അദാനിത്തട്ടിപ്പിന്റെ പുതിയ തെളിവുകൾ
text_fieldsരാജ്യത്തെ പ്രമുഖ വ്യവസായിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനുമായ ഗൗതം അദാനിയും സംഘവും നടത്തിയ ഓഹരിത്തട്ടിപ്പിന്റെയും കള്ളപ്പണ ഇടപാടുകളുടെയും പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ ആഫ്രിക്കൻ രാജ്യമായ മൊറീഷ്യസിൽ കടലാസ് കമ്പനികൾ സ്ഥാപിച്ച് ലിസ്റ്റഡ് കമ്പനി ഓഹരികളിൽ കോടിക്കണക്കിന് ഡോളർ രഹസ്യനിക്ഷേപം നടത്തിയതിന്റെ തെളിവുകൾ രാജ്യാന്തര അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) ആണ് കഴിഞ്ഞദിവസം വെളിച്ചത്തുകൊണ്ടുവന്നത്.
കഴിഞ്ഞ ജനുവരിയിൽ അമേരിക്കൻ കമ്പനിയായ ഹിൻഡൻബർഗ് സമാനമായ ആരോപണങ്ങൾ അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ചിരുന്നു. പ്രസ്തുത ആരോപണങ്ങളെ ശരിവെക്കുന്നു പുതിയ വെളിപ്പെടുത്തലുകൾ. ഹിൻഡൻബർഗ് റിപ്പോർട്ടിലെന്നതുപോലെത്തന്നെ, ആരോപണം അദാനി ഗ്രൂപ് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന കമ്പനികളുമായും വ്യക്തികളുമായും ബന്ധമില്ലെന്നു പറയാൻ അവർക്കായിട്ടില്ല. മാത്രമല്ല, സംഭവം പുറത്തുവന്നയുടൻ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വലിയതോതിൽ ഇടിഞ്ഞതും അവരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിനപ്പുറം, വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ രംഗത്തെത്തിയത് വരുംനാളുകളിൽ പ്രതിപക്ഷം ഇതിനെ എങ്ങനെയെല്ലാം നേരിടുമെന്നതിന്റെകൂടി സൂചനയാണ്.
അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ വ്യവസായ പങ്കാളികളും സുഹൃത്തുക്കളുമൊത്തുചേർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ തട്ടിപ്പിലൂടെ വർധനയുണ്ടാക്കിയതെങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഒ.സി.സി.ആർ.പി കണ്ടെത്തൽ. അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള യു.എ.ഇ പൗരനായ നാസർ അലി ഷഹ്ബാൻ, ചൈനക്കാരനായ ഷാങ് ചുങ് ലിങ് എന്നിവരുടെ കമ്പനികൾ വഴി അദാനി ഗ്രൂപ് ഓഹരികളിൽ 2013-18 കാലത്ത് വൻതോതിൽ രഹസ്യനിക്ഷേപം നടത്തിയതിന്റെ വിശദാംശങ്ങൾ ഒ.സി.സി.ആർ.പി റിപ്പോർട്ടിലുണ്ട്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ആസ്തിമൂല്യം കൃത്രിമമായി പെരുപ്പിച്ചുകാട്ടാനും ഇന്ത്യയിലെ ചട്ടങ്ങൾ മറികടക്കാനും അതുവഴി കള്ളപ്പണം വെളുപ്പിക്കാനുമൊക്കെയുള്ള അദാനി ഗ്രൂപ്പിന്റെ ഗൂഢനീക്കങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിൽ വലിയ അത്ഭുതമില്ല. മോദിയുടെ അധികാരത്തണലിൽ വർഷങ്ങളായി അദാനിയെപ്പോലുള്ള ശിങ്കിടി മുതലാളിമാർ രാജ്യത്തിനകത്തും പുറത്തും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതിനകംതന്നെ പലവിധ വാർത്തകൾ പുറത്തുവന്നതാണ്. ഒ.സി.സി.ആർ.പി അത് അൽപംകൂടി കൃത്യതയോടെയും തെളിച്ചത്തോടെയും അവതരിപ്പിച്ചുവെന്നു മാത്രം.
