Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപുതുവർഷത്തിലെ...

പുതുവർഷത്തിലെ യുദ്ധമേഘങ്ങൾ

text_fields
bookmark_border
പുതുവർഷത്തിലെ യുദ്ധമേഘങ്ങൾ
cancel


പുതുവർഷപ്പിറയുടെ ആഗോളചിത്രത്തിൽ മുഴച്ചുനിൽക്കുന്നത് യുക്രെയ്ൻ-റഷ്യ യുദ്ധവും ഇസ്രായേലിന്‍റെ ഫലസ്തീൻ വംശഹത്യയുമാണ്. ഫെബ്രുവരിയിൽ രണ്ടുവർഷം തികയുന്ന റഷ്യൻ അധിനിവേശം ആരുടെയെങ്കിലും ജയമോ പരിഹാരമോ പ്രഖ്യാപിച്ചവസാനിക്കാനുള്ള സാധ്യതകൾ കാണുന്നില്ല. റഷ്യ ഉന്നയിച്ച യുദ്ധകാരണങ്ങളിലൊന്നായ ഭൂപ്രദേശത്തിന്‍റെ അവകാശത്തർക്കത്തിൽ ഒരു ഇളവിനും യൂറോപ്യൻ ശക്തികളും അമേരിക്കയും ഉൾപ്പെട്ട യുക്രെയ്നിന്റെ സഹകാരിരാഷ്ട്രങ്ങൾ തയാറല്ല. നേരത്തേ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളിൽ അമ്പത് ശതമാനത്തോളം വീണ്ടെടുക്കാൻ യുക്രെയിന് കഴിഞ്ഞെങ്കിലും അതിനപ്പുറം മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല.

ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും വേണ്ടത്ര ലഭിക്കുന്നുമില്ലത്രെ. ഹംഗറി, പോളണ്ട് എന്നിവ ഉൾപ്പെടെ പല രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതിനാൽ കൈയയച്ച യൂറോപ്യൻ യൂനിയൻ സഹായങ്ങൾക്കും ബ്രെയ്‌ക് വീണ മട്ടാണ്. അമേരിക്ക ഉറച്ച പിന്തുണ പ്രഖ്യാപിക്കുമ്പോഴും റഷ്യക്ക് ക്രമേണ നേട്ടങ്ങൾ ഉണ്ടാകുകയാണെന്നാണ് പൊതുവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സായുധ പോരാട്ടത്തിലൂടെ ഈ യുദ്ധം തീരുമെന്ന പ്രതീക്ഷ പൊതുവേ നിരീക്ഷകർക്കില്ല. യുക്രെയ്നിന്റെ നാറ്റോ അംഗത്വത്തിന്റെ പേരിൽ റഷ്യ ആവശ്യപ്പെടുന്ന ഉറപ്പുകൾ നൽകാൻ പ്രസ്തുത കക്ഷികൾ ഒരുക്കമല്ലെങ്കിലും യുക്രെയ്ൻ നാറ്റോ അംഗത്വമെടുക്കുന്ന പ്രകോപന നടപടി ഉണ്ടാകാൻ തൽക്കാലം സാധ്യത കുറവാണ്.

പക്ഷേ, നാറ്റോ അതിർത്തി ഇനി വികസിച്ചുകൂടാ എന്ന് ശഠിക്കുന്ന റഷ്യ, അയൽരാജ്യമായ ഫിൻലൻഡ്‌ കഴിഞ്ഞ ഏപ്രിലിൽ സഖ്യത്തിൽ അംഗത്വമെടുത്തതോടെ പ്രകോപനത്തിന് മുന്നിട്ടിറങ്ങുകയാണ്. റഷ്യയിൽ മാർച്ചിലെ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ തയാറെടുക്കുന്ന വ്ലാദിമിർ പുടിൻ എന്ത് വിലകൊടുത്തും യുദ്ധം ജയിക്കാൻ കച്ചകെട്ടും എന്നത് ഏതാണ്ടുറപ്പാണ്. ഒരുവേള ആണവായുധംപോലും ഉപയോഗിക്കാൻ പുടിൻ മടിക്കില്ലെന്ന പ്രവചനങ്ങൾ ഒരുവശത്ത്. മറുവശത്ത് പുതുവർഷ സന്ദേശത്തിൽ യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞത് പടിഞ്ഞാറിനെ പിന്തിരിപ്പിക്കാൻ ആരു ശ്രമിച്ചാലും തങ്ങൾ യുദ്ധത്തിൽ തുടരാൻ ഉറച്ചിരിക്കുകയാണ് എന്നാണ്.

അങ്ങനെ യുക്രെയ്ൻ ഒരു അഗ്നിപർവതം കണക്കെ ലോകത്തെ ഭയപ്പെടുത്തുമ്പോൾ തന്നെയാണ് ഒക്ടോബർ ഏഴുമുതൽ ഹമാസുമായി എന്ന പേരിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന് അമേരിക്ക ശക്തമായ പിന്തുണ നൽകുന്നത്. ഒരർഥത്തിൽ ഫലസ്തീൻ സംഘർഷം യുക്രേനിയൻ യുദ്ധത്തിലെ ശ്രദ്ധതന്നെ തിരിച്ചുവിട്ടിരിക്കുന്നു. അധിനിവിഷ്ട ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1200 ഇസ്രായേല്യർ കൊല്ലപ്പെട്ടതോടൊപ്പം 250 ഓളം പേർ ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തു.

