ഇൗ പൊന്നിന് തിളക്കമേറെ
text_fieldsഒടുവിൽ അത് യാഥാർഥ്യമായി, ഒളിമ്പിക്സ് അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങി. മൂവർണക്കൊടി ആകാശംമുട്ടെ പാറി. 23 വയസ്സുള്ള നീരജ് ചോപ്ര എന്ന ഹരിയാൻവി യുവാവ് ചരിത്രത്തിലേക്ക് പായിച്ച ജാവലിനിലൂടെ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇതാദ്യമായി ഒരു സ്വർണമെഡൽ ഇന്ത്യയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു. ഇതിനു പുറമെ രണ്ടു വെള്ളി, നാലു വെങ്കല മെഡലും സ്വന്തമാക്കിയാണ് ഇന്ത്യൻ സംഘം ടോക്യോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽനിന്ന് മടങ്ങുന്നത്. ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽനേട്ടം.
നീരജ് ചോപ്രക്കും ഇന്ത്യക്കുവേണ്ടി വിയർപ്പൊഴുക്കിയ മറ്റെല്ലാ കായികതാരങ്ങൾക്കും ഈ സുവർണ നിമിഷത്തിൽ 'മാധ്യമ'ത്തിന്റെ അഭിനന്ദനങ്ങൾ. നിങ്ങളുടെ സമർപ്പണവും കഠിനാധ്വാനവും ഇന്ത്യക്കും ഇന്ത്യയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ഏറെ അഭിമാനിക്കാൻ വഴി തുറന്നു നൽകിയിരിക്കുന്നു.
സ്വർണനേട്ടവുമായി മടങ്ങിയെത്തുന്ന നീരജിന് വലിയ സമ്മാനങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നീരജിന്റെ നാടായ ഹരിയാനയിലെ സർക്കാർ ആറും അദ്ദേഹത്തിന്റെ കുടുംബവേരുകളുള്ള, പരിശീലിച്ച് വളർന്ന പഞ്ചാബിലെ സർക്കാർ രണ്ടും കോടി രൂപ നൽകുമെന്നറിയിച്ചിരിക്കുന്നു. ബി.സി.സി.ഐയും ചെന്നൈ സൂപ്പർ കിങ്സും ഓരോ കോടിയാണ് നൽകാൻ പോകുന്നത്. സൗജന്യ വിമാനയാത്ര ഉൾപ്പെടെ ഉപഹാരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങളും ഈ സന്തോഷം പങ്കുവെക്കുന്നു.
പ്രധാനമന്ത്രിയുൾപ്പെടെ നേതാക്കളും സ്പോർട്സ് അസോസിയേഷനുകളുമെല്ലാം ട്വീറ്റുകളിലൂടെ ഈ നേട്ടത്തെ പേർത്തും പേർത്തും വാഴ്ത്തുന്നു. ഏവരും സന്തോഷത്തിലും അഭിമാനത്തിലും മതിമറന്നുനിൽക്കുന്ന സന്ദർഭത്തിൽ ഒരൽപം അനുചിതമായി തോന്നിയേക്കാം, എന്നിരിക്കിലും ചോദിക്കാതെ വയ്യ-ഒരു കർഷക കുടുംബത്തിൽനിന്ന് വളർന്നുയർന്ന ഈ കായികതാരവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പരിശീലകരും നടത്തിയ കഠിന പരിശ്രമങ്ങളുടെ ഫലമായ ഈ വിജയസ്വർണത്തിന്റെ പങ്കുപറ്റാൻ സർക്കാറുകൾക്കും അത്ലറ്റിക് ഫെഡറേഷനുകൾക്കും എത്രമാത്രം അർഹതയുണ്ട്?
കായികതാരങ്ങൾക്ക് വേണ്ടത്ര പോഷകമൂല്യമുള്ള ഭക്ഷണംപോലും ഒരുക്കാത്ത പ്രീ ഒളിമ്പിക്സ് ക്യാമ്പിൽ പരിശീലിച്ചാണ് ഓരോ ഇന്ത്യൻ താരവും ലോക കായികമേളക്ക് തയാറെടുത്തത്. നീരജ് എന്ന അത്ഭുതത്തെ കണ്ടെടുത്ത ആസ്ട്രേലിയൻ കോച്ച് ഗാരി കാൽവർട്ടും ഒളിമ്പിക് സ്വർണത്തിലേക്ക് ഉന്നംവെച്ചെറിയാൻ പ്രാപ്തനാക്കിയ, ജാവലിനിലെ എക്കാലത്തെയും വലിയ റെക്കോഡിനുടമയായ ജർമൻ കോച്ച് ഉവേ ഹോണും രാജ്യത്ത് നേരിട്ട ദുരനുഭവങ്ങൾകൂടി ഓർക്കാതെ ഈ നേട്ടത്തെക്കുറിച്ച് വീരസ്യംപറയാൻ നമുക്കാവില്ലതന്നെ. അധികൃതരിൽനിന്ന് അടിക്കടി നേരിട്ട അവഹേളനങ്ങളിൽ സഹികെട്ട് ഗാരി കാൽവർട്ട് വിട്ടുപോവുകയായിരുന്നു.