നേരത്തേതന്നെ അദാനി ഗ്രൂപ്പിനെതിരെ സമാന വിഷയത്തിൽ അധികാരികൾക്ക് തെളിവുകൾ ലഭിച്ചതാണ്. 2014 മേയ് 14ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഓഹരിത്തട്ടിപ്പിന്റെ പേരിൽ അദാനി ഗ്രൂപ്പിന് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നു. അതിനുമുമ്പ് അവർ ഇക്കാര്യം അറിയിച്ച് ‘സെബി’ക്കും കത്ത് നൽകിയിരുന്നു. ഇന്ത്യയിൽനിന്ന് യു.എ.ഇ വഴി മൊറീഷ്യസിലേക്ക് അദാനി ഗ്രൂപ്പിന്റെ ബിനാമികൾ വൻതോതിൽ ഫണ്ട് കടത്തിയെന്നും അത് പിന്നീട് അദാനിയുടെ വിവിധ പദ്ധതികളിൽ ഓഹരികളായി നിക്ഷേപിക്കപ്പെട്ടുവെന്നുമായിരുന്നു ആരോപണം. ഇപ്പോൾ, അദാനി പോർട്ടിലേക്ക് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ മറവിൽ സമാനമായ ആരോപണംതന്നെയാണ് തെളിവുസഹിതം ഒ.സി.സി.ആർ.പി റിപ്പോർട്ടിലുമുള്ളത്. അഥവാ, നേരത്തേതന്നെ അധികാരികൾ തിരിച്ചറിഞ്ഞ ഓഹരിത്തട്ടിപ്പ് ഭരണവർഗത്തിന്റെകൂടി ഒത്താശയോടെ പതിന്മടങ്ങ് വേഗത്തിൽ നിർബാധം തുടരുകയാണ്. റവന്യൂ ഇൻറലിജൻസിന്റെ മേൽസൂചിപ്പിച്ച കത്തിൽ അധികൃതർ അദാനിക്ക് ക്ലീൻചിറ്റ് നൽകുകയാണ് ചെയ്തതെന്ന കാര്യവും ശ്രദ്ധേയമാണ്.
കേന്ദ്രഭരണകൂടത്തിന്റെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന ഈ തട്ടിപ്പിനെതിരെ പ്രതിപക്ഷം ഒന്നിച്ചിറങ്ങിയത് സ്വാഭാവികം മാത്രമാണ്. വിഷയം അദാനിയല്ലെന്നും മോദിയാണെന്നും തുറന്നുപറഞ്ഞിരിക്കുന്നു കോൺഗ്രസ്. വിഷയത്തിൽ, സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നു ഇടതുപാർട്ടികൾ. ഭരണപക്ഷത്തെ സംബന്ധിച്ച് ബി.ജെ.പിയും അദാനിയും രണ്ടല്ലെന്ന കാര്യം നമ്മുടെ രാജ്യത്തിന്റെതന്നെ അനുഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് 10 വർഷംകൊണ്ട് അദാനി ഗ്രൂപ് ലോകത്തിലെ മൂന്നാമത്തെ സമ്പന്ന വിഭാഗമായതെന്നതിന്റെ പലവിധ തെളിവുകളും നമുക്കു മുന്നിലുണ്ട്. ഭരണപക്ഷത്തിന്റെ രാഷ്ട്രീയാശയം ഹിന്ദുത്വയാണെങ്കിൽ സാമ്പത്തികനയങ്ങൾ ക്രോണി കാപിറ്റലിസത്തിന്റേതാണ്. അതിനെ നിയന്ത്രിക്കുന്നതാകട്ടെ, അദാനി ഗ്രൂപ്പും. രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം നിർമിക്കുന്നതും നിയന്ത്രിക്കുന്നതും അവരായിരിക്കുന്നു.
അവരുടെ സാമ്പത്തിക ഇച്ഛകൾക്കനുസരിച്ചാണ് രാജ്യത്ത് പുതിയ പദ്ധതികൾപോലും പ്രഖ്യാപിക്കപ്പെടുന്നത്. 2014ൽ, മോദി അധികാരത്തിൽ വരുമ്പോൾ അര ലക്ഷം കോടിയായിരുന്നു അദാനി ഗ്രൂപ്പിന്റെ ആസ്തിമൂല്യം; അതിപ്പോൾ 11 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ഇന്ത്യയിലെന്നല്ല, ലോകത്തിൽതന്നെ മറ്റൊരു വ്യവസായിക്കും സാധ്യമാകാത്ത ഈ വളർച്ച അദാനിക്കു മാത്രം സംഭവിച്ചതിന്റെ പേരാണ് ക്രോണി കാപിറ്റലിസം. ഒരു രാജ്യത്തിന്റെ സാമ്പത്തികക്രമങ്ങളെയും വിപണിയെയും തകർക്കാൻ പര്യാപ്തമായ വലിയൊരു തട്ടിപ്പാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് പാർലമെന്റിൽ ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം വിഷയത്തിൽനിന്ന് ഒളിച്ചോടിയ മോദിയും സംഘവും പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എന്തെങ്കിലും ഉരിയാടുമെന്ന് പ്രതീക്ഷിക്കുന്നതിലർഥമില്ല. എങ്കിലും, മണിപ്പൂർ വിഷയത്തിലെന്നപോലെ വിഷയം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ പ്രതിപക്ഷത്തിനായാൽ അതു വലിയ വിജയമായിത്തന്നെ കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.