടെ വാദങ്ങൾ ആദ്യഘട്ടത്തിൽ ആരും അംഗീകരിച്ചില്ലെങ്കിലും പിന്നീട് ആ സിദ്ധാന്തത്തിന് ഉപോദ്ബലകമായ കൂടുതൽ തെളിവുകൾ ലഭിച്ചുകൊണ്ടിരുന്നു. മണിക്കൂറിൽ മില്യൺ കിലോമീറ്റർ വേഗത്തിലുള്ള കണങ്ങളുടെ ആ പുറംതള്ളലിനെ പാർക്കർ ‘സൗരവാതം’ എന്നാണ് വിശേഷിപ്പിച്ചത്. സൗരവാതത്തോടൊപ്പം ചിലപ്പോൾ പ്ലാസ്മയും മറ്റും പുറത്തേക്ക് ഉൽസർജിക്കും. കൊറോണൽ മാസ് ഇജക്ഷൻ എന്നാണ് അതിന് പറയുക. കാരിങ്ടണും ഹോഡ്സണും കണ്ടത് ഇൗ ഭീമൻ പുറംതള്ളലാണ്. കൊറോണയുടെയും സൗരവാതത്തിെൻറയും മാസ് ഇജക്ഷെൻറയുമെല്ലാം കൂടുതൽ വിവരങ്ങൾ തേടിയാണ് ഇപ്പോൾ പാർക്കർ വിക്ഷേപിച്ചിരിക്കുന്നത്. ആ വാഹനത്തിന് ‘പാർക്കർ’ എന്ന പേര് വന്നതെങ്ങനെയെന്ന് ഇതിൽനിന്ന് വ്യക്തം.
ഏറെ പ്രധാനപ്പെട്ടതാണ് പാർക്കർ ദൗത്യം. 1859ൽ സംഭവിച്ചതുപോലുള്ള ഒരു മാസ് ഇജക്ഷൻ ഭൂമിക്കു നേരെ വന്നാലുണ്ടാകുന്ന അപകടം ഒട്ടും ചെറുതല്ല എന്നതുതന്നെ അതിെൻറ കാരണം. കൊറോണൽ മാസ് ഇജക്ഷൻ മൂലം ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാകുന്ന ആകസ്മിക മാറ്റങ്ങൾ, ആധുനിക സമൂഹം ശാസ്ത്ര സാേങ്കതിക വിദ്യകളുടെ പിൻബലത്തിൽ കെട്ടിപ്പടുത്ത വലിയൊരു സാമ്രാജ്യത്തെതന്നെ ഇല്ലാതാക്കാൻ പര്യാപ്തമാണ്. പിന്നീടൊരു തിരിച്ചുവരവിന് കാലങ്ങളെടുക്കുകയും ചെയ്യും. ഒരു ഗ്രഹത്തെതന്നെ ഇല്ലാതാക്കാൻ തക്ക സംഹാരശേഷിയും ഇൗ പ്രതിഭാസത്തിനുണ്ട്. 1989ലുണ്ടായ അത്തരത്തിൽ ചെറുതൊന്ന് ഭൂമിയിൽ പതിച്ചപ്പോൾ കാനഡയും ക്യൂബയുമെല്ലാം ദിവസങ്ങളോളം ഇരുട്ടിലായി. 2012ലും 14ലുമെല്ലാം സമാനമായ ഭീമൻ സൗരവാതങ്ങളുണ്ടായെങ്കിലും അതൊന്നും ഭൂമിയുടെ ദിശയിലായിരുന്നില്ല. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇനിയും ചില അതിശക്ത സൗരവാതങ്ങൾക്ക് സാധ്യതയുണ്ടെത്രെ. പേക്ഷ, അത് ഭൂമിയുടെ ദിശയിലാകാനുള്ള സാധ്യത ഏറെ വിരളമാണെന്നാണ് ഗവേഷക ലോകം പറയുന്നത്.
മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിെൻറ 50ാം വാർഷികം ആഘോഷിക്കാനിരിക്കെ, പാർക്കർ വിക്ഷേപണത്തിലൂടെ നാസ ഒരിക്കൽകൂടി ശാസ്ത്ര സമൂഹത്തിൽ തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചിരിക്കുകയാണ്. യു.എസ്-സോവിയറ്റ് ബഹിരാകാശ ‘യുദ്ധ’ത്തിെൻറ കൂടി ചരിത്രമാണ് മനുഷ്യെൻറ ചാന്ദ്രയാത്ര. ആ പോരാട്ടത്തിൽ സോവിയറ്റിന് പിൻവാങ്ങേണ്ടിവന്നു. ഒരു ഡസൻ പേരെയാണ് അപ്പോളോ ദൗത്യത്തിലൂടെ അമേരിക്ക ചന്ദ്രോപരിതലത്തിലെത്തിച്ചത്. പക്ഷേ, ബഹിരാകാശ യുദ്ധം പലവിധത്തിൽ പിന്നെയും ആവർത്തിച്ചിട്ടുണ്ട്. ചൊവ്വയടക്കം, സൗരയൂഥത്തിലെ ഇതര ഗ്രഹങ്ങളിലേക്ക് നടത്തിയ പര്യവേക്ഷണങ്ങളിലെല്ലാം ആ മത്സരങ്ങളുടെ തുടർച്ച കാണാം.
ഇപ്പോൾ, മാതൃ നക്ഷത്രത്തിലേക്കുള്ള ഇൗ യാത്രയും അതിെൻറ ഭാഗമത്രെ. നാസ മാത്രമല്ല സൂര്യനിലേക്ക് പുറപ്പെടുന്നത്. തൊട്ടുപിറകെ യൂറോപ്യൻ യൂനിയനുമുണ്ട്. തങ്ങളുടെ ‘സോളോ’ (സോളാർ ഒാർബിറ്റർ) എന്ന വാഹനം രണ്ടു വർഷത്തിനുള്ളിൽ ഭൂമിയിൽനിന്ന് പുറപ്പെടുമെന്ന് പാർക്കർ വിക്ഷേപണ വിജയത്തിെൻറ െതാട്ടുടനെ യൂറോപ്യൻ സ്പേസ് ഏജൻസി പ്രതികരിച്ചത് ‘സ്പേസ് റേസി’ലേക്കുള്ള സൂചനയല്ലാതെ മറ്റെന്താണ്? അറിവു തേടിയുള്ള അന്വേഷണങ്ങളിലെ ഇൗ മത്സരങ്ങൾക്കപ്പുറം, ‘പാർക്കറും’ ‘സോളോ’യുമെല്ലാം പുതിയ കണ്ടെത്തലുകൾ നടത്തിയാൽ ആത്യന്തികമായി അത് അനുഗുണമായി ഭവിക്കുക മാനവരാശിക്കുതന്നെയായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.