എല്ലാവരുടെയും പ്രശ്നത്തിന് ഒറ്റക്കൊറ്റക്കല്ല പരിഹാരം
text_fieldsകോവിഡ്-19 മഹാമാരി പ്രത്യക്ഷപ്പെട്ടിട്ട് ഒരുവർഷമായിരിക്കെ, പൂർണമോ പാതിവെന്തതോ ആയ പ്രതിരോധമരുന്നുകൾ ഉപയോഗത്തിന് തയാറായിവരുന്നു. പക്ഷേ, ഒരുവർഷത്തെ ദുരിതങ്ങൾ കൊണ്ടുപോലും ലോകം ഇതിൽനിന്ന് പഠിക്കേണ്ട കാരുണ്യത്തിെൻറയും മാനവികതയുടെയും മൂല്യങ്ങൾ ഉൾക്കൊണ്ടോ എന്ന് സംശയം. വാക്സിൻ തയാറിപ്പിലെ സൂക്ഷ്മതക്കുറവു മുതൽ കേമ്പാളം പിടിക്കാനുള്ള മാത്സര്യവും, എല്ലാം എനിക്കും എെൻറ കൂട്ടർക്കുമെന്ന 'വാക്സിൻ ദേശീയത'യും വരെ നാം കാണുന്നു.
ഇത് മനുഷ്യസമൂഹം വിനാശത്തിെൻറ പാതയിൽതന്നെ തുടരാനാണോ ഇഷ്ടപ്പെടുന്നതെന്ന സംശയമുയർത്തുന്നു. ആദ്യം വിപണിയിലിറങ്ങുന്നതിെൻറ പെരുമയും ലാഭസാധ്യതയും കമ്പനികളെയും സർക്കാറുകളെയും പല കരുതലുകളും വേണ്ടെന്നുവെക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. മൂന്നുഘട്ടങ്ങളിലായി നടക്കേണ്ട പരീക്ഷണങ്ങൾ എല്ലാം അന്യൂനമായി നടന്നു എന്ന് തീർച്ചപറയാൻ കഴിയാത്ത തരത്തിൽ 'അടിയന്തരാവശ്യ' മുദ്ര ചാർത്തിക്കൊണ്ടാണ് ഓട്ടമത്സരം നടന്നിട്ടുള്ളത്. ആദ്യമായി കുത്തിവെപ്പ് തുടങ്ങുന്നതിെൻറ ക്രെഡിറ്റ്, ഇന്ന് ആരംഭം കുറിക്കുമെന്ന് കരുതപ്പെടുന്ന ബ്രിട്ടനുള്ളതത്രെ. യു.എസിനെയും യൂറോപ്യൻ യൂനിയനെയും മത്സരത്തിൽ തോൽപിക്കാൻ ബ്രിട്ടൻ മരുന്നിന് 'എമർജൻസി അംഗീകാരം' നൽകിയിരിക്കുന്നു.
പ്രധാനമന്ത്രി അടക്കം പ്രതിരോധത്തോട് പുറംതിരിഞ്ഞതുവഴി വാർത്ത സൃഷ്ടിച്ച ബ്രിട്ടൻ മറ്റു പലതരത്തിലും മഹാമാരിയോട് ശാസ്ത്രീയമായല്ല പ്രതികരിച്ചത്. പക്ഷേ, കുത്തിവെപ്പ് തുടങ്ങുന്നതിൽ അവർ കാണിച്ചത് അമിത വേഗവും. അവിടെ കുത്തിെവക്കുന്ന മരുന്ന് നിർമിച്ചത് യു.എസ്, ജർമൻ കമ്പനികളാണെങ്കിലും ഉപഭോഗത്തിൽ ആ രണ്ട് രാജ്യങ്ങളെയും 'തോൽപിച്ചു'കളഞ്ഞു ബ്രിട്ടൻ. രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുപായുന്നുണ്ട് റഷ്യ. റഷ്യൻനിർമിത മരുന്നിെൻറ കുത്തിവെപ്പ് അവിടെ അടുത്തയാഴ്ച തുടങ്ങിയേക്കും.
ഇന്ത്യയിൽ മരുന്ന് വിതരണത്തിന് ഔദ്യോഗിക സംവിധാനങ്ങളൊരുക്കുന്നുണ്ട്. അധികൃതരുടെ അംഗീകാരം കിട്ടിയ ഉടനെ വിതരണം തുടങ്ങുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രിതന്നെ നടത്തിയിരിക്കുന്നു. ഈ തിടുക്കത്തിനിടെ സൂക്ഷ്മത നഷ്ടപ്പെട്ടാൽ ഉണ്ടാകാവുന്ന വിപരീത ഫലത്തെപ്പറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ, കേമ്പാളത്തിെൻറയും 'വാക്സിൻ ദേശീയത'യുെടയും സമ്മർദംമൂലം അത് പലരും അവഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഓക്സ്ഫഡ് വാക്സിൻ 70 ശതമാനം പേരിൽ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചശേഷം അതിന് ആഗോളതലത്തിൽ പുതിയ പരീക്ഷണം നടത്തുമെന്ന അറിയിപ്പ്, ആദ്യഫലങ്ങളെപ്പറ്റി സംശയമുയർത്തി. ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം ഉപേക്ഷിക്കാനുള്ള നിർദേശവും ആശങ്കയുണ്ടാക്കി. ഒടുവിൽ കുത്തിവെപ്പിന് എത്തുന്ന മരുന്നിനെപ്പറ്റി സംശയമുളവാക്കാനേ ഇതെല്ലാം ഉതകൂ.
