75 തികയുന്ന ‘നാറ്റോ’
text_fieldsകഴിഞ്ഞയാഴ്ച, ഏപ്രിൽ നാലിന്, ഉത്തര അറ്റ്ലാന്‍റിക് ഉടമ്പടി സംഘടനയായ നാറ്റോ 75 വർഷം പൂർത്തിയാക്കി. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ യുക്രെയ്നിന് സൈനിക പിൻബലം നൽകുന്ന സഖ്യം എന്ന നിലയിലാണ് നിലവിൽ നാറ്റോയുടെ സാന്നിധ്യം ലോകം അറിയുന്നതെങ്കിലും രൂപവത്കരണത്തിനുശേഷം ചുരുക്കം സന്ദർഭങ്ങളിലൊഴികെ ഒരു സഖ്യമെന്നനിലയിൽ അന്താരാഷ്ട്ര സംഭവങ്ങളെ ഈ വേദി ഗുണപരമായി സ്വാധീനിച്ചെന്ന് പറഞ്ഞുകൂടാ. രണ്ടാം ലോകയുദ്ധശേഷം 1949 ഏപ്രിൽ നാലിന് വാഷിങ്ടണിൽ ചേർന്ന അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ 12 രാജ്യങ്ങൾ ഉടമ്പടി രേഖയിൽ ഒപ്പുവെച്ചു രൂപം നൽകിയ ‘നാറ്റോ’യിൽ പിന്നീട് ചേർന്ന അംഗരാജ്യങ്ങൾ ഉൾപ്പെടെ ഇന്ന് 32 അംഗങ്ങളാണുള്ളത്. രാഷ്ട്രീയവും സൈനികവുമായ പരസ്പര സഹകരണം പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഓരോ രാജ്യവും സഖ്യത്തിൽ അംഗമായത്.
ഏറ്റവും അവസാനം അംഗത്വം ലഭിച്ചത് ഫിൻലൻഡിനും സ്വീഡനുമാണ്. 1949 ൽ ഒരു സ്വയംരക്ഷാ സഖ്യമായാണ് നാറ്റോ നിലവിൽവന്നതെങ്കിലും അത് അക്രമരീതി സ്വീകരിച്ചതിനും ഉദാഹരണങ്ങളുണ്ട്. 2001ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തെതുടർന്ന് ഭീകരതക്കെതിരായ യുദ്ധം എന്ന യു.എസ് മുദ്രാവാക്യത്തിൽ കൈകോർത്ത് നാറ്റോയും യുദ്ധമുന്നണിയിൽ ചേർന്നത് ഉദാഹരണം. ആ ആക്രമണം അമേരിക്കയോട് മാത്രമല്ലെന്നും അതിനാൽ അതിനുത്തരവാദികളായ അൽഖാഇദക്കെതിരെ സംയുക്ത യുദ്ധംതന്നെ വേണമെന്നുമുള്ള യു.എസ് സിദ്ധാന്തം നാറ്റോ ഏറ്റെടുക്കുകയായിരുന്നു. അൽഖാഇദ നേതാവ് ഉസാമ ബിൻലാദിൻ തമ്പടിച്ച അഫ്‌ഗാനിസ്താനിൽ അമേരിക്കയോടൊപ്പം നാറ്റോയും ആക്രമിച്ച് കയറി ഇരുപതു വർഷത്തോളം ആ രാജ്യത്തെ വിദേശ അധിനിവേശത്തിന് വിധേയമാക്കി.
ഇന്ന് പ്രധാനമായി, റഷ്യക്കെതിരായ സഖ്യം എന്ന നിലയിൽ നിലനിൽക്കുന്ന നാറ്റോ ഏതു അംഗരാജ്യത്തിനെതിരെയുള്ള യുദ്ധവും തങ്ങൾ ഒന്നിച്ചു നേരിടാനുള്ള യുദ്ധമാണെന്ന തത്ത്വത്തിൽ പരസ്പര സഹകരണത്തിന് പ്രതിജ്ഞാബദ്ധമാണ്. ഐകകണ്ഠ്യേന മാത്രമേ പുതിയ അംഗരാജ്യങ്ങളെ ചേർക്കാൻ പറ്റൂ എന്ന വ്യവസ്ഥ കാരണം ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ അംഗത്വത്തിന് തുർക്കിയുടെ തടസ്സം കുറേക്കാലം പ്രതിബന്ധമായിരുന്നു. ഒടുവിൽ തർക്കവിഷയങ്ങൾ ചർച്ചകളിലൂടെ ഒത്തുതീർന്നതിനെ തുടർന്നാണ് അവർക്ക് അംഗത്വം കിട്ടിയത്. എടുത്തുപറയാവുന്ന ചില ഇടപെടലുകൾ നാറ്റോ നടത്തിയിട്ടുണ്ട്.