പറഞ്ഞുറപ്പിച്ച വേതനമോ സൗകര്യങ്ങളോ നൽകാതെ വേദനകൾ മാത്രം നൽകിയിട്ടും ഉവേ ഹോൺ അത്ലറ്റിക് ഫെഡറേഷനോടും സ്പോർട്സ് അതോറിറ്റിയോടും തർക്കിച്ച് പാതിവഴിയിൽ ഇട്ടെറിഞ്ഞുപോവാഞ്ഞത് അദ്ദേഹത്തിന്റെ അളക്കാനാവാത്ത സ്പോർട്സ്പേഴ്സൻ സ്പിരിറ്റും നീരജ് എന്ന പ്രതിഭയുടെ സ്ഥിരോത്സാഹവുംകൊണ്ടു മാത്രമാണ്. കായികതാരങ്ങളുടെ കഴിവിന്റെയോ കരുത്തിന്റെയോ അഭാവമല്ല മറിച്ച് ആവശ്യമായ സൗകര്യങ്ങളുമായി അവരെ മേളകൾക്കൊരുക്കാൻ നാം പുലർത്തുന്ന ഉപേക്ഷയാണ് വിക്ടറി സ്റ്റാൻഡുകളിൽനിന്ന് ഇന്ത്യയെ അകറ്റുന്നതെന്ന തിരിച്ചറിവിലെത്താൻ ഈ വിജയനിമിഷത്തിലെങ്കിലും രാജ്യം സന്നദ്ധമായേ പറ്റൂ.സ്പോർട്സ് എന്നാൽ ക്രിക്കറ്റ് മാത്രമാണെന്ന മനോഗതിയുടെ പ്രചാരവേലയിൽനിന്ന് അധികൃതരും മാധ്യമങ്ങളും മാറണം. എല്ലാ സ്പോർട്സ് ഇനങ്ങളിലും പരിശീലനത്തിന് അവസരമൊരുക്കുകയും താരങ്ങൾക്ക് പ്രോത്സാഹനമേകുകയും വേണം.
നീരജിന്റെ സ്വർണത്തിനു മുമ്പ് മലയാളിയായ പി.ആർ. ശ്രീജേഷ് ഉൾക്കൊള്ളുന്ന ഇന്ത്യൻ ടീം പുരുഷ ഹോക്കിയിൽ വെങ്കലം നേടിയപ്പോൾ രാജ്യമൊട്ടുക്ക് ആഹ്ലാദാരവം മുഴങ്ങിയിരുന്നല്ലോ. ഇന്ത്യയുടെ ദേശീയ കായിക ഇനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോക്കിയിൽ പങ്കെടുക്കാൻ ടീമുകൾക്ക് സ്പോൺസർമാരെപ്പോലും ലഭിച്ചിരുന്നില്ല എന്ന് എത്രപേർ ഓർക്കുന്നുണ്ട്? ഒടുവിൽ മുഖ്യമന്ത്രി നവീൻ പട്നായക് താൽപര്യമെടുത്ത് ഒഡിഷ സംസ്ഥാനത്തിന്റെ സ്പോൺസർഷിപ്പിലാണ് പുരുഷ-വനിത ഹോക്കി ടീമുകളെ ഒളിമ്പിക്സിനയച്ചത് എന്നറിയണം.
ക്രിക്കറ്റ് ബോർഡിൽനിന്നുൾപ്പെടെ എല്ലാ കായിക അസോസിയേഷനുകളിൽനിന്നും രാഷ്ട്രീയ നേതാക്കളെയും സ്ഥാപിത താൽപര്യക്കാരെയും ഇറക്കിവിട്ട് ഈ മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ നിയോഗിക്കണം. ഉവേ ഹോണിനെപ്പോലെ എണ്ണംപറഞ്ഞ കോച്ചുമാരെത്തന്നെ നമ്മുടെ കുട്ടികൾക്കായി ലഭ്യമാക്കണം. അവർക്ക് അർഹിക്കുന്ന പരിഗണനകളും നൽകണം. കായിക അവാർഡിന്റെ പേരു മാറ്റുന്നതുപോലെ എളുപ്പമല്ല അതൊന്നും, പക്ഷേ ചെയ്യാനൊരുക്കമെങ്കിൽ ഫലസിദ്ധി ഉറപ്പാണ്. നാളെയുടെ താരങ്ങളെ കണ്ടെത്തി ചിട്ടയായ പരിശീലനമൊരുക്കാൻ എല്ലാ സംസ്ഥാനങ്ങളിലും സൗകര്യങ്ങളുയരട്ടെ. അടുത്ത ഒളിമ്പിക്സിന് സ്റ്റേഡിയത്തിൽ അടിക്കടി ഇന്ത്യൻ ദേശീയഗാനമുയരുകതന്നെ ചെയ്യും. അസാധ്യമെന്ന് കരുതേണ്ടതില്ല. നീരജ് ചോപ്ര സ്വർണം എറിഞ്ഞിടുംവരെ അത്ലറ്റിക്സിൽ ഒരു സ്വർണമെന്നത് നമുക്കൊരു സ്വപ്നം മാത്രമായിരുന്നു. എന്നാലിന്നത് തിളക്കമാർന്ന ഒരു സത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.