ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ പ്രസവ നയം
text_fieldsജീവിപ്രപഞ്ചം കണ്ടതിൽവെച്ചേറ്റവും മാരക പ്രഹരശേഷിയുള്ള സമഗ്രാധിപത്യ രാഷ്ട്രീയ പദ്ധതിയെന്ന നിലക്ക് കമ്യൂണിസം മനുഷ്യരാശിക്കും പരിസ്ഥിതിക്കും മേൽ ഏൽപിച്ച ആഘാതങ്ങൾ നമ്മുടെ ഏറ്റവും മോശം ഭാവനകൾക്കും അപ്പുറമുള്ളതാണ്. സോവിയറ്റ് കമ്യൂണിസത്തിെൻറ പുഷ്കല കാലത്താണ് ചെർണോബിൽ ആണവദുരന്തം സംഭവിക്കുന്നത്. അതിെൻറ ദൂഷ്യങ്ങൾ ഇന്നും യുെക്രയ്ൻ എന്ന രാജ്യം അനുഭവിക്കുന്നുണ്ട്. സോവിയറ്റ് കമ്യൂണിസ്റ്റ് നേതൃത്വത്തിെൻറ വമ്പൻ വികസനപദ്ധതിയുടെ ഭാഗമായി അറാൽ എന്നൊരു കടൽതന്നെ ഇല്ലാതായിട്ടുണ്ട്.
മനുഷ്യനും പ്രപഞ്ചത്തിനും മേൽ വിവിധ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഏൽപിച്ച ആഘാതങ്ങളെക്കുറിച്ച കണക്കെടുപ്പ് ഇനിയും നടത്തിത്തീർന്നിട്ടില്ലാത്ത ഗവേഷണപദ്ധതിയാണ്. ഇടവും വലവും നോക്കാതെ പാർട്ടി പരിപാടികൾ അടിച്ചേൽപിക്കുന്നതിൽ സോവിയറ്റ് കമ്യൂണിസ്റ്റുകളോട് മത്സരിച്ചിരുന്നവരാണ് ചൈനീസ് കമ്യൂണിസ്റ്റുകളും. അനിഷേധ്യ നേതാവ് മാവോ സേ തുങ്ങിെൻറ നേതൃത്വത്തിൽ ബൂർഷ്വാസികളെയും പ്രതിവിപ്ലവകാരികളെയും ഇല്ലാതാക്കി ചൈനീസ് സമൂഹത്തെ ശുദ്ധീകരിക്കാൻ 1966 മുതൽ 1976 വരെ നടപ്പാക്കിയ 'സാംസ്കാരിക വിപ്ലവ'ത്തിൽ ദശലക്ഷക്കണക്കിന് മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്.
1958 മുതൽ 1962 വരെ ദാ മാക്വേ യുംദോങ് (കുരുവികളെ കൊല്ലൂ) എന്ന പേരിൽ പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ കാമ്പയിൻ നടന്നിരുന്നു. ചൈനയിലെ ഭക്ഷ്യക്ഷാമത്തിന് കാരണം പാടങ്ങളിൽ വന്നിരിക്കുന്ന കുരുവികളാണെന്ന് പോളിറ്റ് ബ്യൂറോ കണ്ടെത്തിയതിനെ തുടർന്ന് കുരുവികളെ കൊന്നൊടുക്കാൻ സ്കൂൾ കുട്ടികൾ മുതൽ മുഴുവൻ പൗരന്മാരെയും ചുമതലപ്പെടുത്തിയ പദ്ധതിയായിരുന്നു അത്. എന്നാൽ, കുരുവികൾ കൂട്ടത്തോടെ കൊല്ലപ്പെട്ടതോടെ കൃഷിനിലങ്ങളിലാകമാനം കീടങ്ങൾ പെരുകുകയും കാർഷികോൽപാദനം വൻതോതിൽ കുറയുകയും അത് 'മഹത്തായ ചൈനീസ് ക്ഷാമം' എന്ന ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന് നിമിത്തമായതുമാണ് നാം കണ്ടത്. ദശലക്ഷങ്ങളാണ് ആ പട്ടിണിക്കാലത്ത് ചൈനയിൽ മരിച്ചുവീണത്.
മില്യൺ കണക്കിന് മനുഷ്യരെ നേരിട്ട് മരണത്തിന് എറിഞ്ഞുകൊടുത്ത രണ്ടു പാർട്ടി പരിപാടികൾക്കുശേഷം 1980ൽ ചൈനീസ് പാർട്ടി നടപ്പാക്കിയ പദ്ധതിയാണ് ഒറ്റക്കുഞ്ഞ് നയം. അതായത്, നാട്ടിൽ ജനസംഖ്യ വലിയതോതിൽ വളരുകയാണ്; ഇനിമേൽ സ്ത്രീകൾ ഒരു കുഞ്ഞിനെയേ പ്രസവിക്കാൻ പാടുള്ളൂ എന്ന് പാർട്ടി തീരുമാനിച്ചു. കമ്യൂണിസ്റ്റ് ഭരണകൂടമായതുകൊണ്ടുതന്നെ, ബോധവത്കരണത്തിലൂടെയോ ജനങ്ങളുടെ സഹകരണത്തിലൂടെയോ അല്ല അത്തരം പദ്ധതികൾ നടപ്പാക്കുക. ഒന്നിലേറെ കുഞ്ഞുങ്ങളുണ്ടാവുന്നവർക്കുള്ള ആനുകൂല്യങ്ങൾ എടുത്തുകളയൽ, കൂട്ട വന്ധ്യംകരണം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങിയ പരിപാടികൾ രാജ്യമാകെ നടന്നു.
മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയായ ഉയ്ഗൂറിൽ ഈ വക പ്രവൃത്തികൾ ഏറ്റവും മാരകമായ രൂപത്തിൽ നടപ്പാക്കി. അതിക്രൂരമായ മനുഷ്യാവകാശലംഘനങ്ങളുടെ വൃത്താന്തങ്ങൾ മനുഷ്യാവകാശ ഏജൻസികൾ പുറത്തുകൊണ്ടുവന്നു. സർവ ഭരണകൂട സംവിധാനങ്ങളുമുപയോഗിച്ച് ഈ നയം അടിച്ചേൽപിച്ചതോടെ ചൈനീസ് ജനസംഖ്യാ ഘടനയിൽ വലിയ പ്രതിഫലനങ്ങളുണ്ടായി. ഒരു കുഞ്ഞ് മാത്രം അനുവദിക്കപ്പെട്ടപ്പോൾ, അത് ആൺകുഞ്ഞായിരിക്കണമെന്ന് ആ പുരോഗമന സമൂഹത്തിൽ വലിയൊരു വിഭാഗം ചിന്തിച്ചപ്പോൾ, പെൺഭ്രൂണഹത്യ കുതിച്ചുയർന്നു. സമൂഹത്തിലെ ലിംഗാനുപാതം താളംതെറ്റി. ജനിച്ച പെൺകുഞ്ഞുങ്ങളിൽ വലിയൊരു ശതമാനം അനാഥാലയങ്ങളിലേക്കും തെരുവുകളിലേക്കും അയക്കപ്പെട്ടു. ജനസംഖ്യയിലെ ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞു. വൃദ്ധരുടെ അനുപാതം കൂടി. ഇത് സാമൂഹിക ഘടനയെ മാത്രമല്ല, ഉൽപാദന മേഖലയെയും ദോഷകരമായി ബാധിക്കാൻ തുടങ്ങി. അങ്ങനെയാണ് 2016ൽ ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികളെ പ്രസവിക്കാനുള്ള അവകാശം ചൈനീസ് പാർട്ടിയും ഭരണകൂടവും സ്ത്രീകൾക്ക് അനുവദിച്ചുനൽകുന്നത്.
ചൈനയുടെ പുതിയ സെൻസസ് റിപ്പോർട്ട് മേയ് ആദ്യത്തിൽ പുറത്തുവന്നു. ഇതനുസരിച്ച്, രണ്ടു കുട്ടികളെ അനുവദിച്ചിട്ടും ചൈനീസ് ജനസംഖ്യാ ഘടനയിൽ ഗുണപരമായ മാറ്റങ്ങളൊന്നുമുണ്ടായില്ല എന്ന് വ്യക്തമായി. അങ്ങനെയാണ്, മേയ് 31ന് ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ജനസംഖ്യാ നയം വീണ്ടും തിരുത്താൻ തീരുമാനിച്ചത്. 2016ലെ നയംമാറ്റംകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല എന്നാണ് പുതിയ സെൻസസ് തെളിയിക്കുന്നത്. ചൈനയിലെ ജനസംഖ്യാ വളർച്ച ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരിക്കുകയാണ്. സമൂഹത്തിൽ ചെറുപ്പക്കാരുടെ അനുപാതം അപകടകരമാംവിധം കുറയുകയും വൃദ്ധരുടെ അനുപാതം കൂടുകയും ചെയ്യുകയാണ്. ചൈനയുടെ സാമ്പത്തിക മുന്നേറ്റങ്ങളെ ഇത് ദോഷകരമായി ബാധിക്കും എന്ന് മനസ്സിലാക്കിയാണ് പാർട്ടി നേതൃത്വം ഇനിമേൽ സ്ത്രീകൾക്ക് മൂന്നു കുട്ടികളെ പ്രസവിക്കാനുള്ള അനുമതി നൽകാമെന്ന് തീരുമാനിച്ചത്.
ലോകത്തെ ഏതാണ്ടെല്ലാ വികസിത രാജ്യങ്ങളും അനുഭവിക്കുന്ന ജനസംഖ്യാ പ്രതിസന്ധി തന്നെയാണ് ചൈനയും അഭിമുഖീകരിക്കുന്നത്. പക്ഷേ, അന്നാടുകളിലൊന്നും ചൈനയിലേതുപോലെ ഭരണകൂടത്തിെൻറ പ്രഹരശക്തി ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള ജനസംഖ്യാനയം അടിച്ചേൽപിക്കുന്നില്ല എന്നു മാത്രം. ചൈനയിൽ പക്ഷേ, ഒരാൾ എത്ര പ്രസവിക്കണമെന്നുപോലും പാർട്ടി പോളിറ്റ് ബ്യൂറോയാണ് തീരുമാനിക്കുന്നത്. പക്ഷേ, പാർട്ടി എന്തു തീരുമാനിച്ചാലും ജനസംഖ്യാഘടനയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നില്ല എന്നാണ് ജനസംഖ്യാ വിദഗ്ധർ പറയുന്നത്.
അടിച്ചേൽപിക്കുന്ന ജനസംഖ്യാ നയങ്ങൾ ഗുണംചെയ്യില്ല എന്നതിെൻറ ഏറ്റവും മികച്ച ഉദാഹരണമാണ് ചൈന. അതിനാൽ നിർബന്ധിത കുടുംബാസൂത്രണത്തിനുവേണ്ടി വാദിക്കുന്നവർ ചൈനീസ് അനുഭവങ്ങൾ പഠിക്കണമെന്ന് ജനസംഖ്യാ പഠനമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സംഘടനയായ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കുകയുണ്ടായി. മനുഷ്യർക്കും പ്രകൃതിക്കുംമേൽ ഏകപക്ഷീയമായ രാഷ്ട്രീയ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നവർക്ക് ചൈനയിൽനിന്ന് പഠിക്കാനേറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.