1995ൽ ബോസ്നിയ ഹെർസഗോവിനയിൽ സെർബിയക്കെതിരെ നടത്തിയ 12 ദിവസത്തെ സൈനിക ഓപറേഷനിലൂടെയാണ് യുഗോസ്ലാവിയയുടെ ഛിദ്രതക്കിടയിൽ ഭീകരകൃത്യങ്ങൾ നടത്തിയിരുന്ന സെർബിയയെ ഒതുക്കാനും അതുവഴി യുദ്ധത്തിന്‍റെ സമവാക്യങ്ങൾ മാറാനും ഒടുവിൽ ബോസ്നിയ ഹെർസഗോവിന എന്ന രാജ്യത്തിന് സമാധാനപൂർണമായ സ്വതന്ത്രാസ്തിത്വം തിരിച്ചുകിട്ടാനും വഴിയൊരുങ്ങിയത്. 1999 ൽ സമാനമായ ഒരു പങ്ക് കൊസോവോയിലും നാറ്റോ വഹിച്ചു. പിന്നീട് യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട സ്ലോബോദാൻ മിലോസെവിച്ചിന്‍റെ ഭീകരഭരണത്തിന് അറുതിവരുത്തി കൊസോവോയിൽ സമാധാനം സ്ഥാപിക്കാൻ യു.എൻ അംഗീകാരത്തോടെ നാറ്റോ സൈനിക നടപടികൾ വഴിയൊരുക്കിയെന്നത് സത്യമാണ്.
നാറ്റോയുടെ അസ്തിത്വം സൈനികമായതുകൊണ്ട് തന്നെയാണ് 2014 ൽ റഷ്യ ക്രീമിയ ആക്രമിച്ച് പിടിച്ചടക്കിയതിന്‍റെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾ അവരുടെ ജി.ഡി.പിയുടെ രണ്ടുശതമാനം പ്രതിരോധത്തിന് നീക്കിവെക്കണമെന്ന ധാരണയിലെത്തിയത്. എന്നാൽ, ചുരുക്കം അംഗങ്ങളേ ഈ വാഗ്ദാനം പാലിച്ചുള്ളൂ. ഈ വിഷയം ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 2019ൽ നടത്തിയ ഇടപെടലുകൾ സഖ്യത്തിൽ വിള്ളലുകൾ വീഴ്ത്തിയതാണ്. ഇന്ന് യുക്രെയിൻ വിഷയത്തിലും പൂർണമായും ഏകമനസ്സോടെ വർത്തിക്കാൻ നാറ്റോവിന് കഴിയാത്ത സാഹചര്യത്തിൽ ഇതും ഒരു പ്രശ്നമായി നിലനിൽക്കുന്നുണ്ട്. അതിനിടയിൽ ആയുധക്കച്ചവട ലോബിക്ക് വേണ്ടുവോളം ചിത്രത്തിലിറങ്ങാൻ വകനൽകുന്ന ഇത്തരം തീരുമാനങ്ങൾ സമാധാനം ഉറപ്പുവരുത്തുന്നതിന് പകരം സംഘർഷത്തിന് തിരികൊളുത്തും എന്നതാണ് അനുഭവം.
ഏറ്റവും ഒടുവിലായി യുക്രെയിനിനെ ആക്രമിച്ച് കീഴടക്കാൻ റഷ്യ പറഞ്ഞ ഒരു ന്യായം തങ്ങളുടെ പടിവാതിൽക്കൽവരെ നാറ്റോ അതിർത്തി നീളാൻ സമ്മതിക്കില്ല എന്നതാണ്. ഫിൻലൻഡിന്‍റെ അംഗത്വമായിരുന്നു വിഷയം. ഫിൻലൻഡാണെങ്കിൽ തൊട്ടയലത്ത് അക്രമാസക്തമായി നിൽക്കുന്ന റഷ്യക്കെതിരെയാണ് സംരക്ഷണം തേടിയത്. അങ്ങനെ പ്രശ്നം ഒതുക്കിത്തീർക്കാൻ ഒരു മധ്യവർത്തി ഇല്ലാത്ത അവസ്ഥയിലാണ് ഇന്നു ആഗോളക്രമം. പരസ്പരവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ പോന്ന വേദികളോ ശക്തികളോ ചിത്രത്തിൽ വന്നാലേ യുദ്ധഭീതി നീക്കാൻ പറ്റൂ. യു.എന്നിന് ആ പങ്ക് എന്നേ കൈമോശം വന്നിരിക്കുന്നു. രാജ്യതന്ത്രജ്ഞതയുള്ള അന്തർദേശീയ നേതൃത്വങ്ങളിലേ ഇനി പ്രതീക്ഷ അർപ്പിക്കാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.