എൻ.ഐ.എ ഭേദഗതി: െപാലീസ് സ്റ്റേറ്റിലേക്കുള്ള വലിയ ചുവട്
text_fieldsബുധനാഴ്ച രാജ്യസഭയിലും പാസാക്കപ്പെട്ട ദേശീയ അന്വേഷണ ഏജൻസി (ഭേദഗതി) ബിൽ, രാഷ്ട്രപ തിയുടെ ഒപ്പ് ലഭിക്കുന്നതോടെ നിയമമാവും. ലളിതമായിപ്പറഞ്ഞാൽ, സംസ്ഥാന ആഭ്യന്തര മന് ത്രാലയങ്ങളെയും പൊലീസ് സംവിധാനങ്ങളെയും അപ്രസക്തമാക്കുന്ന അതീത സംവിധാനത്തിെ ൻറ റോളിലേക്ക് എൻ.ഐ.എ ഉയരുകയാണ് ഈ ഭേദഗതിയിലൂടെ. അതായത്, നാം ശീലിച്ചുപോന്ന ഫെഡറ ൽ തത്ത്വങ്ങളെ ഗളഹസ്തം ചെയ്യുന്നതാണ് ബിൽ.
യു.പി.എ ഭരണകാലത്ത്, മുംബൈ ഭീകരാക്രമണ ത്തിെൻറ പശ്ചാത്തലത്തിൽ, 2008 ഡിസംബറിലാണ് എൻ.ഐ.എ ആക്ട് പാർലമെൻറ് പാസാക്കുന്നതും ദേശീയ അന്വേഷണ ഏജൻസി രൂപവത്കരിക്കുന്നതും. പ്രസ്തുത ആക്ടിനോട് വിയോജിപ്പുള്ളവർക്ക് പോലും മറുത്തൊരു നിലപാട് സ്വീകരിക്കാൻ പറ്റാത്ത പൊതുമാനസികാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നിയമം രൂപപ്പെടുന്നത്. മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യവാദികളും അതിെൻറ അപകടങ്ങളെക്കുറിച്ച് അന്നേ ഉച്ചത്തിൽ സംസാരിച്ചതാണ്. എന്നാൽ, എതിർക്കുന്നവർ തീവ്രവാദികളായി ചാപ്പ കുത്തപ്പെടുക മാത്രമാണ് ചെയ്തത്. 2008 മുതലുള്ള എൻ.ഐ.എയുടെ ചരിത്രം പരിശോധിച്ചാൽ അന്ന് ഉന്നയിക്കപ്പെട്ട ആശങ്കകൾ യാഥാർഥ്യമായിരുന്നു എന്ന് മനസ്സിലാവും. യു.എ.പി.എ എന്ന കരിനിയമം ഉപയോഗിച്ച്, എല്ലാം തികഞ്ഞ മർദന ഉപകരണമായി മാറുകയായിരുന്നു എൻ.ഐ.എ. ഏത് കരിനിയമവും സമൂഹത്തിലെ ഏറ്റവും ദുർബലരെയാണ് കൂടിയ അളവിൽ ബാധിക്കുക എന്നത് സാർവലൗകിക തത്ത്വമാണ്. എൻ.ഐ.എ ഏറ്റവും കൂടുതൽ വേട്ടയാടിയത് സാമൂഹിക മൂലധനം ഏറ്റവും കുറഞ്ഞ മുസ്ലിംകളെയായിരുന്നു എന്നതാണ് അനുഭവം.
അതിലുപരി, മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന ഏജൻസിയായി എൻ.ഐ.എ മാറിയതിെൻറ സാക്ഷ്യങ്ങളും എമ്പാടുമുണ്ട്. എറണാകുളം പാനായിക്കുളത്തെ ഒരു ഓഡിറ്റോറിയത്തിൽ നോട്ടീസടിച്ച് പ്രചാരണം നടത്തി ബാനർ കെട്ടി, ഒരു കൂട്ടം ചെറുപ്പക്കാർ ‘സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചതാണ് എൻ.ഐ.എ കേരളത്തിൽ ഏറ്റെടുത്ത പ്രമാദമായ ഒരു കേസ്. പൊതു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഭീകരപ്രവർത്തനമാക്കി മാറ്റുന്ന മാജിക്. എന്നാൽ, കേസ് സമ്പൂർണമായി തള്ളി മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈകോടതി കഴിഞ്ഞ ഏപ്രിൽ 12ന് വിധി പുറപ്പെടുവിക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും അഞ്ച് ചെറുപ്പക്കാരുടെ ആയുസ്സിലെ അഞ്ചു വർഷത്തോളം തടവറക്കകത്ത് ഹോമിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇത് കേരളത്തിലെ ഒരു ഉദാഹരണം മാത്രം. ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് മുസ്ലിം ചെറുപ്പക്കാരാണ് ഈ വിധം കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ ജാമ്യം പോലും കിട്ടാതെ വർഷങ്ങളായി തടവറക്കകത്ത് അകപ്പെട്ടിരിക്കുന്നത്. മുസ്ലിംകളാണ് ഇതിെൻറ പ്രധാന ഇരകളെങ്കിലും അവർ മാത്രമല്ല. മാവോവാദികൾ, അർബൻ നക്സലുകൾ തുടങ്ങിയ ചാപ്പകൾ അടിച്ച് വിയോജിപ്പിെൻറ ശബ്ദം ഉന്നയിക്കുന്നവരെയെല്ലാം അടിച്ചമർത്താൻ എൻ.ഐ.എ ഉപയോഗിക്കപ്പെട്ടുവരുകയാണ്. ഈ പശ്ചാത്തലത്തിലാണ് എൻ.ഐ.എയുടെ അധികാരം വിപുലപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി വരുന്നത്.
പുതിയ ഭേദഗതിയോടെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്ന്, രാജ്യത്തിന് പുറത്തു നടക്കുന്ന കേസുകൾ അന്വേഷിക്കാനും നടപടിയെടുക്കാനുമുള്ള അധികാരം എൻ.ഐ.എക്ക് നൽകുന്നു. രണ്ടാമത്, സെഷൻസ് കോടതികളെ എൻ.ഐ.എ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതികളാക്കി മാറ്റാൻ ഭേദഗതി കേന്ദ്രത്തിന് അധികാരം നൽകുന്നു. മൂന്നാമത്തേതാണ് ശ്രദ്ധിക്കേണ്ടത്. ആറ്റമിക് എനർജി ആക്ട് 1962, യു.എ.പി.ആക്ട് 1967 എന്നീ നിയമങ്ങൾക്ക് കീഴിൽ വരുന്ന കുറ്റങ്ങൾ മാത്രമേ ഇതുവരെയും എൻ.ഐ.എയുടെ പരിധിയിൽ വരുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ, ഭേദഗതിയോടെ മനഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ നിർമാണവും വിപണനവും സൈബർ കുറ്റകൃത്യങ്ങൾ, സ്ഫോടകവസ്തു നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റങ്ങൾ എന്നിവയും എൻ.ഐ.എയുടെ പരിധിയിൽ വരും. അതായത്, സംസ്ഥാനങ്ങളിൽ നടക്കുന്ന അത്ര ഗൗരവപ്പെട്ടതല്ലാത്ത കേസുകൾ പോലും ഏറ്റെടുക്കാനുള്ള അധികാരം എൻ.ഐ.എക്ക് ലഭിക്കുകയാണ്. ലളിതമായിപ്പറഞ്ഞാൽ കണ്ണൂരിലെ ബോംബേറ് കേസുകൾ വരെ താൽപര്യം തോന്നുമ്പോൾ ഏറ്റെടുക്കാൻ എൻ.ഐ.എക്ക് സാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഏതൊക്കെ തരം കേസുകളിലാണ് എൻ.ഐ.എക്ക് താൽപര്യമുണ്ടാവുക എന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. അതായത്, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളെയും പൊലീസിനെയും മറികടന്ന് സംസ്ഥാനങ്ങളുടെ ക്രമസമാധാന വിഷയത്തിൽ നേരിട്ട് ഇടപെടാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ഈ ഭേദഗതി. അത് ഏതെല്ലാം തലത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കാത്തിരുന്ന് കാണാം.
ഈ ഭേദഗതികൾ മുസ്ലിംകളെ മാത്രം ബാധിക്കുന്ന എന്തോ കാര്യമാണ്, ആ ‘തീവ്രവാദി’കളുടെ കാര്യത്തിൽ നമ്മളെന്തിന് ഇടപെടണം എന്ന മട്ടിലുള്ള പ്രതികരണമാണ് പൊതുവെ വരുന്നത്. എൻ.ഐ.എ നിലവിലുള്ള അവസ്ഥയിൽ തന്നെ മുസ്ലിംകളെ ആവോളം ബാധിച്ചിട്ടുണ്ട്. പുതിയ ഭേദഗതിയിലൂടെ പുതുതായിട്ടൊന്നും അവർക്ക് സംഭവിക്കാനില്ല. പക്ഷേ, രാജ്യത്തിെൻറ ഫെഡറൽ സ്വഭാവത്തിെൻറ അടിവേരറുക്കുന്നതാണ് ഈ ഭേദഗതികൾ. പ്രതിപക്ഷ കക്ഷികൾ അത് ഗൗരവത്തിൽ കണ്ടിട്ടില്ല. അങ്ങനെ കണ്ടിരുന്നെങ്കിൽ, ആവശ്യത്തിന് ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ രാജ്യസഭയിലെങ്കിലും അവർക്കതിനെ തടഞ്ഞു നിർത്താൻ കഴിയുമായിരുന്നു. ‘ഒന്നുകിൽ ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഭീകരവാദികളോടൊപ്പം’ എന്ന പഴയ ബുഷ് തിയറി അമിത് ഷാ എടുത്തു വീശിയപ്പോൾ അവരതിൽ പേടിച്ച് വീണുപോയതാണ്. പതിവുപോലെ, ഇതിെൻറ ദുരനുഭവങ്ങൾ നേരിടുമ്പോൾ അവർ കണ്ണ് തുറക്കുമായിരിക്കും. പക്ഷേ, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ടാവും. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ സാധിക്കുന്നതടക്കമുള്ള വകുപ്പുകളുമായി യു.എ.പി.എ നിയമവും ഭേദഗതിക്കായി അണിയറയിൽ ഒരുങ്ങിയിട്ടുണ്ട്. അതുംകൂടി വന്നാൽ പഴുതുകളില്ലാത്ത ഒരു പൊലീസ് സ്റ്റേറ്റ് ആയി നമ്മുടെ ജനാധിപത്യ രാജ്യം മാറിയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.