രോഗം സൃഷ്ടിച്ച വിഭ്രാന്തി മുതലെടുത്ത് വാക്സിെൻറ പേരിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കാൻ സാധ്യത ഏറെയാണെന്ന് ഇൻറർപോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗികവിതരണ ശൃംഖലകളിൽ കടന്നുകയറാൻ വ്യാജന്മാരും ക്രിമിനലുകളും ശ്രമിക്കുന്നുണ്ടത്രെ. ഇത്തരക്കാരെ നേരിടാൻ ഔദ്യോഗികസംവിധാനങ്ങൾ കാര്യക്ഷമമായാൽപോരാ, സത്യസന്ധവുമാകണം. ഔദ്യോഗികസംവിധാനങ്ങൾ പോലും തട്ടിപ്പിെൻറ ഏജൻസിയാകുന്ന കാലത്ത് മരുന്നുതന്നെ ചെലവേറിയ മഹാമാരിയാകാതെ സൂക്ഷിക്കുക എളുപ്പമല്ല.
ഇവിടെയാണ് കേമ്പാള മാത്സര്യവും വാക്സിൻ ദേശീയതയും പ്രശ്നം സങ്കീർണമാക്കുന്നത്. അധികാരം വാഴുന്നവരും രാഷ്ട്രീയക്കാരും കാര്യങ്ങൾ, ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും പങ്കാളിത്തമുള്ള ഫെഡറൽ സംവിധാനങ്ങൾക്ക് പൂർണമായി വിട്ടുകൊടുക്കുകയാണ് വേണ്ടത്. വിതരണത്തിനും കുത്തിവെപ്പിനും വേണ്ട സജ്ജീകരണങ്ങളൊരുക്കലും പണം നീക്കിവെക്കലുമാണ് സർക്കാറുകൾ ചെയ്യേണ്ടത്. മുൻഗണന ക്രമമടക്കമുള്ള എല്ലാ സാങ്കേതികതീരുമാനങ്ങളും അതിനായുള്ള സംവിധാനങ്ങളെ ഏൽപിക്കണം.
ഭൂഗോളത്തെയാകെ ഒരുപോലെ ബാധിച്ച, ആരും ഒറ്റക്ക് അതിജീവിക്കില്ലെന്നും എല്ലാവരും പരസ്പരം പരിചയാകണമെന്നും മനുഷ്യരെ ബോധ്യപ്പെടുത്തിയ കോവിഡ് മഹാമാരി സങ്കുചിത താൽപര്യങ്ങൾ വെച്ചുള്ള പ്രതികരണമല്ല ആവശ്യപ്പെടുന്നത്; സാർവലൗലിക കൂട്ടായ്മയാണ്. മഹാമാരി നൽകുന്ന ഒരു സന്ദേശമുണ്ടെങ്കിൽ അത്, അപരനോടുള്ള കരുതലാണ് അവനവെൻറ രക്ഷ എന്നതാണ്-മത്സരമല്ല സഹകരണമാണ് അതിജീവനത്തിെൻറ ഉപാധി എന്നതാണ്. പക്ഷേ, ആഗോളസഹകരണത്തിെൻറ വേര് നോക്കി അറുത്തവരാണ് നേതാക്കൾ.
എല്ലാവരെയും ഉൾക്കൊള്ളിച്ചു 'കോവാക്സ്' എന്ന ആഗോള സഹകരണവേദി ലോകാരോഗ്യ സംഘടന ഉണ്ടാക്കിയെങ്കിലും പല രാജ്യങ്ങളും ഓരോ കാരണം പറഞ്ഞ് വിട്ടു. ലോകാരോഗ്യ സംഘടനയെ ആദ്യമേ അഴിമതിക്കാരെന്ന് മുദ്രകുത്തി യു.എസ് പ്രസിഡൻറ് ട്രംപ്. റഷ്യയുടെ പുടിൻ, തങ്ങൾക്ക് 'സ്പുട്നിക്' വാക്സിൻ സ്വയം ഉണ്ടാക്കാനറിയാം എന്ന് പറഞ്ഞൊഴിഞ്ഞു. മുൻനിരയിലെത്തിയെന്ന് പറയുന്ന ഫൈസർ വാക്സിൻ സമ്പന്നരാജ്യങ്ങൾക്കേ മുതലാകൂ -മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട അത് ദരിദ്രരാജ്യങ്ങൾക്ക് താങ്ങാനാകില്ല. താങ്ങാൻ കഴിയുന്ന മറ്റു വാക്സിനുകൾതന്നെ ദരിദ്ര സമൂഹങ്ങളിലെത്താൻ വർഷങ്ങളെടുക്കും.
പണമുള്ളവർ മാത്രം രക്ഷപ്പെടില്ല എന്നാണ് കോവിഡ് പോലുള്ള മഹാമാരികൾ നമ്മെ പഠിപ്പിച്ചത്. ഒരു രാജ്യം മുഴുവൻ രോഗമുക്തമായാലും മറ്റു രാജ്യങ്ങൾ മുക്തമാകുംവരെ അത് വീണ്ടും വരാം. ഭൂമിയെ മുഴുവൻ ബാധിച്ച രോഗത്തിന്, എല്ലാവർക്കും ഒരുപോലെ ബാധകമായ പ്രതിരോധ തന്ത്രമാണ് വേണ്ടത്. 'വാക്സിൻ ദേശീയത'യും രോഗം മുതലെടുത്ത് ലാഭമുണ്ടാക്കാനുള്ള 'അത്യാഹിത കാപിറ്റലിസ'വും ആ ഏകോപിത പ്രതിരോധത്തെയാണ് തകർക്കുക. സർക്കാറുകളല്ല, ലോകാരോഗ്യ സംഘടനയാണ് ലോകത്തെ ഇക്കാര്യത്തിൽ നയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.