കെടുകാര്യസ്ഥതയുടെ ദേശീയ മാതൃക!
text_fields2009 ഏപ്രിലിൽ തറക്കല്ലിട്ട്, 18 മാസംകൊണ്ട് പണിപൂർത്തിയാവുമെന്ന് പ്രഖ്യാപിച്ച് നിർമാണമാരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട് ടെർമിനൽ 2015ൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾപോലും പ്രവർത്തനസജ്ജമായിരുന്നില്ല. 75 കോടി മുതൽമുടക്കുള്ള 3.70 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കോംപ്ലക്സിൽനിന്ന് ചില്ലിക്കാശ്, നഷ്ടത്തിലേക്ക് അനുദിനം കൂപ്പുകുത്തുന്ന പൊതുമേഖല സ്ഥാപനത്തിന് ലഭിക്കുകയുണ്ടായില്ല. പഴയ 100ന് പകരം വെറും 40 ബസുകൾക്ക് മാത്രം പാർക്കിങ് സൗകര്യമുള്ള െടർമിനൽ ഇപ്പോൾ അടച്ചിടേണ്ട ഗതികേടിലും എത്തിനിൽക്കുന്നു.
14 നിലകളുള്ള ഇരട്ട വാണിജ്യ സമുച്ചയവും ബസ് സ്റ്റാൻഡും ഓഫിസുമടങ്ങുന്ന കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടാണ് 30 കോടി ചെലവിൽ ബലപ്പെടുത്തൽ നടപടികൾ ആരംഭിക്കാൻ എന്നപേരിൽ അടച്ചിടാനുള്ള തീരുമാനം. ഇതേപറ്റിയുള്ള വിവാദങ്ങൾ കൊഴുക്കുേമ്പാൾ അനാവരണം ചെയ്യെപ്പടുന്ന വസ്തുതകൾ അഴിമതിയുെടയും കെടുകാര്യസ്ഥതയുടെയും മുൻ റെക്കോഡുകൾ തകർക്കുന്നതാണ്. ബി.ഒ.ടി അടിസ്ഥാനത്തിൽ സമുച്ചയ നിർമാണത്തിന് കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.എഫ്.സിയെ ഏൽപിച്ചശേഷം നടന്ന സംഭവങ്ങളിൽ ആർക്കും ഒരുത്തരവാദിത്തവും ഉണ്ടായിരുന്നില്ലെന്ന് ധരിക്കത്തക്കവിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. കെട്ടിട സമുച്ചയത്തിന്റെ പ്ലാനിങ് മുതൽ അതിന്റെ നിർമാണത്തിലും പൂർത്തീകരണത്തിലും അക്ഷന്തവ്യമായ അനാസ്ഥയും ക്രമക്കേടുകളും നാഥനില്ലായ്മയും പ്രകടമായിരുന്നുവെന്നുവേണം ധരിക്കാൻ. പതിവുപോലെ മാറിമാറി വന്ന യു.ഡി.എഫ്-എൽ.ഡി.എഫ് സർക്കാറുകൾ പരസ്പരം ചളിവാരിയെറിയുന്ന കലാപരിപാടിയാണിപ്പോൾ നടക്കുന്നത്.
2014 സെപ്റ്റംബർ 28ന് 'മാധ്യമം' പുറത്തുവിട്ട വാർത്തയിൽ തന്നെ, യാത്രക്കാരുടെയും ബസുകളുടെയും സൗകര്യത്തേക്കാൾ വ്യാപാര ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകിയ രൂപകൽപനയാണെന്ന ആരോപണം ശരിവെക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വെളുക്കാൻ േതച്ചത് പാണ്ടാകുമോ എന്ന ആശങ്ക ഈ കൂറ്റൻ കെട്ടിടം ഇപ്പോൾ തന്നെ പങ്കുവെക്കുന്നു എന്ന് അതിൽ എടുത്തുപറഞ്ഞിരുന്നതാണ്. അസഹനീയമായ കാലവിളംബത്തിനും അനിശ്ചിതത്വത്തിനുമൊടുവിൽ കഴിഞ്ഞ ആഗസ്റ്റിൽ കെ.ടി.ഡി.എഫ്.സി അലിഫ് കമ്പനിക്ക് വാണിജ്യ സമുച്ചയം 30 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തപ്പോൾ നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം വാടകയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ധാരണ പ്രകാരം കാര്യങ്ങൾ കൃത്യമായി നടന്നാൽപോലും മുൻ കടബാധ്യതയിലേക്ക് കൊടുക്കേണ്ടിവരുന്ന പലിശപോലും അടച്ചുതീർക്കാനാവാത്ത സ്ഥിതി ഒരു വശത്ത്. മറുവശത്ത് പാട്ടത്തിനെടുത്ത കമ്പനി പണി ആരംഭിക്കുന്നതിന് മുേമ്പ കെട്ടിടത്തിന്റെ ബലക്ഷയം കണ്ടെത്തിയ മദ്രാസ് ഐ.െഎ.ടിയുടെ റിപ്പോർട്ട് അംഗീകരിച്ചാൽ പരിഹാര പ്രവൃത്തികൾക്ക് 30 കോടിയുടെ അധികച്ചെലവ് മറുവശത്തും.
ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചിട്ടില്ലെന്നത് ഉൾപ്പെടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിക്കാൻ കൃത്യമായി ആറ് മാസമെങ്കിലും വേണ്ടിവരുമത്രെ. അതുവരെയും ബസുകൾ പഴയതുപോലെ പാവങ്ങാട്ടെ ഡിപ്പോയിലേക്കോ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്കോ തിരിച്ചുവിടേണ്ടിവരും. 17 കിലോ മീറ്റർ ബസുകൾ ദിനേന അധികം ഓടേണ്ടിവരുേമ്പാൾ, വില അനുദിനം കുതിച്ചുയരുന്ന ഡീസൽ ഉപേയാഗം മാത്രം കനത്ത അധികച്ചെലവിന് വഴിവെക്കുമെന്ന് കട്ടായം. അതിനിടെ നിർമാണത്തിൽ വൻ അഴിമതി നടന്നതായും ഐ.ഐ.ടി റിപ്പോർട്ട് സൂചിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, രണ്ടാം പാലാരിവട്ടമാണ് ചിത്രത്തിൽ തെളിയുന്നത്.
ഇതേപ്പറ്റി സമഗ്രവും കുറ്റമറ്റതുമായ അന്വേഷണം ഉചിതമായ തലത്തിൽ നടക്കേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. പ്രകൃതികോപങ്ങളും കോവിഡ് മഹാമാരിയും സാമ്പത്തിക മാന്ദ്യവും ജി.എസ്.ടിയുമൊക്കെയായി കടത്തിൽനിന്ന് കടത്തിലേക്ക് കൂപ്പുകുത്തുന്ന സംസ്ഥാന സർക്കാർ ഖജനാവിന് ഒരുവിധത്തിലും ന്യായീകരിക്കാനാവാത്ത ഇത്തരം ബാധ്യതകൾകൂടി ഏറ്റെടുക്കേണ്ടിവന്നാലുള്ള അവസ്ഥ ഭരിക്കുന്നവരെയോ ഭരിപ്പിക്കുന്നവരെയോ െതല്ലും അലോസരപ്പെടുത്തില്ലെന്നതാണ് അങ്ങേയറ്റം ആശങ്കജനകമായിരിക്കുന്നത്. എല്ലാം ശരിയാവുമെന്ന് നാടാകെ പാടിനടന്ന് അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ അവർ ആവശ്യപ്പെട്ടപോലെ ഭരണത്തുടർച്ച ബഹുഭൂരിപക്ഷത്തോടെ ജനങ്ങൾ നൽകിയിട്ടും മൗലികമായ പുനഃപരിശോധനയോ തിരുത്തൽ നടപടികളോ നടക്കുന്നില്ലെന്ന് പറയാതെവയ്യ. ഉദ്യോഗസ്ഥവൃന്ദം പണ്ടേ ശീലിച്ചത് മാറ്റമില്ലാതെ തുടരുന്നു. പൊലീസും വിജിലൻസും മാറ്റത്തിന്റെ ലക്ഷണങ്ങൾ കാഴ്ചവെക്കുന്നില്ല.
പാർട്ടിക്കാർ കാണിച്ചുകൊണ്ടേയിരിക്കുന്ന 'ജാഗ്രതക്കുറവ്' യോഗങ്ങളിൽ വിമർശിക്കപ്പെടുന്നതല്ലാതെ നിയമത്തിന്റെയോ കോടതിയുടെയോ മുന്നിൽ അവർ ഹാജരാക്കപ്പെടുന്നില്ല. പേരിന് എന്തെങ്കിലും നടപടികൾക്ക് വിധേയരായാലും രക്ഷപ്പെടാൻ പഴുതുകൾ ഏറെയാണ്. പ്രതിപക്ഷത്തിരിക്കുന്നവർ ചൂണ്ടിക്കാട്ടിയാൽ തത്തുല്യമോ അതിലും വലുതോ ആയ അഴിമതിയും ക്രമക്കേടുകളും നിയമലംഘനങ്ങളും തിരിച്ചാരോപിച്ച് രക്ഷപ്പെടാനുമാവുന്നു. ഈ നാടകം എത്രകാലമാണ് തുടരുക എന്ന് ദേശസ്നേഹികൾ ആലോചിക്കണം. കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കുക. വിജിലൻസ് അന്വേഷണത്തിന് വേണ്ടതിലധികം സാധ്യതയുണ്ടായിട്ടും വല്ലതും കൃത്യമായും ജാഗ്രതയോടെയും നടക്കുന്നുണ്ടോ? കൂടുതൽ മോശമായ കെടുകാര്യസ്ഥതക്ക് കാതോർത്തുകഴിയാൻ വിധിക്കപ്പെട്ടിരിക്കുന്ന ജനങ്ങൾ ആരോട് ആവലാതിപ്പെടാൻ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.