അതിന് മറുപടിയായി ഇസ്രായേൽ നടത്തിയ അതിക്രൂര ആക്രമണത്തിൽ 21,000നു മേൽ ഫലസ്തീനികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് 2024 പിറക്കുന്നത്. കെട്ടിടങ്ങൾ തകർന്ന ഗസ്സ ചീന്തിൽനിന്ന് 19 ലക്ഷത്തിനുമേൽ ജനം അഭയാർഥികളായി ദക്ഷിണ ഗസ്സയിലെ ജനനിബിഡ മേഖലയിൽ തിങ്ങിപ്പാർക്കാൻ നിർബന്ധിതരായിരിക്കുന്നു. സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ ക്രൂരഭാവം ഇതിനകം ലോകം മനസ്സിലാക്കി. തുടക്കംമുതൽ സയണിസ്ത് രാഷ്ട്രത്തിന് ‘സ്വയം രക്ഷ’ക്കുള്ള അവകാശമുണ്ടെന്ന സിദ്ധാന്തമുന്നയിക്കുന്ന അമേരിക്കപോലും വൈകിയാണെങ്കിലും ഇസ്രായേലിന്‍റെ ബോംബിങ് ക്രൂരതക്കെതിരെ ശബ്ദിക്കാൻ നിർബന്ധിതമായി.

തെൽ അവീവിന്‍റെ ഏറ്റവും വലിയ സഹകാരിയായ അമേരിക്കക്കുപോലും പിടിച്ചാൽ കിട്ടാത്ത ദുർഭൂതംപോലെ പെരുമാറുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് ഭരണം തുടർന്ന് നിലനിർത്താൻ യുദ്ധം ആവശ്യമാണെന്നതാണ് ഒരു സത്യം. പക്ഷേ, ഇസ്രായേലിലും വലിയ വിഭാഗം യുദ്ധവിരുദ്ധരാണ്. കാരണം ആഭ്യന്തര അരക്ഷിതാവസ്ഥയും ഭീഷണിയുടെ നിഴലിലുള്ള സമ്പദ്‍വ്യവസ്ഥയും തന്നെ. ലോകരാഷ്ട്രങ്ങളിലെതന്നെ പതിനായിരങ്ങൾ ഇന്ന് ഇസ്രായേലിനെതിരെ കൊടിപിടിച്ചു തെരുവിലിറങ്ങിയിരിക്കുന്നു. അതിനിടയിൽ അടുത്തൊന്നും അവസാനിക്കാനുള്ളതല്ല ഈ യുദ്ധമെന്നും ഈ വർഷം അത് തീർന്നുകൊള്ളണമെന്നില്ലെന്നും നെതന്യാഹു പറയുമ്പോൾ 2024 ഭീഷണമായി ലോകത്തെ തുറിച്ചുനോക്കുന്നു. ഇതിനകം യു.എൻ പാസാക്കിയ പ്രമേയങ്ങളിൽ ഒന്നുപോലും ഫലപ്രദമായി യുദ്ധം നിർത്താൻ ഇസ്രായേലിനെ പ്രേരിപ്പിക്കാൻ കെൽപുള്ളതല്ല.

അല്ലെങ്കിലും എന്നാണ് ഇസ്രായേൽ യു.എൻ പ്രമേയങ്ങളെ മാനിച്ചിട്ടുള്ളത്? മറുവശത്ത്, ഹമാസ് ഇസ്രായേലി ആക്രമണങ്ങളെ ചെറുത്തുതന്നെ നിൽക്കുന്നു. ഏതാണ്ട് മൂന്നു മാസത്തോളമായി നടത്തിയ മാരക ആക്രമണത്തിനുശേഷം ഹമാസ് ഇന്നും നിലനിൽക്കുന്നു എന്നതുതന്നെ ആ ചെറുത്തുനിൽപിന്റെ ശക്തി ബോധ്യപ്പെടുത്തും. എന്നാൽ, ഇനിയങ്ങോട്ട് ഈ യുദ്ധ സമവാക്യത്തിൽ വേറെയും ഘടകങ്ങൾ ചെറുതോ വലുതോ ആയതോതിൽ കളത്തിലിറങ്ങാൻ സാധ്യതയുമുണ്ട്. ഇസ്രായേലിന്റെ അതിർത്തിയിൽതന്നെയുള്ള ലബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂത്തികൾ, രണ്ടു വിഭാഗങ്ങളെയും പിന്തുണക്കുന്ന ഇറാൻ എന്നിവർ കളത്തിലിറങ്ങിയാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടാനിടയുണ്ട്. ഇസ്രായേലിനെ പിടിച്ചുകെട്ടാൻ ആർക്കും കഴിഞ്ഞില്ലെങ്കിൽ, അവർക്ക് സ്വയം ബോധ്യപ്പെടുത്തുന്ന യുദ്ധനഷ്ടം വന്നാലേ പശ്ചിമേഷ്യയിൽ ശാന്തി പുലരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:israel palestine conflictRussia Ukraine War
News Summary - New Year's War Clouds
Next Story